ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ
ജസ്റ്റിസ്  സി.എൻ. രാമചന്ദ്രൻ നായർ
ഇടുക്കി അണക്കെട്ടിലടക്കം കഴിഞ്ഞവർഷം ഈ സമയത്തുണ്ടായിരുന്നതിനെക്കാൾ വെള്ളമുണ്ട്. ഈവർഷം മികച്ച രീതിയിൽ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമീകരിക്കേണ്ടതിന്റെ ആവശ്യം മുന്നിൽക്കണ്ട് ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്.  ഡാം സുരക്ഷാ അതോറിറ്റി ചെയർമാൻ ജസ്റ്റിസ്  സി.എൻ. രാമചന്ദ്രൻ നായർ മാതൃഭൂമി പ്രതിനിധി വി.എസ്. സിജുവിന്‌ അനുവദിച്ച  അഭിമുഖത്തിൽനിന്ന്
 
സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് ഇതേസമയം മുൻവർഷം ഉണ്ടായിരുന്നതിനെക്കാൾ കൂടുതലാണ്‌. ഈവർഷം സാധാരണയിലധികം മഴ ലഭിക്കുമെന്ന് മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അണക്കെട്ടുകൾ നേരത്തേ തുറക്കേണ്ടിവരുമോ?
 
ഇടുക്കി അടക്കമുള്ള കേരളത്തിലെ അണക്കെട്ടുകളിലും ഓരോ ഘട്ടത്തിലെയും സംഭരിക്കാവുന്ന വെള്ളത്തിന്റെ അളവ് നിശ്ചയിച്ച് റൂൾ കേർവ് തയ്യാറാക്കിയിട്ടുണ്ട്. ഓരോ കാലഘട്ടത്തിലും അണക്കെട്ടിൽ സംഭരിക്കാവുന്ന ജലത്തിന്റെ അളവ് വ്യക്തമാക്കുന്നതാണ് റൂൾ കേർവ്.
 
ഈ അളവിൽ കൂടിയാൽ വെള്ളം തുറന്നുവിടാം. അതായത്, ജൂണിൽ സംഭരിക്കാവുന്ന ജലത്തിന്റെ അളവിനെക്കാൾ കൂടിയാൽ അണക്കെട്ട് തുറന്ന് വെള്ളത്തിന്റെ അളവ് നിയന്ത്രിക്കാൻ കഴിയും. വൈദ്യുതി ബോർഡിന്റെ ഡാമുകളുടെ റൂൾ കേർവ് തയ്യാറാക്കിയിട്ടുണ്ട്. ഓരോ കാലഘട്ടത്തിലും പെയ്യുന്ന മഴയുടെ അളവടക്കം തിട്ടപ്പെടുത്തിയാണ് റൂൾ കേർവ് തയ്യാറാക്കിയിരിക്കുന്നത്.
 
സെൻട്രൽ വാട്ടർ കമ്മിഷന്റെ നിർദേശപ്രകാരമുള്ള മാറ്റങ്ങളോടെയാണ് റൂൾ കേർവ് തയ്യാറാക്കിയിരിക്കുന്നത്. കക്കി, ഇടുക്കി, ഇടമലയാർ, ബാണാസുരസാഗർ തുടങ്ങിയ അണക്കെട്ടുകൾക്കെല്ലാം റൂൾ കേർവുണ്ട്. ഈ റൂൾ കേർവ് അനുസരിച്ചാണ് വെള്ളം നിലനിർത്തുന്നത്. അണക്കെട്ടുകൾ തുറക്കാൻ ഡാമുകൾ നിറയാൻ കാത്തിരിക്കില്ലെന്ന് സാരം.
 
