പ്രകൃതി കനിഞ്ഞനുഗ്രഹിച്ചുതന്ന വനങ്ങളും വൈവിധ്യമാർന്ന വന്യജീവിസമ്പത്തും സംരക്ഷിച്ചേ തീരൂവെന്ന് ലോകത്തെ ഓർമിപ്പിക്കാൻ ഒരു വന്യജീവി ദിനംകൂടി എത്തിയിരിക്കുന്നു. ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും നിലനിർത്തുക എന്നതാണ് ഈ വന്യജീവിദിനത്തിന്റെ പ്രമേയം. ഭൂമുഖത്തെ പതിനായിരക്കണക്കിന് ജീവജാലങ്ങളുടെ വംശം നശിച്ചുതുടങ്ങിയിരിക്കുന്നു. പലതും പൂർണമായും ഇല്ലാതായി. ശേഷിക്കുന്നവയെ വേരറ്റുപോവാതെ നിലനിർത്താൻ വിവിധ രാജ്യങ്ങളിലായി പലവിധത്തിലുള്ള പദ്ധതികളാണ് വന്യജീവി ദിനത്തോടനുബന്ധിച്ച് നടപ്പാക്കിവരുന്നത്. 
പറക്കാൻ ശേഷിയില്ലാത്ത തടിയൻ കകാപോ തത്തകളും അപൂർവയിനത്തിൽപ്പെട്ട ചുവന്ന ചെന്നായയും (റെഡ് വുൾഫ്) ലോകത്തിലെ ഏറ്റവും വലിയ ഉഭയജീവികളായ ചൈനീസ് ഗ്രേറ്റ് സാലമാൻഡറുകളുമൊക്കെ ഒരു വംശം നിലനിർത്താനുള്ള തത്രപ്പാടിലാണ്. ഒപ്പം ഒട്ടേറെ മറ്റുപല ജീവികളും. ചുരുക്കിപ്പറഞ്ഞാൽ ഇന്ന് ഭൂമുഖത്തുള്ള കാൽഭാഗത്തോളം സസ്യജീവിവർഗങ്ങളും വംശനാശഭീഷണിയിൽ അകപ്പെട്ടുകഴിഞ്ഞു. നാശത്തിന്റെ തോത് പലതിനും കൂടിയും കുറഞ്ഞുമിരിക്കുമെന്നുമാത്രം. ഒരു പതിറ്റാണ്ടുകൂടി പിന്നിടുമ്പോഴേക്കും അവയിൽ പലതും പൂർണമായും ഇല്ലാതാകും. ലോകത്ത് 80 ലക്ഷം തരത്തിലുള്ള സസ്യജീവിവർഗങ്ങളെയാണ് ഇതുവരെ കണ്ടെത്തിയത്. ഇതിൽ പത്തുലക്ഷവും വംശനാശഭീഷണി നേരിടുന്നുവെന്ന് ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു.
കാലാവസ്ഥാവ്യതിയാനം, പ്ലാസ്റ്റിക്കിന്റെ ഉപയോഗം, സമുദ്രങ്ങളിൽ രാസമാലിന്യം കലരുന്നത്, കാട്ടുതീ, അനിയന്ത്രിത വേട്ടയാടൽ എന്നിങ്ങനെ നീളുന്നു ജീവികളുടെ വംശനാശത്തിന്റെ കാരണങ്ങൾ.  ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്വർ (ഐ.യു.സി.എൻ.) ഒട്ടേറെ ജീവികളെ വംശനാശഭീഷണിയുടെ തോതനുസരിച്ച് ചുവന്നപട്ടികയിൽ പെടുത്തിയിട്ടുണ്ട്.

