‘‘ഇങ്ങനെ ചാള ഇല്ലാതായാൽ കടപ്പുറം നശിക്കും...’’ ചേർത്തല അന്ധകാരനഴി സ്വദേശി ആന്റണിക്ക് ഉള്ളിൽ തീയാണ്. ‘‘കടങ്ങൾ പെരുകിവരുന്നു...  കഴിഞ്ഞ വർഷവും ചാള കൊറവായിരുന്നു. ഇത്തവണ കണികാണാനില്ല.  കൂട്ടത്തിലുള്ളവരൊക്കെ ഇപ്പോ  കൽപ്പണിക്ക് പോണേണ്.’’ -ആന്റണി പറയുന്നു.

നിയമം വന്നിട്ടും  പൊടിമീനുകൾക്ക് രക്ഷയില്ല

കടലിൽ ലഭിക്കുന്ന 14 ഇനം മീനുകളുടെ കുഞ്ഞുങ്ങളെ പിടിക്കുന്നത് നിരോധിച്ചുകൊണ്ട് സംസ്ഥാനസർക്കാർ ഉത്തരവ് ഇറക്കിയിട്ടുണ്ട്.   മീൻലഭ്യത ഗണ്യമായി കുറഞ്ഞപ്പോൾ ശാസ്ത്രസമൂഹത്തിന്റെ അഭിപ്രായപ്രകാരമാണ് സർക്കാർ ഈ തീരുമാനമെടുത്തത്.  അതിന് മുമ്പായി കേരളത്തിലെ മത്സ്യത്തൊഴിലാളി സംഘടനകളുടെയും ബോട്ടുടമകളുടെയും ഫിഷറീസ് വകുപ്പിന്റെയും പ്രതിനിധികൾ യോഗം ചേർന്ന് കാര്യങ്ങൾ വിലയിരുത്തി.  കേരളത്തിലെ അറിയപ്പെടുന്ന 19 ഗവേഷകർ ഈ യോഗത്തിൽ പങ്കെടുത്തു.  അമിത മീൻപിടിത്തം നിർത്തലാക്കാനും കുഞ്ഞുമീനുകളെ വെറുതെ വിടാനുമുള്ള സുപ്രധാന തീരുമാനമുണ്ടായത് ഈ യോഗത്തിലാണ്. കേരളം നാശത്തിലേക്കാണ് പോകുന്നതെന്ന തിരിച്ചറിവ് തൊഴിലാളികൾക്കുണ്ടായതിനാൽ സ്വയം നിയന്ത്രണമാണ് വേണ്ടതെന്ന നിലപാടിൽ അവരെത്തുകയായിരുന്നു.   ഇതിന് തൊട്ടുപിന്നാലെ ചെറുമീൻപിടിത്തം നിരോധിച്ചുകൊണ്ട് സർക്കാർ ഉത്തരവിറങ്ങി.   പിടിക്കാവുന്ന മീനുകളുടെ വലിപ്പം നിശ്ചയിച്ചു.   ഈ ഉത്തരവനുസരിച്ച് 10 സെന്റിമീറ്റർ താഴെ വലിപ്പമുള്ള ചാളകൾ പിടിക്കുന്നത് നിരോധിച്ചിട്ടുണ്ട്. നിയമം പക്ഷേ, കടലാസിലാണ്.  പല മേഖലകളിലും നിയമം ലംഘിച്ച് ചെറുമീൻപിടിത്തം തുടരുകയാണ്. നിയമം  ലംഘിക്കുന്നവരെ പിടികൂടാനും നടപടിയെടുക്കാനും മതിയായ സംവിധാനമില്ല.

      കാലാവസ്ഥയിലുണ്ടായ മാറ്റങ്ങളാണ് ചാളയ്ക്കും (മത്തി) വിനയായത്. തീരക്കടലിൽ ചൂട് കൂടുന്നതാണ് പ്രധാനപ്രശ്നം. കഴിഞ്ഞവർഷം തീരക്കടലിൽ 29.8 ഡിഗ്രി വരെയായിരുന്നു ചൂട്.   1950-ന് ശേഷമുള്ള ഏറ്റവും വലിയ ചൂടാണിത്. ചാള സഞ്ചരിക്കുന്നത് മഴമേഘങ്ങൾക്കൊപ്പമാണെന്ന് പറയാറുണ്ട്. തണുപ്പ് തേടിയാണ് ചാളയുടെ വരവ്. മഴ കുറഞ്ഞാൽ അത് ചാള വരവിനെയും ബാധിക്കും. കടലിൽ പ്ലവകങ്ങൾ കുറഞ്ഞതാണ് മറ്റൊരു കാരണം.  തീരക്കടലിൽ പ്ലവകങ്ങൾ 150 ശതമാനം വരെ കുറഞ്ഞെന്നാണ് സി.എം., എഫ്.ആർ.ഐ. നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയത്. ഇതുമൂലം  കടലിൽ   ചാളക്കുഞ്ഞുങ്ങൾക്ക്  ഭക്ഷണം വേണ്ടത്ര ഇല്ലാതായി. കടലിൽ അപ്പ്-വെല്ലിങ്‌ എന്ന പ്രതിഭാസം ഇല്ലാതായെന്നാണ് മറ്റൊരു കണ്ടെത്തൽ.  അടിത്തട്ടിലുള്ള ജൈവാംശങ്ങൾ കടലിന്റെ മുകൾ ഭാഗത്തേക്ക് വരുന്നത് അപ്പ് -വെല്ലിങ്‌ പ്രതിഭാസം നടക്കുന്നതു കൊണ്ടാണ്.   ജൈവഘടകങ്ങൾ മുകളിലേക്കുവരുന്ന പതിവ് തെറ്റിയതോടെ ചാളക്കൂട്ടം വഴിമാറി. കടലിൽ അടിയൊഴുക്കിന്റെ ഗതി മാറിയെന്ന് തൊഴിലാളികളുടെ സാക്ഷ്യം.   

