​ജൈവ വൈവിധ്യ പരിപാലന സമിതികളെപ്പറ്റി (ബി.എം.സി.) ഇപ്പോൾ പറയുന്നതിനു കാരണമുണ്ട്.  ജനുവരി മുപ്പതിനകം പുതിയ ബി.എം.സി.കൾ രൂപവത്കരിക്കാൻ നിലവിലുള്ള 941 ഗ്രാമപ്പഞ്ചായത്തുകളോടും 87 മുനിസിപ്പാലിറ്റികളോടും ആറു കോർപ്പറേഷനുകളോടും  സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ തദ്ദേശഭരണ സ്ഥാപനവും സ്വന്തമായ ദുരന്തനിവാരണ പദ്ധതികൾ രൂപപ്പെടുത്തിവരുന്ന സമയം കൂടിയാണിത്. കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുംവിധം ബി.എം.സി.കളെ പുനഃസംഘടിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അവയിലെ അംഗങ്ങളുടെ തിരഞ്ഞെടുപ്പിന് അനുവർത്തിക്കുന്ന മാനദണ്ഡങ്ങൾമുതൽ തുടങ്ങണം മാറ്റം

environmentജൈവവൈവിധ്യ പരിപാലനത്തിൽ കേരളം  ശ്രദ്ധേയമായ ഒരു നേട്ടം കൈവരിച്ചതായ ഒരു വാർത്ത 2012 ഒക്ടോബറിൽ ദേശീയ-പ്രാദേശിക മാധ്യമങ്ങളിൽ വന്നിരുന്നു. രാജ്യത്ത് തദ്ദേശഭരണ സ്ഥാപനങ്ങൾക്കുകീഴിൽ ജൈവവൈവിധ്യ പരിപാലന സമിതി (ബയോഡൈവേഴ്സിറ്റി മാനേജ്‌മെന്റ് കമ്മിറ്റികൾ-BMC) രൂപവത്കരിക്കുന്ന പ്രക്രിയ പൂർത്തിയാക്കിയ ആദ്യ സംസ്ഥാനം എന്ന പദവി കേരളം കരസ്ഥമാക്കി എന്നതായിരുന്നു വാർത്ത.

സംസ്ഥാനത്തിന്റെ തൊപ്പിയിൽ അങ്ങനെ പുതിയ ഒരു തൂവൽകൂടി തുന്നിച്ചേർത്തു. യു.ഡി.എഫിന്റെ ഭരണകാലമായിരുന്നു അത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയാണ് ഇതുമായി ബന്ധപ്പെട്ട ഔദ്യോഗികപ്രഖ്യാപനം നടത്തിയത്. 

മൗലികമായ ആശയം

ഓരോ തദ്ദേശഭരണ സ്ഥാപനത്തിനുകീഴിലും ഒരു ജൈവവൈവിധ്യ പരിപാലന സമിതി എന്ന ആശയം ഇന്ത്യ സ്വീകരിക്കുന്നത് 2002-ലാണ്. സി.ബി.ഡി.യിൽ ഒപ്പുവെച്ച രാഷ്ട്രം എന്ന നിലയിൽ അതിന്റെ ലക്ഷ്യങ്ങൾ നടപ്പാക്കാനുള്ള നടപടികളെടുക്കാൻ ഇന്ത്യയും ബാധ്യസ്ഥമായിരുന്നു.

 പ്രകൃതിയെയും പരിസ്ഥിതിയെയും സസ്യ-ജന്തു ജാലങ്ങളെയും വേണ്ടവിധം പരിപാലിക്കുക, വിധ്വംസകമല്ലാത്ത വിധം പ്രകൃതിവിഭവങ്ങൾ ഉപയോഗിക്കുക, അങ്ങനെ ഉപയോഗിക്കുന്നവർ ഉണ്ടാക്കുന്ന സാമ്പത്തികനേട്ടം  പ്രാദേശിക സമൂഹവുമായി നീതിപൂർവം പങ്കുവെക്കുക തുടങ്ങിയവയാണ് സി.ബി.ഡി.യുടെ പ്രധാന ലക്ഷ്യങ്ങൾ.

