വൈദ്യുതിയുണ്ട്, കരാറുണ്ട്, ലൈനുണ്ട്
കേരളത്തിന്റെ നിലവിലെ വൈദ്യുതാവശ്യകത കണക്കിലെടുത്താൽ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിക്ക് പ്രസക്തിയില്ല. കാരണം കേരളത്തിന് പുറത്തുനിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിക്കാനുണ്ട്. ഇവിടെ പരിസ്ഥിതിനാശമുണ്ടാക്കുന്ന ജലവൈദ്യുത പദ്ധതികൾ സ്ഥാപിച്ചില്ലെങ്കിലും മറ്റു സംസ്ഥാനങ്ങളിൽനിന്ന് ന്യായമായ വിലയ്ക്ക് വൈദ്യുതി കിട്ടാനുണ്ടെന്നതാണ് രാജ്യത്തെ സ്ഥിതി. ആവശ്യകത കുറവായതിനാൽ ഇന്ത്യയിൽ ഇപ്പോൾ വൈദ്യുതോത്പാദനം അധികമാണ്.
കേരളത്തിലേക്ക് വൈദ്യുതി കൊണ്ടുവരാൻ ലൈനില്ലാത്തതായിരുന്നു മുൻകാലത്തെ പ്രശ്നം. ഇപ്പോൾ ശേഷികൂടിയ ലൈനുകളുമുണ്ട്. വൈദ്യുതി വാങ്ങാൻ വിവിധ സ്വകാര്യ കമ്പനികളുമായി സംസ്ഥാന വൈദ്യുതി ബോർഡ് ഉണ്ടാക്കിയ ദീർഘകാല കരാറുകൾക്ക് ഇനിയും ഇരുപത് വർഷത്തിലേറെ കാലാവധിയുമുണ്ട്.
ഉത്പാദനം, ഇറക്കുമതി
കേരളത്തിൽ വർഷം 2500 കോടി യൂണിറ്റ് വൈദ്യുതിയാണ് ആവശ്യമുള്ളത്. സംസ്ഥാനത്ത് ചെറുതും വലുതുമായ 37 ജലവൈദ്യുത പദ്ധതികളുണ്ട്. ഇവിടങ്ങളിൽ വർഷം 650 കോടി യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. ഉത്പാദനച്ചെലവ് വളരെക്കൂടിയതിനാൽ കേരളത്തിലെ താപനിലയങ്ങളിൽ ഇപ്പോൾ വൈദ്യുതി ഉത്പാദിപ്പിക്കുന്നില്ല. 11 കേന്ദ്രനിലയങ്ങളിൽനിന്നായി 1100 കോടി യൂണിറ്റുവരെ ലഭിക്കാം.
കരാറുകൾ 2039-40 വരെ
കൂടാതെ, ആറ് സ്വകാര്യനിലയങ്ങളിൽനിന്ന് വൈദ്യുതിവാങ്ങാൻ 25 വർഷംവരെ നീളുന്ന കരാറിൽ വൈദ്യുതി ബോർഡ് ഏർപ്പെട്ടിട്ടുണ്ട്. 800 കോടി യൂണിറ്റാണ് ഇങ്ങനെ ലഭിക്കുന്നത്. ഈ കരാറുകൾ 2039-40 വരെ നീളും. ഉപയോഗിച്ചാലും ഇല്ലെങ്കിലും ഈ കരാർ നിലനിൽക്കും. ബോർഡ് പണവും നൽകണം. ഹ്രസ്വകാല കരാറുകൾ വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്ന് റെഗുലേറ്ററി കമ്മിഷനുകളുടെ വിമർശനമാണ് ദീർഘകാല കരാറുകളിലേക്ക് നയിച്ചത്. എന്നാൽ, ലോക്ഡൗൺ കാലത്ത് ഉപഭോഗം കുറഞ്ഞതിനാൽ കരാർ പ്രകാരമുള്ള വൈദ്യുതി മുഴുവൻ വാങ്ങാതെ സറണ്ടർ ചെയ്യുകയായിരുന്നു ബോർഡ്. എന്നാലും ഫിക്‌സഡ് ചാർജ് കൊടുക്കണം. ഇത് വലിയ സാമ്പത്തികനഷ്ടമാണ് ബോർഡിനുണ്ടാക്കിയത്.
