രു നാളികേര കർഷക ഉത്പാദകക്കമ്പനിയുടെ അനുഭവം പറയാം. പേര്: പേരാമ്പ്ര നാളികേര കമ്പനി. നാളികേരാധിഷ്ഠിത വ്യവസായത്തിന് ഈ കമ്പനി നിക്ഷേപിച്ചത് 20 കോടി രൂപ.  നീര പ്ലാന്റ്, തേങ്ങാവെള്ളം സംസ്കരിക്കാനുള്ള സൗകര്യം, 15 ഫെഡറേഷനുകൾക്കുകീഴിൽ 15 യന്ത്രവത്കൃത ഡ്രയറുകൾ, വെളിച്ചെണ്ണമിൽ, ചകിരിനിർമാണ യൂണിറ്റ്. കർഷകരിൽനിന്ന്‌ ഓഹരി സമാഹരിച്ചും  കെ.എഫ്.സി.പോലുള്ള ധനകാര്യസ്ഥാപനങ്ങളിൽനിന്ന് വായ്പയെടുത്തുമാണ് മൂലധനം കണ്ടെത്തിയത്.

കമ്പനിയുടെ ഇന്നത്തെ സ്ഥിതികൂടിനോക്കാം. നീര ഉത്പാദനം നിലച്ചു, തേങ്ങാവെള്ളസംസ്കരണമില്ല, ചകിരിനിർമാണമില്ല, 15 ഡ്രയറുകളും പൂട്ടി. പേരിനെങ്കിലും പ്രവർത്തിക്കുന്നത് വെളിച്ചെണ്ണമിൽ. വായ്പയെടുത്ത വകയിലെ കടം 6.25 കോടി രൂപ, അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയതിന് നൽകാനുള്ളത് രണ്ടുകോടിയോളം. ഡ്രയർ തുടങ്ങാൻ വായ്പയെടുത്ത വകയിൽ ജപ്തിഭീഷണി നേരിടുന്നു. ഇത് ഒരു കമ്പനിയുടെമാത്രം സ്ഥിതിയല്ല.

നാളികേര വികസനബോർഡിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ആകെ രൂപവത്കരിച്ച 67 പ്രൊഡ്യൂസർ കമ്പനികളിൽ 29 എണ്ണവും കേരളത്തിലാണ്. ഇതിൽ 10 എണ്ണത്തിന്റെ പ്രവർത്തനം നിർത്തിയെന്നുതന്നെ പറയാം. ബാക്കിയുള്ള 19 എണ്ണവും നിലനിൽപ്പിനായുള്ള പോരാട്ടത്തിലാണ്. പക്ഷേ, പ്രവർത്തനമൂലധനം ഇല്ലാത്തതിനാൽ ആ പോരാട്ടം എത്രകാലം നീളുമെന്ന് ആർക്കുമറിയില്ല. എല്ലാ കമ്പനികളും ഒരേസ്വരത്തിൽ ആവശ്യപ്പെടുന്നത് ഒറ്റക്കാര്യം. പ്രവർത്തനമൂലധനത്തിന് സഹായംവേണം.

ചതിച്ചത് നീരയോ?

നീരയിലാണ് നാളികേരകർഷകർ സ്വപ്നംകണ്ടത്. രണ്ടുകോടിരൂപവീതം മുടക്കി കേരളത്തിൽ നീര പ്ലാന്റ്  സ്ഥാപിച്ചത് 11 കമ്പനികളാണ്. എല്ലാവരും വായ്പയെടുത്തത് കെ.എഫ്.സി.യിൽനിന്ന്. 50 ലക്ഷം രൂപവീതം നാളികേര വികസനബോർഡും സംസ്ഥാനസർക്കാരും സബ്‌സിഡി പ്രഖ്യാപിച്ചു. പക്ഷേ, ലക്ഷ്യമിട്ടതുപോലെ നീര വിപണിപിടിക്കാതായതോടെ വായ്പതിരിച്ചടവ് തെറ്റി. ഇതിനിടയിൽ ഇടിത്തീയായി നോട്ടുനിരോധനം, പ്രളയം, പിന്നെ കോവിഡും. ഇതോടെ നീരയുടെ വിപണി തകർന്നു. സബ്‌സിഡി കൃത്യസമയത്ത് കിട്ടാത്തത് പ്രതിസന്ധി രൂക്ഷമാക്കി. നാളികേരക്കമ്പനികളുടെ കൺസോർഷ്യത്തിന്റെ കണക്കിൽ 11 കമ്പനികളുടെ ഇപ്പോഴത്തെ ബാധ്യത
37 കോടി രൂപയോളമാണ്.