ജോർജ് ഷാലറെന്ന പ്രകൃതിസ്നേഹി 

മധ്യആഫ്രിക്കയിലെ വിരുംഗ പർവതപ്രദേശത്ത് വംശനാശം നേരിടുന്ന മൗണ്ടെയ്ൻ ഗോറില്ലകളെ ഭൂതമെന്നാണ്‌ അവിടത്തുകാർ വിളിച്ചിരുന്നത്‌.  ഇവയുടെ ജീവിതം ലോകത്തിനുമുന്നിൽ തുറന്നുകാണിച്ചുതന്ന വിഖ്യാത പരിസ്ഥിതി പ്രവർത്തകനും മാമലോളജിസ്റ്റുമായ ജോർജ് ഷാലർ വന്യജീവികളെക്കുറിച്ചുള്ള പഠനങ്ങളിൽ നൽകിയ സംഭാവന വിലമതിക്കാനാവാത്തതാണ്. 1956-ൽ തന്റെ 26-ാം വയസ്സിലായിരുന്നു അത്. ടാൻസാനിയയിലെ സെരംഗെറ്റിയിലെത്തി സിംഹങ്ങളുടെ പെരുമാറ്റരീതികളെപ്പറ്റി ആദ്യമായി പഠിച്ചതും ജർമൻ വംശജനായ ഈ അമേരിക്കക്കാരൻതന്നെയാണ്.
ടിബറ്റിലും നേപ്പാൾ ഭാഗങ്ങളിലും ഹിമാലൻ നീലക്കാളയെയും ഹിമപ്പുലിയെയും പറ്റി പഠിക്കുമ്പോൾ അദ്ദേഹത്തിനൊപ്പം ലോകപ്രശസ്ത സഞ്ചാരസാഹിത്യകാരനായ പീറ്റർ മാത്തിസനും ഉണ്ടായിരുന്നു. പീറ്റർ മാത്തിസന്‍റെ ക്ലാസിക്കായ ‘സ്നോ ലെപ്പേഡ്’ ആ യാത്രയുടെ അനുഭവം പങ്കുവെക്കുന്നു. ജാഗ്വാറുകളെയും കാപിബാരയെയും പറ്റി പഠിക്കാൻ ബ്രസീലിലെ ആമസോൺ വനാന്തരങ്ങളിലും ഭീമൻപാണ്ടയെപ്പറ്റി അറിയാൻ ചൈനയിലും ചിരുമാനിനെ നിരീക്ഷിക്കാൻ ടിബറ്റിലും അദ്ദേഹം ദീർഘകാലം ചെലവിട്ടു. 
ജോർജ് ഷാലറിന്റെ ശ്രമഫലമായി അലാസ്കയിലെ ആർട്ടിക് നാഷണൽ വൈൽഡ് ലൈഫ് റെഫ്യൂജ്, നേപ്പാളിലെ ഷെയ്-പോക്സുണ്ടോ പാർക്ക്, ലോകത്തിലെ ഏറ്റവും വലിയ സംരക്ഷണകേന്ദ്രങ്ങളിലൊന്നായ ടിബറ്റിലെ ചാങ്തങ് നാച്വർ റിസർവ് അടക്കം ലോകത്തങ്ങോളമിങ്ങോളം 20 ദേശീയപാർക്കുകൾ രൂപപ്പെട്ടു. മധ്യപ്രദേശിലെ കൻഹ കടുവസംരക്ഷണ കേന്ദ്രത്തിലും മൂന്നാറിലും അദ്ദേഹം വന്നിട്ടുണ്ട്. മുൻപ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുമായി ജോർജ് ഷാലർ സംസാരിച്ചതിന്റെ ഫലമായാണ് 1973-ൽ ഇന്ത്യൻ സർക്കാർ ‘പ്രോജക്ട് ടൈഗർ’ എന്നപേരിൽ കടുവസംരക്ഷണപദ്ധതി ആരംഭിച്ചത്. നാഷണൽ ജിയോഗ്രഫി ലൈഫ് ടൈം അച്ചീവ്‌മെന്റ് അടക്കം ഒട്ടേറെ അന്താരാഷ്ട്ര പുരസ്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചു. 

തയ്യാറാക്കിയത്‌: ഷിനില മാത്തോട്ടത്തിൽ