ഇരുനൂറു രാജ്യങ്ങളിൽനിന്നുള്ള ഇരുപത്തയ്യായിരം പ്രതിനിധികൾ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്, ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ എന്നിങ്ങനെ നൂറ്റി ഇരുപതോളം രാജ്യങ്ങളിലെ തലവന്മാർ, ഡേവിഡ് ആറ്റൻബറോയെപ്പോലെയുള്ള ശാസ്ത്രപ്രചാരകരും ശാസ്ത്രജ്ഞരും എന്നിങ്ങനെ കാലാവസ്ഥാവ്യതിയാനമെന്ന നിർണായക വിഷയത്തെ അഭിസംബോധനചെയ്ത ഗ്ലാസ്‌ഗോ ഉച്ചകോടിക്ക്‌ തിരശ്ശീല വീണു. ഒക്ടോബർ 31-ന് തുടങ്ങി മുൻ നിശ്ചിത സമാപനദിവസം രാത്രിയും ചർച്ചകൾ തുടരുകയായിരുന്നു. സമ്മേളനത്തിലെ ചൂടുപിടിച്ച ചർച്ചകൾക്കൊപ്പം ഗ്ലാസ്‌ഗോ തെരുവുകളിൽ വിദ്യാർഥികളും യുവാക്കളുമടങ്ങുന്ന ആയിരക്കണക്കിന് ആളുകളാണ് സമ്മേളനത്തിന്റെ തീർപ്പുകളെ സ്വാധീനിക്കാനായി റാലികൾ നടത്തിയത്. അവരാകട്ടെ ബ്രിട്ടനുപുറത്തു നൂറിലേറെ രാജ്യങ്ങളിലെ തെരുവുകളിലേക്ക് പടരുകയും ചെയ്തു.

എന്തിനായിരുന്നു ഈകാലാവസ്ഥാ ഉച്ചകോടി? എന്താണവിടെ ചർച്ചചെയ്തത്? ഏതേതു തീരുമാനങ്ങളാണെടുത്തത്? ആ ചോദ്യങ്ങളുടെ ഉത്തരങ്ങൾ മലയാളികൾക്ക് പ്രധാനമാണ്. കാരണം, കേരളമിപ്പോൾ കാലാവസ്ഥാവ്യതിയാനത്തിന്റെ നേരിട്ടുള്ള ഇരയാണ്‌ .

പൊതുസമ്മതിയിലെത്താത്ത  ഉച്ചകോടി

രാജ്യാന്തര തലത്തിൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങിയപ്പോൾമുതൽ നിലനിൽക്കുന്ന വഴക്ക് വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മിലുള്ളതാണ്. ലോകജനസംഖ്യയുടെ 12 ശതമാനംമാത്രം ജീവിക്കുന്ന വികസിത രാജ്യങ്ങളായ അമേരിക്ക, കാനഡ, ജപ്പാൻ, പടിഞ്ഞാറൻ യൂറോപ്പിലെ രാജ്യങ്ങൾ എന്നിവ ചേർന്നാണ് കഴിഞ്ഞ 170 വർഷത്തിനുള്ളിൽ ഭൂമിയുടെ താപനില വർധിക്കാൻ കാരണമായ ഹരിതഗൃഹവാതകങ്ങളുടെ 50 ശതമാനം ബഹിർഗമനത്തിനും കാരണമായത്.

