ശാസ്ത്രജ്ഞർ കരുതിയതിലും വളരെ വേഗത്തിലും കൂടുതൽ ആഘാതങ്ങളോടെയുമാണ് കാലാവസ്ഥ മാറുന്നത്.  അരനൂറ്റാണ്ടിനിടെ ശരാശരി ആഗോളതാപനിലയിൽ ഒന്നുമുതൽ 1.2 ഡിഗ്രി സെൽഷ്യസ്‌ വരെ വർധനയുണ്ടായി. താപവർധന രണ്ടുസെൽഷ്യസിനു മുകളിലെത്തിയാൽ ഭൂമിയിൽ മനുഷ്യവാസം മിക്കവാറും അസാധ്യമാകും.

 താപവർധന ഒരു ഡിഗി സെൽഷ്യസ് കടന്നപ്പോൾത്തന്നെ താങ്ങാനാകാത്ത ആഘാതങ്ങളാണ് ലോകത്താകെ സംഭവിക്കുന്നത്. ധ്രുവങ്ങളിൽ അതിദ്രുതം മഞ്ഞുരുകുകയാണ്. കടൽ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നു. കനത്ത പേമാരിയും വെള്ളപ്പൊക്കവും കടുത്ത വരൾച്ചയും ഉഷ്ണതരംഗവും സൂപ്പർസൈക്ലോണും കാട്ടുതീയും ഉൾപ്പെടെയുള്ള തീവ്രകാലാവസ്ഥാ പ്രതിഭാസങ്ങൾ തുടർച്ചയായുണ്ടാകുന്നു. ഭക്ഷ്യ-കാർഷിക വിളകളുടെ ഉത്‌പാദനം കുറയുന്നു, ജലദൗർലഭ്യം വർധിക്കുന്നു, പുതിയ രോഗങ്ങൾ വരുന്നു, പഴയവ ചിലത് കരുത്താർജിച്ച് തിരിച്ചുവരുന്നു. ലോകത്ത് നമുക്കറിയാവുന്ന 87 ലക്ഷം ജീവിവർഗങ്ങളിൽ പത്തുലക്ഷത്തോളം സ്പീഷീസുകൾ വംശനാശത്തിലേക്ക് നീങ്ങുന്നതായി ഐക്യരാഷ്ട്രസഭയുടെ പുതിയ പഠനം പറയുന്നു.

രണ്ടുഡിഗ്രിയിലേക്ക്‌ ഉയർന്നാൽ
 1992-ൽ റിയോ ഡി ജനൈറോയിൽനടന്ന ഭൗമ ഉച്ചകോടി മുതലെങ്കിലും കാലാവസ്ഥാവ്യതിയാനത്തെ പ്രതിരോധിക്കാനുള്ള ശ്രമങ്ങൾ ആഗോളതലത്തിൽ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഈ ശ്രമങ്ങളെയെല്ലാം അപ്രസക്തമാക്കിക്കൊണ്ട് ഭൂമിയുടെ പനി വർധിപ്പിക്കുന്ന പ്രവർത്തനങ്ങൾ വർധിതവേഗത്തിൽ നടക്കുകയാണ്. വർഷങ്ങൾനീണ്ട ചർച്ചകൾക്കും തർക്കങ്ങൾക്കും വിലപേശലുകൾക്കുമൊടുവിലാണ് 2015 ഡിസംബറിൽ 195 ലോകരാജ്യങ്ങൾ പാരീസ് കരാറിൽ ഒപ്പുവെക്കുന്നത്. ആഗോളതാപവർധന രണ്ടുഡിഗ്രിയിലും നന്നായി താഴ്ത്തി നിർത്തണമെന്നും അത് 1.5 ഡിഗ്രി സെൽഷ്യസിൽ പരിമിതപ്പെടുത്താൻ പരിശ്രമിക്കണമെന്നുമാണ് പാരീസ് കരാറിൽ പറയുന്നത്.

