അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ ത്രിമധുരവും, തകഴിയുടെ 'ചെമ്മീനി'ലെ പഴനിയുടെ പൗരുഷവും കൈകരുത്തും സമന്വയിപ്പിച്ച് ഇതാ ഒരു കരുമാടിക്കുട്ടന്‍; തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ഗജരാജസമ്പത്തിലെ എണ്ണം പറഞ്ഞ പടനായകന്‍ അമ്പലപ്പുഴ വിജയകൃഷ്ണന്‍! സഹ്യപുത്രന്മാരുടെ വല്ല്യേട്ടന്‍ മനോഭാവത്തിന് നിദാനമായ ലക്ഷണത്തികവുകളും ഉത്സവപ്രേമികളുടെ ദൗര്‍ബല്യമായ ഉയരക്കേമത്തവും എല്ലാറ്റിനുമുപരി സ്വഭാവികമായ തലയെടുപ്പും അമ്പലപ്പുഴ വിജയകൃഷ്ണന്റെ 'ഫിക്‌സഡ് ഡെപ്പോസി'റ്റുകളാണ്.പക്ഷെ, കാണുന്ന മാത്രയില്‍ തന്നെ ഏതൊരു ആനകമ്പക്കാരന്റെയും മനസ്സിലേക്ക് ഒട്ടൊരു അത്ഭുതത്തിന്റെ അകമ്പടിയോടെ അമ്പലപ്പുഴ വിജയകൃഷ്ണനെ ഓടിച്ചു കയറ്റുന്ന മാസ്മര പ്രഭാവം എന്തെന്ന് ചോദിച്ചാല്‍ അത് ഗുരുവായൂര്‍ പത്മനാഭന്‍ എന്ന യുഗപുരുഷനുമായി അവനുള്ള അസാമാന്യമായ രൂപസാദൃശ്യമാണ്.മൂന്നരങ്ങാണ് വിജയകൃഷ്ണന്റെ വീരശൃംഖല അഥവാ വിജയമുദ്ര. എന്നുവെച്ചാല്‍ മുന്നില്‍ നിന്നുള്ള കാഴ്ച ഭംഗി. ആടിക്കുഴഞ്ഞുള്ള വരവ് കണ്ടാല്‍ തന്നെ, ആഹാ...എന്താ ഒരു ഭംഗിയെന്ന് ആരും പറഞ്ഞു പോകുന്ന മുഖശ്രീയും രാജകലകളും വിജയകൃഷ്ണനില്‍ ശരിയാംവണ്ണം അലിഞ്ഞു ചേര്‍ന്നിരിക്കുന്നു.നാടാനകളുടെ സവിശേഷമായ നിലത്തിഴയുന്നതും വണ്ണമുള്ളതുമായ തുമ്പിക്കൈ, ഒരെണ്ണം ഇത്തിരി ഉള്ളിലേക്കു ചാഞ്ഞുനില്‍ക്കുമാറ് ഭംഗിയാര്‍ന്ന കൊമ്പുകള്‍. ആനകള്‍ക്ക് അസാമാന്യമായ ഭംഗിയും ഭാവഗാംഭീര്യവും ചാര്‍ത്തിക്കൊടുക്കുമാറ് മസ്തകത്തില്‍ നിന്ന് തുമ്പികൈയിലേക്ക് ഒഴുകിപ്പരക്കുന്ന മദഗിരികള്‍ (ആനയുടെ മുഖത്തും ചെവിയിലുമൊക്കെ കാണപ്പെടുന്ന വെളുത്ത പുള്ളികളെയും പാണ്ടുകളെയുമാണ് മദഗിരികള്‍ എന്ന പറയുന്നത്). കൊമ്പുകളുടെയും മദഗിരികളുടെയും സാമ്യതയാവാം വിജയകൃഷ്ണനില്‍ ഗുരുവായൂര്‍ പത്മനാഭന്റെ എന്തൊക്കെയോ ചില മിന്നലാട്ടങ്ങള്‍ കാണാന്‍ പ്രേരിപ്പിക്കുന്നത്.


കേരളത്തില്‍ തന്നെ അധികം ആനകളിലൊന്നും ഇക്കാലത്ത് കാണാന്‍ കