പുതുമഴയിൽ കിളിർക്കുന്ന പുല്ലുതേടി താൻസാനിയയിലെ സെരൻഗെറ്റിയിൽനിന്ന് കൊല്ലം തോറും കെനിയയിലെ മസായിമാര ദേശീയോദ്യാനത്തിലേക്ക് പലായനം ചെയ്യുന്ന ദശലക്ഷണക്കണക്കിന് വൈൽഡ് ബീസ്റ്റുകൾ ലോകത്തിന് കൗതുകമാണ്. സീസണാകുമ്പോൾ ഇവയുടെ വരവും കാത്ത് മാര നദിയിൽ മുതലകളും പുൽമേടുകളിൽ സിംഹവും പുലിയുമെല്ലാം തക്കംപാർത്തിരിക്കും. ക്രിസ്മസ് ദ്വീപിലെ ചുവപ്പൻ ഞണ്ടുകൾ ചാരത്തിമിംഗിലങ്ങൾ, ലെതർബാക്ക് കടലാമകൾ, എംപറർ പെൻഗ്വിൻ, ആർട്ടിക് ടേൺ, തുമ്പികൾ, റൂബി ത്രോട്ടഡ് ഹമ്മിങ് ബേർഡ്, അറ്റ്‌ലാന്റിക് സ്റ്റർജൻ (മത്സ്യം), നോർത്തേൺ എലിഫന്റ് സീൽ, മൊണാർക്ക് പൂമ്പാറ്റകൾ, കരിബൂ തുടങ്ങിയവ നൂറും ആയിരവും കണക്കിന് മൈലുകൾ താണ്ടി പലായനം ചെയ്യുന്ന ജീവികളാണ്‌.

ചൈനയിലെ യുനാൻ പ്രവിശ്യയിൽനിന്ന് ഒരുകൊല്ലം മുമ്പേ കാടുവിട്ടിറങ്ങിയ ഏഷ്യൻ ആനകൾ ഒരു രഹസ്യം ഒളിപ്പിക്കുന്നുണ്ട്. മ്യാൻമാർ അതിർത്തിയോടു ചേർന്ന സിഷ്വാങ്ബന്ന ദായ് ദേശീയോദ്യാനത്തിൽനിന്ന് പുറപ്പെടുമ്പോൾ അവർ 14 പേരായിരുന്നു. സഞ്ചാരത്തിനിടെ ഒരു കുട്ടിയാനയും ജനിച്ചു. മൊത്തം 15 പേർ. അല്പം ചുറ്റിക്കറങ്ങി സ്വന്തം ആവാസവ്യവസ്ഥയിലേക്ക് തിരിച്ചുപോകുന്ന ആനകൾ പക്ഷേ, ഇവിടെ പതിവുതെറ്റിച്ചു. അവർ തുനിഞ്ഞിറങ്ങിയത് ഒരു ദീർഘയാത്രയ്ക്കാണ്. പ്രാദേശികതലത്തിൽ ചെറിയ പലായനങ്ങൾ ഏഷ്യൻ ആനകൾ നടത്താറുണ്ടെങ്കിലും ആഫ്രിക്കൻ ആനകളെപ്പോലെ ദീർഘദൂരത്തേക്ക് പലായനം ചെയ്യുന്ന സ്വഭാവം പൊതുവേ ഇവർക്കില്ല. ഇന്ത്യയിൽ സംസ്ഥാനങ്ങൾ കടന്നുള്ള ആനകളുടെ പലായനങ്ങൾ പല വർഷങ്ങളിലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, യുനാൻ പ്രവിശ്യയുടെ തലസ്ഥാനമായ കുൻമിങ്ങിലെത്തും മുമ്പേ അഞ്ഞൂറോളം കിലോമീറ്ററുകളാണ് ആനക്കൂട്ടം സഞ്ചരിച്ചത്. കൃഷിയിടമെന്നോ കാടെന്നോ നാടെന്നോ നഗരമെന്നോ വ്യത്യാസമില്ലാതെ ഒരു ദീർഘയാത്ര. യുസി നഗരത്തിലെ ഷിജി ടൗൺഷിപ്പിലാണ് ഇപ്പോഴവർ എത്തിയിട്ടുള്ളത്‌. കാറ്റിലും മഴയിലും തിമിർത്താഘോഷിച്ച്, കൃഷിയിടങ്ങളിൽ കയറി മൃഷ്ടാന്നം ഭക്ഷിച്ച്, കുറ്റിക്കാടുകളിൽ വിശ്രമിച്ച്, പതിയെ അവർ തെക്കുപടിഞ്ഞാറേ ദിശയിലേക്ക് വെച്ചുപിടിച്ചിരിക്കുകയാണ്. 15 അംഗ ആനക്കൂട്ടത്തിൽനിന്ന് ഏഴുദിവസം മുമ്പ് ഒരു കൊമ്പൻ പിന്മാറിയിട്ടുണ്ട്. പ്രധാനനഗരമായ ആനിങ്ങിൽനിന്ന് 16 കിലോമീറ്റർ മാറിയാണ് ഈ കൊമ്പനുള്ളത്.

