കാലാവസ്ഥാ ഉച്ചകോടി പാരീസിൽ (2015) നിന്ന്‌ ഗ്ലാസ്‌ഗോയിലെത്തുന്നതിനിടയിലുള്ള ആറുവർഷം അതിതീവ്ര കാലാവസ്ഥാ സംഭവങ്ങളുടെ പരമ്പരകളായിരുന്നു ലോകത്ത് നടമാടിക്കൊണ്ടിരുന്നത്. പാരീസ് ഉച്ചകോടിയിൽ വെച്ച് പൊതുസമ്മതിയിൽ എത്താൻ സാധിക്കാതിരുന്ന പല വിഷയങ്ങളിന്മേലും പ്രത്യേകിച്ചും കാലാവസ്ഥാ ദുരന്തങ്ങൾ കൂടുതൽ പ്രകടമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് നടക്കുന്ന, ഗ്ലാസ്‌ഗോ സമ്മേളനത്തിൽ തീരുമാനത്തിലെത്താൻ കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. കാലാവസ്ഥാ  ദുരന്തങ്ങൾക്കിരയാക്കപ്പെടുന്ന, കുറഞ്ഞ കാർബൺ പുറന്തള്ളൽ മാത്രം നടത്തുന്ന, രാജ്യങ്ങൾക്കുള്ള സാമ്പത്തിക സഹായം, കാലാവസ്ഥാ പ്രവർത്തനങ്ങളെ സംബന്ധിച്ച് രാഷ്ട്രങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ നൽകുന്ന ‘പാരീസ് റൂൾബുക്ക്’ അംഗീകരിക്കൽ തുടങ്ങിയ ഇവയിൽ പ്രധാനപ്പെട്ടതായിരുന്നു.

ഒരേസമയം പ്രതീക്ഷകളും നിരാശകളും സമ്മാനിക്കുന്നതാണ് ഗ്ലാസ്‌ഗോ ഉച്ചകോടിയിലെ സംഭവവികാസങ്ങൾ. കാലാവസ്ഥാ മാറ്റങ്ങളുടെ ഇരകളായിക്കൊണ്ടിരിക്കുന്ന രാഷ്ട്രങ്ങളുടെ ശബ്ദങ്ങൾ കൂടുതൽ ഉച്ചത്തിൽ ഉയർന്നുകേട്ട നാളുകളായിരുന്നു ഈ പതിമ്മൂന്ന് ദിനങ്ങൾ. വികസിതരാഷ്ട്രങ്ങളെ അവരുടെ ചരിത്രപരമായ കാർബൺ പുറന്തള്ളലിന് ഉത്തരവാദികളാക്കിക്കൊണ്ടുള്ള പ്രഖ്യാപനങ്ങൾ ഗ്ലാസ്‌ഗോയിലെ ബ്ലൂ സോണിലും (യു.എന്നിന്റെ ആതിഥേയത്വത്തിൽ ഔദ്യോഗിക ചർച്ചകൾ നടക്കുന്ന സ്ഥലം), ഗ്രീൻ സോണിലും (ബ്രിട്ടന്റെ ആതിഥേയത്വത്തിൽ ലോകത്തെമ്പാടുമുള്ള ശാസ്ത്രജ്ഞർ, അക്കാദമിക്കുകൾ, ക്ലൈമറ്റ് ആക്ടിവിസ്റ്റുകൾ, എൻ.ജി.ഒ.കൾ എന്നിവർ ഒത്തുചേരുന്ന സ്ഥലം) ശക്തമായി മുഴങ്ങിക്കേൾക്കുകയുണ്ടായി. കാലാവസ്ഥാ വ്യതിയാനമെന്ന വിഷയത്തെ മുൻനിർത്തിക്കൊണ്ടല്ലാതെ ഇനിയങ്ങോട്ട് ഏതുവിധത്തിലുമുള്ള ആസൂത്രണവും സാധ്യമല്ലെന്ന സന്ദേശം കൂടുതൽ വ്യക്തതയോടെ ഉയർത്തിക്കൊണ്ടുവരാൻ ഗ്ലാസ്‌ഗോ ഉച്ചകോടിക്ക് സാധിച്ചെന്നത് യാഥാർഥ്യമാണ്.

