കാലാവസ്ഥാ മാറ്റം സംബന്ധിച്ച് ഐക്യരാഷ്ട്രസഭയ്ക്ക് മുന്നറിയിപ്പു നൽകുന്ന ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയ്‌ഞ്ച് (ഐ.പി.സി.സി.യുടെ) റിപ്പോർട്ട് മനുഷ്യരാശിക്ക് ശക്തമായ മുന്നറിയിപ്പു നൽകുന്നു. പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപിക്കൽ മെറ്റീരിയോളജി തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കാലാവസ്ഥാ മാതൃകയായ എർത്ത് സിസ്റ്റം മോഡലിലെ വിവരങ്ങളും ഉപയോഗിച്ചുള്ളതാണ്‌ റിപ്പോർട്ട്. ആദ്യമായാണ് ഇന്ത്യയിൽനിന്നൊരു മോഡൽ ഐ.പി.സി.സി. റിപ്പോർട്ടിനായി ഉപയോഗിക്കുന്നത്‌. ഐ.ഐ.ടി.എമ്മിലെ മുതിർന്ന ശാസ്ത്രജ്ഞയും റിപ്പോർട്ടിന്റെ സഹരചയിതാവും കോഴിക്കോട്ടുകാരിയുമായ സ്വപ്ന പനിക്കൽ    
മാതൃഭൂമി പ്രതിനിധി സൗമ്യ ഭൂഷണുമായി നടത്തിയ  സംഭാഷണം

ഇന്ത്യയെ സംബന്ധിച്ച് ഐ.പി.സി.സി. റിപ്പോർട്ടിലുള്ള പ്രധാന മുന്നറിയിപ്പുകൾ  വിശദമാക്കാമോ

= ആഗോളതാപനിലയിലെ ശരാശരി വർധന, സമുദ്രനിരപ്പ് ഉയരൽ തുടങ്ങി കാലാവസ്ഥാ വ്യതിയാനത്തെ സൂചിപ്പിക്കുന്ന ഘടകങ്ങൾ അടുത്തദശകങ്ങളായി വർധിച്ചുവരുന്നു. അടുത്ത ഇരുപതു വർഷത്തേക്ക് ഈ പ്രവണത തുടരും. 1850-1900 കാലവുമായി താരതമ്യം ചെയ്യുമ്പോൾ ഏഷ്യൻ മേഖലയിലെ ആഗോളതാപനിലയിൽ ക്രമാതീതമായ മാറ്റമാണുണ്ടായിട്ടുള്ളത്. ചൂടിന്റെ തീവ്രത കൂടുന്നു, തണുപ്പിന്റെ കാഠിന്യം  കുറയുന്നു. ഇതേ പ്രവണത വരുംവർഷങ്ങളിൽ തുടരും. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപാദംതൊട്ട് ഇങ്ങോട്ട് തെക്കൻ, തെക്കുകിഴക്കൻ കാലവർഷം ദുർബലമായിവരുകയാണ്. ഇതിനുള്ള ഒരു പ്രധാന കാരണം അന്തരീക്ഷമലിനീകരണത്തിന് കാരണമാകുന്ന പൊടിയും പുകപടലങ്ങളുമാണെന്നും ഐ.പി.സി.സി. റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ, 21-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യയിൽ മഴലഭ്യത കൂടാനുള്ള സാധ്യതയാണുള്ളത്.

