മയക്ക് വെടിയേറ്റതുപോലെ 'ഗജ' കിടക്കുന്നു. ഇന്ത്യന്‍ വനങ്ങളിലെ കാട്ടാനകളെയും ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും പകിട്ടേറ്റുന്ന നാട്ടാനകളെയും സംരക്ഷിക്കാനുള്ള പദ്ധതി 'ഗജ' ഇന്നും കടലാസില്‍. 2010 ആഗസ്തില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് ചരിത്രകാരനായ ഡോ. മഹേഷ് രംഗരാജന്‍ ഉള്‍പ്പെടെ 11 പേരുള്‍പ്പെട്ട ഉന്നതതല കമ്മിറ്റി നല്‍കിയ നിര്‍ദേശങ്ങളാണ് കടലാസില്‍ ഉറങ്ങുന്നത്. 
  
ആനസ്‌നേഹികള്‍ക്ക് പ്രതീക്ഷ പകരുന്ന നിരവധി ശുപാര്‍ശകള്‍ കമ്മിറ്റി നല്‍കിയിരുന്നു. അതില്‍ ഒന്നുമാത്രം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കി. 2010 ഒക്ടോബര്‍ 22ന് ആനയെ കേന്ദ്ര വനം മന്ത്രാലയം ദേശീയ പൈതൃകമൃഗമായി പ്രഖ്യാപിച്ചു. വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. ബാക്കിനാല്‍പ്പതോളം ശുപാര്‍ശകള്‍ എല്ലാം തന്നെ ഇപ്പോള്‍ വനം മന്ത്രാലയത്തില്‍ സുഖസുഷുപ്തിയിലാണ്. 'ഗജ' എന്ന പേരിട്ട് നല്‍കിയ ബൃഹത്തായ റിപ്പോര്‍ട്ട് അങ്ങനെ മയക്കുവെടിയേറ്റതുപോലെ കിടക്കുന്നു.

ശുപാര്‍ശകള്‍ കേന്ദ്രം നടപ്പിലാക്കുന്നുണ്ടോ എന്ന് അന്വേഷിച്ചപ്പോള്‍ ''ഞാന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ്. എനിക്കൊന്നും പറയാനില്ല'' എന്നായിരുന്നു ഡോ. മഹേഷ് രംഗരാജന്റെ മറുപടി. 

കടുവകളെ സംരക്ഷിക്കാന്‍ ദേശീയ കടുവ സംരക്ഷണ അതോറിറ്റി നിലവിലുണ്ട്. അതുപോലെ ആനകളുടെ സംരക്ഷണത്തിനുള്ള ദേശീയ അതോറിറ്റി വേണമെന്നുള്ള ഉന്നതതല കമ്മിറ്റിയുടെ ശുപാര്‍ശ ആറ് വര്‍ഷമായിട്ടും കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചിട്ടേയില്ല.

ഉത്തരേന്ത്യയില്‍ കടുവകളെയും ദക്ഷിണേന്ത്യയിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ആനകളെയും വേട്ടയാടുന്നു. ആനക്കൊമ്പ് വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. ഇതിനെതിരെ കാര്യക്ഷമമായ നടപടി കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും എടുക്കാന്‍ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ സ്വാധീനമുള്ള വന്‍ മാഫിയ സംഘങ്ങളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. എറണാകുളം ജില്ലയിലെ ഇടമലയാര്‍, മലയാറ്റൂര്‍ വനങ്ങളില്‍ കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലായി നടന്നിരുന്ന ആനവേട്ട ഈയിടെയാണ് പുറത്തുവന്നത്. മുപ്പതോളം പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. അന്തര്‍സംസ്ഥാന ബന്ധമുള്ളതിനാല്‍ തുടര്‍ന്നുള്ള അന്വേഷണം സി.ബി.ഐ.ക്ക് വിട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. പക്ഷേ അന്വേഷണം അഞ്ച് മാസം കഴിഞ്ഞിട്ടും സി.ബി.ഐ. ഏറ്റെടുത്തിട്ടില്ല.

നാട്ടാന പരിപാലനത്തിന് ഇന്ത്യയില്‍ ആദ്യമായി നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്ന് കേരളം മാതൃക കാണിച്ചുവെങ്കിലും അത് ഫലപ്രദമായി നടപ്പിലാക്കിയിട്ടില്ല. പൊതു താല്പര്യഹരജികളെ തുടര്‍ന്ന് ഹൈക്കോടതി ഉത്തരവുണ്ടായപ്പോള്‍ നിയമ വ്യവസ്ഥകള്‍ പേരിന് മാത്രം നടപ്പിലാക്കി. എന്നാല്‍ ഉന്നത രാഷ്ട്രീയ ലോബിയുടെ പിന്തുണയുള്ള ആന ഉടമ സംഘങ്ങള്‍ വ്യവസ്ഥകള്‍ പലപ്പോഴും ലംഘിച്ചിട്ടുണ്ടെങ്കിലും നടപടി കര്‍ശനമായി ഉണ്ടായിട്ടില്ല. സംരക്ഷണ രീതികള്‍ അല്പം മെച്ചപ്പെട്ടു എന്ന് പറയാം.

