ജൈവവൈവിധ്യ ബോർഡ്‌ സംസ്ഥാന പുരസ്കാരങ്ങൾ ഈയിടെ പ്രഖ്യാപിക്കുകയുണ്ടായി. സംസ്ഥാനതല അവാർഡായതിനാലോ വിവിധ പാരിസ്ഥിതികദിനാചരണങ്ങളുടെ ഫലമായി വർധിച്ച അവബോധത്താലോ  പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ സ്വാഭാവികമായുണ്ടാകുന്ന തിരിച്ചറിവാലോ ഒക്കെയാകാം ഈ വിഷയവും 13 ഇനങ്ങളിലെ അവാർഡുകളും ശ്രദ്ധിക്കപ്പെട്ടു. അവാർഡുജേതാക്കളുടെ ജൈവവൈവിധ്യസംരക്ഷണരംഗത്തെ ശ്രമങ്ങളും കൈവരിച്ച നേട്ടങ്ങളും മികച്ച വാർത്തകളുമായി.എന്നാൽ, ഈ അവാർഡുശ്രേണിയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു അവാർഡായ മികച്ച ബി.എം.സി. (Biodiversity Management Committe) അഥവാ ജൈവവൈവിധ്യ പരിപാലനസമിതിക്കുള്ള അവാർഡിന്‌ ചില വാർത്തകളിലെങ്കിലും അർഹിക്കുന്ന ഊന്നൽ ലഭിച്ചില്ല. ബി.എം.സി.കളെപ്പറ്റി ജനങ്ങൾക്ക്‌ വേണ്ടത്ര അവബോധമുണ്ടോയെന്ന സംശയം സ്വാഭാവികമായും ഉണ്ട്‌.  എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ബി.എം.സി.കൾ രൂപവത്‌കരിക്കേണ്ടതുണ്ടെന്നും 2002-ലെ ജൈവവൈവിധ്യനിയമം ഇത്‌ അനുശാസിക്കുന്നുണ്ടെന്നും നിയമപ്രകാരമുള്ള ഈ ബാധ്യത പൂർത്തീകരിക്കാത്ത സംസ്ഥാനങ്ങൾക്കുമേൽ ദിനംപ്രതി പിഴചുമത്താൻ ദേശീയ ഹരിതട്രിബ്യൂണൽ ഉത്തരവാകുന്ന അവസ്ഥപോലും സംജാതമായി എന്ന്‌ എത്രപേർക്ക്‌ അറിയാം.

ജൈവവൈവിധ്യം അഥവാ ജീവജാലങ്ങളിലെ വൈവിധ്യം ഒരു സമ്പത്താണെന്നും അത്‌ സംരക്ഷിക്കേണ്ടതാണെന്നും അവയുടെ ഉപയോഗം നിയന്ത്രണവിധേയമാക്കേണ്ടതാണെന്നുമുള്ള അടിസ്ഥാനതത്ത്വങ്ങളെ ആധാരമാക്കി നിലവിൽവന്ന ജൈവവൈവിധ്യ നിയമപ്രകാരം എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും രൂപവത്‌കരിക്കേണ്ട എട്ടംഗ സമിതിയാണ്‌ ബി.എം.സി.കൾ. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും അധികാരപരിധിയിലെ ജൈവവൈവിധ്യത്തെയും അവയെ ഉൾക്കൊള്ളുന്ന സ്വാഭാവിക ഇടങ്ങളെയും സംരക്ഷിക്കേണ്ടതിന്റെ അടിസ്ഥാന ഉത്തരവാദിത്വം ഈ ബി.എം.സി.കൾക്കാണ്‌. ഇതിലേക്ക്‌ ആവശ്യമായ പദ്ധതികൾ വിഭാവനംചെയ്യുക, സാമ്പത്തികസ്രോതസ്സുകൾ കണ്ടെത്തുക, ഫലപ്രദമായി പദ്ധതികൾ നടപ്പാക്കുക തുടങ്ങിയ ഏറ്റവും പ്രധാനപ്പെട്ട, വരുംതലമുറകളുടെപോലും സുസ്ഥിരത ഉറപ്പാക്കാനുതകുന്ന, കടമകളാണ്‌ ബി.എം.സി.കൾക്കുള്ളത്‌. ഇതിന്‌ വിഘാതം സൃഷ്ടിക്കുന്ന പ്രവൃത്തികളിൽ ഇടപെടാനും നടപടികൾ സ്വീകരിക്കുന്നതിലേക്ക്‌ വഴിയൊരുക്കാനും ബി.എം.സി.കൾക്കാകും. ജനകീയ ജൈവവൈവിധ്യ രജിസ്റ്റർ (People’s Biodiversity Register-PBR) എന്ന, ഒരു മേഖലയിലെ ജൈവസമ്പത്തിനെ സംബന്ധിക്കുന്ന അടിസ്ഥാനവിവരങ്ങൾ ക്രോഡീകരിച്ച്‌ സൂക്ഷിക്കുക, ഇത്‌ കാലാകാലങ്ങളിൽ പുതുക്കുക, ജൈവവൈവിധ്യ പ്രാധാന്യമേഖലകളെ കണ്ടെത്തി പൈതൃകകേന്ദ്രങ്ങളാക്കി (Biodiversity Heritage Site) പ്രഖ്യാപിച്ച്‌ സംരക്ഷിക്കുക എന്നിങ്ങനെ ജൈവവൈവിധ്യസംരക്ഷണം അഥവാ നിലനിൽപ്പിന്റെ ശാസ്ത്രവഴികളിലെ ക്രിയാത്മകമായ ഒട്ടേറെ സാധ്യതകളാണ്‌ ഓരോ ബി.എം.സി.യും.

അസന്തുലിത ജൈവവിഭവവിനിയോഗവും സ്വാഭാവിക ആവാസവ്യവസ്ഥകളുടെ അശാസ്ത്രീയ രൂപാന്തരങ്ങളും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ഒഴിവാക്കാനും തദ്ദേശജനങ്ങളുടെ ജീവനും ജീവനോപാധിയും സംരക്ഷിച്ച്‌ ശക്തമായി നിലയുറപ്പിക്കാനുമാകുന്ന ഈ സ്ഥാപനസജ്ജീകരണത്തെ സമൂഹം ഒന്നാകെ അറിയേണ്ടതുണ്ട്‌. ശ്രദ്ധേയമായ പ്രവർത്തനങ്ങളാൽ ഏറ്റവും മികച്ച ബി.എം.സി.കൾക്കുള്ള അവാർഡുകൾ നേടിയ പീലിക്കോടും കുറുമാത്തൂരും വെള്ളിനേഴിയും കിനാനൂർ-കരിന്തളം ഗ്രാമപ്പഞ്ചായത്ത്‌ ബി.എം.സി.യുമൊക്ക മാതൃകകളാണ്‌. തുടർന്നും എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഉണ്ടാകട്ടെ ശക്തമായ ഹരിതകർമപഥങ്ങളിലെ ഇത്തരം മൂന്നക്ഷരമുന്നേറ്റങ്ങൾ. കാരണം, ആ ശക്തിയിലാണ്‌ നമ്മുടെ വികസന സുസ്ഥിരതയുടെ ഭാവി.