‘‘ആരെങ്കിലും എടുക്കാനൊണ്ടെങ്കിൽ ഇതൊക്കെ വിൽക്കായിരുന്നു... ആരെടുക്കാനാ...’’ -കരയിൽ കയറ്റിവെച്ചിരിക്കുന്ന കൂറ്റൻ വള്ളംകാട്ടി കൊച്ചിക്കാരൻ സാമുവൽ പറയുന്നു. 

കൂടുതൽ ചാളപിടിക്കാനായി കേരളത്തിലെ മത്സ്യത്തൊഴിലാളിസമൂഹം രൂപപ്പെടുത്തിയതാണ് കൂറ്റൻ താങ്ങുവള്ളങ്ങൾ (ഇൻബോർഡ്). ഇതിന്റെ എൻജിനുതന്നെ 20 ലക്ഷം രൂപയോളം വിലവരും. 

വള്ളമുണ്ടാക്കാൻ കുറഞ്ഞത് 30 ലക്ഷം വേണം. 2,500-3,000 കിലോ വലവേണം. അതിന് ചെലവ് 25 ലക്ഷം രൂപയെങ്കിലും വേണം. കാരിയർ വള്ളം നിർമിക്കാൻ ഏതാണ്ട് ഏഴുലക്ഷം വേണ്ടിവരും. 80 ലക്ഷം രൂപയെങ്കിലുമില്ലാതെ പുതിയരീതിയിൽ താങ്ങുവള്ളം ഇറക്കാനാവില്ല. സംസ്ഥാനത്ത് ഈ രീതിയിലുള്ള 600-ഓളം വള്ളങ്ങളുണ്ട്. സർക്കാറിന്റെ കണക്കിൽപ്പെടാത്തവയാണ് കൂടുതൽ. ഇവ ഇപ്പോൾ ആവശ്യമില്ലാത്ത അവസ്ഥയിലാണ്. മിക്ക കടപ്പുറങ്ങളിലും താങ്ങുവള്ളങ്ങൾ കരയിൽ കയറ്റിവെച്ചിരിക്കുന്നു. കോടികളാണ് പൊട്ടിയത്. തൊഴിലാളികൾ ലക്ഷങ്ങളുടെ കടക്കാരായി. മത്സ്യഫെഡ്ഡിൽനിന്നുള്ള വായ്പകൂടാതെ, വട്ടിപ്പലിശക്കാരോട് കടംകൂടി വാങ്ങിയാണ് തൊഴിലാളികൾ വള്ളമൊക്കെ സ്വന്തമാക്കിയത്. ഈ വള്ളങ്ങൾ കിട്ടിയ വിലയ്ക്ക് വിറ്റവരുമുണ്ട്. ഇപ്പോൾ വാങ്ങാൻ ആളില്ല. കടപ്പുറത്തിരുന്ന് കൂറ്റൻ വള്ളങ്ങൾ തുരുമ്പെടുക്കുന്നു. 

താങ്ങുവള്ളങ്ങൾ കട്ടപ്പുറത്ത്, പാഴായത് കോടികൾ

‘‘ചാള ചതിച്ചപ്പോ ഞങ്ങക്ക് പോയത് 20 സെന്റ് ഭൂമിയാ... കടമാണെങ്കിൽ കൂടിവരുന്നു.’’ -അർത്തുങ്കൽ സ്വദേശി രാജുവിന് സങ്കടം സഹിക്കാനാകുന്നില്ല. ഏഴുപേർ ചേർന്ന് സ്വന്തമായൊരു വള്ളം ഉണ്ടാക്കിയതാണ്. ചാളപിടിക്കാനുള്ള വലിയ താങ്ങുവള്ളം പൂർത്തിയായപ്പോൾ മൊത്തം ചെലവ് ഏതാണ്ട് ഒരു കോടി രൂപ...  ഏഴുപേരും ബാങ്കിൽനിന്ന് വായ്പയെടുത്തു. കടലിലെ ചാളയെക്കണ്ട് തുടങ്ങിയ ഏർപ്പാടാണ്. ആദ്യവർഷം കുറേ മീൻകിട്ടി... കഴിഞ്ഞവർഷം ചാള നന്നായി കുറഞ്ഞു. എല്ലാവരുടെയും വായ്പാഗഡു മുടങ്ങി. ‘‘ബാങ്കിലെ കുടിശ്ശിക തീർക്കാനാണ് ഞങ്ങടെ ഭൂമിവിറ്റത്. നിവൃത്തിയില്ലാതെവന്നപ്പോ വള്ളംതന്നെ വിറ്റു. ആകെ കിട്ടിയത് 30 ലക്ഷം രൂപ. കടം മാത്രം ബാക്കി. ഞങ്ങൾ ഏഴുപേരും ഉറക്കമില്ലാതെ കഴിയുകയാ...’’ ആശ്രയം എന്നപേരിലാണ് രാജു വള്ളമിറക്കിയത്. ഇപ്പോൾ വള്ളക്കാർക്ക് ആശ്രയമില്ലാതായി.  