ഓരോ രാജ്യവും കാലാവസ്ഥാവ്യതിയാനത്തെ പ്രതിരോധിക്കാൻ തങ്ങളുടെ രാജ്യം കൈക്കൊള്ളാൻ ഉദ്ദേശിക്കുന്ന നടപടികൾ സംബന്ധിച്ച് സമർപ്പിച്ചിട്ടുള്ള പദ്ധതി രേഖകളും പാരീസ് കരാറിന്റെ ഭാഗമാണ്. ഈ നിർദേശങ്ങൾ പക്ഷേ, താപവർധന, കരാറിന്റെ ലക്ഷ്യമായ രണ്ടുഡിഗ്രി സെൽഷ്യസിൽതാഴെ നിർത്താൻ പര്യാപ്തമല്ല. ലോകരാഷ്ട്രങ്ങൾ സമർപ്പിച്ച പദ്ധതി നിർദേശങ്ങൾ വിശകലനംചെയ്ത ശാസ്ത്രജ്ഞർ, നിർദേശിക്കപ്പെട്ട മുഴുവൻ നടപടികൾ കൈക്കൊണ്ടാലും 2100-ഓടെ ശരാശരി ആഗോളതാപനിലയിൽ മൂന്നുഡിഗ്രി സെൽഷ്യസ്‌ എങ്കിലും വർധനയുണ്ടാകുമെന്നാണ് കണക്കാക്കിയത് (ഇന്നത്തെ രീതികൾ അതേപടി തുടർന്നാൽ 2100-ഓടെ ഭൂമിയുടെ ചൂട് 4.5 മുതൽ 6.5 സെൽഷ്യസ്‌ വരെ വർധിക്കും).

 ഹരിതഗൃഹവാതകങ്ങൾ വില്ലനാവുമ്പോൾ
 ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിമുതലാണ് അന്തരീക്ഷത്തിൽ ഹരിതഗൃഹവാതകങ്ങൾ വൻതോതിൽ എത്താൻ തുടങ്ങിയത്. ഏഴുപതിറ്റാണ്ടിനിടെ നമ്മൾ പുറംതള്ളുന്ന കാർബൺ ഡയോക്സൈഡിന്റെ അളവ് ഏകദേശം 5 ജി ടണ്ണിൽനിന്ന് എഴുനൂറുശതമാനം വർധിച്ച് 37.2 ജി ടണ്ണിനുമുകളിൽ എത്തി. അതിലുപരി ഈ തോത് ഇനിയും വർധിച്ചുകൊണ്ടിരിക്കയാണ്. ഇന്നത്തെ നിരക്കിന് ഒരു വ്യാഴവട്ടംകൂടി കാർബൺ ബഹിർഗമനം തുടർന്നാൽ പിന്നെ താപവർധന രണ്ടുഡിഗ്രി°സെൽഷ്യസിനുള്ളിൽ നിർത്താൻ കഴിയില്ല.  

 1990 വരെയും വികസിതരാജ്യങ്ങളാണ് ഹരിതഗൃഹവാതകങ്ങൾ പുറംതള്ളിയിരുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വരരാജ്യങ്ങളുടെയും അവികസിതരാജ്യങ്ങളുടെയും പങ്ക് വളരെ ചെറുതായിരുന്നു. അക്കാരണത്താൽത്തന്നെ കാലാവസ്ഥാവ്യതിയാനത്തിന് കാരണക്കാരായ പടിഞ്ഞാറൻ രാജ്യങ്ങൾതന്നെ ഇതിന്‌ പരിഹാരംകാണണമെന്ന രാഷ്ട്രീയനിലപാടാണ് നമ്മൾ കൈക്കൊണ്ടത്. ഇന്നുപക്ഷേ, ചിത്രം വല്ലാതെ മാറിയിരിക്കുന്നു.

  ഇന്ത്യയും പ്രതിസ്ഥാനത്ത്‌
 യൂറോപ്യൻ രാജ്യങ്ങൾ തങ്ങൾ പുറംതള്ളുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവിൽ ഗണ്യമായ കുറവുവരുത്തിക്കൊണ്ടിരിക്കയാണ്. അമേരിക്ക ശക്തമായ നടപടികളോട് മുഖംതിരിച്ചുനിൽക്കുകയാണെങ്കിലും പുറംതള്ളുന്ന വാതകങ്ങളുടെ അളവിൽ കാര്യമായ വർധന വരുത്തുന്നില്ല. അമേരിക്കൻ ഭരണകൂടം മടിച്ചുനിൽക്കുമ്പോഴും അവിടത്തെ പല പ്രവിശ്യാസർക്കാരുകളും നല്ലരീതിയിലുള്ള നടപടികളെടുക്കുന്നുണ്ട്. മറുവശത്ത് പക്ഷേ, ചൈനയും ഇന്ത്യയും ഉൾപ്പെടെയുള്ള വികസ്വരരാജ്യങ്ങൾ തങ്ങളുടെ ഹരിതഗൃഹവാതക തള്ളലുകൾ വൻതോതിൽ വർധിപ്പിച്ചുകൊണ്ടിരിക്കയാണ്. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ കാർബൺഡൈഓക്സൈഡ് ഉൾപ്പെടെയുള്ള വാതകങ്ങൾ പുറംതള്ളുന്നത് ചൈനയാണ്. രണ്ടാംസ്ഥാനം അമേരിക്കയ്ക്കും മൂന്നാംസ്ഥാനം ഇന്ത്യയ്ക്കുമാണ്. സമീപകാലത്ത് കൂടുതൽ ഹരിതഗൃഹവാതകങ്ങൾ പുറംതള്ളുന്ന രാജ്യങ്ങളിൽ ശതമാനക്കണക്കിൽ ഏറ്റവും വർധനവരുത്തുന്നത് ഇന്ത്യയാണ്. 1994-ൽ നമ്മൾ ഏകദേശം 120 കോടി ടൺ കാർബൺഡയോക്സൈഡിന്‌ തുല്യമായ വാതകങ്ങളാണ് പുറംതള്ളിയത്.

