Lisipriyaസ്പെയിനിലെ മഡ്രിഡിൽ കഴിഞ്ഞദിവസം സമാപിച്ച കാലാവസ്ഥാ ഉച്ചകോടിയിൽ ഒരു എട്ടുവയസ്സുകാരി ശ്രദ്ധാകേന്ദ്രമായി. മുതിർന്നവർക്കായി തയ്യാറാക്കിയ പ്രസംഗപീഠത്തിൽ ചെറിയൊരു സ്റ്റൂളിട്ടുകയറി ഉയരമൊപ്പിച്ച് തീപ്പൊരി പ്രസംഗം നടത്തി. യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസടക്കമുള്ള നേതാക്കൾ അദ്‌ഭുതത്തോടെ അവളെ കണ്ടു. ദാ ‘തെക്കിന്റെ ഗ്രെറ്റ’ എന്ന് മാധ്യമങ്ങൾ അവളെ വാഴ്ത്തി. മണിപ്പുരുകാരിയായ ലിസിപ്രിയ കംഗുജം ആയിരുന്നു ആ പെൺകുട്ടി. 

പാരീസ് ഉടമ്പടി നടപ്പാക്കുന്നതിൽ ധാരണയാകാതെ മഡ്രിഡ് ഉച്ചകോടിയും പിരിഞ്ഞു. ഈ സാഹചര്യത്തിൽ ലിസിപ്രിയ മനസ്സുതുറക്കുന്നു. മഡ്രിഡിലേക്കും അവിടെനിന്ന് ഈജിപ്തിലേക്കും നടത്തിയ യാത്രയ്ക്കിടയിൽ വീണുകിട്ടിയ സമയങ്ങളിൽ ട്വിറ്ററിലൂടെ മാതൃഭൂമി പ്രതിനിധി കൃഷ്ണപ്രിയ ടി. ജോണിയുമായി സംസാരിച്ചതിന്റെ പ്രസക്തഭാഗങ്ങൾ...
ഒരു എട്ടുവയസ്സുകാരി കാലാവസ്ഥാ സംരക്ഷണത്തിനുവേണ്ടി സംസാരിക്കുന്നു, അതിനായി ലോകം മുഴുവൻ യാത്രചെയ്യുന്നു.

പരിസ്ഥിതിവിഷയത്തിൽ ഇത്ര ചെറുപ്രായത്തിൽ എങ്ങനെ താത്പര്യമുണ്ടായി?

2018-ൽ മംഗോളിയയിലെ ഉലാൻബത്തോറിൽനടന്ന ഏഷ്യാ മിനിസ്റ്റീരിയൽ കോൺഫറൻസ് ഫോർ ഡിസാസ്റ്റർ റിഡക്‌ഷനിൽ പങ്കെടുത്തതാണ് എന്നെ മാറ്റിമറിച്ചത്. ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള ഒട്ടേറെപ്പേർ പങ്കെടുത്ത സമ്മേളനം. പ്രകൃതിദുരന്തങ്ങളുടെ ഇരയായവർ, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർ, വീടില്ലാതായവർ അങ്ങനെ നിസ്സഹായരായ ഒരുപാടുപേരെ ഞാനവിടെ കണ്ടു. അറിയാതെ കണ്ണുനനഞ്ഞു. പ്രകൃതിദുരന്തങ്ങളുടെയെല്ലാം പ്രധാനകാരണം കാലാവസ്ഥാമാറ്റമാണെന്ന് മനസ്സിലാക്കിയത് അവിടെവെച്ചാണ്. അവർക്കായി എന്തെങ്കിലും ചെയ്യണമെന്നുതോന്നി. നാട്ടിൽ തിരിച്ചെത്തിയയുടൻ ‘ദി ചൈൽഡ് മൂവ്മെന്റ്’ എന്ന പേരിലൊരു കുഞ്ഞുസംഘടന തുടങ്ങി. കാലാവസ്ഥാമാറ്റം തടയാൻ നടപടിയെടുക്കണമെന്ന് ലോകനേതാക്കളോട് ആവശ്യപ്പെടുകയെന്നതാണ് ലക്ഷ്യം. 

ചൈൽഡ് മൂവ്മെന്റിന്റെ പ്രവർത്തനം പിന്നെ എങ്ങനെയായിരുന്നു?

കാലാവസ്ഥാ വ്യതിയാനം നേരിടുന്നതുമായി ബന്ധപ്പെട്ട് ഇരുപതിലേറെ രാജ്യങ്ങളിൽ സംസാരിച്ചിട്ടുണ്ട്. പാർലമെന്റിനുമുന്നിൽ ആഴ്ചയിലൊരുദിവസം പ്രതിഷേധിച്ചിരുന്നു. ഗ്രെറ്റ ത്യുൻബേയുടെ സമരമാണ്‌ അതിനു പ്രേരിപ്പിച്ചത്. കാലാവസ്ഥാ സംരക്ഷണ നിയമം പാസാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇത്. 2018 ജൂൺ മുതൽ സമരം ശ്രദ്ധിക്കപ്പെട്ടു. ജൂൺ 24-ന് രാജ്യസഭയിൽ ഇക്കാര്യം ചർച്ചചെയ്യപ്പെട്ടു. 

ഇന്ത്യയുടെ കാലാവസ്ഥാ സംരക്ഷണ നിയമം എങ്ങനെയായിരിക്കണം? 

