.കേരം തിളങ്ങാൻ മൂല്യം ഉയരട്ടെ: 3

കേരളത്തിലെ ഒരു പ്രധാനപ്പെട്ട നാളികേര ഉത്പാദകക്കമ്പനി വെളിച്ചെണ്ണമിൽ തുടങ്ങാൻ തീരുമാനിച്ച സമയം. കമ്പനി ചെയർമാനെ കാണാൻ തമിഴ്‌നാട്ടിൽനിന്ന് ഒരാളെത്തി. കോട്ടും സ്യൂട്ടുമിട്ട് എക്സിക്യുട്ടീവ് വേഷം. കാര്യം പറഞ്ഞു: ‘‘നിങ്ങൾ തേങ്ങ സംഭരിച്ച് കൊപ്രയാക്കി വെളിച്ചെണ്ണ നിർമിക്കാനൊന്നും മെനക്കെടേണ്ട. പറയുന്ന ബ്രാൻഡ് നെയിമിൽ ലിറ്ററിന് 135 രൂപ നിരക്കിൽ വെളിച്ചെണ്ണ ഇറക്കിത്തരും.’’ ഇതെങ്ങനെ സാധിക്കുമെന്ന് ചോദിച്ചപ്പോൾ ബാഗിൽനിന്ന് ഒരു കുപ്പിയിലെ ദ്രാവകം കാണിച്ചു. ‘‘ഇത് ലിറ്ററിന് 38 രൂപയ്ക്ക് കിട്ടുന്ന എണ്ണയാണ്... കുറച്ച് ഇതും ചേർക്കും.’’  ഒപ്പം മുൻകൂർജാമ്യവുമെടുത്തു. ‘‘ആരോഗ്യത്തിന് ഒരു കുഴപ്പവും ഉണ്ടാകില്ല കേട്ടോ...’’  
 കേരംതിങ്ങും കേരളനാട്ടിൽ വ്യാജവെളിച്ചെണ്ണ എങ്ങനെ തിങ്ങിനിറയുന്നു എന്നതിന്റെ ഒരു ചിത്രം മാത്രമാണിത്. കർഷകരിൽനിന്ന്‌ അധികവിലയ്ക്ക് പച്ചത്തേങ്ങ സംഭരിച്ച് ശുദ്ധമായ വെളിച്ചെണ്ണ നിർമിക്കുന്ന സ്ഥാപനങ്ങൾപോലും വ്യാജന്റെ കടന്നുകയറ്റത്തിൽ അതിജീവനപ്പോരാട്ടത്തിലാണ്.

 ശുദ്ധമായ വെളിച്ചെണ്ണ നിർമിക്കുന്ന ഒട്ടേറെ യൂണിറ്റുകൾ കേരളത്തിലുണ്ട്. പ്രത്യേകിച്ച് നീര ഉത്പാദനം ലക്ഷ്യമാക്കി പ്രവർത്തനം തുടങ്ങുകയും നീര ചതിച്ചപ്പോൾ വെളിച്ചെണ്ണയെ പിടിവള്ളിയാക്കുകയുംചെയ്ത നാളികേരക്കമ്പനികൾ, പിന്നെ സഹകരണസംഘങ്ങൾ, ചെറുകിട മില്ലുകൾ. ഉത്പാദനച്ചെലവ് നോക്കിയാൽ 200 രൂപയ്ക്ക് മുകളിലാകും ഇവരുടെ വെളിച്ചെണ്ണയ്ക്ക്. എന്നാൽ, തമിഴ്‌നാട്ടിൽനിന്നെത്തുന്ന വെളിച്ചെണ്ണ 150 രൂപമുതൽ കിട്ടും. മറ്റ് സസ്യയെണ്ണകളുടെ ഇറക്കുമതിക്കും നിയന്ത്രണമില്ല.

 തമിഴ്‌നാടിന്റെ കോയ്മയ്ക്കുപിന്നിൽ...
തേങ്ങയുടെയും കൊപ്രയുടെയും ഉത്പാദനത്തിൽ കേരളത്തിനുപിന്നിലാണ് തമിഴ്‌നാട്. എന്നിട്ടും തമിഴ്‌നാട് കേരളത്തിലെ വെളിച്ചെണ്ണവിപണി നിയന്ത്രിക്കുന്നതിനുപിന്നിൽ ഒന്നിലേറെ ഘടകങ്ങളുണ്ട്. പ്രധാനപ്പെട്ടത് വിലയിലെ വ്യത്യാസമാണ്. ഉത്പാദനച്ചെലവുമുതൽ തുടങ്ങുന്നു വ്യത്യാസം. കേരളവുമായി താരതമ്യപ്പെടുത്തുമ്പോൾ ഒരു ഹെക്ടറിലെ കൃഷിക്ക് 28,000 രൂപയോളം ചെലവ് കുറവാണ് തമിഴ്‌നാട്ടിൽ. ഇത് തേങ്ങയുടെ വിലയിലും പ്രതിഫലിക്കുന്നു. കേരളത്തിൽ ആയിരം തേങ്ങയ്ക്ക് 18,000 രൂപയാകുമ്പോൾ (2021 ജൂണിലെ കണക്ക്) തമിഴ്‌നാട് കാങ്കയത്ത് 16,000 രൂപയാണ്. കൊപ്ര, വെളിച്ചെണ്ണ ഉത്പാദനത്തിലും കൂലിച്ചെലവ് വളരെ കുറവ്. ഇതുകണ്ട് കേരളത്തിലുൾ​െപ്പടെയുള്ള വ്യാപാരികൾ കാങ്കയം കേന്ദ്രമാക്കി വ്യാപാരം ആരംഭിക്കുന്നത് വർധിച്ചിട്ടുണ്ട്. ഇതോടെ വൻതോതിൽ പച്ചത്തേങ്ങ കേരളത്തിൽനിന്ന് തമിഴ്‌നാട്ടിലേക്ക് പോകുന്നു. കാങ്കയം വിപണിയിൽ 2020-ൽ മാത്രം 3,90,025 ക്വിന്റൽ കൊപ്രയാണ് എത്തിയത്.

