.കേരം തിളങ്ങാൻ മൂല്യം ഉയരട്ടെ: 2

ചിരട്ടയെന്നു കരുതി കത്തിച്ചുകളയാനോ വലിച്ചെറിയാനോ വരട്ടെ. ഇന്ന് നാളികേര ഉപോത്പന്നങ്ങളിൽ കയർ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വരുമാനം കിട്ടുന്നത് ചിരട്ടയിൽനിന്നാണ്. ചിരട്ടക്കരിയിൽനിന്നുള്ള ഉത്തേജിത കരി (ആക്ടിവേറ്റഡ് കാർബൺ) കയറ്റി അയച്ച് ഇന്ത്യ അഞ്ചുവർഷത്തിനിടെ നേടിയ തുക 5805.42 കോടി രൂപ. കയറ്റിഅയച്ചത് 4.92 ലക്ഷം മെട്രിക് ടൺ. 2019-ലെ ആഗോള നാളികേര കൗൺസിലിന്റെ (ഐ.സി.സി.) കണക്കുപ്രകാരം ആഗോളവിപണിയിൽ ഉത്തേജിതകരിയുടെ ഇന്ത്യൻ വിഹിതം 35 ശതമാനമാണ്.   2020-’21-ൽ കയർ ഒഴികെയുള്ള നാളികേര ഉത്പന്നങ്ങൾ കയറ്റി അയച്ച വകയിൽ ആകെ നേടിയത് 2181 കോടി രൂപയാണ്. ഇതിൽ 1514 കോടി രൂപയും കിട്ടിയത് ഉത്തേജിതകരിയിൽനിന്ന്. ചിരട്ടക്കരി കയറ്റിയയച്ച വകയിൽ 32.11 കോടി രൂപയും കിട്ടി.

 ചിരട്ടയിൽനിന്ന് നിർമിക്കുന്ന ചിരട്ടപ്പൊടി, ചിരട്ടക്കരി, ചിരട്ടക്കരിയിൽനിന്നുള്ള ഉത്തേജിതകരി എന്നിവയ്ക്കെല്ലാം വലിയ ഡിമാൻഡാണ് അന്താരാഷ്ട്രതലത്തിൽ. ഉയർന്ന ഊഷ്മാവിലൂടെ നീരാവി ഉപയോഗിച്ച് രാസമാറ്റത്തിലൂടെ ചിരട്ടക്കരിയെ ഉത്തേജിപ്പിച്ചാണ് ഉത്തേജിത കരി ഉണ്ടാക്കുന്നത്.  ജലശുദ്ധീകരണം, വായുമലിനീകരണ നിയന്ത്രണം, സൗന്ദര്യവർധകവസ്തുക്കളുടെ നിർമാണം എന്നിവയ്ക്കാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

 2019-ൽ ഉത്തേജിതകരിയുടെ ആഗോളവിപണിമൂല്യം നാല് ദശലക്ഷം ഡോളറിന്റേതായിരുന്നു. 2025 ആകുമ്പോഴേക്കും ഇത്  ആറ് ദശലക്ഷം കടക്കുമെന്നാണ് പ്രതീക്ഷ. ചിരട്ടയുടെ ഭാവി ശുഭകരമാണെന്ന് സാരം.  കൂടുതൽ ചിരട്ട കിട്ടുന്ന സ്ഥലമാണെങ്കിലും ഇവ സംസ്കരിക്കുന്ന ആറ് സ്ഥാപനങ്ങൾ മാത്രമേ കേരളത്തിലുള്ളൂ. മലിനീകരണപ്രശ്നമുൾപ്പെടെ ഇത്തരം യൂണിറ്റുകൾ തുടങ്ങുന്നതിന് തടസ്സമാണ്. തമിഴ്‌നാട്ടിലും കർണാടകത്തിലുമായി നാല്പതോളം സ്ഥാപനങ്ങളുണ്ട്. കേരളത്തിലെ ഉൾനാടൻ ഗ്രാമങ്ങളിൽനിന്നുപോലും ചിരട്ട വീടുകൾകയറി ശേഖരിച്ച് തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകുന്ന ഒട്ടേറെ സംഘങ്ങളുണ്ട്. നൂറ് തേങ്ങയുടെ ചിരട്ടയ്ക്ക് 80 രൂപമുതൽ 100 രൂപവരെ നൽകിയാണ് ശേഖരണം.  ചിരട്ട പോലെത്തന്നെ പ്രധാനമാണ് കയർ ഉത്പന്നങ്ങളും. ആഗോളവിപണിയിൽ ഇവയുടെ ഇന്ത്യൻവിഹിതം 39 ശതമാനമാണ്.  2016-’17-ൽ 9.57 ലക്ഷം  മെട്രിക് ടൺ കയർ ഉത്പന്നങ്ങളാണ് കയറ്റിയയച്ചതെങ്കിൽ 2020-’21-ൽ അത് 11.57 മെട്രിക് ടണ്ണായി ഉയർന്നു. ഇതിൽത്തന്നെ വലിയ ഡിമാൻഡ് ചകിരിച്ചോറിനാണ്. കഴിഞ്ഞവർഷം 6.78 ലക്ഷം മെട്രിക് ടൺ ചകിരിച്ചോർ കയറ്റിയയച്ചു.

