പദ്ധതി വിഭാവനം ചെയ്ത 38 വർഷം മുമ്പുള്ള സമവാക്യങ്ങളൊന്നും ഇപ്പോൾ അന്തരീക്ഷത്തിൽ പോലുമില്ല. 1982-ൽ പ്രോജക്ട് തയ്യാറാക്കിയപ്പോൾ വൈദ്യുതിവകുപ്പ് പറഞ്ഞത് 993 കോടി രൂപയ്ക്ക് പദ്ധതി പ്രാവർത്തികമാക്കാമെന്നായിരുന്നു. എന്നാൽ, അന്നുതന്നെ പദ്ധതിച്ചെലവ് 1,500 കോടി രൂപയെങ്കിലുമാകുമെന്ന് വകുപ്പിലെ വിദഗ്ധർ തന്നെ വിലയിരുത്തിയിരുന്നു. ആയിരം കോടി രൂപയ്ക്ക് മുകളിൽ പദ്ധതിച്ചെലവ് കാണിച്ചാൽ സാങ്കേതിക, സാമ്പത്തിക അനുമതി വീണ്ടും വാങ്ങേണ്ടി വരുമെന്നതിനാലാണ് ചെലവ് ആയിരം കോടിയിൽ താഴ്ത്തി നിർത്തിയത്.ഇപ്പോഴത്തെ സാഹചര്യത്തിൽ പദ്ധതിച്ചെലവ് ചുരുങ്ങിയത് 2,500 കോടി രൂപയെങ്കിലുമാകും. ഒരു മെഗാവാട്ട് ജലവൈദ്യുതി ഉത്പാദിപ്പിക്കാൻ പത്തുകോടി രൂപ ചെലവുവരുമെന്നാണ് വൈദ്യുതി ബോർഡിന്റെ കണക്ക്. ആ നിലയ്ക്കാണ് 163 മെഗാവാട്ട് ഉത്പാദനം ലക്ഷ്യമിടുന്ന അതിരപ്പിള്ളിപദ്ധതിക്ക് 1,630 കോടി രൂപ ചെലവ് വരുമെന്ന് ഇപ്പോൾ കണക്കാക്കുന്നത്. പദ്ധതി തുടങ്ങി പൂർത്തിയാകാൻ ഏഴുവർഷമെങ്കിലും വേണ്ടിവരും. അഞ്ചുശതമാനം വിലക്കയറ്റം കണക്കിലെടുത്താൽപ്പോലും 2000-2,300 കോടി രൂപയെങ്കിലുമാകും പദ്ധതിച്ചെലവ്.
പദ്ധതിയിലൂടെ ലഭിക്കുക പ്രതിവർഷം 23.3 കോടി യൂണിറ്റ് ആണ്. യൂണിറ്റിന് ഇപ്പോഴത്തെ നിരക്കിൽ അഞ്ചുരൂപ കണക്കാക്കിയാൽ പ്രതിവർഷം 116.5 കോടിരൂപ തിരിച്ചു കിട്ടും. മൊത്തം പദ്ധതിച്ചെലവ് തിരിച്ചു കിട്ടാൻ ചുരുങ്ങിയത് 20-25 വർഷമെടുക്കും. വൈദ്യുതി ബോർഡ് കടമെടുത്താണ് പദ്ധതി നടപ്പാക്കുന്നതെങ്കിൽ 25 വർഷത്തെ പലിശതന്നെ മുതൽമുടക്കിന്റെ അത്രയും വരും. ചുരുക്കത്തിൽ അരനൂറ്റാണ്ടെങ്കിലും പ്രവർത്തിപ്പിച്ചാലേ അതിരപ്പിള്ളി പദ്ധതി ലാഭത്തിലാകൂ. ഇതിന് പുറമേയാണ് ഓരോ വർഷത്തെയും പ്രവർത്തനച്ചെലവ്.