കേരളത്തിനുവേണ്ട വൈദ്യുതിയുടെ നാലിൽ മൂന്നു ഭാഗവും ഇങ്ങനെ പുറത്തെ നിലയങ്ങളിൽനിന്ന് എത്തുന്നതാണ്.
ഇതുകൂടാതെ ലഭ്യതയിൽ എന്തെങ്കിലും കുറവുവന്നാൽ പരിഹരിക്കുന്നതിനായി ഹ്രസ്വകാല കരാറുകളിലും ബോർഡ് ഏർപ്പെടുന്നു. ദിവസേനയുള്ള ഏറ്റക്കുറച്ചിൽ നേരിടാൻ പവർ എക്‌സ്‌ചേഞ്ചിൽനിന്നു വൈദ്യുതി വാങ്ങുന്നുണ്ട്.
പവർ ഹൈവേകൾ താങ്ങും
ഇടമൺ-കൊച്ചി പവർ ഹൈവേ അടുത്തിടെ പ്രവർത്തനക്ഷമമായതോടെ പുറത്തുനിന്ന് വൈദ്യുതി എത്തിക്കാനുള്ള അപര്യാപ്തത മാറി. ഇനി തമിഴ്‌നാട്ടിലെ പുകലൂരിൽനിന്ന് മാടക്കത്തറയിലേക്കുള്ള ലൈൻകൂടി പൂർണമായും പ്രവർത്തനക്ഷമമാകുന്നതോടെ ദിവസേന കേരളത്തിലേക്ക് ഏഴുകോടി യൂണിറ്റ് വൈദ്യുതി എത്തിക്കാനാവും. ഇവിടെ ദിവസേന ശരാശരി ഉപയോഗിക്കുന്നതും ഏഴുകോടി യൂണിറ്റാണ്.
പ്രസരണ വിതരണ നഷ്ടവും കേരളത്തിന് ഗണ്യമായി കുറയ്ക്കാനായി. 2003-04ൽ 30.76 ശതമാനമായിരുന്നു കേരളത്തിലെ പ്രസരണ വിതരണ നഷ്ടം. 2017-18ൽ ഇത് 13.07 ശതമാനമായി കുറഞ്ഞു. 18,431.93 കോടി രൂപയുടെ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് തുല്യമാണ് ഈ നേട്ടം.
വില തുടക്കത്തിൽ ഉയർന്നുതന്നെ
ജലവൈദ്യുതിക്ക് വിലകുറവാണെന്ന വാദത്തിൽ കഴമ്പില്ല. നിലയം ഉണ്ടാക്കാൻ ഏഴുവർഷം വേണം. ഇന്നത്തെ കണക്കിൽ തുടക്കത്തിലെ ഉത്പാദനത്തിന് 4.50 രൂപവരെ ചെലവുണ്ടാകും. വർഷം ചെല്ലുന്തോറും വില കുറയും. മുടക്കുമുതൽ തിരികെക്കിട്ടാൻ 12 വർഷം വേണം. അന്നുവരെ വില ഉയർന്നുതന്നെ നിൽക്കും. കേരളത്തിലെ നിലയങ്ങൾക്ക് ദശകങ്ങൾ പഴക്കമുള്ളതുകൊണ്ടാണ് ശരാശരി വില കുറഞ്ഞിരിക്കുന്നത്. അതിരപ്പിള്ളി പദ്ധതിയുടെ ചെലവ് ഏറ്റവും ഒടുവിലത്തെ പദ്ധതി റിപ്പോർട്ട് അനുസരിച്ച് 990 കോടിയാണ്.
ഈ സാഹചര്യം തുടരുമോ?