 ഇതിനുവേണ്ടി 2002-ൽ നാഷണൽ ബയോഡൈവേഴ്‌സിറ്റി ആക്ട് കൊണ്ടുവന്നു. അത് നടപ്പാക്കാനുള്ള ചട്ടങ്ങൾ 2004-ൽ രൂപവത്‌കരിച്ചു. ദേശീയതലത്തിൽ ഒരു അതോറിറ്റിയും സംസ്ഥാനതലത്തിൽ ഒരു ബോർഡും പ്രാദേശികതലത്തിൽ ബി.എം.സി.കളും  എന്ന രീതിയിലാണ് ജൈവവൈവിധ്യ പരിപാലനത്തിനുള്ള ഘടന വിഭാവനം ചെയ്യപ്പെട്ടത്. 

നേട്ടം തലക്കെട്ടുകളിൽ മാത്രം

കേന്ദ്രം ആവശ്യപ്പെട്ടതനുസരിച്ച്  മറ്റു സംസ്ഥാനങ്ങളെപ്പോലെ കേരളവും സ്വന്തമായി ഒരു  ജൈവവൈവിധ്യനിയമം (2008) പാസാക്കുകയും ജൈവവൈവിധ്യ ബോർഡിനു രൂപംനൽകുകയും ചെയ്തു. തൊട്ടടുത്ത വർഷംതന്നെ ബി.എം.സി.കൾ  രൂപവത്‌കരിക്കുന്ന പ്രക്രിയ ആരംഭിച്ചു. സി.ബി.ഡി.യുടെ ലക്ഷ്യങ്ങൾ പ്രാദേശികതലത്തിൽ നടപ്പാക്കുന്നതിന്നുപുറമേ വികസനപദ്ധതികൾ രൂപവത്‌കരിക്കുമ്പോൾ പരിസ്ഥിതി, ജൈവവൈവിധ്യം തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കേണ്ട ഉത്തരവാദിത്വവും  ബി.എം.സി.കൾക്കു നൽകി. 

ജൈവവൈവിധ്യ കമ്മിറ്റികളുടെ കാര്യത്തിൽ ദേശീയതലത്തിൽ നേട്ടം കൈവരിച്ചതിനുശേഷം കേരളം ഒരു പടികൂടി മുന്നോട്ടുപോയി; 2013-ൽ ബി.എം.സി.കളെ ‘പരിസ്ഥിതിയുടെ കാവൽക്കാരായി’ നിയോഗിക്കുന്ന ഒരു ഉത്തരവ്  സംസ്ഥാനസർക്കാർ ഇറക്കി. അതും വാർത്തയായി.പക്ഷേ, എവിടെയാണ് ഈ കാവൽക്കാർ? കാണാനേയില്ലല്ലോ? കഴിഞ്ഞ എട്ടുവർഷത്തിൽ കാടുകളും മലകളും പുഴകളും പുഴയോരങ്ങളും  ചെങ്കൽക്കുന്നുകളും നെൽവയലുകളും കായലും കണ്ടൽക്കാടുകളുമൊക്കെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങളും ജനകീയ സമരങ്ങളുമൊക്കെ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. അപ്പോഴൊന്നും ബി.എം.സി.കളുടെ ശബ്ദം  ഉയർന്നുകേട്ടിട്ടില്ല. അവിടെയുമിവിടെയുമൊക്കെയായി ചില കമ്മിറ്റികൾ സജീവമായി പ്രവർത്തിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും. 

രേഖകളിൽ മാത്രം

എന്തുകൊണ്ടാണ് ഈ നിശ്ശബ്ദത എന്നു സംസ്ഥാന ജൈവവൈവിധ്യ ബോർഡിലുള്ളവരോടും ഉണ്ടായിരുന്നവരോടും ബോർഡിനുകീഴിൽ  പ്രവർത്തിക്കുന്ന ജില്ലാ കോ-ഓർഡിനേറ്റർമാരോടും തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഭരണസമിതികളോടും അംഗങ്ങളോടും ചില ബി.എം.സി.കളോടും  ആരാഞ്ഞതിൽനിന്ന് മനസ്സിലായത് ബി.എം.സി.കളിൽ ഭൂരിഭാഗവും രേഖകളിൽ മാത്രമേയുള്ളൂ എന്നാണ്. പല പഞ്ചായത്തുകളിലും വാർഡ് മെമ്പർമാർ ബി.എം.സി.യെക്കുറിച്ചു കേട്ടിട്ടുപോലുമില്ല. 