      ഇതിനിടയിൽ ചാളക്കുഞ്ഞുങ്ങളെ തിന്നുന്ന ജെല്ലിഫിഷ് (കടൽച്ചൊറി) പോലുള്ള ജീവികൾ ക്രമാതീതമായി പെറ്റുപെരുകി. ഇവ വൻതോതിൽ ചാളക്കുഞ്ഞുങ്ങളെ നശിപ്പിച്ചു.  ഇതുവഴി  കടലിലെ ഭക്ഷ്യശൃംഖല തന്നെ തകർന്നു. ചാളക്കൂട്ടം കേരളം വിട്ട് മറ്റ് മേഖലകളിലേക്ക് വഴിമാറി.       പ്രകൃതിയിലുണ്ടായ ഈ മാറ്റങ്ങൾ മാത്രമല്ല പ്രശ്നം. മനുഷ്യരുടെ ചെയ്തികളും ചാള ഇല്ലാതാകാൻ കാരണമായിട്ടുണ്ട്.  .

     അമിത മീൻ പിടിത്തമാണ് അതിൽ മുഖ്യം. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ മീൻപിടിത്ത യാനങ്ങളുടെ എണ്ണം മൂന്നു മടങ്ങായി വർധിച്ചു. മീൻപിടിക്കാൻ ഉപയോഗിക്കുന്ന വള്ളങ്ങളിലെ എൻജിന്റെ ശേഷി 40 കുതിര ശക്തിയിൽ നിന്ന് 450 കുതിരശക്തിയായി കൂടി. നവീകരിച്ച വലകളുടെ ഉപയോഗം കുഞ്ഞുമീനുകൾ വൻതോതിൽ നശിപ്പിച്ചു.  മീൻപിടിക്കുന്ന സ്ഥല വിസ്തൃതി നാലുമടങ്ങായി വർധിപ്പിച്ചു. 50 മീറ്റർ ആഴത്തിൽ വരെ മീൻപിടിത്തമായി.   കേരളത്തിൽ പരമാവധി പിടിച്ചെടുക്കാവുന്ന ചാളയുടെ അളവ് 2.03 ലക്ഷം ടണ്ണായിരുന്നു.  എന്നാൽ, കഴിഞ്ഞ ചില വർഷങ്ങളിൽ അതിന്റെ മൂന്നിരട്ടിയാണ് പിടിച്ചെടുത്തത്.  മുട്ടച്ചാള വൻതോതിൽ പിടിച്ചെടുത്തതും വിനയായി.  

കേരളത്തിന്റെ തീരപ്രദേശങ്ങളിൽ പൊടിച്ചാള പിടിത്തവും കയറ്റിയയക്കലും വലിയ ബിസ്സിനസ്സായി മാറിയതോടെ ചാളയുടെ നിലനില്പുതന്നെ അപകടത്തിലായി. ചെറിയ ചാള വൻതോതിൽ  പിടിച്ച്   അയൽ സംസ്ഥാനങ്ങളിലേക്ക് കയറ്റിവിടുകയായിരുന്നു.  

മീൻതീറ്റ, കാലിത്തീറ്റ, കോഴിത്തീറ്റ എന്നിവ ഉത്‌പാദിപ്പിക്കുന്ന തമിഴ്‌നാട്ടിലെയും മംഗലാപുരത്തെയും കമ്പനികളിലേക്കാണ് ഇവയൊക്കെ പോയത്.  നിസ്സാര വിലയ്ക്കാണ് കൊച്ചുചാള വിറ്റഴിച്ചത്.  ഇതുവഴി കേരളത്തിനുണ്ടായ നഷ്ടത്തിന്റെ കണക്കെടുക്കാനാവില്ല.  ഇവിടെ സാധാരണ മനുഷ്യർക്ക് ഭക്ഷണവും പോഷകവുമാകേണ്ട മീനാണ് അന്യസംസ്ഥാനത്തെ ബിസ്സിനസ്സുകാർ തട്ടിയെടുത്തത്.  വളർച്ചയെത്താതെ മീൻ പിടിച്ചതിനാൽ വരുമാനത്തിലും വലിയ നഷ്ടമുണ്ടായി. കടൽ അരിച്ചുപെറുക്കി കൊച്ചു ചാള കൊയ്തത്  കേരളത്തിന്റെ സമ്പദ്ഘടനയെയും  ബാധിച്ചു.  

(തുടരും)