അലംഭാവം ഇനിയും തുടർന്നാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും

സമൃദ്ധമായ മഴയും 44 നദികളും കായലുകളും തടാകങ്ങളും തണ്ണീർത്തടങ്ങളും കുളങ്ങളും അരുവികളും പച്ചപുതച്ച വയലേലകളും മലകളുംകൊണ്ട്‌ സുന്ദരവും ജലസമൃദ്ധവുമായ ‘ദൈവത്തിന്റെ സ്വന്തം നാട്‌’ ഇന്നൊരു നിർണായകഘട്ടത്തിലൂടെ കടന്നുപോകുകയാണ്‌. കാർഷികവിളകളും സസ്യങ്ങളും ഉണങ്ങുന്നു, തോടുകളും കുളങ്ങളും കിണറുകളും വറ്റിത്തുടങ്ങുന്നു. അന്തരീക്ഷ ഊഷ്മാവ്‌ കൂടുന്നു, വന്യമൃഗങ്ങൾ കാടിറങ്ങുന്നു, വരണ്ട ആവാസസ്ഥലത്തുള്ള പക്ഷികൾ വന്നിറങ്ങുന്നു... വേനൽമഴയില്ലാതെ രണ്ടുമൂന്നുമാസംകൂടി തള്ളിനീക്കേണ്ടിവന്നാൽ പ്രശ്നങ്ങൾ അതിരൂക്ഷമാകും.

ജലലഭ്യത


കേരളത്തിലെ ജനസംഖ്യ 1951-ൽ 13.55 ദശലക്ഷമായിരുന്നത്‌ 2011 ആയപ്പോഴേക്കും രണ്ടരയിരട്ടിയായി വർധിച്ച്‌ 33.33 ദശലക്ഷമായി. ഒരു ചതുരശ്രകിലോമീറ്ററിൽ ശരാശരി 849 പേർ. ദേശീയശരാശരിയെക്കാൾ(1190 മില്ലിമീറ്റർ) മൂന്നിരട്ടി മഴ ലഭിക്കുന്നുണ്ടെങ്കിലും ആളോഹരി ജലലഭ്യത കേരളത്തിൽ ദേശീയ ശരാശരിയെക്കാൾ കുറവാണ്‌. കേരളത്തിലെ സമ്പന്നമായ ജൈവവൈവിധ്യത്തിന്റെ ഉപയോഗത്തിനും ജലം ആവശ്യമാണെന്ന കാര്യം ഓർക്കേണ്ടതുണ്ട്‌.

ഭൂവിനിയോഗവ്യതിയാനം


1940-കളിൽ കേരളത്തിൽ ഒമ്പതുലക്ഷം ഹെക്ടർ വനമേഖലയുണ്ടായിരുന്നത്‌ 1970 ആയപ്പോഴേക്കും 7.5 ലക്ഷത്തോളം ഹെക്ടറായി. 1971-ലെ വനദേശസാത്‌കരണവും തുടർന്ന്‌ കാലാകാലങ്ങളിൽ നിലവിൽവന്ന കർശന വനനിയമങ്ങളും കാരണം വനവിസ്തൃതി 9.4 ലക്ഷം ഹെക്ടറോളമെത്തുകയും കുറച്ചുദശകങ്ങളായി 10.8 ലക്ഷം ഹെക്ടർ എന്ന സ്ഥിരത കൈവരിക്കുകയുംചെയ്തു. എന്നാൽ, നിബിഡവനങ്ങളുടെ ശോഷണം ഒരു വർഷം ശരാശരി 1.2 ശതമാനം എന്നതോതിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു.  ജീവജാലങ്ങളെയും കാർബൺ ആഗിരണത്തെയും കാലാവസ്ഥയെയും ജലലഭ്യതയെയുമെല്ലാം ബാധിക്കുന്ന ഘടകമാണിത്‌. തണ്ണീർത്തടങ്ങളുടെയും നെൽവയലുകളുടെയും വിസ്തൃതി കുറഞ്ഞുവരുന്നത്‌ ഭൂഗർഭജലപോഷണത്തെയും ജലലഭ്യതയെയും കാര്യമായി ബാധിക്കും. കേരളത്തിൽ 1974-ൽ 8.75 ലക്ഷം ഹെക്ടർ നെൽവയലുണ്ടായിരുന്നത്‌ 77 ശതമാനം കുറഞ്ഞ്‌ ഇന്ന്‌ 1.98 ലക്ഷം ഹെക്ടറായി ചുരുങ്ങി.

