ഞാന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം കാടിനെ തൊട്ടറിഞ്ഞായിരുന്നു. കാടില്ലാതെ ഒരു ജീവിതം ഇല്ലായിരുന്നു. കുട്ടിക്കാലത്ത് കന്നുകാലി മേയ്ച്ചു നടന്നതും പക്ഷികള്‍ക്കു കെണിവച്ചു നടന്നതുമെല്ലാം കാട്ടിലായിരുന്നു. വീട്ടിലെ കന്നുകാലികളെ കടുവ പിടിക്കും എന്നു ഭയന്ന് അച്ഛന്‍ എന്നും കട്ടിലിനടിയില്‍ ഒരു വലിയ കത്തി കരുതിയായിരുന്നു ഉറങ്ങിയിരുന്നത്. വളര്‍ന്നു വലുതായി ഫോട്ടോഗ്രാഫറായി മാറിയിട്ടും ഇന്ത്യയിലെ വനാന്തരങ്ങളില്‍ മാറി മാറി യാത്ര ചെയ്തിട്ടും ഒരു കടുവയുടെ ചിത്രം പകര്‍ത്താന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. ഒരുപക്ഷേ അതിനുവേണ്ടി ശ്രമിച്ചിട്ടില്ല എന്നു പറയുന്നതാവും സത്യം. ഒരു തവണ കുടുംബത്തോടൊപ്പം നാഗര്‍ഹോളെ മുറിച്ചുകടക്കുമ്പോള്‍ ഒരു കടുവ മുന്നില്‍ വന്നു പെട്ടു. പക്ഷേ മകള്‍ കൂടെ ഉണ്ടായിരുന്നതു കൊണ്ട് അവള്‍ക്കതിനെ മനംനിറയെ, കണ്‍കുളിര്‍ക്കെ കാണിച്ചുകൊടുക്കാനേ തോന്നിയുള്ളൂ.

Muhammad Ali Raza Khan

പക്ഷേ, കഴിഞ്ഞ ദിവസം ഒരു കടുവ കോഴിക്കോട് മലാപ്പറമ്പിലെ വീട്ടിലേയ്ക്ക് കടന്നുവന്ന് എന്നെ അമ്പരിപ്പിച്ചു. മലാപ്പറമ്പ് ഹൗസിംഗ് കോളനിയിലെ വീടിനു മുന്നില്‍ അലസനായി നില്‍ക്കുകയായിരുന്നു ഞാന്‍. അപ്പോള്‍ തൊട്ടടുത്ത ശ്രീനിവാസന്റെ വീടിനു മുന്നില്‍ കാറിനടുത്തു നിന്ന് ക്യാമറയും തൂക്കി കോട്ടും ഇട്ട ഒരാള്‍ ഫോണില്‍ സംസാരിക്കുന്നു. ഘനഗംഭീരനായ ഒരു മനുഷ്യന്‍. ഫോണ്‍ സംഭാഷണം കഴിഞ്ഞ് എന്നെ കണ്ടപാടെ അയാള്‍ ഹായ് പറഞ്ഞു. ഞാന്‍ ചോദിച്ചു: ആര്‍ യു ഫ്രം തമിഴ്‌നാട്..?
'നോ..അയാം ഫ്രം ബംഗ്ലാദേശ്'

ക്ഷണിച്ചപ്പോള്‍ അദ്ദേഹം എന്റെ കൂടെ വീട്ടിലേയ്ക്കു കടന്നുവന്നു. ഒരു ലെമണ്‍ ടീ നുകര്‍ന്നു കൊണ്ട് അദ്ദേഹം താനാരാണെന്നു പറഞ്ഞു തന്നു. ലോകപ്രശസ്ത പക്ഷിശാസ്ത്രജ്ഞന്‍ സലീം അലിയുടെ രണ്ടേ രണ്ടു ശിഷ്യന്മാരില്‍ ഒരാളാണ് എന്റെ മുന്നിലിരിക്കുന്ന മുഹമ്മദ് അലി റാസാ ഖാന്‍ എന്ന ലോകപ്രശസ്ത പക്ഷിനിരീക്ഷകന്‍. ലോകസഞ്ചാരി, ലോകത്തിലാദ്യമായി ബ്ലാക്ക് ആന്‍ഡ് ഓറഞ്ച് ഫ്‌ളൈ ക്യാച്ചറില്‍ ഗവേഷണം നടത്തിയ പക്ഷിനിരീക്ഷകന്‍. അതിലെല്ലാം ഉപരി ഗവണ്‍മെന്റ് ഓഫ്  ദുബായ് മുനിസിപ്പാലിറ്റി നടത്തുന്ന പബ്ലിക് മ്യൂസിയത്തിന്റെ നേതൃത്വം വഹിക്കുന്ന സ്‌പെഷ്യലിസ്റ്റ് (പബ്ലിക് പാര്‍ക്ക് ആന്‍ഡ് ഹൊര്‍ത്തോകള്‍ച്ചര്‍ ഡിപ്പാര്‍ട്‌മെന്റ്) കൂടിയാണ് കഴിഞ്ഞ 40 വര്‍ഷമായി ഇദ്ദേഹം.