ഇനി കണക്കാക്കേണ്ടത് വൈദ്യുതിയുടെ ഇപ്പോഴത്തെ സാഹചര്യമാണ്. കേരളത്തിന്റെ വൈദ്യുതി ആവശ്യം പൂർത്തീകരിക്കണമെങ്കിൽ പുറമേനിന്നുള്ള വൈദ്യുതിതന്നെയാണ് എക്കാലവും ആശ്രയം. അതിരപ്പിള്ളി പദ്ധതി വിഭാവനം ചെയ്ത് അനുമതി ലഭിക്കുന്ന കാലത്ത് പുറമേനിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് 10-15 രൂപ കൊടുക്കേണ്ട സാഹചര്യമുണ്ടായിരുന്നു. എന്നാലിപ്പോൾ അതല്ല സ്ഥിതി. ഇന്ത്യ മുഴുവൻ സ്വകാര്യമേഖലയിൽ വൈദ്യുതി ഉത്പാദകരുടെ എണ്ണം കൂടുകയാണ്. ഉത്പാദനം വർധിച്ചതോടെ വൈദ്യുതിനിരക്കിൽ കാര്യമായ കുറവാണ് വന്നിരിക്കുന്നത്. കേരളംപോലും പുറമേനിന്നുള്ള കമ്പനികളുമായി ദീർഘകാലകരാർ ഉണ്ടാക്കിയിരിക്കുന്നത് യൂണിറ്റിന് 4.5-5 രൂപയ്ക്കാണ്. ആവശ്യമുള്ള സമയത്ത് വൈദ്യുതി വാങ്ങുന്നതിനുള്ള സംവിധാനമായ പവർ എക്സ്ചേഞ്ചിൽ ഇപ്പോൾ യൂണിറ്റിന് 2.50-3 രൂപയേയുള്ളൂ.ഇതിനൊപ്പം ചേർത്ത് വായിക്കേണ്ടതാണ് കഴിഞ്ഞവർഷം ലഭിച്ച 2613 കോടി യൂണിറ്റിൽ 487 കോടി യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചില്ലെന്നത്. വൈദ്യുതി റെഗുലേറ്ററികമ്മിഷനുമുന്നിൽ സമർപ്പിച്ച രേഖകകൾ പ്രകാരം 2,435 കോടി രൂപയുടെ വൈദ്യുതിയാണ് ഉപയോഗിക്കാതിരുന്നത്. അതായത് ഇപ്പോഴത്തെ നിരക്കിൽ ഒരു ‘അതിരപ്പിള്ളി പദ്ധതി’യുടെ പ്രാരംഭചെലവിന്റെയത്ര വൈദ്യുതി, ഒരുവർഷം കൊണ്ട് കേരളം പാഴാക്കി.
അതിരപ്പിള്ളി ഓഫീസിനായി ചെലവിട്ടത് 22 കോടി
അതിരപ്പിള്ളി പദ്ധതി ഇതുവരെ പ്രാവർത്തികമായില്ലെങ്കിലും 22 വർഷംകൊണ്ട് പദ്ധതിയുടെ ഓഫീസിനായി സർക്കാരുകൾ ചെലവിട്ടത് 22 കോടി രൂപ. അതിരപ്പിള്ളിക്കടുത്തുള്ള കണ്ണൻകുഴിയിലാണ് 1998 മുതൽ ഓഫീസുള്ളത്. ഒരു ഡിവിഷൻ ഓഫീസിലും ഒരു സബ്ഡിവിഷൻ ഓഫീസിലുമായി ഒരു എക്‌സിക്യൂട്ടീവ് എൻജിനിയറും മൂന്ന് സബ്എൻജിനിയർമാരും ഒരു അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയറും ഒരു അസിസ്റ്റന്റ് എൻജിനിയറും അനുബന്ധ ജീവനക്കാരുമുണ്ട്. ഇവരുടെ ശമ്പള ഇനത്തിലാണ് ഈ ഓഫീസിന് മാത്രമായി 1998 മുതൽ 22 കോടി ചെലവിട്ടത്. തൃശ്ശൂർ ഡി.സി.സി. വൈസ് പ്രസിഡന്റും അതിരപ്പിള്ളി പദ്ധതി വിരുദ്ധസമിതിയുടെ ചെയർമാനുമായ അഡ്വ. ജോസഫ് ടാജറ്റിന് ലഭിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യം.