ആനയുടെ ആവാസകേന്ദ്രങ്ങള്‍ പലതും പാരിസ്ഥിതിക ഭീഷണികള്‍ നേരിടുന്നു. വനം കയ്യേറ്റവും വേട്ടയും കാട്ടുതീയും പലപ്പോഴും ആനകള്‍ക്ക് നിരന്തര ശല്യമാകുന്നു. കാര്യക്ഷമമായ നടപടികള്‍ വേണമെന്ന് ഉദ്യോഗസ്ഥതലത്തിലും പ്രകൃതി സ്‌നേഹികളുടെ സംഘടനകളുടെ തലത്തിലും നീക്കങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. ആന്റി പോച്ചിങ്ങ് സ്‌ക്വാഡുകള്‍ എല്ലാ സംസ്ഥാനങ്ങളിലും രൂപവത്ക്കരിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം പേരിന് മാത്രമാണ്. കേരളത്തിലാണെങ്കില്‍ കാലഹരണപ്പെട്ട ആയുധങ്ങളാണ് വനംവകുപ്പിനുള്ളത്. എന്നാല്‍ വയര്‍ലെസ് ശൃംഖലകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു.

ആനസംരക്ഷണത്തിന് ബോധവത്ക്കരണം വേണമെന്നും കുട്ടികളെയും യുവാക്കളെയും ആകര്‍ഷിക്കണമെന്നും പ്രാദേശിക ഭാഷകളില്‍ പരിപാടികള്‍ വേണമെന്നും ശുപാര്‍ശ ഉണ്ടായിരുന്നു. അതൊന്നും നടപ്പിലായില്ല. ഇരുപതോളം രാജ്യങ്ങള്‍ ചേര്‍ന്ന് ഏഷ്യന്‍ എലിഫന്റ് ഫോറം രൂപവല്‍ക്കരിക്കാന്‍ മുന്‍കൈ എടുക്കുന്നുണ്ട്. എന്നാല്‍ അതിപ്പോഴും പ്രാബല്യത്തിലായിട്ടില്ല.

വനംവകുപ്പ് ജീവനക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് പദ്ധതി, വനംവകുപ്പ് ജീവനക്കാര്‍ക്ക് അപകടമോ മരണമോ സംഭവിച്ചാല്‍ ആശ്രിതര്‍ക്ക് ജോലി നല്‍കുന്ന പദ്ധതി, സംസ്ഥാനങ്ങള്‍ ചേര്‍ന്ന് സംയുക്ത പട്രോളിങ്ങ, ദിവസക്കൂലി വാച്ചര്‍മാര്‍ക്ക് പ്രതിമാസം 1000 രൂപ അലവന്‍സ്, പുതുതായി നിയമനം കിട്ടുന്നവര്‍ക്ക് അഞ്ച് വര്‍ഷമെങ്കിലും വന്യജീവി വിഭാഗത്തില്‍ പരിശീലനം തുടങ്ങിയ നിരവധി ശുപാര്‍ശകളും ഇപ്പോഴും പരിഗണനയിലാണ്.

നാട്ടാനകളോട് ഉടമകളും പാപ്പാന്‍മാരും കാണിക്കുന്ന ക്രൂരത അവസാനിപ്പിക്കണമെന്നതാണ് മറ്റൊരു ശുപാര്‍ശ. ദീര്‍ഘനേരം ആനയെ ചങ്ങലയില്‍ ബന്ധിക്കുന്നതും കാലിലെ വ്രണങ്ങള്‍ക്ക് ശുശ്രൂഷ നല്‍കാത്തതും മറ്റും ക്രൂരതയായി കണക്കാക്കുന്നു. ഈ നിലയിലുള്ള സംരക്ഷണ ആനകള്‍ക്ക് കിട്ടുന്നില്ല. വനംവകുപ്പിന്റെ ഭരണതലത്തിലും മാറ്റങ്ങളും ബോധവല്‍ക്കരണം വേണമെന്നുമുള്ള ശുപാര്‍ശകള്‍ ഉണ്ടായിട്ടും അതൊക്കെ കടലാസില്‍ ഒതുങ്ങി നില്‍ക്കുന്നു. ഗജ സംരക്ഷണത്തിന് നയപരിപാടികള്‍ വേണമെന്നുള്ള ശുപാര്‍ശയും നടപ്പിലാക്കാന്‍ ധനവകുപ്പിന്റെ പിന്തുണ വേണം. അതും പ്രാവര്‍ത്തികമായിട്ടില്ല.

ഉത്സവങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും മറ്റുമായി ആനകളെ എഴുന്നള്ളിക്കുന്ന പരിപാടി ഘട്ടംഘട്ടമായി നിര്‍ത്തലാക്കണമെന്നുള്ളതാണ് കമ്മിറ്റി ശുപാര്‍ശ. സ്വകാര്യ വ്യക്തികള്‍ ആനയെ വാങ്ങുന്നത് അവസാനിപ്പിക്കാം. ആനകളെ കൈവശം വെക്കുന്ന സമ്പ്രദായവും ക്രമേണ ഇല്ലാതാക്കാം എന്നതാണ് ശുപാര്‍ശ.

ബീഹാറിലെ സോണ്‍പൂരില്‍ എല്ലാ വര്‍ഷവും ഗജമേള നടക്കുന്നു. ആനകളെ വില്‍ക്കുന്നതും വാങ്ങുന്നതും ഈ മേളയിലാണ്. അത് നിരുത്സാഹപ്പെടുത്തണമെന്നുള്ള ശുപാര്‍ശ പല സംസ്ഥാനങ്ങളും അവഗണിക്കുകയും ചെയ്തു. ആനവേട്ട തടയുന്നതിനായി നല്‍കിയിട്ടുള്ള ശുപാര്‍ശകളും കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. അങ്ങനെ നോക്കിയാല്‍, ആനയെ ദേശീയ പൈതൃകമൃഗമായി കേന്ദ്രം പ്രഖ്യാപിച്ചത് മാത്രം നിലനില്‍ക്കുന്നു. അതനുസരിച്ച് ഗജ സംരക്ഷണത്തിന് ഫലപ്രദമായ ഒരു നടപടിയും ഉണ്ടായിട്ടേയില്ല.