ചാളയ്ക്ക് എന്തുപറ്റി - 2

chala‘‘മഴയത്ത് ഏഴു ദെവസം കടലിൽ പോയി... ഒരൊറ്റ ചാളയെ കണ്ടില്ല... വല അടിക്കാതെ തിരിച്ചു പോന്നു... ഇടവപ്പാതിയിലും ചാള കിട്ടാത്ത സ്ഥിതി വന്നാ എന്തു ചെയ്യും’’    വൈപ്പിൻ സ്വദേശി ഉണ്ണികൃഷ്ണൻ അസ്വസ്ഥനാണ്.  ഇരുപതിലേറെ വർഷമായി കടലിൽ പോകുന്നു. ഇതുപോലൊരു കാലമുണ്ടായിട്ടില്ലെന്ന് ഉണ്ണികൃഷ്ണൻ പറയുന്നു..

   ‘‘മക്കളെ പോറ്റി’’ എന്നാണ് പഴമക്കാർ ചാള (മത്തി)യെ വിളിച്ചിരുന്നത്. കേരളീയ ജീവിതവുമായി ചാളയ്ക്കുള്ള ബന്ധം സൂചിപ്പിക്കുന്ന പ്രയോഗമാണിത്. കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾ ജീവിക്കുന്നത് ചാളയെ ആശ്രയിച്ചാണ്.   

  എന്നാൽ, കേരളത്തിന്റെ കടലിൽ നിന്ന് ചാള   അപ്രത്യക്ഷമാകുകയാണ്. ചാളയുടെ ഉത്‌പാദനം സംസ്ഥാനത്ത് വൻതോതിൽ കുറഞ്ഞെന്നാണ് സമുദ്രശാസ്ത്ര ഗവേഷകരുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ പത്തുവർഷത്തെ കണക്കെടുക്കുമ്പോൾ ചാളയുടെ ഉത്‌പാദനം ആറു മടങ്ങാണ് കുറഞ്ഞത്. കേരളത്തിന്റെ തീരമേഖലയെ പരിഭ്രാന്തിപ്പെടുത്തുന്ന കണക്കാണിത്.  

      കേരളത്തിന് ചാള വെറും ഒരു മീൻ മാത്രമല്ല. സംസ്ഥാനത്തിന്റെ തൊഴിൽ സുരക്ഷ, ആരോഗ്യസുരക്ഷ, ഭക്ഷ്യസുരക്ഷ, തീരമേഖലയുടെ ജീവിതസുരക്ഷ എന്നിവയുമായൊക്കെ ഇഴ ചേർന്നുകിടക്കുകയാണ് ചാള.  കേരളത്തിന്റെ സമ്പദ് ഘടനയുടെ അവിഭാജ്യ ഘടകവുമാണത്. മലയാളിക്ക് ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഏറ്റവും മികച്ച പോഷകാഹാരവും ചാള തന്നെ. എല്ലാക്കാലത്തും കേരളത്തിൽ സമൃദ്ധമായി കിട്ടിയിരുന്ന ചാളയാണ് ഒരു പരിധിവരെ മലയാളിയുടെ ആരോഗ്യത്തെ പരിപാലിച്ചുപോന്നതെന്ന് പറയാം.

     പാകിസ്താൻ, ഒമാൻ, ഇറാൻ, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലൊക്കെ ചാള ലഭിക്കുമെങ്കിലും കേരളത്തിൽ സമൃദ്ധിയായി ലഭിച്ചിരുന്ന നെയ്യ് ചാള പോലെ വിശേഷരുചിയുള്ള ചാള എവിടെയുമില്ല. അതുകൊണ്ട് തന്നെ ലോകത്ത് ഏറ്റവും കൂടതൽ ചാള ഭക്ഷിക്കുന്ന സമൂഹവും നമ്മുടേതാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലുൾപ്പെടെ, ലോകത്തെല്ലായിടത്തും ചാള പ്രധാനമായും ഉപയോഗിക്കുന്നത് വലിയ മീനുകളെ പിടിക്കുന്നതിനുള്ള ഇരയായിട്ടാണ്. കേരളമാകട്ടെ  ഭക്ഷ്യാവശ്യത്തിന് മാത്രമായാണ്  ചാള പിടിക്കുന്നത്.  അമേരിക്കയിലും യൂറോപ്പിലും പാവപ്പെട്ടവരുടെ ഭക്ഷണം എന്ന പേരിൽ ചാള പ്രചാരം നേടിയിട്ടുണ്ട്.    ലോകത്തെല്ലായിടത്തും ചാള ഉത്‌പാദനം കുറഞ്ഞതായി കണക്കുകൾ  പറയുന്നു. ഏറ്റവും കൂടുതൽ ചാള ഉത്‌പാദിപ്പിക്കുന്ന കേന്ദ്രങ്ങളിലൊന്നായ കാലിഫോർണിയയിലാണ് ഇതുസംബന്ധിച്ച പഠനങ്ങളുണ്ടായത്.  കാലിഫോർണിയയിൽ ചാള ഉത്‌പാദനം 50 ശതമാനം വരെ കുറഞ്ഞത്രെ.