നവംബർ 15 മുതൽ ജൂൺ ആദ്യവാരം വരെ പ്രതിദിനം അതിരപ്പിള്ളിയിൽ ഒഴുകി എത്തുന്നത് ഒരു ദശലക്ഷം ഘനമീറ്റർ ( MCM) വെള്ളം
ഒരു ദശലക്ഷം ഘനമീറ്റർ വെള്ളം ഉപയോഗിച്ച് നാല് ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിക്കാനാവുന്നത്
അതിരപ്പിള്ളി പദ്ധതി നടപ്പാവുകയും മഴ ഇപ്പോൾ ലഭിക്കുന്ന അളവിനെക്കാൾ കുറയുകയും ചെയ്താൽ ചാലക്കുടിപ്പുഴയിലെ കുടിവെള്ള പദ്ധതികളെയും ഇറിഗേഷൻ പദ്ധതികളെയും ബാധിക്കുന്ന തരത്തിൽ വെള്ളം കുറയും
സർക്കാർ പിന്മാറണം - സുഗതകുമാരി
എന്തിനാണ് മനംമാറ്റമെന്നും എന്താണ് സർക്കാർ നിലപാടെന്നും അറിയാൻ ആഗ്രഹമുണ്ട്. പരിസ്ഥിതിനാശവും വനനാശവും വരുത്തുന്ന പദ്ധതിയാണ് അതിരപ്പിള്ളി. ഒരിക്കലും അനുവദിക്കാൻ പാടില്ലാത്തതാണ്. രാജ്യം മഹാമാരിയെ പേടിക്കുന്ന കാലം. ഒരുപാടു പേർ ദുരിതത്തിലാണ്. അതിന് പരിഹാരമെന്തെന്ന് ആലോചിക്കേണ്ട സമയമാണിത്. അനാരോഗ്യകരമായ പദ്ധതിക്കുപിന്നിൽ കരാറുകാരുടെയും എൻജിനിയർമാരുടെയും കൂട്ടായ്മയുണ്ട്.
എൻ.ഒ.സി. പിൻവലിക്കണം - രമേശ് ചെന്നിത്തല
അതിരപ്പിള്ളി പദ്ധതിക്ക് എൻ.ഒ.സി. കൊടുത്ത ഉത്തരവ് പിൻവലിക്കണം. സമവായത്തിലൂടെ മാത്രമേ നടപ്പാക്കുകയുള്ളൂ എന്ന് നിയമസഭയിൽ വൈദ്യുതിമന്ത്രി എം.എം. മണി പറഞ്ഞിട്ടും ഏകപക്ഷീയ നിലപാടിലൂടെ ജനവഞ്ചന കാട്ടുന്നു. നടപ്പാക്കാൻ യു.ഡി.എഫ്. അനുവദിക്കില്ല.
അനുമതി നീട്ടിവാങ്ങൽ എന്നതിനപ്പുറം ഒന്നുമില്ല - കെ.എസ്.ഇ.ബി. ചെയർമാൻ
അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിയിൽ ഒരിക്കൽ ലഭിച്ച അനുമതിയുടെ കാലാവധി കഴിഞ്ഞതിനാൽ നീട്ടിവാങ്ങുന്നു എന്നതിനപ്പുറം ഒന്നുമില്ല. അനുമതിവാങ്ങുന്നതിന് പദ്ധതി ഉടൻ നടപ്പാക്കുമെന്നർഥമില്ല. രാഷ്ട്രീയസമവായമില്ലാതെ പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമെന്നു തോന്നുന്നില്ല.സെൻട്രൽ ഇലക്‌ട്രിസിറ്റി അതോറിറ്റി നൽകിയ സാങ്കേതിക-സാമ്പത്തിക
അനുമതിയുടെയും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നൽകിയ പാരിസ്ഥിതികാനുമതിയുടെയും കാലാവധി കഴിഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടുകയും തുടരനുമതി ആവശ്യമുണ്ടോ എന്ന് ചോദിക്കുകയും ചെയ്തുകൊണ്ട് കെ.എസ്.ഇ.ബി.ക്ക് കത്ത് ലഭിച്ചിരുന്നു. തുടരനുമതി വേണമെങ്കിൽ സംസ്ഥാനസർക്കാരിന്റെ എതിർപ്പില്ലാരേഖ ആവശ്യമാണ്. സർക്കാരിനോട് എന്തു ചെയ്യണമെന്നു ചോദിച്ചിരുന്നു. അതിരപ്പിള്ളി പദ്ധതിക്ക് അനുകൂലമാണ് സർക്കാർ എന്നതിനാൽ എതിർപ്പില്ലാരേഖ ലഭിച്ചു. ഇതിൽ അനുമതി ലഭിക്കാൻ ഏറെ താമസമുണ്ടാകും.