ആഗോളതാപനം


1997-‘98ലെ തീവ്രമായ എൽനിനോ പ്രതിഭാസത്തിനുശേഷം അന്തരീക്ഷ ഊഷ്മാവ്‌ വൻതോതിൽ ഉയരാൻ തുടങ്ങി. ലോകത്തിൽ ഏറ്റവും ചൂടുകൂടിയ 12 വർഷങ്ങളത്രയും 1997-നുശേഷമാണെന്നത്‌ ശ്രദ്ധേയമായിരുന്നു. 1997-നുശേഷം അതിനെക്കാൾ തീവ്രമായ എൽനിനോ ആണ്‌ 2015-‘16ലുണ്ടായത്‌.
ഭാവിയിലെ ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും ഏതളവിലായിരിക്കുമെന്ന്‌ വിവിധ ഗണിതശാസ്ത്രമാതൃകകളും സൂത്രസംജ്ഞകളും ഉപയോഗിച്ച്‌ പലരും റിപ്പോർട്ടുചെയ്തിട്ടുണ്ടെങ്കിലും ഈ പ്രതിഭാസങ്ങൾ അതിസങ്കീർണമായതിനാൽ പ്രവചനകൃത്യത ഉറപ്പുവരുത്താനാവില്ല.

കേരളത്തിലെ അന്തരീക്ഷതാപനിലയിൽ 2075 ആകുമ്പോഴേക്കും 1.5 മുതൽ 2 ഡിഗ്രി സെന്റിഗ്രേഡുവരെ വർധനയുണ്ടാകുമെന്നാണ്‌ പ്രവചനം. കേരളത്തിലെ ശരാശരി അന്തരീക്ഷ ഊഷ്മാവിൽ കഴിഞ്ഞ 50 വർഷംകൊണ്ട്‌ 0.6 ഡിഗ്രി സെൽഷ്യസ്‌ വർധനയുണ്ടായി. ഇതിനനുസരണമായി ഉപരിതല മണ്ണിന്റെ താപനിലവർധിക്കുകയും ബാഷ്പീകരണവും സസ്യസ്വേദനവും ത്വരഗതിയിലാവുകയും അന്തിമമായി മണ്ണ്‌ ഉണങ്ങുകയും ഭൂഗർഭജലം വറ്റുകയുംചെയ്യുന്നു. വേനൽക്കാലത്ത്‌ അന്തരീക്ഷതാപനിലയെക്കാൾ എട്ടുമുതൽ 10 ഡിഗ്രി സെൽഷ്യസ്‌വരെ കൂടിയ താപനില ഉപരിതലമണ്ണിലുണ്ടാകും. കേരളത്തിൽ വേനൽക്കാല താപനില കൊല്ലംതോറും ശരാശരി 0.01 ഡിഗ്രിസെൽഷ്യസ്‌ എന്ന തോതിൽ കൂടിക്കൊണ്ടിരിക്കുമ്പോൾ മഴക്കാലത്തെ താപനില കൊല്ലംതോറും  ശരാശരി 0.02ഡിഗ്രി സെൽഷ്യസ്‌ എന്ന ഇരട്ടിതോതിൽ വർധിച്ചുകൊണ്ടിരിക്കുന്നു.