     കേരളത്തിലെ മൊത്തം മീൻ ഉത്‌പാദനത്തിന്റെ 45 ശതമാനവും ചാളയാണ്.  ചാളയില്ലാതായാൽ മത്സ്യമേഖല തന്നെ തകരും.  സംസ്ഥാനത്ത് 73,000 കുടുംബങ്ങൾ ചാള പോലുള്ള ഉപരിതല മത്സ്യങ്ങൾ മാത്രം പിടിച്ച് ഉപജീവനം നടത്തുന്നുണ്ടെന്നാണ് കണക്ക്.  1,31,000-ത്തോളം തൊഴിലാളികൾ ചാള പോലുള്ള മീനുകൾ പിടിക്കാൻ കടലിൽ ഇറങ്ങുന്നതായി കേന്ദ്ര സമുദ്രമത്സ്യഗവേഷണകേന്ദ്രം നടത്തിയ പഠനങ്ങളിൽ പറയുന്നു. ചാള ഉത്‌പാദനത്തിലൂടെ കേരളത്തിന് ലഭിക്കുന്ന പ്രതിവർഷ ശരാശരി വരുമാനം 664 കോടി രൂപയാണെന്നും കണക്കുകൾ പറയുന്നു.

      2010-ൽ കേരളത്തിൽ ചാള ഉത്‌പാദനം 2,59,342 ടണ്ണായിരുന്നു. 2015 ആയപ്പോൾ അത് 68,431 ടണ്ണായി കുറഞ്ഞു.  ഉത്‌പാദനത്തിൽ ഇത്ര വലിയ കുറവുണ്ടാകുന്നത് ചരിത്രത്തിലാദ്യമാണ് .  തൊഴിലാളികളുടെ വരുമാനത്തിൽ 34 ശതമാനം കുറവുണ്ടായി. 22 ശതമാനം തൊഴിൽ കുറഞ്ഞു. ആയിരങ്ങൾക്ക് തൊഴിലില്ലാതായി. ചാള കടൽ വിട്ടപ്പോൾ കേരളത്തിന്റെ തീരമേഖലയിൽ പലയിടത്തും പട്ടിണിയാണ്.

      തൊഴിലാളികൾ ഉപയോഗിക്കുന്ന വള്ളങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞു.  ചാള പിടിക്കുന്നതിന് പ്രധാനമായും ഉപയോഗിക്കുന്ന റിങ്‌സീൻ  വള്ളങ്ങളുടെ (ഇൻബോർഡ് വള്ളം) എണ്ണവും കുറഞ്ഞു. ഒരു ഇൻബോർഡ് വള്ളം നിർമിക്കുന്നതിന് 70 ലക്ഷം മുതൽ ഒരു കോടി രൂപ വരെയാണ് ചെലവ്.  തൊഴിലാളികൾ കടം വാങ്ങിയാണ് ഇത്തരം വള്ളങ്ങൾ നിർമിക്കുന്നത്. ചാള ചതിച്ചതിനാൽ തീരമേഖലയിൽ ബഹുഭൂരിപക്ഷം പേരും കടക്കെണിയിലാണ്. ചാള വഴിമാറിപ്പോകുന്നതിനാൽ ഇവർ കടലിൽ ഇറങ്ങുന്നില്ല. വള്ളം കടലിൽ ഇറക്കിയശേഷം മീൻ കിട്ടാതിരുന്നാൽ ഇന്ധനയിനത്തിൽ വൻ നഷ്ടമുണ്ടാകും. നേരത്തേ പ്രതിവർഷം 120 ദിവസം വരെ കടലിൽ പോയിരുന്ന തൊഴിലാളികൾ ഇപ്പോൾ 30 ദിവസം പോലും പോകുന്നില്ലെന്നും സി.എം.എഫ്.ആർ.ഐ.യുടെ കണക്കുകൾ പറയുന്നു.

 (തുടരും)