എന്തുകൊണ്ടായിരിക്കാം ഒരുപക്ഷേ, 1954-ലും 2020-ലുമായി കൃത്യതയോടെ നടത്തിയിട്ടുള്ളതും രണ്ടുകാലഘട്ടങ്ങളിലും ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളതുമായ എവറസ്റ്റ് കൊടുമുടിയുടെ ഉയരത്തിന്റെ കാര്യത്തിൽ ഒരു അന്തരം? ഇപ്പോഴത്തെ സാങ്കേതികതയുടെ മികവുകൊണ്ടാണെന്നായിരിക്കാം ഉത്തരം. എന്നാൽ, അതുമാത്രമല്ലെന്നുള്ളതാണ്  കൗതുകകരമായ ഒരു കാര്യം.


‘എവറസ്റ്റ് കൊടുമുടി ഏതാണ്ട് 86 സെന്റീമീറ്ററോളം ഉയരത്തിലേക്ക് വളർന്നിരിക്കുന്നു’ എന്നാണ്‌ പുതിയ വാർത്ത. ചൈനയുടെയും നേപ്പാളിന്റെയും രാജ്യാന്തര അതിർത്തിയിൽ സ്ഥിതിചെയ്യുന്ന എവറസ്റ്റ് കൊടുമുടിയുടെ ഉയരത്തെപ്പറ്റി നേരത്തേ രണ്ടുരാജ്യവും വ്യത്യസ്തമായ കണക്കാണ് െവച്ചുപുലർത്തിയിരുന്നതെങ്കിലും ഈപ്രാവശ്യം സംയുക്തമായാണ് കൊടുമുടിയുടെ ഉയരം കണക്കാക്കിയിട്ടുള്ളത്‌.  കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ നേപ്പാളിലെ ഉദ്യോഗസ്ഥരും ചൈനയിലെ ഉദ്യോഗസ്ഥരും പങ്കെടുത്ത വെർച്വൽ സമ്മേളനത്തിൽവെച്ചാണ് എവറസ്റ്റിന്റെ ഉയരം പ്രഖ്യാപിച്ചത്.

ഇന്ത്യയിൽ 1767-ൽ സ്ഥാപിതമായ സർവേ ഓഫ് ഇന്ത്യ 1954-ൽ കണക്കാക്കിയിട്ടുള്ള 8848 മീറ്ററെന്നുള്ള കണക്കാണ് ഇതുവരെ അന്താരാഷ്ട്ര തലത്തിൽ ഔദ്യോഗികമായി അംഗീകരിച്ചുപോന്നിരുന്നത്. എന്നാൽ, നേപ്പാൾ പുതുതായി കണക്കാക്കിയതനുസരിച്ച്‌ എവറസ്റ്റിന്റെ ഉയരം 8848.86 മീറ്ററാണ്. ചൈനയുടെ, 2005-ൽ പ്രസിദ്ധീകരിച്ചിട്ടുള്ളതും അന്താരാഷ്ട്രതലത്തിൽ അംഗീകാരമില്ലാത്തതുമായ കണക്കനുസരിച്ച്, എവറസ്റ്റിന്റെ ഉയരം 8844.43 മീറ്ററാണ്. ഇത് നേപ്പാളിലെ കണക്കുകൂട്ടലുകളെക്കാൾ  നാലുമീറ്ററോളം കുറവാണ്. പരിശോധനയ്ക്കടിസ്ഥാനമായ സമുദ്രനിരപ്പിന്റെ വ്യത്യാസവും പരിശോധനനടത്തിയ സമയമനുസരിച്ച്‌ കൊടുമുടിയുടെ പാറയ്ക്കുമുകളിലുള്ള മഞ്ഞിന്റെ കനത്തിലുള്ള വ്യത്യാസവും ഇപ്പോൾ പ്രഖ്യാപിച്ച ഉയരവുമായി വ്യത്യാസമുണ്ടാകാനുള്ള കാരണങ്ങളായി ചൈന ചൂണ്ടിക്കാണിക്കുന്നു.

1954-ൽ എവറസ്റ്റിന്റെ ഉയരം നിർണയിക്കാനായി ഉപയോഗിച്ചിരുന്നത് ഭൂമിയുടെ ഉപരിതലത്തെ അടിസ്ഥാനമാക്കിയുള്ള വളരെ കൃത്യതയാർന്ന ഗ്രേറ്റ് ട്രിഗണോമെട്രിക് സർവേ രീതിയായിരുന്നെങ്കിൽ 2020-ൽ ഉപയോഗിച്ചിരിക്കുന്നത്, ത്രികോണമിതി സൂത്രവാക്യങ്ങൾതന്നെ ആധാരമാക്കിക്കൊണ്ട് ഭൂമിയുടെ ഉപരിതലത്തിലുള്ളൊരു ബിന്ദുവിന്റെ സ്ഥാനം മില്ലിമീറ്റർവരെ കൃത്യതയോടെ നിർണയിക്കാൻ സാധിക്കുന്ന ഉപഗ്രഹാധിഷ്ഠിത ഗ്ലോബൽ പൊസിഷനിങ്‌ സിസ്റ്റം (G.P.S.) സാങ്കേതികവിദ്യയാണ്. കൊടുമുടിയുടെ ഉപരിതലത്തിലുള്ള മഞ്ഞിന്റെ കനം കൃത്യമായി  നിർണയിക്കാൻ ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാർ (G.P.R.) സാങ്കേതികതയും ഉപയോഗിച്ചിട്ടുണ്ട്.