കാലാവസ്ഥാവ്യതിയാനം


കേരളത്തിൽ സമീപകാലത്തായി ക്രമാനുസൃതമായ മഴയിൽ (30 വർഷത്തെ ശരാശരി) കുറവുവന്നുകൊണ്ടിരിക്കുന്നതായി കണക്കുകൾ പറയുന്നു. ഇന്ത്യൻ കാലാവസ്ഥാവകുപ്പിന്റെ കണക്കുപ്രകാരം കേരളത്തിൽ കാലവർഷത്തിൽ (ജൂൺ മുതൽ സെപ്റ്റംബർവരെ) കൊല്ലംതോറും ശരാശരി 2.42 മില്ലിമീറ്റർ എന്നതോതിലും തുലാവർഷത്തിൽ (ഒക്ടോബർ മുതൽ ഡിസംബർവരെ) കൊല്ലംതോറും ശരാശരി 1.68 മില്ലിമീറ്റർ എന്ന തോതിലും വേനൽമഴയിൽ (ജനവരി മുതൽ മെയ്‌വരെ) 0.8 മില്ലിമീറ്റർ എന്ന തോതിലും കുറവുവന്നുകൊണ്ടിരിക്കുന്നു. വിവിധ ജില്ലകളുടെ കണക്കുനോക്കുകയാണെങ്കിൽ ഏറ്റവും രൂക്ഷമായ വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുന്നത്‌ വയനാട്‌, കാസർകോട്‌, പാലക്കാട്‌  ജില്ലകളിലാണെന്നുകാണാം. വയനാട്‌ ജില്ലയിൽ 2001 മുതലുള്ള 16 വർഷത്തിലും കാലവർഷവും മൊത്തത്തിലുള്ള വാർഷികമഴയും ക്രമാനുസരണ അളവിനെക്കാൾ വളരെ കുറവാണ്‌ ലഭിച്ചത്‌. കേരളത്തിൽ വന്നുകൊണ്ടിരിക്കുന്ന കാലാവസ്ഥാവ്യതിയാനം ആഗോളതാപനത്തിന്റെ ഫലമായി ഉളവായിക്കൊണ്ടിരിക്കുന്നതാണെന്ന്‌ പഠനങ്ങൾ വ്യക്തമാക്കുന്നു.

2016-ൽ കേരളത്തിൽ കാലവർഷം 34 ശതമാനവും തുലാവർഷം 62 ശതമാനവും കുറവുരേഖപ്പെടുത്തി. കേരളത്തിൽ കാലവർഷമഴയിൽ ഏറ്റവും കുറവ്‌ രേഖപ്പെടുത്തിയത്‌ വയനാട്‌ ജില്ലയിലാണ്‌ (59 ശതമാനം). തൃശ്ശൂരിൽ 44 ശതമാനവും മലപ്പുറത്ത്‌ 39 ശതമാനവും ആലപ്പുഴയിൽ 35 ശതമാനവും പാലക്കാട്ടും തിരുവനന്തപുരത്തും 34 ശതമാനവും കുറവ്‌ മഴയാണ്‌ കാലവർഷക്കാലത്ത് കിട്ടിയത്‌. മറ്റെല്ലാ ജില്ലയിലും കമ്മി 25 ശതമാനത്തിൽ കൂടുതലാണ്‌. കർണാടകത്തിലെ ഒമ്പതുജില്ലയിലും തമിഴ്‌നാട്ടിലെ 20-ലേറെ ജില്ലകളിലും കാലവർഷത്തിലെ കമ്മി 20 ശതമാനത്തിൽ കൂടുതലാണ്‌.  കാലവർഷത്തിനുശേഷംവന്ന തുലാവർഷത്തിൽ ഏറ്റവും കമ്മി രേഖപ്പെടുത്തിയത്‌ കോഴിക്കോട്‌ ജില്ലയിലാണ്‌ (82 ശതമാനം) മറ്റെല്ലാ ജില്ലയിലും തുലാവർഷത്തിന്റെ കമ്മി 32 മുതൽ 79 ശതമാനംവരെയാണ്‌. കർണാടകത്തിലും തമിഴ്‌നാട്ടിലും ആന്ധ്രാപ്രദേശിലും ഈ വർഷം വരൾച്ച ബാധിച്ചിരിക്കയാണ്‌. ഇതിന്റെയെല്ലാം ഫലമായി ഭക്ഷ്യോത്‌പാദനമേഖലയിൽ പ്രതിസന്ധി അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു.

തുലാവർഷത്തിനുശേഷം ജനുവരി അവസാനവാരം ചില ജില്ലകളിലെ ചില പ്രദേശങ്ങളിൽ അവിചാരിതമായി പെയ്ത വേനൽമഴ ഒരു താത്‌കാലിക ആശ്വാസമായെങ്കിലും ക്രമാതീതമായി വർധിച്ചുവരുന്ന അന്തരീക്ഷതാപനില ജലദൗർലഭ്യം വർധിപ്പിക്കുന്നു. ഇതുവരെയുള്ളതിൽ ഏറ്റവും ചൂടുകൂടിയ ഒക്ടോബർ, നവംബർ, ഡിസംബർ, ജനുവരി മാസങ്ങളാണ്‌ കടന്നുപോയത്‌. ഇത്‌ വരാനിരിക്കുന്ന ഉയർന്ന ചൂടിലേക്കുള്ള ചൂണ്ടുപലകയായി കണക്കാക്കാമെന്ന്‌ തോന്നുന്നു.