ബി.എം.സി.യിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതുമുതൽ തുടങ്ങുന്നു പ്രശ്നങ്ങൾ.  ഭരണസമിതിയിലുള്ളവർ സ്വന്തം രാഷ്ട്രീയപ്പാർട്ടികളിൽ പെട്ടവരെയും തങ്ങളുടെ ഇംഗിതങ്ങളും വികസന സങ്കല്പങ്ങളും അനുസരിച്ച് പ്രവർത്തിക്കുമെന്ന്  വിശ്വാസമുള്ളവരെയും നോമിനേറ്റ് ചെയ്യും. അവർ പരിസ്ഥിതിയും ജൈവവൈവിധ്യവും സ്വന്തവും സമൂഹത്തിന്റെയും നിലനിൽപ്പിന്റെ ഭാഗമായി കാണുന്നവർ  ആകണമെന്നില്ല.

അവർക്ക്‌ ഈ വിഷയങ്ങളിൽ അറിവോ  താത്‌പര്യമോ ഉണ്ടാവണമെന്നില്ല. മാത്രമല്ല, താത്‌പര്യമുള്ളവരെ ഒരു കാരണവശാലും അടുപ്പിക്കുകയുമില്ല.  ബി.എം.സി. രൂപവത്‌കരിക്കുന്നതിന് പ്രാദേശികമായിട്ടുള്ള ജനവിഭാഗങ്ങളുടെയും (ആദിവാസികൾ തുടങ്ങിയവർ) സംഘടനകളുടെയും ജില്ലാതലത്തിൽ ജൈവവൈവിധ്യ ബോർഡ് രൂപവത്‌കരിച്ചിട്ടുള്ള സാങ്കേതിക സഹായ സംഘത്തിന്റെയും (Technical Support Group- TSG) അഭിപ്രായങ്ങൾ  പരിഗണിക്കേണ്ടതാണ് എന്ന് ബോർഡിന്റെ കൈപ്പുസ്തകത്തിൽ പറയുന്നുണ്ട്. പക്ഷേ, അത്തരം നിർദേശങ്ങളെല്ലാം അവഗണിക്കപ്പെടുകയാണ്.

പ്രഹസനം മാത്രം

വർഷത്തിൽ മൂന്നുതവണ ബി.എം.സി. യോഗം ചേരണമെന്നാണ് ചട്ടം. പക്ഷേ, യോഗങ്ങൾ കൃത്യമായി കൂടാറില്ല; ചേർന്നതായി മിനുട്‌സ് ഉണ്ടായേക്കാമെങ്കിലും. ജൈവവൈവിധ്യ ബോർഡിന്റെ  ജില്ലാ കോ-ഓർഡിനേറ്റർമാർ പലതവണ ആവശ്യപ്പെട്ടാലാണ് യോഗം വിളിക്കുക. പ്രസിഡന്റും സെക്രട്ടറിയും മിക്കപ്പോഴും പങ്കെടുക്കില്ല; അവർക്ക് മറ്റു പല തിരക്കുകളും മുൻഗണനകളും കാണും.

അംഗങ്ങൾക്കുമില്ല താത്‌പര്യം. പല മേഖലകളിൽനിന്നുമുള്ള വിദഗ്‌ധരെ പ്രത്യേക ക്ഷണിതാക്കളായി യോഗത്തിലേക്കു വിളിക്കാവുന്നതാണെന്നു നിയമത്തിൽ പറയുന്നുണ്ടെങ്കിലും അങ്ങനെയൊന്നും നടക്കാറില്ല. നന്നായി പ്രവർത്തിക്കാൻ ശ്രമിക്കുന്ന ചില ബി.എം.സി.കൾ ഇല്ലെന്നല്ല. അനധികൃതമായും അനിയന്ത്രിതമായും പ്രവർത്തിക്കുന്ന ക്വാറികൾക്കും മറ്റും എതിരേ ശബ്ദമുയർത്താൻ ശ്രമിച്ചിട്ടുള്ളവ. എന്നാൽ, സംസ്ഥാനസർക്കാരിന്റെ നയം ഒന്നും നടപടി മറ്റൊന്നും ആകുന്ന വൈരുധ്യംകാരണം പ്രതീക്ഷയറ്റു പ്രവർത്തിക്കാതായി മാറുകയാണ് അവയും.

‘പരിസ്ഥിതിയുടെ കാവൽക്കാർ’ എന്ന പട്ടമൊക്കെയുണ്ടെങ്കിലും പ്രശ്നങ്ങൾ മേലധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനപ്പുറം നിയമവിരുദ്ധമായി പ്രവർത്തിക്കുന്നവർക്കെതിരേ നടപടിയെടുക്കാനുള്ള അധികാരമൊന്നും ബി.എം.സി.ക്കില്ല. സംസ്ഥാന ജൈവവൈവിധ്യ ബോർഡിനാകട്ടെ, കാര്യങ്ങൾ നിർദേശിക്കുക എന്ന ഉപദേശകറോൾ മാത്രമേയുള്ളൂ. കഴിഞ്ഞ അഞ്ചുവർഷങ്ങളിൽ പലതരം ദുരന്തങ്ങളിലൂടെയാണ് സംസ്ഥാനം കടന്നുപോയത്. 

