വൃശ്ചികത്തിലും ധനുവിലും കുളിരുപുതച്ചുറങ്ങിയ മലയാളിക്ക് ആ സുഖാനുഭവം നഷ്ടമാവുകയാണ്. കൂടിയ താപനിലയും കുറഞ്ഞ താപനിലയും കുത്തനെ കൂടുന്ന അവസ്ഥാവിശേഷം. കാലാവസ്ഥയെ തകിടം മറിക്കുന്ന ജറ്റ് സ്‌ട്രീം കാറ്റുകൾ നമ്മുടെ ഋതുക്കളെത്തന്നെ അട്ടിമറിച്ചിരിക്കുന്നു. അതിവേഗം ആഗോളതാപനത്തിന്റെ
ഇരകളാവുകയാണ് നാം.
ഇല്ലാതാവുകയാണ് കുളിരുപുതച്ച നമ്മുടെ ഡിസംബർ പുലരികൾ. ഏതാനും വർഷങ്ങളായി വർഷാവസാന പ്രഭാതങ്ങൾ ചൂടേറിയതായിട്ട്. എങ്കിലും 2020 ഡിസംബറിന്റെ തുടക്കം മുതൽതന്നെ കാലാവസ്ഥയിലെ ഈ മാറ്റം ശാസ്ത്രലോകം നിരീക്ഷിച്ചുതുടങ്ങി.
കേരളത്തിലെ പല കാലാവസ്ഥാ കേന്ദ്രങ്ങളിൽനിന്നും ശേഖരിച്ച ഡിസംബർ ഒമ്പതിലെ താപനില ഇത് വ്യക്തമാക്കുന്നു. ഉദാഹരണമായി കോട്ടയം (കടൽത്തീരത്തുനിന്നും മലമ്പ്രദേശങ്ങളിൽനിന്നും ദൂരെയായി നിലകൊള്ളുന്നു എന്ന പ്രത്യേകതകൊണ്ട്) എടുത്താൽ ബുധനാഴ്ചത്തെ താപനില കഴിഞ്ഞവർഷത്തെക്കാൾ ഏതാണ്ട് മൂന്ന് ഡിഗ്രി സെൽഷ്യസ് ഉയർന്ന് 35 ഡിഗ്രിയാണ്. മുൻവർഷങ്ങളിൽ 30-32 ഡിഗ്രി ആണ് ഇത്തരത്തിൽ വ്യതിയാനം രേഖപ്പെടുത്തിയത്.
ഈ വ്യത്യാസം കുറഞ്ഞ താപനിലയിലും ഉണ്ട്. ബുധനാഴ്ച രേഖപ്പെടുത്തിയ കുറഞ്ഞ താപനിലയായ 23.5 ഡിഗ്രി സാധാരണ ഈ സമയത്ത് അനുഭവപ്പെടുന്നതിനെക്കാൾ 1.1 ഡിഗ്രി കൂടുതലാണ്. (പരമാവധി താപനില ഉച്ചയ്ക്ക് 2.-2.30 മണിയോടെയും, കുറഞ്ഞ താപനില രാവിലെ 6-6.30 സമയത്തു രേഖപ്പെടുത്തുന്നതാണ്.)
തിരുവനന്തപുരത്ത് ഈ വ്യത്യാസം ഏതാണ്ട് രണ്ട് ഡിഗ്രി വരെയുണ്ട്. കോഴിക്കോട് 1.5 ഡിഗ്രി കൂടി. സംസ്ഥാനത്ത് ഉയർന്ന ചൂട് രേഖപ്പെടുത്തുന്ന സ്ഥലമായ പുനലൂരിൽ പക്ഷേ, ഗവേഷകരെ അദ്‌ഭുതപ്പെടുത്തി താപനില കുറവാണ് രേഖപ്പെടുത്തിയത്. ഇതിന് കാരണമായി കൊച്ചിയിലെ ഭൗമ പാരിസ്ഥിതിക ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ഡോ. വേണു ജി. നായർ ചൂണ്ടിക്കാട്ടുന്നത് മധ്യ ഇന്ത്യയ്ക്കു മുകളിലുള്ള സബ്‌ട്രോപിക്കൽ ജറ്റ് സ്‌ട്രീമിന്റെ അസാധാരണമായ ഗതിമാറ്റമാണ്. ഏതാണ്ട് 12-15 കിലോമീറ്റർ
ഉയരത്തിൽ രൂപപ്പെട്ട 300 കിലോമീറ്റർ വേഗമുള്ള അതിവേഗ വായുപ്രവാഹത്തിന്റെ ചുഴികളാണ് ഇതിന് പ്രധാന കാരണം (ജറ്റ്സ്ട്രീം).