 ഈ അനുകൂലസാഹചര്യം മുതലെടുത്താണ് വ്യാജന്മാരും വാഴാൻ തുടങ്ങിയത്. കേരളത്തിൽ ആര് വെളിച്ചെണ്ണ ഉത്പാദനം തുടങ്ങിയാലും വ്യാജന്റെ പ്രതിനിധികൾ ഓഫറുമായെത്തും. പലതവണയായി 112 ബ്രാൻഡ് വ്യാജവെളിച്ചെണ്ണ കേരളത്തിൽ പിടികൂടി. പക്ഷേ, പേരുമാറ്റി വീണ്ടുംവരുന്നതാണ് പതിവ്. പാരഫിൻ, പാം കെർണൽ ഓയിൽ എന്നിവയ്ക്കുപുറമേ വെളിച്ചെണ്ണയുടെയും ചക്കിലാട്ടിയ വെളിച്ചെണ്ണയുടെയുംവരെ എസൻസ് ചേർത്തും വെളിച്ചെണ്ണയെന്നപേരിൽ വിൽക്കുന്നുണ്ട്.

 വ്യാജന് വിടപറയാം...
ഓഫറെന്നപേരിൽ 115 രൂപയ്ക്കുവരെ ഒരു ലിറ്റർ വെളിച്ചെണ്ണ വിൽക്കുന്ന നാടാണ് കേരളം. കേട്ടപാതി കേൾക്കാത്തപാതി ഇത് വാങ്ങാനായി എല്ലാവരും ഓടുകയും ചെയ്യും. പക്ഷേ, ആരോഗ്യം അപകടത്തിലാണെന്ന് ആരും ചിന്തിക്കുന്നില്ല. ശുദ്ധമായ വെളിച്ചെണ്ണ മുലപ്പാലിന് തുല്യമാണെന്നാണ് വിലയിരുത്തൽ. 50 ശതമാനം ലോറിക് ആസിഡും ഏഴുശതമാനം കാപ്രിക് ആസിഡും ഇതിൽ അടങ്ങിയിട്ടുണ്ട്. പ്രതിരോധശേഷിക്ക് ഏറ്റവും ഉത്തമമാണ് ഈ ഘടകങ്ങൾ. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടുവരെ പഠനങ്ങൾ നടക്കുന്നുണ്ട്.

ഉത്പാദനക്ഷമത കൂട്ടാൻ...
കേരകർഷകക്കൂട്ടായ്മ
ശക്തമാക്കണം
കേരളത്തിൽ ഭൂരിഭാഗം തെങ്ങിൻതോപ്പുകളും അരയേക്കറിൽ താഴെയുള്ള കൃഷിയിടങ്ങളാണ്. ഇവിടെ ശാസ്ത്രീയപരിപാലനരീതി അവലംബിച്ച് വിളവ് വർധിപ്പിക്കാൻ ഒറ്റയ്ക്കൊറ്റയ്ക്ക് സാധിക്കില്ല. ഇതിനായി തെങ്ങുകൃഷിക്കാരുടെ കൂട്ടായ്മ ശക്തമാക്കണം.
സമഗ്രമായ
പുനരുദ്ധാരണ പാക്കേജ്
ഉത്പാദനക്ഷമത കുറഞ്ഞ തെങ്ങുകൾ മുറിച്ചുമാറ്റി ഗുണമേന്മയുള്ള തൈകൾ വെച്ചുപിടിപ്പിക്കണം. ഇതിന് സമഗ്രപദ്ധതി വേണം.  ഗുണമേന്മയുള്ള തൈകൾ ലഭ്യമാക്കാൻ  വികേന്ദ്രിത നഴ്‌സറികൾ വേണം.
ശാസ്ത്രീയ പരിപാലനം
വേണ്ടത്ര പരിചരണം തെങ്ങുകൾക്ക് ഇന്ന് നൽകുന്നില്ല. ഈ സമീപനം മാറ്റി ശാസ്ത്രീയ വിളപരിപാലനത്തിന് പ്രോത്സാഹനം നൽകണം.
മണ്ണ്‌, ജല സംരക്ഷണം
ഉത്പാദനം കുറയുന്നതിന് ഒരുകാരണം മണ്ണിന്റെ ആരോഗ്യം ക്ഷയിച്ചതാണ്. ഇത് വീണ്ടെടുത്താൽ ഉത്പാദനക്ഷമത കൂടുമെന്ന് തെളിയിക്കപ്പെട്ടതാണ്. ജലസേചനവും പ്രധാനപ്പെട്ടതാണ്.
സംയോജിത
കീടരോഗനിയന്ത്രണം
രോഗങ്ങൾക്കെതിരേ ഫലപ്രദമായ സംയോജിത കീടരോഗനിയന്ത്രണം വികസിപ്പിച്ചിട്ടുണ്ടെങ്കിലും അത് കൃഷിയിടങ്ങളിൽ പ്രയോഗിക്കുന്നത് വളരെ കുറവാണ്. കർഷകക്കൂട്ടായ്മകളുടെ പിന്തുണ ഇതിനുവേണം.

ഡോ. സി. തമ്പാൻ
പ്രിൻസിപ്പൽ സയന്റിസ്റ്റ്, സി.പി.സി.ആർ.ഐ. കാസർകോട്

(തുടരും)