കൊടുമുടി വളരാനുള്ള പ്രധാന കാരണം  

ഭൂമിയുടെ ഉപരിതലത്തിലെ ഫലകങ്ങളുടെ പരസ്പരചലനങ്ങളും തന്മൂലം നടക്കുന്ന കൂട്ടിയിടികളും പ്രതിപാദിക്കുന്ന ഫലകചലനസിദ്ധാന്തമെന്ന ഭൗമപ്രതിഭാസങ്ങളിലൂടെയാണ് പൊതുവേ പർവതങ്ങളും കൊടുമുടികളും രൂപപ്പെടുന്നത്.   ഭൂമിയെ ഉപരിതലംമുതൽ ഉള്ളറവരെ  ഭൂവൽക്കം (crust), മാൻറ്റിൽ (mantle), അകക്കാമ്പ് (core) എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു.  ഭൂമി സ്വയം സാങ്കല്പിക അച്ചുതണ്ടിൽ കറങ്ങുന്നതും സൂര്യനെ വലംവെക്കുന്നതും കൂടാതെ, ഭൂമിയുടെ പുറംപാളിയായ ഭൂവൽക്കവും ഏതാണ്ട് സമാന സാന്ദ്രതയുള്ള മാന്റിലിന്റെ മേൽത്തട്ടുംചേർന്ന് ലിത്തോസ്‌ഫിയർ  എന്ന പാളിയായി തീരുകയും അതിനുതൊട്ടുതാഴെ അർധദ്രവാവസ്ഥയിലുള്ള ആസ്തീനോസ്ഫിയർ (asthenosphere) എന്ന  മെഴുകുപാളിയിലൂടെ (molten state) മാന്റിലിൽനിന്ന്‌ ഉദ്‌ഭവിക്കുന്ന താപസംവഹനം (mantle convection)മൂലം വളരെ ചെറിയനിരക്കിൽ ചലിച്ചുകൊണ്ടേയിരിക്കുകയുംചെയ്യുന്നു.  ഒട്ടേറെ ചെറുഫലകങ്ങളായി വേർതിരിക്കപ്പെട്ടിരിക്കുന്ന ലിത്തോസ്‌ഫിയർ, തന്മൂലം വെള്ളത്തിന്റെ മുകളിൽ ഐസ് കഷ്ണങ്ങൾ ചലിക്കുന്നപോലെ ആസ്തീനോസ്ഫിയറിന്റെ മേൽപ്പരപ്പിലൂടെ സാവധാനം ചലിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് ഫലകചലനസിദ്ധാന്തത്തിന്റെ അടിസ്ഥാനം.

അങ്ങനെ ഏതാണ്ട് 200 ദശലക്ഷം വർഷംമുമ്പ് ചലിച്ചുതുടങ്ങിയ ഇന്ത്യൻഫലകം, ഏതാണ്ട് 150 ദശലക്ഷം വർഷത്തിനുശേഷം അതായത് ഇപ്പോഴത്തെ കാലത്തിൽനിന്ന് 50 ദശലക്ഷം വർഷംമുമ്പ് എതിർദിശയിലുണ്ടായിരുന്ന യൂറേഷ്യൻ ഫലകത്തിൽ കൂട്ടിയിടിച്ചതിന്റെ ഫലമായാണ് ഹിമാലയൻ പർവതനിരയും ടിബറ്റൻ പീഠഭൂമിയും രൂപപ്പെട്ടത്. അനന്തരം, പൊതുവേ സാന്ദ്രതകൂടിയ ഇന്ത്യൻ ഫലകം താരതമ്യേന സാന്ദ്രത കുറഞ്ഞ യൂറേഷ്യൻഫലകത്തിന്റെ ഉള്ളിലേക്ക് തള്ളിക്കയറുകയും (underthrust/subduct) തന്മൂലം യൂറേഷ്യൻ ഫലകം ഇന്ത്യൻ ഫലകത്തിന്റെ മുകളിലേക്കായി നീങ്ങാനും (overthrust), തന്മൂലം  കൂട്ടിയിടിച്ചുമടങ്ങി/വളഞ്ഞ്‌ ഉയരംവെക്കാനും ആരംഭിച്ചു.  ഇപ്പോഴും വളരെ മന്ദമായി തുടർന്നുകൊണ്ടിരിക്കുന്ന ഫലകചലനപ്രക്രിയ ഇന്ത്യൻ, യൂറേഷ്യൻ ഫലകങ്ങളുടെ കൂട്ടിമുട്ടൽകേന്ദ്രമായ ഹിമാലയൻ പർവതനിരകളുടെയും അതിലെ ഏറ്റവും ഉയരംകൂടിയ പർവതമായ എവറസ്റ്റ് കൊടുമുടിയുടെയും ഉയരം എല്ലാ വർഷവും ഒരു ചെറിയ അളവിൽ കൂടാൻ കാരണമാകുന്നു. നിലവിൽ ഇന്ത്യൻ പ്ലേറ്റ് ഉത്തരാർധഗോളത്തിൽ വടക്കുകിഴക്ക് ദിശയിലേക്ക്‌ വർഷത്തിൽ ഏതാണ്ട് 45 മുതൽ 50 മില്ലിമീറ്റർവരെ എന്നനിരക്കിൽ ചലിച്ചുകൊണ്ടിരിക്കുന്നു. തന്മൂലം ഹിമാലയം പ്രതിവർഷം ഒരു സെന്റിമീറ്ററിൽ കൂടുതൽ ഉയർന്നുകൊണ്ടേയിരിക്കുന്നുവെന്ന് ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റം (G.N.S.S.) ഉപയോഗിച്ചുള്ള ഉപഗ്രഹപഠനങ്ങൾ തെളിയിക്കുന്നു.