അതുകൊണ്ടുതന്നെ ഈ പ്രശ്നത്തിന്റെ പരിഹാരത്തിനായുള്ള ശ്രമങ്ങൾക്ക് മുൻകൈ എടുക്കേണ്ടതും പണം മുടക്കേണ്ടതും വികസിത രാജ്യങ്ങളാണ് എന്നാണ് ഇന്ത്യയടക്കമുള്ള വികസ്വരരാജ്യങ്ങളുടെ നിലപാട്. ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കാനായി ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ ശ്രമിക്കുന്നത് ഇനിയും എത്തിപ്പിടിക്കാനായിട്ടില്ലാത്ത തങ്ങളുടെ വികസനലക്ഷ്യങ്ങളെ തകിടംമറിക്കുമെന്നും വികസ്വര രാജ്യങ്ങൾ ഭയപ്പെടുന്നു. ഗ്ലാസ്‌ഗോ ഉച്ചകോടിയിലെ ചർച്ചകളുടെ സ്വഭാവവും വ്യത്യസ്തമായിരുന്നില്ല. സൗദി അറേബ്യ, ഇറാഖ്, ഇറാൻ, യു.എ.ഇ., കുവൈത്ത്‌ മുതലായ പ്രധാനമായും എണ്ണയെ ആശ്രയിച്ച സമ്പദ്‌വ്യവസ്ഥയുള്ള രാജ്യങ്ങളും ആഗോളതലത്തിൽ ഫോസിൽ ഇന്ധനങ്ങൾക്ക് മേലുണ്ടാകുന്ന നിയന്ത്രണങ്ങളെ ഭയത്തോടെയാണ് കാണുന്നത്.

ഗ്രെറ്റ ത്യുൻബെയെപ്പോലെയുള്ള പുതുതലമുറയിലെ പരിസ്ഥിതിപ്രവർത്തകർ ഇതുവരെ നടന്ന ചർച്ചയിൽ അസന്തുഷ്ടരാണ്. കൃത്യമായ തീരുമാനങ്ങൾ എടുക്കാതെ പ്രസംഗങ്ങൾ നടത്തിയിട്ട് കാര്യമില്ല എന്നതാണ് ആക്ഷേപം. ശാന്തസമുദ്രത്തിലെ ദ്വീപ് രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ഗ്ലാസ്‌ഗോ ഉച്ചകോടി ജീവന്മരണപ്രശ്നമാണ്. 1990 മുതലിങ്ങോട്ട് ആഗോള താപനത്താൽ കടൽ കയറിയത് 0.3 മീറ്ററാണ്. തുവാളു എന്ന ദ്വീപ് രാജ്യത്തിന്റെ ധനമന്ത്രി സെവെ പെന്യു പറയുന്നു: ‘‘ഞങ്ങൾ മുങ്ങുകയാണ്.’’ നമ്മുടെ അയൽരാജ്യമായ മാലദ്വീപിലെ ജനങ്ങളും ബംഗാളിലെ സുന്ദർബനിലെ ജനങ്ങളും പറയുന്നത് ഇതുതന്നെയാണ്. ഇതുതന്നെയാവും സമുദ്രനിരപ്പിനെക്കാൾ താഴ്ന്നുകിടക്കുന്ന കുട്ടനാട്ടിൽ ജീവിച്ചിരുന്ന മനുഷ്യർ നാളെ പറയാൻപോകുന്നതും.

ആ രണ്ടു വാക്കുകൾ

ഒരുവർഷം നീട്ടിവെക്കപ്പെട്ടിട്ടാണ് ഇപ്പോൾ ഈ ഉച്ചകോടി നടന്നത്. ഇക്കാലയളവിൽ ട്രംപിനുപകരം ജോ ബൈഡൻ അമേരിക്കൻ പ്രസിഡന്റ് ആയതുകൊണ്ട് അമേരിക്കൻ നിലപാടുകൾ ഇക്കുറി സൗഹൃദപരമായിരിക്കുമെന്നു കരുതിയവർക്കു തെറ്റി. ചരിത്രപരമായ കാർബൺ ബഹിർഗമനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത്‌ വികസ്വരരാജ്യങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിന് ഏറ്റവും തടസ്സംനിൽക്കുന്ന രാജ്യമായി അമേരിക്ക മാറി. എന്നാൽ, സ്കോട്ട്‌ലൻഡ് ഈ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് 2.6 ദശലക്ഷം ഡോളർ നീക്കിവെക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇത്തരത്തിൽ തീരുമാനമെടുക്കുന്ന ആദ്യരാജ്യമായി സ്കോട്ട്‌ലൻഡ്. കൽക്കരി ഉപയോഗത്തിൽനിന്നു പിൻവലിയുമെന്ന് 190 രാജ്യങ്ങൾ പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട കരാറിൽ 46 രാജ്യങ്ങൾ ഒപ്പിട്ടു. എന്നാൽ, ഈ രാജ്യങ്ങളുടെ കൽക്കരി ഉപയോഗം ആഗോള ഉപഭോഗത്തിന്റെ 15 ശതമാനം മാത്രമേ വരൂ. ഏറ്റവുംവലിയ കൽക്കരി ഉപഭോക്താക്കളായ ചൈന, ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ ഒപ്പിട്ടില്ല.