പ്ലാന്റുള്ള ഒരു കമ്പനിയും ഇന്ന് നീര ഉത്പാദിപ്പിക്കുന്നില്ല. സാധാരണരീതിയിൽ തൃശ്ശൂർ കമ്പനി ഇപ്പോൾ ദിവസം 100 ലിറ്റർ എന്നതോതിൽ നീര ഉത്പാദിപ്പിക്കുന്നുണ്ട്. ബാക്കിവന്ന നീരകൊണ്ട് നീര തേനും നിർമിക്കുന്നു. വടകര കമ്പനി കോവിഡിനുമുമ്പേ നീര ഉത്പാദിപ്പിച്ച് സിങ്കപ്പൂരിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും കയറ്റിയയച്ചിരുന്നു. കോവിഡോടെ ഇത് നിലച്ചു.

ടെട്രാപാക്ക് പ്ലാന്റും സ്വാഹ

നീരയെ രക്ഷിക്കാനായി വി.എസ്. സുനിൽകുമാർ കൃഷിമന്ത്രിയായ സമയത്ത് രൂപംകൊടുത്ത പദ്ധതിയാണ് ടെട്രാ പാക്കറ്റിൽ ഏകീകൃതരുചിയിൽ നീര വിപണിയിലിറക്കുകയെന്നത്. 25 കോടി രൂപയുടെ പദ്ധതി കമ്പനികളുടെ കൺസോർഷ്യത്തിന്റെ സഹായത്തോടെ തയ്യാറാക്കി. കിഫ്ബിയിൽനിന്ന് ഫണ്ടുകണ്ടെത്താൻ ലക്ഷ്യമിട്ടു. കേന്ദ്രത്തിൽനിന്ന്‌ 6.5 കോടി രൂപ സബ്‌സിഡിയും കിട്ടുമെന്നായതോടെ ബാക്കി കിഫ്ബിയിൽനിന്ന് കിട്ടാൻ പദ്ധതി സമർപ്പിച്ചു. പക്ഷേ, നാളികേരക്കമ്പനികൾക്ക് ഫണ്ടനുവദിക്കാമെന്ന് കൃഷിവകുപ്പ് ഉത്തരവിറക്കിയാൽമാത്രമേ കിഫ്ബിക്ക് ഇത് പരിഗണിക്കാൻ കഴിയൂ എന്ന നിലവന്നു. ഈ ഉത്തരവിന് കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒന്നരവർഷത്തോളമായി.

ടെട്രാ പാക്കറ്റിൽ നീര 20 രൂപയ്ക്ക് വിൽക്കാമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. നേരത്തേ 200 മില്ലി നീര വിറ്റിരുന്നത് 30-35 രൂപയ്ക്കാണ്. വിലക്കൂടുതലും രുചിയിലെ വ്യത്യാസവും ഷെൽഫ് ലൈഫ് കുറവായതുമെല്ലാമാണ് നീരയ്ക്ക് തിരിച്ചടിയായത്. ഇതെല്ലാം പരിഹരിക്കാൻ ലക്ഷ്യമിട്ടപദ്ധതിയാണ് എവിടെയുമെത്താതെ കിടക്കുന്നത്.

കമ്പനി അഥവാ കർഷകക്കൂട്ടായ്മ

40 മുതൽ 100 വരെ കർഷകർ ചേർന്ന് നാളികേര ഉത്പാദകസംഘം (സി.പി.എസ്.), എട്ട് സി.പി.എസുകളെങ്കിലും ചേർന്ന് നാളികേര ഫെഡറേഷൻ, ഫെഡറേഷനുകളുടെ കൂട്ടായ്മയായി നാളികേര കമ്പനി-കേരളത്തിലെ ശൃംഖല ഇങ്ങനെ.