പരിണതഫലവും വരൾച്ചയും


കാലാവസ്ഥാവ്യതിയാനത്താൽ സ്ഥലങ്ങൾക്കനുസരിച്ച്‌ മഴയുടെ അളവിലും തീവ്രതയിലും വിതരണത്തിലും മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നതിനാൽ ചില പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും ചിലയിടങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും മറ്റുചില പ്രദേശങ്ങളിൽ വരൾച്ചയും ഉളവാകുന്നു. കേരളത്തിലെ മിക്കവാറും നദികളിലെ നീരൊഴുക്ക്‌ കുറഞ്ഞുവരുന്നതായി സി.ഡബ്ള്യു.ആർ.ഡി.എം. നടത്തിയ പ്രാഥമികപഠനങ്ങൾ സൂചനനൽകുന്നു. ഇത്‌ ഉപരിതല-ഭൂഗർഭജല സ്രോതസ്സുകളിലേക്ക്‌ വേനൽക്കാലത്ത്‌ ഉപ്പുവെള്ളം കയറുന്ന നിലവിലുള്ള പ്രശ്നം കൂടുതൽ വഷളാക്കും. കാലാവസ്ഥ വ്യതിയാനത്തിന്റെ പരിണതഫലമായി കടൽജലത്തിന്റെ നിലയുയരുന്നതും ശുദ്ധജലസ്രോതസ്സുകളിലേക്ക്‌ കടലിൽനിന്ന്‌ ഉപ്പുവെള്ളം  കയറുന്നതും ത്വരപ്പെടുത്തുന്നു. കുടിവെള്ളവിതരണ പദ്ധതികളെ ഇത്‌ ബാധിക്കും. ചുറ്റുപാടും ജലാശയങ്ങളുള്ള കുട്ടനാട്ടിൽ ഏകദേശം 900 ടൺ രാസവളങ്ങളും 500 ടൺ കീടനാശിനികളും കാർഷികാവശ്യത്തിനായി ഒാരോവർഷവും ഉപയോഗിക്കുന്നു.

ഇതിന്റെയെല്ലാം അവശിഷ്ടങ്ങൾ ജലസ്രോതസ്സുകളിലേക്ക്‌ ഒഴുകിയെത്തി നേരിട്ടും ഭക്ഷ്യശൃംഖലയിലൂടെയും മനുഷ്യരിലെത്തുന്നു. ഗാർഹികവും ഹൗസ്‌ബോട്ടുകളിൽനിന്നുള്ളതുമായ മാലിന്യങ്ങളും വിസർജ്യങ്ങളും കായലിലേക്ക്‌ പുറംതള്ളുന്നതിനാൽ കുട്ടനാട്ടിലെ ജലസ്രോതസ്സുകളിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം വർധിച്ച അളവിലാണ്‌. അഷ്ടമുടി, ശാസ്താംകോട്ട, പൂക്കോട്‌ എന്നീ തടാകങ്ങളിലും ജലത്തിന്റെ ഗുണനിലവാരം മോശമാണെന്ന്‌ സി.ഡബ്ള്യു.ആർ.ഡി.എമ്മിന്റെ പഠനങ്ങൾ വെളിവാക്കുന്നു. കേരളത്തിലെ 44 നദീതടങ്ങളിലും സി.ഡബ്ള്യു.ആർ.ഡി.എം. നടത്തിവരുന്ന ജലഗുണനിലവാര പരിശോധനകളിൽ പല സാമ്പിളുകളിലും കീടനാശിനികളുടെയും ഹെവിമെറ്റലുകളുടെയും കോളിഫോം ബാക്ടീരിയയുടെയും സാന്നിധ്യം വളരെ കൂടുതലാണെന്നുകണ്ടു.


