പൂമുള്ളി ആറാംതമ്പുരാനെപ്പോലുള്ള ഗജനിരീക്ഷകർ ലക്ഷണമൊത്ത ആനകളുടെ ഗണത്തിൽപ്പെടുത്തിയിട്ടുള്ള അപൂർവം ആനകളിലൊന്നാണ് ഗുരുവായൂർ പദ്മനാഭൻ. അധികം ഉയരമില്ല, നിലത്ത് മുട്ടിക്കിടക്കുന്ന തുമ്പിക്കൈ, പകച്ചതോ മലച്ചതോ അല്ലാത്ത കൊമ്പുകൾ, മസ്തകത്തിന്റെ ഭംഗി, മസ്തകത്തിലെ ഒരേപോലുള്ള  മുഴകൾ, ദൂരെനിന്ന് കാണാവുന്ന നഖങ്ങൾ... ഇതെല്ലാം ആരെയും ആകർഷിക്കാൻ കഴിയുന്നവയാണ്.

ഏതുബഹളത്തിനിടയിലും ശാന്തമായി പെരുമാറാനും വിരളാതെ, മറ്റൊരാൾക്കും ബുദ്ധിമുട്ടുണ്ടാക്കാതെ പാപ്പാനെ അനുസരിച്ച് നിൽക്കുന്നതാണ് പദ്മനാഭന്റെ പ്രകൃതം. ഈ ശാന്തസ്വഭാവമാണ് മറ്റുള്ള ആനകളിൽനിന്ന് പദ്‌മനാഭനെ വേറിട്ടുനിർത്തുന്നത്. പെരുമാറ്റം, അന്തസ്സ്, ആകാരഭംഗി, കുലീനത, പ്രകോപിതനാകാതിരിക്കാനുള്ള മനസ്സ്, ശാന്തസ്വഭാവം ഇതെല്ലാം ഒത്തുച്ചേർന്നതാണ് പദ്മനാഭന്റെ മഹിമ. ഉയരത്തിലെ മിതത്വവും എടുത്തുപറയേണ്ടതാണ്.

പല ആനകളെയും കൈയും കാലും ചങ്ങലയ്ക്കിട്ട് ക്രിമിനൽപ്പുള്ളികളെ കൊണ്ടുവരുന്നപോലെ നടത്തിക്കൊണ്ടുപോകുന്നത് കാണാറുണ്ട്. അത്തരത്തിലൊന്നും പദ്മനാഭനെ കാണാനായിട്ടില്ല. മുറിപ്പാടുകളും കുറവായിരുന്നു. എഴുന്നള്ളിപ്പിന് ആഭരണങ്ങളണിഞ്ഞ് നെറ്റിപ്പട്ടം കെട്ടി തിടമ്പേറ്റിനിന്നാൽ ഏതുകൂട്ടത്തിലായാലും പദ്മനാഭനെ വേർതിരിച്ചറിയാം. ഇത്രയും ലക്ഷണമൊത്ത മറ്റൊരാനയെ കണ്ടെത്തുന്നതും എളുപ്പമല്ല. ആനച്ചന്തത്തിന്റെ മികവാണ് നഷ്ടമായത്.

പദ്മനാഭനെ എഴുന്നള്ളിപ്പിന് അയക്കേണ്ടെന്ന് വർഷങ്ങൾക്കുമുമ്പ് തീരുമാനമുണ്ടായിരുന്നു. ആനക്കോട്ടയിൽ വലിയ ഷെഡ്ഡ് കെട്ടി തടവുപുള്ളിയെപ്പോലെ താമസിപ്പിച്ചത് സങ്കടമായിരുന്നു. ആനകളുടെ പ്രകൃതമനുസരിച്ച് ധാരാളം വെള്ളം കുടിക്കണം, ധാരാളം നടക്കണം, വ്യത്യസ്തങ്ങളായ ഇലകളും സസ്യങ്ങളും കഴിക്കണം. നാട്ടാനകൾക്ക് ഇതിനുള്ള സൗകര്യമില്ലെന്നത് വിഷമമുണ്ടാക്കാറുണ്ട്.
(നടനും എഴുത്തുകാരനുമാണ്‌ ലേഖകൻ)

ഗുരുവായൂർ പദ്‌മനാഭൻ

ഉയരം 302 സെന്റീമീറ്റർ
തുമ്പിക്കൈ 250 സെന്റിമീറ്റർ
കൊമ്പ്‌ 90 സെന്റിമീറ്റർ
നഖങ്ങൾ 18
പിൻകാൽ 4+4
മുൻകാൽ 5+5

  • നിലമ്പൂർ കാടുകളിൽ ജനനം
  • 14-ാം വയസിൽ ഗുരുവായൂരിൽ
  • ആലത്തൂരിലെ സ്വാമിയിൽനിന്നാണ്‌ ഒറ്റപ്പാലത്തെ ഇ.പി. ബ്രദേഴ്‌സ്‌ പദ്‌മനാഭനെ വാങ്ങി ഗുരുവായൂർ നടയ്ക്കിരുത്തിയത്‌
  • 1962 മുതൽ ഗുരുവായൂരപ്പന്റെ തിടമ്പേറ്റിത്തുടങ്ങി
  • 2004-ൽ ദേവസ്വം ഗജരത്നം ബഹുമതി നൽകി.
  • ഏക്കത്തിലും (എഴുന്നള്ളിപ്പുതുക) റെക്കോഡിട്ട ആനയാണ് പദ്മനാഭൻ. 2004-ൽ പാലക്കാട്‌ ജില്ലയിലെ നെന്മാറ വല്ലങ്ങി പൂരത്തിന് 2,22,222 രൂപയ്ക്കായിരുന്നു മത്സരടെൻഡറിലൂടെ ആനയെ കൊണ്ടുപോയത്. കേരളത്തിലെ ഒരാനയ്ക്കും ലഭിക്കാത്ത ഏക്കത്തുകയായിരുന്നു അത്

Content Highlights: Gajarajaratnam Guruvayur Padmanabhan dead