കാലാവസ്ഥാവ്യതിയാനത്തിന്റെ മുഖ്യപ്രതിസ്ഥാനത്ത് ഇന്നും വികസിതരാജ്യങ്ങൾ നിൽക്കുമ്പോഴും ഇനിയും അവർക്കുനേരെമാത്രം വിരൽചൂണ്ടി ശക്തമായ നടപടികൾ കൈക്കൊള്ളുന്നതിൽനിന്ന് നമുക്ക് മുഖംതിരിഞ്ഞുനിൽക്കാനാകില്ല. വിശേഷിച്ചും കാലാവസ്ഥാവ്യതിയാനത്തിന്റെ ആഘാതങ്ങൾ ഏറ്റവുമധികം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ എന്നതിനാൽക്കൂടി.

 2013-ലെ ഉത്തരാഖണ്ഡിലെ പ്രളയംമുതലെങ്കിലും നമ്മൾ തുടർച്ചയായി, തീവ്രകാലാവസ്ഥാ പ്രതിഭാസങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കയാണ്. കേരളത്തിനുമാത്രം 2018-ലും 2019-ലുംകൂടി 50,000 കോടി രൂപയിലധികം മഴക്കാലദുരന്തങ്ങളിൽ നഷ്ടം സംഭവിച്ചിരിക്കുന്നു. മറ്റുസംസ്ഥാനങ്ങളെക്കൂടി കണക്കിലെടുത്താൽ കാലാവസ്ഥാദുരന്തങ്ങളുടെ നഷ്ടംമാത്രം ഇനി ഓരോ വർഷവും ലക്ഷക്കണക്കിനുകോടി രൂപയുടേതാകാം. കാർഷികരംഗത്തും ജലമേഖലയിലും ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾ ഇതിനുപുറമേയാണ്

 തിരുത്താനുള്ള സമയം കുറച്ചുമാത്രം
ഇന്ത്യയുടെ ആയിരക്കണക്കിനുകിലോമീറ്റർ തീരപ്രദേശങ്ങളിൽ ഇതിനകം 10-20 സെന്റിമീറ്റർ ജലനിരപ്പ് ഉയർന്നുകഴിഞ്ഞു. സുന്ദർബൻസിന്റെ പലഭാഗവും വെള്ളത്തിനടിയിലായതോടെ രാജ്യത്തെ ആദ്യത്തെ കാലാവസ്ഥാ അഭയാർഥികൾ അവിടെനിന്നുള്ളവരാകുകയാണ്. സമീപകാല ഇന്ത്യൻ വികസനത്തിന്റെ ഗുണഭോക്താക്കൾ സാമ്പത്തികമായി ഉയർന്ന  ചെറുശതമാനം ജനങ്ങൾ മാത്രമാണല്ലോ. അവരാണ് ഇന്ത്യയുടെ ഹരിതഗൃഹവാതക ബഹിർഗമനം വർധിക്കുന്നതിന് ഉത്തരവാദികൾ. എന്നാൽ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തങ്ങൾ ആദ്യം ഏറ്റുവാങ്ങേണ്ടിവരുന്നത് ഈ പാപത്തിൽ ഒരു പങ്കുമില്ലാത്ത പാവങ്ങളാണ്.

 2030-നുള്ളിൽ നമ്മൾ  പുറംതള്ളുന്ന ഹരിതഗൃഹവാതകങ്ങളിൽ 55 ശതമാനമെങ്കിലും കുറവുവരുത്തണമെന്നും 2050 -ഓടെ അത് പൂർണമായും ഇല്ലാതാക്കണമെന്നും ശാസ്ത്രജ്ഞർ പറഞ്ഞുകഴിഞ്ഞു. ഇല്ലെങ്കിൽ നമ്മുടെ ഭാവി പുകമൂടിയതാവും.

 റിവർ റിസർച്ച്‌ സെന്ററിന്റെ ഡയറക്ടറും ചാലക്കുടിപ്പുഴ സംരക്ഷണസമിതി സെക്രട്ടറിയുമാണ്‌ ലേഖകൻ