പ്രതിജ്ഞകൾ, പ്രതിബദ്ധതകൾ

കാർബൺ പുറന്തള്ളലിൽ ‘നെറ്റ് സീറോ’ ലക്ഷ്യത്തിലെത്താനുള്ള സമയപരിധിയായി 2050 നിശ്ചയിക്കുന്നതിലേക്ക് കൂടുതൽ രാജ്യങ്ങളെ പ്രതിബദ്ധരാക്കാൻ സാധിച്ചെന്നത് ഗ്ലാസ്‌ഗോ ഉച്ചകോടിയുടെ വിജയമായി കരുതാവുന്നതാണ്. ഇതിനുപുറമേ, അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ ഇരുപതോളം രാഷ്ട്രങ്ങൾ 2022-ഓടെ ഫോസിൽ ഇന്ധനങ്ങൾക്ക് സാമ്പത്തികസഹായം നിർത്തിവെക്കുന്ന കാര്യത്തിൽ പൊതുതീരുമാനത്തിലെത്തി. 

ഇൻഡൊനീഷ്യ, വിയറ്റ്‌നാം, പോളണ്ട്, യുക്രൈൻ എന്നിങ്ങനെ 23 രാജ്യങ്ങൾ പദ്ധതികളുടെ വലുപ്പമനുസരിച്ച് 2030 അല്ലെങ്കിൽ 2040 കാലയളവിനുള്ളിൽ കൽക്കരിയെ അടിസ്ഥാനമാക്കിയുള്ള ഊർജപദ്ധതികളിൽനിന്ന് പിൻവാങ്ങും. ലോകത്തിലെ 85 ശതമാനം വനങ്ങളും സ്ഥിതിചെയ്യുന്ന 110-ഓളം രാജ്യങ്ങൾ 2030-ഓടെ വനനശീകരണം അവസാനിപ്പിക്കുമെന്നു പ്രഖ്യാപിക്കുകയുണ്ടായി. വിനാശകാരിയായ ഹരിതഗൃഹവാതകങ്ങളിൽ രണ്ടാംസ്ഥാനത്ത് നിൽക്കുന്ന മീഥെയ്‌നിന്റെ പുറന്തള്ളലിൽ 2030-ഓടെ 30 ശതമാനം വെട്ടിക്കുറവ് വരുത്തുമെന്ന പ്രതിജ്ഞയിൽ ഒട്ടേറെ രാജ്യങ്ങൾ ഒപ്പുവെച്ചു. കാലാവസ്ഥാ ഫണ്ടിലേക്ക് അടുത്ത അഞ്ച് വർഷം പത്തു ബില്യൺ ഡോളർ അധികമായി നൽകുമെന്ന് ജാപ്പാൻ വാഗ്‌ദാനം ചെയ്തു. മലിനീകാരികളല്ലാത്ത സാങ്കേതികവിദ്യകളുടെ ആവിഷ്കാരത്തിനും വികസനത്തിനുംവേണ്ടി 2030-ഓടെ സാമ്പത്തിക സഹായം നൽകാൻ നാല്പതോളം രാഷ്ട്രങ്ങൾ ചേർന്ന് പദ്ധതി തയ്യാറാക്കുമെന്ന് ഉച്ചകോടിയിൽ പ്രഖ്യാപനമുണ്ടായി. 

ഗ്ലാസ്‌ഗോയിലെ അസാന്നിധ്യങ്ങൾ

സാന്നിധ്യത്തെക്കാൾ അസാന്നിധ്യംകൊണ്ട് ശ്രദ്ധനേടിയ രാഷ്ട്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് ചൈനയാണ്. നിലവിൽ ആഗോള ഹരിതഗൃഹവാതക പുറന്തള്ളലിന്റെ 27 ശതമാനത്തിന് ഉത്തരവാദിയായ, ഒരു വളരുന്ന സാമ്പത്തിക ശക്തിയായ ചൈന ഗ്ലാസ്‌ഗോ ഉച്ചകോടിയിൽ പങ്കെടുക്കുകയുണ്ടായില്ല. എങ്കിൽക്കൂടിയും 2060-ൽ തങ്ങൾ നെറ്റ് സീറോ ലക്ഷ്യം കൈവരിക്കുമെന്ന് ഉറപ്പുനൽകിയതോടൊപ്പം വിദേശ കൽക്കരി പദ്ധതികൾക്ക് സാമ്പത്തിക സഹായം നൽകുന്നത് നിർത്തിവെക്കുമെന്നും ചൈന പ്രഖ്യാപിച്ചു. അതുപോലെത്തന്നെ ഗ്ലാസ്‌ഗോ ഉച്ചകോടിയിൽ പങ്കെടുക്കാതെ മാറിനിന്ന രണ്ട് സുപ്രധാന പെട്രോ രാഷ്ട്രങ്ങളായ റഷ്യയും സൗദി അറേബ്യയും 2060-ഓടെ തങ്ങൾ നെറ്റ് സീറോയിലെത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പ്രസ്താവിച്ചു. കൽക്കരി ഖനനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഓസ്‌ട്രേലിയയും ഗ്ലാസ്‌ഗോ ഉച്ചകോടിയിൽ പങ്കെടുക്കാതെ മാറി നിൽക്കുകയായിരുന്നു.