കഴിഞ്ഞ വർഷത്തെ കൊടുംചൂടും വരൾച്ചയും എല്ലാ വിളകളെയും ബാധിച്ചത്‌ ഇപ്പോൾ കായ്‌ഫലത്തിൽ അനുഭവപ്പെട്ടുവരുന്നു. കായ്‌ഫലവളർച്ചഘട്ടം 44 മാസങ്ങളോളമുള്ള നാളികേരോത്‌പാദനത്തെ കഴിഞ്ഞവർഷത്തെ വരൾച്ച ഏറ്റവും ബാധിച്ചു. മഴക്കുറവ്‌ കുരുമുളക്‌ മണികളുടെ വലിപ്പക്കുറവിന്‌ ഇടയാക്കി. വയനാട്ടിൽ മിക്ക മേഖലയിലും കുരുമുളകുവള്ളികൾ ഉണക്കിന്റെ വക്കിലെത്തിയിരിക്കുന്നു. വരൾച്ച ദീർഘിച്ചാൽ എല്ലാ കാർഷികവിളകളെയും അത്‌ അതിഗുരുതരമായി ബാധിക്കും. വിവിധ ജില്ലകളിൽ, പ്രത്യേകിച്ച്‌ പാലക്കാട്ട്‌ ആയിരക്കണക്കിന്‌ ഏക്കർ നെൽകൃഷി നശിച്ചുകഴിഞ്ഞു. ഉണങ്ങിനശിച്ചാൽ പുനർനടീൽ ആവശ്യമുള്ളതും കായ്‌ഫലമെത്താൻ ദൈർഘ്യം കൂടുതലും വേണ്ട തോട്ടവിളകളുടെ കർഷകർക്ക്‌ നികത്താനാകാത്ത നഷ്ടമാവുമുണ്ടാവുക.

ജലസുരക്ഷാ കർമപരിപാടികൾ


ജലസുരക്ഷയ്ക്കായി താഴെപ്പറയുന്ന മാർഗങ്ങൾ അടിയന്തരിമായി പ്രാദേശികതലത്തിൽ ലക്ഷ്യബോധത്തോടെയും ഇച്ഛാശക്തിയോടെയും കാര്യക്ഷമമായും നടപ്പാക്കേണ്ടതുണ്ട്‌.

ലക്ഷ്യങ്ങൾ

 • ഉപരിതല-ഭൂഗർഭ ജലലഭ്യതവർധന
 • ജലോപയോഗ കാര്യക്ഷമതവർധന
 • ജലമലിനീകരണനിയന്ത്രണം
 • ജലസുരക്ഷാ ബോധവത്‌കരണം.
 • മിന്നൽപ്രളയത്തിൽനിന്ന്‌ സംരക്ഷണം

ഹ്രസ്വകാല പരിപാടികൾ


വിവിധ ആവശ്യങ്ങൾക്കുള്ള ജലോപയോഗവും ജലനഷ്ടവും കഴിയുന്നത്ര കുറയ്ക്കാനുള്ള വ്യാപകമായ ബോധവത്‌കരണം.

ജലമലിനീകരണം തടയൽ

 • ജലസ്രോതസ്സുകളെ മാലിന്യവിമുക്തമാക്കൽ.
 • ജലദൗർലഭ്യമേഖലകളിൽ ശുദ്ധജലവിതരണത്തിനുള്ള താത്‌കാലിക സംവിധാനമൊരുക്കൽ.
 • ടാങ്കർലോറികളിൽ വിതരണംചെയ്യുന്ന ജലത്തിന്റെ ഗുണനിലവാരപരിശോധന കർക്കശമാക്കൽ.
 • വേനൽമഴയുണ്ടായാൽ കഴിയുന്നത്ര ജലം ശേഖരിക്കാനുള്ള സൗകര്യമൊരുക്കൽ.
 • പൊതുവിതരണ ശൃംഖലയിലെ പൈപ്പുവെള്ളം ഗാർഹികേതര ആവശ്യങ്ങൾക്കുപയോഗിക്കുന്നത്‌ കണ്ടുപിടിക്കാനുള്ള പരിശോധനയും കനത്ത പിഴയീടാക്കലും.
 • പാഴ്‌വെള്ളമുപയോഗിച്ച്‌ അത്യാവശ്യ ജലസേചനവും അടുക്കളത്തോട്ട പച്ചക്കറി കൃഷിയും.
 • വീടുകളിലും വ്യാപാര-വാണിജ്യ കേന്ദ്രങ്ങളിലും വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തൽ.
 • കൃഷിയിടങ്ങളിൽ തെങ്ങോലകളും ചകിരിയുമൊക്കെ ഉപയോഗിച്ച്‌ പുതയിട്ട്‌ ബാഷ്പീകരണം ലഘൂകരിക്കൽ.