പ്രധാനമായും മൂന്നു കാര്യങ്ങളുണ്ടാവണം നമ്മുടെ നിയമത്തിൽ. ഒന്നാമതായി, കാർബൺ ബഹിർഗമനം പടിപടിയായി പൂജ്യത്തിലെത്തിക്കാനും ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ നിയന്ത്രിക്കാനുമുള്ള വ്യവസ്ഥകൾ വേണം. കാലാവസ്ഥാമാറ്റത്തെക്കുറിച്ച് സ്കൂളുകളിൽ പഠിപ്പിക്കണം എന്നതാണ് രണ്ടാമത്തേത്. പരീക്ഷ വിജയിക്കണമെങ്കിൽ ഹൈസ്കൂൾ വിദ്യാർഥികൾ നൂറുമരങ്ങളും ഹയർ സെക്കൻഡറിക്കാർ 500 മരങ്ങളും ബിരുദത്തിന്‌ പഠിക്കുന്നവർ ആയിരം മരങ്ങളും നടണമെന്നും പറയണം. അവസാനത്തേത് നടക്കുമോയെന്ന് സംശയം തോന്നാം. പക്ഷേ, ഇപ്പോഴത് ആവശ്യമാണ്.

മഡ്രിഡിൽ ചേർന്ന കാലാവസ്ഥാ ഉച്ചകോടിയും പരാജയപ്പെട്ടല്ലോ? 

നമ്മുടെ നേതാക്കൾ ഞങ്ങളെ വീണ്ടും തോൽപ്പിച്ചു. കഴിഞ്ഞ 25 വർഷമായി അവർ കാലാവസ്ഥാ ഉച്ചകോടി വിളിച്ചുകൂട്ടി ചർച്ചനടത്തിക്കൊണ്ടേയിരിക്കുന്നു. അതായത് ഞാൻ ജനിക്കുന്നതിനും വളരെ വർഷങ്ങൾക്കുമുമ്പുതന്നെ അവർ ചർച്ച തുടങ്ങിയതാണ്. ഓരോ വർഷവും ഉച്ചകോടി പരാജയപ്പെടുന്നു, നേതാക്കളെല്ലാം തിരികെ മടങ്ങുന്നു, വീണ്ടും ചേരുന്നു. അവർ വീണ്ടും വീണ്ടും തോൽപ്പിക്കുന്നത് ഞങ്ങളെയാണ്. അവരാണ് തെറ്റുചെയ്തത്. ഇപ്പോഴും അതുതന്നെ തുടരുന്നു. കാലാവസ്ഥാ വിഷയത്തിൽ ഇപ്പോൾത്തന്നെ നടപടിവേണം. അതാണ് ഞങ്ങൾക്കുവേണ്ടത്.

മഡ്രിഡ് ഉച്ചകോടിയിലെ അനുഭവം എങ്ങനെയുണ്ടായിരുന്നു?

ഉച്ചകോടിയിൽ പങ്കെടുക്കാനായതിൽ സന്തോഷമുണ്ട്. ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്നതിൽ സങ്കടവും. യു.എൻ. സെക്രട്ടറി ജനറലുൾപ്പെടെയുള്ളവരെ നേരിട്ടുകണ്ടു. അവരെല്ലാം അഭിനന്ദിച്ചിരുന്നു. ഗ്രെറ്റയ്ക്കൊപ്പം ചെലവഴിക്കാനായ സമയങ്ങളാണ് കൂടുതൽ പ്രിയപ്പെട്ടത്. ജീവിതത്തിലെതന്നെ നല്ല നിമിഷങ്ങൾ. 

ഇനി ലിസിപ്രിയയെന്ന എട്ടുവയസ്സുകാരിയെക്കുറിച്ച് പറയൂ?

മണിപ്പുരിലെ ഇംഫാലിലുള്ള ബാഷികോങ് ഗ്രാമത്തിൽനിന്നാണ് ഞാൻ വരുന്നത്. അച്ഛൻ കെ.കെ. സിങ്ങും ആക്ടിവിസ്റ്റാണ്. അമ്മ ബിദ്യാരണി ദേവി. അഞ്ചുവയസ്സുള്ള ഒരനിയത്തിയുണ്ട്. ഐറിന വൊകോവ കംഗുജമെന്നാണ് അവളുടെ പേര്. സ്കൂളിൽ പോയിരുന്നു ആദ്യം. കാലാവസ്ഥാ പരിപാടികൾക്കായി മറ്റിടങ്ങളിലേക്കു പോയിത്തുടങ്ങിയതിനാൽ 2019 ഫെബ്രുവരിമുതൽ സ്കൂൾ വിദ്യാഭ്യാസം തത്കാലം നിർത്തേണ്ടിവന്നു, ഗ്രേഡ് വണ്ണിൽ പഠിക്കുന്പോൾ. ഇപ്പോ ലോകത്തെ ഒരുപാട് സ്കൂളുകളിൽനിന്ന് സ്കോളർഷിപ്പോടെ സൗജന്യമായി പഠിപ്പിക്കാമെന്ന് ഓഫറുകളുണ്ട്. ഇതുവരെ തീരുമാനിച്ചിട്ടില്ല എവിടെപ്പോകണമെന്ന്. എന്തായാലും പഠിക്കണം ഇനിയും. 
മഹാത്മാഗാന്ധിയെയും എ.പി.ജെ. അബ്ദുൽ കലാമിനെയും ഒരുപാടിഷ്ടമാണ്. പിന്നെ എനിക്കൊരാഗ്രഹം കൂടിയുണ്ട്. വലുതാകുന്പോൾ ഒരു ബഹിരാകാശ ശാസ്ത്രജ്ഞയാകണം. 

Content Highlights: Lisipriya says they failed us again