കഥ രാജുവിന്റെ മാത്രമല്ല. അർത്തുങ്കലിലെ സാംസണിനും അംബിക്കുമൊക്കെ ഇതിനേക്കാൾ വലിയ നഷ്ടങ്ങളുടെ കഥപറയാനുണ്ട്. കൂട്ടുകാർക്കൊപ്പംചേർന്ന് ഇവരും വള്ളമിറക്കി. മൂന്നുപേരുടെ പേരിലുണ്ടായിരുന്ന 55 സെന്റ് ഭൂമി ബാങ്കിൽ പണയപ്പെടുത്തി. ചാള കിട്ടാതായപ്പോൾ പിടിവിട്ടു. 40 പേർവരെ വള്ളത്തിൽ പോകും. പക്ഷേ, മീനില്ല. വായ്പ മടക്കിയടയ്ക്കാതായപ്പോൾ ഭൂമി ബാങ്ക് ഏറ്റെടുത്തു. ഇതിനിടയിൽ അംബിയുടെ വീടും ജപ്തിചെയ്യാൻ നീക്കമുണ്ടായി. ഒടുവിൽ തൊഴിലാളികൾ കൂട്ടമായി ഇടപെട്ട് അതുതടഞ്ഞു.  

‘‘കടലിൽ ഞങ്ങൾ മരണത്തെ മുഖാമുഖം കാണുന്നവരാണ്... അതുകൊണ്ട് ആത്മഹത്യചെയ്യാൻ കഴിയില്ല...’’ -വള്ളം വാങ്ങാൻ ഷെയർകൊടുത്ത് ഒടുവിൽ കടക്കെണിയിലായ ചെല്ലാനം സ്വദേശി സെബാസ്റ്റ്യൻ പറയുന്നു. 

മീൻപിടിത്തത്തിന്റെ രീതികൾ മാറിയതോടെ വലിയ വള്ളങ്ങൾ വ്യാപകമായി. വലകൾ വാങ്ങാൻതന്നെ ലക്ഷങ്ങൾ ചെലവുവരും. വള്ളം, എൻജിൻ എന്നിവ ഉൾപ്പെടെ വാങ്ങുന്നതിന് വലിയ ചെലവാണ്. ഇരുപതും മുപ്പതും പേർ ചേർന്ന് കൂട്ടായി വള്ളംവാങ്ങുന്ന രീതിയാണ് എല്ലായിടത്തും. പരമ്പരാഗതവിഭാഗത്തിൽപ്പെട്ട ബഹുഭൂരിപക്ഷം തൊഴിലാളികളും ഈ രീതി പിന്തുടരുന്നതിനാൽ എല്ലാവരുംതന്നെ കടത്തിലാണ്. മൺസൂൺ കാലത്ത് മീൻകിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവരൊക്കെ കടംവാങ്ങുന്നത്. പക്ഷേ, കാലവും ചാളയും ചതിച്ചാൽ പാവം തൊഴിലാളികൾ എന്തുചെയ്യും. 
      
‘‘ഒരു ദെവസം വള്ളമിറക്കാൻ കുറഞ്ഞത് 350 ലിറ്റർ ഡീസൽ വേണം. വള്ളത്തിൽ അമ്പത് ആളെങ്കിലും ഉണ്ടാകും. ഇവരുടെ ഭക്ഷണച്ചെലവൊക്കെ കൂട്ടുമ്പോൾ ഉദ്ദേശം 30,000 രൂപ ചെലവുവരും, മീനിനെ കാണാതെ തിരിച്ചുവന്നാ എന്തുചെയ്യും. കടംകയറും. അങ്ങനെ കടത്തിൽ കുടുങ്ങിയാ നിൽപ്പ്...’’ -വൈപ്പിൻകാരൻ ഉണ്ണികൃഷ്ണൻ പറയുന്നു.  

(തുടരും)