ഇന്ത്യയെ സംബന്ധിച്ച് വെല്ലുവിളിയുയർത്തുന്ന ഒരു പ്രധാന മുന്നറിയിപ്പ് സമുദ്രനിരപ്പ് ഉയരുന്നത് സംബന്ധിച്ചാണ്. മറ്റ് മഹാസമുദ്രങ്ങളെയപേക്ഷിച്ച് ഇന്ത്യൻ മഹാസമുദ്രം അതിവേഗം ചൂടാകുന്നതിനാലാണിത്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ വടക്കുഭാഗത്തെ കരയുടെ സാമീപ്യമാണ് സമുദ്രത്തെ വേഗത്തിൽ ചൂടുപിടിപ്പിക്കുന്നത്.  ആഗോള ശരാശരിയെക്കാളും കൂടിയ നിരക്കിലാണ് ഇന്ത്യൻ മഹാസമുദ്രം ചൂടാകുന്നത്. ഇത് ഈ നൂറ്റാണ്ടിൽ ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും സമുദ്രനിരപ്പ് ഉയരാൻ കാരണമാകും.  ഇത് തീരങ്ങൾ കടലെടുക്കുന്നതിനും കടലേറ്റത്തിനും കാരണമാകും. കേരളം ഉൾപ്പെടെ ഒമ്പത് തീരദേശ സംസ്ഥാനങ്ങളുള്ള ഇന്ത്യയ്ക്ക് അതിനാൽത്തന്നെ റിപ്പോർട്ട് വലിയ മുന്നറിയിപ്പാണ് നൽകുന്നത്.  ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ ഉയർന്നനിരക്കായ എസ്.എസ്.പി. 58.5 എത്തുന്നതോടെ സമുദ്രനിരപ്പ് 0.63 -1.01 മീറ്റർവരെ ഉയർന്നേക്കാം. ആഗോളതാപനം ഈ നില തുടർന്നാൽ മുമ്പ് നൂറുവർഷത്തിലൊരിക്കൽ എത്തിയിരുന്ന ഏറ്റവും ഉയർന്ന സമുദ്രനിരപ്പ് 2050 ആകുമ്പോഴേക്കും 6-9 വർഷത്തിൽ ഒരിക്കൽ എന്നതോതിൽ സംഭവിക്കും. ഇത് 2100 ആകുമ്പോൾ വർഷത്തിൽ ഒരിക്കൽ എന്നനിലയിലാകും. ആഗോളതലത്തിലും ഇതേ പ്രവണത തുടരും.  ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ അടിക്കടി വന്നുകൊണ്ടിരിക്കും. അവയുടെ തീവ്രത കൂടുകയും ചെയ്യും.

വരുംവർഷങ്ങളിൽ കാലാവസ്ഥാ വ്യതിയാനം നമ്മുടെ മഴലഭ്യതയിൽ ഏതുതരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവരും?

= തെക്കുപടിഞ്ഞാറൻ കാലവർഷം ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ശക്തമാകും. എൽ നിനോ, ഇന്ത്യൻ ഓഷ്യൻ ഡൈപോൾ തുടങ്ങിയ പ്രതിഭാസങ്ങൾ ഈ നൂറ്റാണ്ടിന്റെ അന്ത്യത്തോടെ വർധിക്കുമെന്നാണ് കണക്കാക്കുന്നത്. അതിന്റെ ഫലമായി തെക്കുപടിഞ്ഞാറൻ കാലവർഷത്തിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കും. എന്നാൽ, അടുത്ത 20-30 വർഷത്തിൽ മഴലഭ്യത കൂടില്ല.

മനുഷ്യപ്രവർത്തനങ്ങളാണ് കാലാവസ്ഥാ വ്യതിയാനത്തിലേക്കു നയിച്ച പ്രധാന ഘടകമെന്ന് റിപ്പോർട്ട് പറയുന്നു. 
ഇതിലേക്ക് നയിച്ച കണ്ടെത്തലുകൾ