 സാധ്യതകൾ അനന്തം
കേരളത്തിൽ 85 ലക്ഷം കുടുംബങ്ങളുണ്ട്. ഇതിന്റെ പത്തുശതമാനം, അതായത് 8.5 ലക്ഷം കുടുംബം ഒരുവർഷം  ഒരു ലിറ്റർ തേങ്ങാപ്പാൽ ഉപയോഗിച്ചാൽത്തന്നെ 8.5 ലക്ഷം ലിറ്റർ തേങ്ങാപ്പാൽ വേണം. മാറുന്ന കാലത്ത് പെട്ടെന്ന് ഉപയോഗിക്കാൻ കഴിയുന്ന തേങ്ങാപ്പാലിന് ഡിമാൻഡുമുണ്ട്. എന്നാൽ, കേരളത്തിൽ ഇന്ന് ഉത്പാദിപ്പിക്കുന്നത്  രണ്ടുലക്ഷം ലിറ്ററിൽ  താഴെ തേങ്ങാപ്പാലാണ്. കണ്ണൂരിലെ ദിനേശ് ഫുഡ്, അഞ്ചരക്കണ്ടി ഫാർമേഴ്‌സ് സഹകരണബാങ്ക്, ഏറാമല സഹകരണബാങ്ക് തുടങ്ങി വിരലിലെണ്ണാവുന്ന കേന്ദ്രങ്ങളിൽ മാത്രമാണ് കേരളത്തിൽ തേങ്ങാപ്പാൽ നിർമാണം നടക്കുന്നത്.

തൂൾത്തേങ്ങ നിർമാണത്തിന് രാജ്യത്ത് നാളികേര വികസനബോർഡിൽ രജിസ്റ്റർ ചെയ്ത 80 ഓളം സ്ഥാപനങ്ങളുണ്ട്. അല്ലാത്തവയും കൂടി 150-ഓളം യൂണിറ്റുകൾ. ഇതിൽ 20-ൽ താഴെ യൂണിറ്റുകളാണ് കേരളത്തിലുള്ളത്. പ്രതീക്ഷ പകരുന്ന ഘടകം അടുത്തിടെ കേരളത്തിന്റെ തൂൾത്തേങ്ങയ്ക്ക് നല്ല ഡിമാൻഡുണ്ടെന്നതാണ്. 100 കോടി രൂപ മൂല്യമുള്ള ഉത്പന്നം കഴിഞ്ഞ മൂന്നുവർഷമായി കയറ്റിഅയക്കുന്നുണ്ട്.

 നാളികേര വികസനബോർഡിൽ രജിസ്റ്റർ ചെയ്ത നാളികേര ഉത്പന്ന കയറ്റുമതി സ്ഥാപനങ്ങൾ 3016 എണ്ണമാണ്. ഇതിൽ 1408 എണ്ണവും തമിഴ്‌നാട്ടിൽ. കേരളത്തിലുള്ളത് 453 സ്ഥാപനങ്ങൾ. തെങ്ങുകൃഷി തീരെ കുറവുള്ള മഹാരാഷ്ട്രയിൽ 518 സ്ഥാപനങ്ങളുണ്ട്. 2020-’21 വർഷത്തെ കയറ്റുമതി പട്ടികയിലുള്ളത് ആകെ 485 സ്ഥാപനങ്ങളാണ്. ഇതിൽ കേരളത്തിൽനിന്നുള്ളത് 80 എണ്ണം. (തുടരും)

തേങ്ങയിൽ നിന്ന്
കൊപ്ര, ഉണ്ടക്കൊപ്ര, വെളിച്ചെണ്ണ, തേങ്ങാപ്പാൽ, തൂൾത്തേങ്ങ,
കോക്കനട്ട് പൗഡർ, വെർജിൻ കോക്കനട്ട് ഓയിൽ, ലഡു, കോക്കനട്ട് സ്‌കിമ്ഡ് മിൽക്, ക്രീം, ചിപ്‌സ്, ഇളനീർ, തേങ്ങവെള്ളം, വിനാഗിരി, സ്‌ക്വാഷ്

ഉത്പന്നങ്ങൾക്ക് നല്ല ഡിമാൻഡ്
ഓണാട്ടുകര നാളികേര കമ്പനി 15-ഓളം നാളികേര ഉത്പന്നങ്ങൾ നിർമിക്കുന്നുണ്ട്. എല്ലാറ്റിനും നല്ല ഡിമാൻഡാണ്.  വെളിച്ചെണ്ണയിൽനിന്ന് കിട്ടുന്നതിനെക്കാൾ ലാഭവും കിട്ടുന്നുണ്ട്. പക്ഷേ, പ്രവർത്തനമൂലധനം ഇല്ലാത്തതിനാൽ വൻതോതിൽ ഉത്പാദനം സാധ്യമാകുന്നില്ല. ചെറിയ തോതിലാണ് ഉത്പാദനം. പ്രവർത്തനമൂലധനത്തിന് പലിശരഹിത വായ്പയായോ സബ്‌സിഡിയായോ സഹായം കിട്ടിയാൽ വലിയ മുന്നേറ്റമുണ്ടാക്കാനാകും.
ഡോ. രമണി ഗോപാലകൃഷ്ണൻ
സി.ഇ.ഒ. ഓണാട്ടുകര നാളികേര കമ്പനി,
റിട്ട. ഡയറക്ടർ ഇൻ ചാർജ്,
നാളികേര വികസനബോർഡ്