 • നാളികേര ഉത്പാദകസംഘങ്ങൾ-7220
 • നാളികേര ഫെഡറേഷനുകൾ-465
 • കമ്പനികൾ-29
 • കീഴിലുള്ള കർഷകർ-6,91,301
 • കൃഷിസ്ഥലം-3,04,315.63 ഹെക്ടർ

 കേരളത്തിലെ ലക്ഷക്കണക്കിന് കേരകർഷകരുടെ ചോരയും വിയർപ്പുമുണ്ട് കമ്പനികളിൽ. ആസൂത്രണത്തിലെ പിഴവുകളും പ്രതിസന്ധിഘട്ടത്തിൽ എല്ലാവരും കൈവിട്ടതും വിനയായി. നാളികേരമേഖലയുടെ ഉയിർത്തെഴുന്നേൽപ്പിന് ഈ കൂട്ടായ്മയോളം ശക്തമായ അടിത്തറ വേറെയില്ല. ഇതിനായി കമ്പനികളും കർഷക്കൂട്ടായ്മകളും
മുന്നോട്ടുവെക്കുന്ന ചില നിർദേശങ്ങൾ

 • കമ്പനികളുടെ ഇന്നത്തെ സ്ഥിതിയെക്കുറിച്ച് വിശദമായ പഠനംനടത്താൻ വിദഗ്ധസമിതിയെ നിയോഗിക്കുക
 • നാലുശതമാനം പലിശയിൽ പ്രവർത്തനമൂലധനം അനുവദിക്കുക.
 • സഹകരണസംഘങ്ങൾക്കൊപ്പം പച്ചത്തേങ്ങ സംഭരണ ഏജൻസികളായി കമ്പനികളെയും നിയോഗിക്കുക.
 • കമ്പനികളെ  പ്രവർത്തിക്കുന്ന കമ്പനികളും പ്രവർത്തിക്കാത്ത കമ്പനികളും എന്നരീതിയിൽ തരംതിരിച്ച് സഹായംനൽകുക.
 • പീഡിതവ്യവസായങ്ങളുടെ പട്ടികയിൽപ്പെടുത്തി റിവൈവൽ ഫണ്ട് ലഭ്യമാക്കുക
 • കമ്പനികൾ ഉത്പാദിപ്പിക്കുന്ന സാധനങ്ങൾ ഏറ്റെടുത്ത് വിപണനംചെയ്യാൻ സർക്കാർനിയന്ത്രണത്തിൽ ഏജൻസി.

(നിർദേശങ്ങൾ: ഒ.ടി. രാജൻ (ഡയറക്ടർ, പേരാമ്പ്ര കമ്പനി, കെ.പി. വിപിൻകുമാർ (ഖജാൻജി, കേരകർഷകസംഘം കോഴിക്കോട് ജില്ലാകമ്മിറ്റി)

വെളിച്ചെണ്ണയ്ക്കു വേണ്ടത് മിൽമ മാതൃക

കേരളത്തിലെ നാളികേരക്കമ്പനികളുടെ കീഴിൽ 82-ഓളം വെളിച്ചെണ്ണയൂണിറ്റുകളും  67 കോക്കനട്ട് ഡ്രയറുമുണ്ട്. ദിവസം 10 ലക്ഷം തേങ്ങവരെ സംസ്കരിക്കാം. ഇവർ നിർമിക്കുന്ന വെളിച്ചെണ്ണ മിൽമ മാതൃകയിൽ ഒരു പൊതുബ്രാൻഡിൽ വിപണനംചെയ്യാൻ സർക്കാർ നടപടി സ്വീകരിക്കണം. ഉയർന്ന ഗുണനിലവാരം ഉറപ്പാക്കിയാൽ കേരളത്തിന്റെ സ്വന്തം വെളിച്ചെണ്ണയായി ഇത് മാറ്റാം. വ്യാജന്റെ കടന്നുകയറ്റത്തെ ചെറുക്കുന്നതിനൊപ്പം കമ്പനികൾക്കും ഉയിർത്തെഴുന്നേൽപ്പിന് വഴിയൊരുക്കും.
 -പി. വിനോദ് കുമാർ, ചെയർമാൻ, നാളികേരക്കമ്പനി കൺസോർഷ്യം

(അവസാനിച്ചു)