ഇന്ത്യൻ നിലപാട്

ഗ്ലാസ്‌ഗോ ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനങ്ങൾക്ക് തൊട്ടുമുന്നെവരെ ഇന്ത്യയുടെ ഔദ്യോഗിക നിലപാടുകൾ സംബന്ധിച്ച് അവ്യക്തത നിലനിന്നിരുന്നു. ഉച്ചകോടിയിലെ പൊതുവികാരത്തിന് വിരുദ്ധമായി 2070-ഓടെ ഇന്ത്യയെ നെറ്റ് സീറോ ലക്ഷ്യത്തിലെത്തിക്കുമെന്നായിരുന്നു പ്രധാനമന്ത്രി സൂചിപ്പിച്ചത്. ഇതിനു പുറമേ 2030-ഓടെ ഇന്ത്യയുടെ ഫോസിലിതര ഊർജോത്പാദനത്തിൽ 50 ശതമാനം വർധന സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പുതുക്കാവുന്ന ഊർജ സ്രോതസ്സുകളിൽനിന്ന് അടുത്ത ഒമ്പത്‌ വർഷത്തിനുള്ളിൽ 500 ഗിഗാവാട്ട് വൈദ്യുതി ഉത്പാദനം സാധ്യമാക്കുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ കാതൽ.

ആശങ്കകൾ

പ്രതിജ്ഞകളും പ്രഖ്യാപനങ്ങളുംകൊണ്ട് ആവേശഭരിതമായ അന്തരീക്ഷത്തിലാണ് ഗ്ലാസ്‌ഗോ ഉച്ചകോടി നടന്നതെങ്കിലും പ്രഖ്യാപനങ്ങളുടെ ഫലപ്രാപ്തി സംബന്ധിച്ച് ഒട്ടേറെ ആശങ്കകളാണ് ഉയർന്നിട്ടുള്ളത്. രാഷ്ട്ര നേതാക്കൾ ഉച്ചകോടിയിൽ നടത്തിയ പ്രഖ്യാപനങ്ങൾ നടപ്പാക്കാനാവശ്യമായ നിയമനിർമാണങ്ങൾ രൂപവത്‌കരിക്കാൻ അവരവരുടെ രാജ്യങ്ങളിൽ തടസ്സങ്ങൾ ഏറെയുണ്ടായിരിക്കും എന്നതാണ് ഒരുകാര്യം. അമേരിക്കൻ സെനറ്റിൽ നേരിയ ഭൂരിപക്ഷം മാത്രമുള്ള ജോ ബൈഡന് കാലാവസ്ഥയുമായി ബന്ധപ്പെട്ട നിയമനിർമാണം നടത്തുക ശ്രമകരമായിരിക്കും. നേരത്തേതന്നെ ആണവോർജ പദ്ധതികളിന്മേൽ പിൻവലിയൽ പ്രഖ്യാപിച്ച ജർമനിക്ക് 2038-ഓടെ കൽക്കരി നിലയങ്ങളിൽ നിന്നുള്ള പിന്മാറ്റം എളുപ്പമായിരിക്കില്ല.
2070-ൽ നെറ്റ് സീറോ ലക്ഷ്യം പൂർത്തിയാക്കുമെന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ നിലപാട് പ്രായോഗികമെന്ന നിലയിൽ വാഴ്ത്തപ്പെടുകയുണ്ടായെങ്കിലും ഫോസിലിതര വൈദ്യുതോത്പാദനവുമായി ബന്ധപ്പെട്ട പ്രഖ്യാപനം യാഥാർഥ്യത്തിന് നിരക്കുന്നതല്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. 2022-ഓടെ പുതുക്കാവുന്ന ഊർജസ്രോതസ്സുകളിൽ നിന്ന് 175 ഗിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ഇന്ത്യക്ക്‌ 100 ഗിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ മാത്രമേ കഴിഞ്ഞുള്ളൂവെന്നത് വസ്തുതയാണ്. 

സൗത്ത്‌ ഏഷ്യൻ പീപ്പിൾസ്‌ ആക്‌ഷൻ ഓൺ ക്ലൈമറ്റ്‌ ചെയ്‌ഞ്ച്‌ നാഷണൽ വർക്കിങ്‌ കമ്മിറ്റിയംഗമാണ്‌ ലേഖകൻ