ഇറിഗേഷൻ ഡിപ്പാർട്ടുമെന്റിന് കീഴിലുള്ള വലിയ ഡാമുകൾ തെന്മലയും  മലമ്പുഴയുമാണ്. ഇവയ്ക്കായി പ്രത്യേക ഓപ്പറേറ്റിങ് പ്രോട്ടോക്കോളും തയ്യാറാക്കിയിട്ടുണ്ട്. സെൻട്രൽ വാട്ടർ കമ്മിഷന്റെ അനുമതിയോടെയാണ് ഓരോ നടപടിയും സ്വീകരിക്കുന്നത്.
മൺസൂണിൽ അടിയന്തര സാഹചര്യം ഉണ്ടായാൽ നേരിടാനായി എമർജൻസി ആക്‌ഷൻ പ്ലാനും തയ്യാറാക്കിയിട്ടുണ്ട്. അതിനനുസരിച്ച് നടപടി സ്വീകരിക്കും.
 
ഇതിനുപുറമേ കളക്ടറുടെ നേതൃത്വത്തിൽ ദുരന്തനിവാരണ അതോറിറ്റി പ്രവർത്തിക്കുന്നുണ്ടല്ലോ. അവർക്ക് ഓരോ മേഖലയ്ക്ക് അനുസരിച്ചു വേണ്ടനടപടി സ്വീകരിക്കാൻ കഴിയും.

അണക്കെട്ടുകളിലെ ഉയർന്ന ജലനിരപ്പ് ജനങ്ങളിൽ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. അക്കാര്യത്തിൽ എന്താണ് പറയാനുള്ളത്?
 
ജനങ്ങളുടെ ആശങ്കയെല്ലാം പരിഹരിക്കുന്ന രീതിയിലാണ് എല്ലാം ചെയ്തിരിക്കുന്നത്. അതിനായി എല്ലാ മുൻകരുതലും എടുത്തിട്ടുണ്ട്. ആശങ്കപ്പെടാനുള്ള ഒരു കാര്യവുമില്ല. പ്രകൃതിദുരന്തമെല്ലാം മനുഷ്യനിർമിത ദുരന്തമാക്കാനുള്ള ശ്രമമുണ്ട്. അത് ശരിയല്ല.
 
പ്രകൃതിദുരന്തങ്ങളെല്ലാം ആരുടെയെങ്കിലും തലയിൽ കെട്ടിവെക്കണമെന്ന് നിർബന്ധമുണ്ടെങ്കിൽ പ്രശ്നമാണ്.
അണക്കെട്ടുകൾക്കെല്ലാം ഒരു ലക്ഷ്യമുണ്ട്. അത് തകർക്കുന്ന രീതിയിൽ ഒന്നും ചെയ്യാനാകില്ല. വേനൽക്കാലത്ത് എല്ലാവർക്കും കുടിവെള്ളം എത്തിച്ചത് എവിടെനിന്നാണെന്ന് ആരും അന്വേഷിക്കുന്നില്ല. 
 
കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിൽ വർഷകാലം ആരംഭിക്കുന്നതിന് മുമ്പുതന്നെ ഉയർന്ന ജലനിരപ്പാണ്, വൈദ്യുതി ഉപയോഗത്തിന്റെ കുറവാണോ ഇതിന് കാരണം?
 
ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വൈദ്യുതി ഉപയോഗത്തിൽ കുറവുവന്നിട്ടുണ്ട്. മാത്രമല്ല, ഇടുക്കിയിലെ ആറു ജനറേറ്ററുകളിൽ മൂന്ന് ജനറേറ്റർ തകരാറിലാണ്. അത് വൈദ്യുതി ഉത്‌പാദനത്തെ ബാധിച്ചു. കേരളത്തിലെ സാധാരണ വൈദ്യുതി ഉപയോഗം 8285 ദശലക്ഷം യൂണിറ്റാണ്. അതിപ്പോൾ 70 ദശലക്ഷം യൂണിറ്റിൽ താഴെയായി. പവർ പർച്ചേഴ്‌സ് എഗ്രിമെന്റ് പ്രകാരം വൈദ്യുതി വാങ്ങേണ്ടതുമുണ്ട്. വൈദ്യുതി ഉത്പാദനം നിയന്ത്രിച്ചുകൊണ്ടാണ് ഇത്തരം കരാർ പ്രകാരമുള്ള വൈദ്യുതി വാങ്ങുന്നത്. അതും ഡാമുകളിലെ ജലനിരപ്പ് കുറയാത്തതിന് കാരണമായി. ഇങ്ങനെയാണെങ്കിലും ഇടുക്കിയിൽ വലിയതോതിൽ വെള്ളമില്ല.