Muhammad Ali Raza Khan

ലോകം മുഴുവന്‍ പറന്നു നടന്നു പക്ഷിനിരീക്ഷണം നത്തുന്ന ഈ മനുഷ്യന് ഇന്ത്യയാണ് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം. കേരളത്തിലെ സുഹൃത്തുക്കളെ കാണാന്‍ തമിഴ്‌നാട്ടിലെ ഏതോ സുഹൃത്തിന്റെ കാറുമായി എത്തിയതാണ്. അദ്ദേഹം തിരിച്ചുപോയ ഉടനെ അദ്ദേഹം  തന്ന കാര്‍ഡിലെ പേര് ഞാന്‍ ഗൂഗിളില്‍ തപ്പിനോക്കി. കൂടുതല്‍ വായിച്ച് ഞാന്‍ തരിച്ചിരുന്നുപോയി. വര്‍ഷങ്ങള്‍ക്കു മുമ്പ് നാഗര്‍ഹോളെയില്‍ വച്ച് കടുവയെ കണ്ട അതേ അനുഭൂതി എന്റെ മനസ്സിലും ശരീരത്തിലും ഉണ്ടായെന്നു പറയാതിരിക്കാന്‍ വയ്യ. 

1947 ജനുവരി ഒന്നിന് ബംഗാളിലെ മണിക് ഗഞ്ചിലാണ് മുഹമ്മദ് അലി റാസാ ഖാന്‍ ജനിച്ചത്. മണിക്ഗഞ്ചിലെ ദേബേന്ദ്രനാഥ് കോളേജില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1977ല്‍ ഭാരതത്തിലെ പ്രമുഖ പക്ഷിശാസ്ത്രജ്ഞനായിരുന്ന സലിം അലിയുടെ കീഴില്‍ ബോംബെ യൂണിവേഴ്‌സിറ്റിയില്‍ (ഇപ്പോള്‍ യൂണിവേഴ്‌സിറ്റി ഓഫ് മുംബൈ) നിന്നും പി.എച്ച്.ഡി കരസ്ഥമാക്കി. 1983ല്‍ യു.എ.ഇയിലെ അല്‍ ഐന്‍ സൂവില്‍ ക്യുറേറ്ററായി ജോലിയില്‍ പ്രവേശിച്ചു. 1989ല്‍ ദുബായ് സൂവിന്റെ തലവനായി മാറിയ അദ്ദേഹം 2010ല്‍ വൈല്‍ഡ് ലൈഫിലും സൂ മാനേജ്‌മെന്റിലും സ്‌പെഷ്യലിസ്റ്റായി.

Muhammad Ali Raza Khan

ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ് കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (IUCN), സ്പീഷീസ് സര്‍വൈവല്‍ കമ്മീഷന്‍. വേള്‍ഡ് കമ്മീഷന്‍ ഓഫ് പാര്‍ക്ക് ആന്‍ഡ് പ്രൊട്ടക്റ്റഡ് ഏരിയ തുടങ്ങിയ സംഘടനകളിലൊക്കെ അദ്ദേഹം അംഗമായിരുന്നിട്ടുണ്ട്. 24 ഓളം പുസ്തകങ്ങള്‍ രചിച്ചു. ഇപ്പോള്‍ ദുബായില്‍ വൈല്‍ഡ് ലൈഫ് ആന്‍ഡ് സൂ മാനേജ്‌മെന്റ് രംഗത്ത് സ്‌പെഷ്യലിസ്റ്റായി തുടരുന്നു.

ഷെയ്ഖ് മുബാറക് അവാര്‍ഡ് ഫോര്‍ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍, നാഷണല്‍ ബംഗബന്ധു അവാര്‍ഡ്, സ്റ്റാര്‍ ലൈഫ്‌ടൈം അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.