ആനകൾക്ക് എസ്കോർട്ട്

പലായനം ശ്രദ്ധയിൽപ്പെട്ടതുമുതൽ പോലീസിന്റെയും ഡ്രോണുകളുടെയും എസ്കോർട്ടുണ്ട് ചൈനയിലെ ആനകൾക്ക്. ഇതുവരെ മനുഷ്യരുമായുള്ള സംഘട്ടനം ഉണ്ടായിട്ടില്ലെന്നത് അല്പം സമാധാനം. കോടികളുടെ കൃഷിനാശം ഇവ വരുത്തിയിട്ടുണ്ട്. ​ചൈനയിൽ പ്രത്യേകമായി സംരക്ഷിക്കപ്പെടുന്ന ഏഷ്യൻ ആനകളുടെ അംഗബലം ഇപ്പോൾ 300-ഓളം മാത്രമാണ്. ആനയുടെ സഞ്ചാരോദ്ദേശ്യം കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകമിപ്പോൾ.

വംശം വർധിക്കുമ്പോൾ ‘ആത്മഹത്യ’ ചെയ്യുന്നവർ

വളരെ വേഗം പെറ്റുപെരുകുന്ന എലിവർഗത്തിൽപ്പെട്ട ലെമ്മിങ്ങുകൾക്കിടയിൽ പ്രത്യേകമായൊരു പലായനസ്വഭാവമുണ്ട്. വംശം വളരുന്നതോടെ ഇവരിൽ ചിലർ ആവാസവ്യവസ്ഥവിട്ട് യാത്രതുടങ്ങും. 
ഭൂരിഭാഗവും ചത്തുപോകും. വംശംവർധിക്കുമ്പോൾ കൂട്ടമായി നദിയിൽ ചാടി ആത്മഹത്യ ചെയ്യുന്നവരാണ് ലെമ്മിങ്ങുകൾ എന്നായിരുന്നു ആദ്യകാലങ്ങളിലെ വിശ്വാസം. എന്നാൽ, പുതിയ ആവാസവ്യവസ്ഥതേടി കാടും പുഴയും ശത്രുജീവികളെയും താണ്ടി യാത്ര ചെയ്യുമ്പോഴുള്ള സ്വാഭാവിക അപകടങ്ങളാണ് ഇവയെന്ന് പിന്നീട് ശാസ്ത്രജ്ഞർ കണ്ടെത്തി. രക്ഷപ്പെടുന്നവർ പുതിയ ആവാസവ്യവസ്ഥയുണ്ടാക്കുകയും ചെയ്യും. ഏകദേശം 13 സെ.മീ. നീളവും 100 ഗ്രാം ഭാരവുമുള്ള ലെമ്മിങ്ങുകളെ നോർവേ, സ്വീഡൻ, ഫിൻലൻഡ്, റഷ്യ തുടങ്ങിയ ഇടങ്ങളിലാണ് കണ്ടുവരുന്നത്.

ഭക്ഷണം കിട്ടാത്തതാണ് പലായനകാരണമെന്ന് പറയാനാവില്ല

നിലനിൽപ്പിന്റെ ഭീഷണിയും ഭക്ഷണം കിട്ടാത്തതുമാണ് ആനകളുടെ പലായനത്തിന് കാരണമെന്ന് പറയാനാവില്ല. കാരണം നിറയെ മുളങ്കാടുകളുള്ള മറ്റ് ഭക്ഷണം ലഭിക്കുന്ന യുനാൻ പ്രവിശ്യയിൽനിന്ന് ഭക്ഷണം തേടി ആനകൾ ഒരിക്കലും പുറത്തുപോവില്ല. യാത്ര തുടങ്ങിയിടത്തേക്ക് ഇനിയൊരു തിരിച്ചുപോക്കുണ്ടാവുമോയെന്ന് പറയാൻ ഇപ്പോഴാവില്ലതാനും. ചെറുപലായനങ്ങൾ ആനകൾ നടത്താറുണ്ട്. 1990-കളിൽ തമിഴ്നാട്ടിൽനിന്ന് ആന്ധ്രാപ്രദേശിലെ കൗടിന്യ സംരക്ഷിതവനത്തിലേക്ക് ഒരുകൂട്ടം ആനകൾ പലായനം ചെയ്തിരുന്നു. ഒഡിഷയിൽനിന്നും ഇതേപോലെ ആനകൾ ആന്ധ്രയിലേക്ക് വന്നിട്ടുണ്ട്. നൂറുകൊല്ലത്തിലേറെയായി ആനകളില്ലാതിരുന്ന ഛത്തീസ്ഗഢിലേക്ക് 2000-ത്തിൽ ജാർഖണ്ഡിൽനിന്ന്‌ ആനകളെത്തിയത് വലിയ റെക്കോഡായിരുന്നു. കർണാടകയിൽനിന്ന് മഹാരാഷ്ട്രയിലേക്കും ഗോവയിലേക്കും ആനകളെത്തി. ചിലർ വന്നിടങ്ങളിലേക്കുതന്നെ തിരികെപ്പോയി.
ഡോ. പി.എസ്. ഈസ 
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും ഐ.യു.സി.എൻ. ഏഷ്യൻ എലിഫന്റ് സ്പെഷ്യലിസ്റ്റ് സംഘാംഗവും 

ഒരു ​പക്ഷേ, പുതിയ മേച്ചിൽപ്പുറം തേടിയിറങ്ങിയതാവാം. ലക്ഷ്യം കാണാത്തതുകൊണ്ട്‌ അലയുന്നതാവാം. 
-നിലങ്ക ജെയസിങ്കെ 
വേൾഡ്‌ ​വൈൽഡ്‌ ​ലൈഫ്‌ ഫണ്ട്‌