തുടർച്ചയായി രണ്ടുവർഷം കേരളത്തിൽ പ്രളയമുണ്ടായി. അണക്കെട്ടുകൾ ഒരുമിച്ച് തുറന്നതാണ് പ്രളയത്തിന് കാരണമായതെന്നും വിമർശനമുണ്ട്?
 
2018-ലെ പ്രളയത്തിന് ഒരു കാരണം ഡാമുകൾ ഒരുമിച്ച് തുറന്നതാണെന്ന് പറയുന്നതിൽ പ്രത്യേകം അഭിപ്രായം പറയുന്നില്ല. തിരുവനന്തപുരത്ത് വെള്ളക്കെട്ടിന് കാരണമായത് അരുവിക്കര ഡാം തുറന്നതാണ്. അതൊരു ചെറിയ ഡാമാണ്. അതു മുഴുവൻ മണ്ണ് നിറഞ്ഞുകിടക്കുകയാണ്. അതാണ് നിറഞ്ഞൊഴുകാൻ ഇടയാക്കിയത്. അത്തരം സംഭവങ്ങൾ പ്രാദേശികമാണ്. അതൊക്കെ അതതിടത്ത് പരിഹരിക്കാൻ കഴിയും. അതിനുള്ള സാങ്കേതിക അറിവും നിർദേശങ്ങളും നൽകിയിട്ടുണ്ട്.
 
സെൻട്രൽ വാട്ടർ സേഫ്റ്റി അതോറിറ്റിയും വരാൻ പോകുകയാണ്. 15 മീറ്ററിലധികം വലുപ്പമുള്ള ഡാമുകളെല്ലാം അതിന്റെ കീഴിലാകും. ഇതിനായുള്ള നിയമം ലോക്‌സഭ പാസാക്കിയതാണ്. രാജ്യസഭയുടെ പരിഗണനയിലാണിത്. നിയമം വരുന്നതോടെയേ ഇതിൽ വ്യക്തത വരൂ.

പുഴയെല്ലാം നിറഞ്ഞ് മണ്ണും ചെളിയുമാണ്, ഇവ നീക്കുന്നതിന് എന്താണ് തടസ്സം?
 
കേരളത്തിലെ പ്രളയത്തെക്കുറിച്ച് ശാസ്ത്രീയമായ പഠനം നടത്തേണ്ടതുണ്ട്. ഓരോ പ്രദേശത്തെയും ആശ്രയിച്ചാണിത് കിടക്കുന്നത്. പുഴയെല്ലാം നിറഞ്ഞുകിടക്കുകയാണ്. പുഴയിൽനിന്ന് മണ്ണും മണലും നീക്കം ചെയ്യേണ്ടതുണ്ട്. അതിന് സമ്മതിക്കാത്ത സാഹചര്യമാണിവിടെ.
 
പുഴയുടെയും അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശത്തെയും സംഭരണശേഷി നഷ്ടപ്പെട്ടിരിക്കുകയാണിപ്പോൾ. അണക്കെട്ടുകളിൽനിന്ന് ചെളി നീക്കം ചെയ്യണമെന്ന് ഡാം സുരക്ഷാ അതോറിറ്റിയും പറഞ്ഞിട്ടുള്ളതാണ്. ഇക്കാര്യത്തിൽ സർക്കാരും നടപടി സ്വീകരിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, പ്രായോഗികമായി ധാരാളം ബുദ്ധിമുട്ടുകളാണ് അതിന് നേരിടേണ്ടിവരുന്നത്.
കുട്ടനാട്ടിലെ വെള്ളക്കെട്ട് ഒഴിവാക്കാനായി തോട്ടപ്പള്ളിയിൽ മണൽ നീക്കാൻ ശ്രമം നടന്നപ്പോൾ അത് തടയുകയല്ലേ ഉണ്ടായത്.