ദീർഘകാല പരിപാടികൾ

 • ജലസ്രോതസ്സുകൾ സംരക്ഷിക്കുന്നതിനും ജലമലിനീകരണം തടയുന്നതിനുംമറ്റുമുള്ള നിലവിലെ നിയമങ്ങളിൽ ആവശ്യമായ ഭേദഗതികൾ വരുത്തലും നിയമങ്ങൾ കർക്കശമായി നടപ്പാക്കലും.

വനസംരക്ഷണവും വനവത്‌കരണവും

 • തണ്ണീർത്തടങ്ങളുടെയും നെൽവയലുകളുടെയും കാവുകളുടെയും കണ്ടൽക്കാടുകളുടെയുമൊക്കെ സംരക്ഷണം.

മണൽഖനനനിയന്ത്രണം

 • പരിസ്ഥിതിലോല മേഖലകളിലെ പാറയുടെയും ചെങ്കല്ലിന്റെയും ഖനനനിയന്ത്രണം.

വയൽനികത്തൽ നിയന്ത്രണം

 • നീർത്തടവികസന പരിപാടികൾ നടപ്പാക്കാൻ (കയ്യാലകൾ, ബണ്ടുകൾ, മഴക്കുഴികൾ, തെങ്ങിൻതടങ്ങൾ, ജൈവവേലികൾ, പുതയിടൽ മുതലായവ).
 • തടയണകൾ കുളങ്ങൾ, കിണറുകൾ മുതലായവയുടെ നിർമാണവും   നിലവിലുള്ളവയുടെ സംരക്ഷണവും.
 • നീർച്ചാലുകൾ, തോടുകൾ, കുളങ്ങൾ, കിണറുകൾ എന്നിവയുടെ പുനരുജ്ജീവനവും സംരക്ഷണവും.
 • തടാകങ്ങളുടെയും പുഴയോരങ്ങളുടെയും സംരക്ഷണവും കൈയേറ്റം നിയന്ത്രിക്കലും.
 • ജലസ്രോതസ്സുകളിലടിഞ്ഞ ഏക്കൽമണ്ണ്‌ നീക്കംചെയ്യൽ.
 • ജലവിതരണ ശൃംഖലകളിലെ ചോർച്ചയടയ്ക്കലും  സംരക്ഷണവും.
 • നെൽകൃഷിയുടെയും പച്ചക്കറികൃഷിയുടെയും, കൃത്യതാഫാമിങ്ങിന്റെയും പ്രോത്സാഹനം.
 • കാര്യക്ഷമമായ ജലസേചനത്തിനുള്ള ബോധവത്‌കരണവും പ്രചോദനവും.
 • നവീന ജലസേചനമാർഗങ്ങളായ ഡ്രിപ്‌ ഫെർട്ടിഗേഷൻ, സ്‌പ്രിംഗ്ളർ മുതലായവയുടെ വ്യാപനം.
 • ശൗചാലയങ്ങളുടെ നിർമാണവും സംരക്ഷണവും ശുചിത്വപരിപാലനവും.
 • ഖര-ദ്രവ്യ മാലിന്യസംസ്കരണവും മലിനീകരണം തടയലും.
 • ജലനിർഗമന ചാലുകളുടെ നിർമാണവും സംരക്ഷണവും.

മേൽപ്പറഞ്ഞ പരിപൂരകങ്ങളായ മാർഗങ്ങൾ സർക്കാറിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മേൽനോട്ടത്തിൽ പൂർണ ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്നതിനൊപ്പം ജലസംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ അതികർക്കശമായി നടപ്പാക്കുകയുംകൂടി ചെയ്താൽമാത്രമേ ജലസുരക്ഷയെന്ന ലക്ഷ്യം കൈവരിക്കാൻ  നമുക്ക്‌ സാധിക്കുകയുള്ളൂ.

(സി.ഡബ്ള്യു.ആർ.ഡി.എം. എക്സിക്യുട്ടീവ്‌ ഡയറക്ടറാണ്‌ ലേഖകൻ)