= മനുഷ്യന്റെ പ്രവൃത്തികളാണ് കാലാവസ്ഥയെ മാറ്റിക്കൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോർട്ട് എടുത്തുപറയുന്നത്. 1850 മുതൽ 1900 വരെയുള്ള 50 വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ താപനില വർധന 1.09 ഡിഗ്രി സെൽഷ്യസിൽ എത്തിയതിനുള്ള പ്രധാന കാരണം ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ കൂടുന്നതാണ്. അടുത്ത 20 വർഷത്തിൽ ഇത് 1.5 ഡിഗ്രി സെൽഷ്യസ് എത്തുമെന്നാണ് കണക്കാക്കുന്നത്. ഓരോ വർഷത്തെയും കാലാവസ്ഥാ ഡേറ്റകൾ പഠനവിധേയമാക്കിയും കാലാവസ്ഥാ സംവിധാനത്തിൽ മനുഷ്യഇടപെടലുകൾ വരുത്തുന്ന മാറ്റങ്ങൾ നിരീക്ഷിച്ചുമാണ് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്. ആഗോളതലത്തിലെയും പ്രാദേശികതലത്തിലെയും പഠനങ്ങൾ വിലയിരുത്തിയും കാലാവസ്ഥാ ശാസ്ത്രത്തിലെ ഏറ്റവും പുതിയ വിവരങ്ങൾ ഏകോപിപ്പിച്ചും തയ്യാറാക്കിയ റിപ്പോർട്ടായതിനാൽ അതിനെ സഗൗരവം കാണേണ്ടിയിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം കാലവർഷത്തിൽ വരുത്തുന്ന മാറ്റങ്ങൾ പ്രവചിക്കാനായി പുണെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപിക്കൽ മീറ്റ്യരോളജി വികസിപ്പിച്ചെടുന്ന തദ്ദേശീയ കാലാവസ്ഥാ മാതൃകയായ എർത്ത് സിസ്റ്റം മോഡ(ഇ.എസ്.എം.)ലിലെ വിവരങ്ങളാണ് പ്രധാനമായും റിപ്പോർട്ട് തയ്യാറാക്കാൻ ഉപയോഗിച്ചിട്ടുള്ളത്. ആദ്യമായാണ് ഇന്ത്യയിൽനിന്നുള്ള ഒരു മോഡൽ ഐ.പി.സി.സി. റിപ്പോർട്ടിനായി ഉപയോഗിക്കുന്നത്.

ഹരിതഗൃഹവാതക പുറന്തള്ളലിനെപ്പറ്റി വിശദമാക്കാമോ

= 1750-ലെ വ്യവസായവത്കരണത്തിന്റെ തുടക്കംമുതലുള്ള ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളലാണ് കാലാവസ്ഥയെ ഈവിധം മാറ്റിയത്. നിലവിൽ അന്തരീക്ഷത്തിലെ കാർബൺഡയോക്‌സൈഡ് അളവ് വർധിച്ച് വാർഷിക ശരാശരി 410 പി.പി.എം.(പാർട്‌സ് പെർ മില്യൺ-ദശലക്ഷത്തിൽ ഒരംശം)-ലാണ് എത്തിനിൽക്കുന്നത്. മിഥേൻ 1866 പി.പി.ബി. (പാർട്‌സ് പെർ ബില്യൺ-നൂറുകോടിയിൽ ഒരംശം), നൈട്രസ് ഓക്‌സൈഡ് (332 പി.പി.ബി.) എന്നിങ്ങനെയാണ്. എന്നാൽ, ഇത് 2030-ഓടെ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുകയാണെങ്കിൽ കാലാവസ്ഥയിലെ അപകടകരമായ വ്യതിയാനം കുറയ്ക്കാനാകുമെന്നുള്ള പ്രതീക്ഷയും 
റിപ്പോർട്ട് നൽകുന്നുണ്ട്. ഇനിയുള്ള പ്രയത്നങ്ങൾ അതിലേക്കുള്ളതായിരിക്കണം. 

റിപ്പോർട്ട് തയ്യാറാക്കിയതിനെപ്പറ്റി

= ഐ.പി.സി.സി.യുടെ ആറാമത് അസസ്‌മെന്റ് റിപ്പോർട്ട് 2018-ലേക്ക് സംഭാവനകൾ നൽകാനായി ക്ഷണം ലഭിക്കുകയായിരുന്നു. 2018-ൽ ചൈനയിൽവെച്ചും 2019-ൽ കാനഡയിലും പിന്നീട് ഫ്രാൻസിലെ ടുളൂസിലും 2020-ൽ വെർച്വലായുമുള്ള നാല് ഉന്നതസമ്മേളനങ്ങളിൽ പങ്കെടുത്തു. ഇതിനുപുറമേ ഒട്ടേറെ ഓൺലൈൻ കൂടിക്കാഴ്ചകളുടെയും ചർച്ചകളുടെയും വിലയിരുത്തലുകളുടെയും ഭാഗമായി. 66 രാജ്യങ്ങളിൽനിന്നുള്ള 234 മുഖ്യരചയിതാക്കളെ കൂടാതെ 517 വിദഗ്ധരുടെ സംഭാവനകളും ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.