എന്നാൽ, ഭാവിയിലെ സാഹചര്യം ഇതാകണമെന്നില്ലെന്നാണ് വൈദ്യുതിബോർഡിന്റെ നിലപാട്. ആവശ്യമുള്ളതിന്റെ 30 ശതമാനം മാത്രമേ ഇവിടെ ഉത്പാദിപ്പിക്കുന്നുള്ളൂ. വെള്ളമില്ലെങ്കിൽ അതുമില്ല. വൈദ്യുതി ആവശ്യകത വർഷംതോറും എട്ടുശതമാനംവരെ കൂടുന്നുണ്ട്. രാജ്യത്താകമാനം വൈദ്യുതി ഉപഭോഗം വർധിച്ചാൽ ആഭ്യന്തര ഉത്പാദനം കൂട്ടാതെ കേരളത്തിന് പിടിച്ചുനിൽക്കാനാവില്ല. കാസർകോട് താപനിലയമുണ്ടാക്കാനുള്ള പദ്ധതി നടന്നില്ല. കൊച്ചിയിലെ പെറ്റ് കോക്ക് പദ്ധതിയും മുന്നോട്ടുപോയില്ല. സോളാർ പ്ലാന്റ് സ്ഥാപിക്കാൻ കേരളത്തിൽ ഭൂമിയില്ല. കേരളത്തിൽ ഇനി സാധ്യതയുള്ള വലിയ പദ്ധതി അതിരപ്പിള്ളി മാത്രമാണ്. നേരത്തേ അനുവദിച്ച അതിരപ്പിള്ളി ഉൾപ്പെടെയുള്ള പദ്ധതികളുടെ അനുമതി കാലഹരണപ്പെട്ടെന്ന് കേന്ദ്ര വൈദ്യുതി അതോറിറ്റി അവരുടെ അവലോകനയോഗത്തിൽ കണ്ടെത്തി. അനുമതി തുടരണമെങ്കിൽ അപേക്ഷിക്കണമെന്ന് അവർ കത്തിലൂടെ ആവശ്യപ്പെട്ടു. വൈദ്യുതി ബോർഡ് സംസ്ഥാന സർക്കാരിന്റെ അഭിപ്രായം തേടി. സംസ്ഥാന സർക്കാർ എൻ.ഒ.സി. നൽകി. അതുൾപ്പെടുത്തി പദ്ധതിക്കുള്ള സാമ്പത്തിക, സാങ്കേതിക അനുമതിക്ക് എഴുതിയെന്നുവെച്ച് അത് കിട്ടുമെന്ന് അർഥമില്ല. അവരുടെ അന്വേഷണങ്ങൾക്കെല്ലാം വിശദീകരണം നൽകണം -ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള പറഞ്ഞു.
പാരിസ്ഥിതിക ദുരന്തം
# ജയറാം രമേഷ്
അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി മുന്നോട്ടുപോകാൻ കെ.എസ്.ഇ.ബി.ക്ക് സംസ്ഥാനസർക്കാർ അനുമതി നൽകിയതിനെതിരേ മുൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ജയറാം രമേഷ് രംഗത്ത്. അനുമതി നൽകുന്നതിലൂടെ പാരിസ്ഥിതിക ദുരന്തത്തിനാണ് സർക്കാർ വഴിവെക്കുന്നതെന്ന് ബുധനാഴ്ച ജയറാം രമേഷ് ട്വിറ്ററിൽ പ്രതികരിച്ചു. അതിരപ്പിള്ളി പദ്ധതിക്ക് വീണ്ടും തുടങ്ങാൻ എൻ.ഒ.സി. അനുവദിച്ചതിനെക്കുറിച്ചുള്ള മാതൃഭൂമി വാർത്തയെത്തുടർന്നായിരുന്നു പ്രതികരണം. 2018-ലെ പ്രളയത്തിനുശേഷം കേരളസർക്കാരിന് കുറച്ചെങ്കിലും പരിസ്ഥിതിപരമായ അവബോധം ഉണ്ടായിക്കാണുമെന്നാണ് താൻ കരുതിയത്. എന്നാൽ, സംസ്ഥാനത്ത് കരാറുകാരുടെ ലോബിയാണ് ശക്തം. ജയറാം രമേഷ് അഭിപ്രായപ്പെട്ടു.