രാഷ്ട്രങ്ങൾ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള കാർബൺ ബഹിർഗമനത്തിലെ വെട്ടിക്കുറയ്ക്കലുകൾ അതേപടി നടപ്പാക്കിയാൽപ്പോലും താപവർധന 2.4 ഡിഗ്രി വരെയെത്തുമെന്ന് കണക്കുകൂട്ടലുകൾ പറയുന്നു. ഗ്ലാസ്‌ഗോ ഉച്ചകോടിയുടെ ഏറ്റവും പ്രധാന തീരുമാനങ്ങളിലൊന്നാകേണ്ടിയിരുന്ന നെറ്റ് സീറോ ലക്ഷ്യത്തിലെത്താൻ പ്രവർത്തനങ്ങൾക്കു വേണ്ടി 130 ട്രില്യൻ അമേരിക്കൻ ഡോളറിന്റെ സാമ്പത്തിക ഇടപാടുകൾക്കായി സ്വകാര്യബാങ്കുകളെയും ധനകാര്യസ്ഥാപനങ്ങളെയും ഇൻഷുറൻസ് കമ്പനികളെയും ഉൾപ്പെടുത്തിക്കൊണ്ട് ഗ്ലാസ്‌ഗോ ഫിനാൻസ് അലയൻസ് ഫോർ നെറ്റ് സീറോ രൂപവത്‌കരണമാണ്. എന്നാൽ, ഇതിലേക്ക് ദക്ഷിണാർധഗോള രാജ്യങ്ങളുടെ പ്രവേശനവും പങ്കാളിത്തവും ചർച്ച ചെയ്യപ്പെടുകയുണ്ടായില്ല.

ഈ സന്ദർഭത്തിൽ രണ്ടുവാക്കുകൾ സവിശേഷ പരാമർശമർഹിക്കുന്നുണ്ട്. ഒന്ന് ചർച്ചകളിൽ ഉൾച്ചേർക്കപ്പെട്ട വാക്കാണ്, മറ്റൊന്ന് ഒഴിവാക്കപ്പെട്ടതും. ഉൾച്ചേർക്കപ്പെട്ടത് ‘ഫോസിൽ ഇന്ധനം’ എന്നതാണ്. ഇതുവരെയുള്ള ചർച്ചകളിൽ നേരിട്ട് പരാമർശമാകാത്ത, എന്നാൽ മൂലകാരണമായ വസ്തുത ഇക്കുറി ഇഴകീറി ചർച്ചചെയ്യപ്പെട്ടു. ഫോസിൽ ഇന്ധന വ്യാപാരവും സബ്സിഡിയും ചോദ്യംചെയ്യപ്പെട്ടു. ഒഴിവാക്കപ്പെട്ട വാക്ക് ‘മുതലാളിത്തം’ എന്നതാണ്. 

ലാഭത്തിൽനിന്ന് അമിതലാഭത്തിലേക്കും ആവശ്യത്തിൽനിന്ന് അനാവശ്യത്തിലേക്കും ധൂർത്തിലേക്കും നീങ്ങാൻ ആഗോള മുതലാളിത്തവ്യവസ്ഥ ഇടയാക്കിയെന്നത് ചർച്ചയായതേയില്ല. ഐൻസ്റ്റൈൻ  പറഞ്ഞതുപോലെ, ഒരു പ്രശ്നത്തെ സൃഷ്ടിച്ച അതേ ചിന്തയെ ഉപയോഗിച്ചുകൊണ്ട് ആ പ്രശ്നത്തെ പരിഹരിക്കാനാവില്ല എന്നത് എല്ലാവരും സൗകര്യപൂർവം മറന്നു. 

കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സയന്റിസ്റ്റാണ് ലേഖകൻ