ഇത്തരം ജെറ്റ്സ്ട്രീം പ്രതിഭാസം ആഗോളതാപനം കൂടുന്നതിന്റെയും അത്തരം മാറ്റങ്ങൾ പ്രാദേശിക കാലാവസ്ഥയിൽ ഉണ്ടാക്കുന്ന പ്രത്യാഘാതവുമാണ് കേരളമിപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
തരംഗരൂപത്തിലുള്ള ഈ ഭീമൻ കാറ്റുകൾ (മണിക്കൂറിൽ 150-300 കിലോമീറ്റർ വേഗം) ധ്രുവപ്രദേശങ്ങളിലെ തണുത്തതും ഉയർന്ന സാന്ദ്രതയുമുള്ള വായുവിനെ ഉഷ്ണേമഖലാ പ്രദേശങ്ങളിൽ എത്തിക്കുന്നു. ഈ തണുത്ത വായുവിനെ ജറ്റ് സ്ട്രീം ചുഴികൾ വ്യോമ ഉപരിതലത്തിലേക്ക് ഇറക്കുമ്പോൾ (ജറ്റ് സ്‌ട്രീം മർദം 100 മില്ലി ബാർ ആണെങ്കിൽ വ്യോമോപരിതല മർദം 1000 മില്ലിബാറാണ്) ഉണ്ടാകുന്ന
സമ്മർദം അന്തരീക്ഷ താപനില ഉയർത്തുന്നു. ഇതാണ് ശിശിരം നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നതിന്റെ ഒരു കാരണം -വേണു ജി. നായർ പറയുന്നു. ഒരു സൈക്കിൾ
പമ്പുപയോഗിച്ച് കാറ്റടിക്കുമ്പോൾ, ആ പമ്പിന്റെ കീഴ്ഭാഗം ചൂടുപിടിക്കുന്നപോലെയാണ് ഈ പ്രതിഭാസം അന്തരീക്ഷത്തിലെ ചൂട് കൂട്ടുന്നത്.
അതിതീവ്ര മഴയെയും ഉഷ്ണതരംഗത്തെയും സൃഷ്ടിക്കാനുള്ള പ്രാപ്‌തി ജറ്റ് സ്‌ട്രീമിനുണ്ട്. ചുരുക്കത്തിൽ കേരളത്തിന്റെ കാല്പനിക സൗന്ദര്യമായി വാഴ്ത്തപ്പെട്ട തുലാമഴയും ധനുമാസക്കുളിരും ക്രമേണ അപ്രത്യക്ഷമാവുകയാണ് എന്ന് ഭയക്കേണ്ടിയിരിക്കുന്നു.
താപനിലയിൽവരുന്ന ഏറ്റവും ചെറിയ മാറ്റംപോലും കാലാവസ്ഥയിൽ അസാധാരണമായ തിരിച്ചടികൾ ഉണ്ടാക്കുന്നു. ഇതിനെ നേരിടാൻ ആഗോളതലത്തിൽ ഉച്ചകോടികളും ചർച്ചകളും ഉടമ്പടികളും സംഭവിക്കുന്നെങ്കിലും ആഗോളതാപനം ഭീതിദമായ ഒരു യാഥാർഥ്യമായി നമുക്കുമുന്നിൽ നിഴൽവിരിക്കുന്നു. കാർബൺ പുറംതള്ളലിന്റെ അളവ് അടിയന്തരമായി കുറച്ചില്ലെങ്കിൽ കാലാവസ്ഥയുടെ സന്തുലിതാവസ്ഥ തിരിച്ചുപിടിക്കാനാവാത്തവിധം തെറ്റിപ്പോവും. വരാതിരിക്കുന്ന, മടിച്ചുനിൽക്കുന്ന, കാലംതെറ്റിവരുംന്ന ഇടവപ്പാതിയും തുലാവർഷവും ഇതിന്റെ ചെറുസൂചനകൾ മാത്രം.
ജറ്റ് സ്ട്രീം
അന്തരീക്ഷത്തിലെ അതിശക്തമായ കാറ്റിനെയാണ് ജറ്റ് സ്ട്രീം എന്നു പറയുന്നത്. സാധാരണമായി 120-225 കിലോമീറ്റർ വേഗത്തിൽ വീശുന്ന ഈ കാറ്റിന് മണിക്കൂറിൽ 440 കിലോ മീറ്റർ വരെ വേഗം കൈവരിക്കാനാവും. തണുപ്പുകാലത്ത് ഉഷ്ണമേഖല, മിതശീതോഷ്ണ & പോളാർ മേഖലകളിലെ താപനിലയിലെ വ്യതിയാനത്തിന് അനുസൃതമായി ജറ്റ്‌സ്‌ട്രീമിന്റെ വേഗം കൂടാറുണ്ട്.
ഉത്തരദക്ഷിണ അർധ ഗോളങ്ങളിലായി ഭൂമിക്കു മുകളിൽ രണ്ടു ജെറ്റ്‌സ്ട്രീം എപ്പോഴും നിലകൊള്ളുന്നു. 30 ഡിഗ്രീ അക്ഷാംശം നിലകൊള്ളുന്ന സബ്‌ട്രോപ്പിക്കൽ ജറ്റ് സ്ട്രീം, കൂടാതെ ധ്രുവങ്ങൾക്കു ചുറ്റുമുള്ള പോളാർ ഫ്രണ്ട് ജറ്റ് സ്ട്രീം എന്നിവയാണവ.
440km പരമാവധിവേഗം