ഉഷ്ണവാതം, വരൾച്ച, പേമാരി, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, കാട്ടുതീ, കടലാക്രമണം അങ്ങനെ പലതും. ഓരോ ദുരന്തവും പാരിസ്ഥിതിക തകർച്ചയ്ക്കും വലിയ തോതിലുള്ള ജൈവവൈവിധ്യനഷ്ടത്തിനും ഇടവരുത്തുന്നുണ്ട്. മറുഭാഗത്ത്,  ജൈവവൈവിധ്യനഷ്ടം കാലാവസ്ഥാവ്യതിയാനത്തിന് ആക്കം കൂട്ടുന്നുമുണ്ട്. കാലാവസ്ഥാവ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടാനുള്ള ശ്രമത്തിൽ  പ്രാദേശികമായ പരിസ്ഥിതി-ജൈവവൈവിധ്യ സംരക്ഷണത്തിനു വലിയ പ്രാധാന്യമുണ്ടെന്ന് 2018-ൽ സംസ്ഥാനത്തുണ്ടായ പ്രളയത്തിന്റെ കെടുതികൾ വിലയിരുത്തിക്കൊണ്ട് ഐക്യരാഷ്ട്രസഭയുടെ പത്ത് ഏജൻസികളും മറ്റു വിദഗ്‌ധരും ചേർന്നു തയ്യാറാക്കിയ പി.ഡി.എൻ.എ. റിപ്പോർട്ടിൽ പ്രത്യേകം പറയുന്നുണ്ട്. ആരെങ്കിലും ചെവിയോർക്കുന്നുണ്ടോ. 

ജൈവവൈവിധ്യ ബോർഡ് എന്തിന് ?

ജൈവവൈവിധ്യ പരിപാലനത്തിനുവേണ്ടി ബി.എം.സി.കൾ രൂപവത്കരിക്കുന്നതിനു പുറമേ, തദ്ദേശഭരണ സ്ഥാപനങ്ങൾ അതതു പ്രദേശത്ത് ജൈവവൈവിധ്യ മാപ്പിങ്‌ നടത്തി രജിസ്റ്ററുകൾ (People's Biodiversity Register -PBR) ഉണ്ടാക്കണമെന്നും കേന്ദ്ര-സംസ്ഥാന നിയമങ്ങൾ അനുശാസിക്കുന്നുണ്ട്. പി.ബി.ആർ. ബൃഹത്തായ ഒരു ഡോക്യുമെന്റാണെന്നു സംസ്ഥാന ബയോഡൈവേഴ്സിറ്റി ബോർഡ് തന്നെ പറയുന്നുണ്ട്. ഓരോ തദ്ദേശഭരണസ്ഥാപനത്തിന്റെയും പരിധിയിൽ ഉൾപ്പെടുന്ന വിവിധതരം ഭൂപ്രദേശങ്ങൾ, ജലസ്രോതസ്സുകൾ, അവിടെയുള്ള കാട്, മരങ്ങൾ, കുറ്റിക്കാടുകൾ, വള്ളികൾ, വിളകൾ, മൃഗങ്ങൾ, പക്ഷികൾ, മത്സ്യങ്ങൾ, അവയുടെ പ്രത്യേകതകൾ, നാട്ടറിവുകൾ, ജൈവ വൈവിധ്യത്തിന്റെ നിലവിലുള്ള അവസ്ഥ, ചരിത്രം, മാറ്റങ്ങൾ, മാറ്റത്തിന്റെ കാരണങ്ങൾ അങ്ങനെയങ്ങനെ വലിയൊരു വിഭവവിവരസമാഹാരമാണ് പി.ബി.ആർ. ഉള്ള വിഭവങ്ങളുടെ സംരക്ഷണത്തിലും മെച്ചപ്പെടുത്തലിലും ഊന്നിക്കൊണ്ട് പ്രാദേശിക വികസനം നടപ്പാക്കുന്നതിനുള്ള അടിസ്ഥാനരേഖയാണത്. 

(സ്വതന്ത്ര മാധ്യമപ്രവർത്തകയാണ് ലേഖിക)