എവറസ്റ്റ് കൊടുമുടിയുടെ നാമകരണം

1852-ൽ ഗ്രേറ്റ് ട്രൈഗൊണോമെട്രിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ജോലിചെയ്തിരുന്ന  ഗണിതശാസ്ത്രജ്ഞനായ രാധാനാഥ് സിഖ്ദാർ, ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയെന്ന് കരുതിയിരുന്ന പർവതം കണ്ടെത്തിയതായി രേഖകളിൽ പറഞ്ഞിരിക്കുന്നു. എന്നാൽ, വർഷങ്ങൾക്കുശേഷം ടിബറ്റുകാർ ഇതിനകംതന്നെ ചോമോലുങ്മ എന്നും നേപ്പാളികൾ സാഗർമാത എന്നും വിളിച്ചിരുന്ന ഏറ്റവും ഉയരംകൂടിയ കൊടുമുടിയെത്തന്നെയാണ് രാധാനാഥ് സിഖ്ദാർ  കണ്ടെത്തിയതെന്ന്‌ സ്ഥിരീകരിക്കപ്പെട്ടിട്ടും ബ്രിട്ടീഷുകാർ 1830 മുതൽ 1843 വരെ സർവേ ജനറൽ ഓഫ് ഇന്ത്യയായിരുന്ന കേണൽ സർ ജോർജ് എവറസ്റ്റിന്റെ പേര് ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിക്കുനൽകാൻ തീരുമാനിക്കുകയായിരുന്നു.  

സംയുക്തപ്രസ്താവനയ്ക്ക് പിന്നിൽ

150 വർഷത്തിലേറെയായി ശാസ്ത്രജ്ഞർ എവറസ്റ്റിന്റെ കൃത്യമായ ഉയരം സ്ഥാപിക്കാൻ ശ്രമിക്കുന്നു. ഈ വിഷയം  പരിഹരിക്കുന്നതിനുവേണ്ടിക്കൂടിയാണ്, ലോകത്തിലെ ഏറ്റവും ഉയരമുള്ള പർവതത്തെക്കുറിച്ച് ഒരു പുതിയ സർവേക്ക്‌ 2019-ൽ ചൈനീസ് പ്രസിഡന്റ് ഷീ ജിങ്‌ പിങ്‌ നേപ്പാൾ സന്ദർശിച്ചതിനുപിന്നാലെ ധാരണയാകുന്നതും നേപ്പാൾ അതിന് ഉത്തരവിടുന്നതും.  എന്നാൽ, എന്തായിരിക്കാം  ചൈനയും നേപ്പാളും ചേർന്നുള്ള സംയുക്ത പ്രസ്താവനയ്ക്കുകാരണം ?
ലാഭകരമായ ടൂറിസം വ്യവസായത്തിൽതന്നെയാണ് ഇരു രാജ്യങ്ങളുടെയും കണ്ണ്. അതിനതീതമായി, ഇന്ത്യക്കുമുകളിൽ മേൽക്കോയ്മ സ്ഥാപിക്കാനായി കിട്ടിയ ഒരവസരമായും ചൈന ഇതിനെ ഉപയോഗപ്പെടുത്തിയെന്നും  നിസ്സംശയം പറയാൻസാധിക്കും. അങ്ങനെ 1954-ൽ ഇന്ത്യയുടെ കീഴിലുള്ള സർവേ ഓഫ് ഇന്ത്യ കണക്കാക്കിയ 8848 മീറ്റർ എന്ന എവറസ്റ്റിന്റെ ഉയരത്തെ 66 വർഷത്തിനുശേഷം  നേപ്പാളിനെ കൂട്ടുപിടിച്ചു മാറ്റിസ്ഥാപിച്ചെടുക്കാൻ സാധിച്ചു എന്ന ഗർവിൽ മുന്നോട്ടുനീങ്ങാൻതന്നെയായിരിക്കും ചൈന  ഭാവിയിൽ ശ്രമിക്കുക.

(കുസാറ്റിലെ മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്സ്‌  വകുപ്പ് മേധാവിയാണ്‌ ലേഖകൻ)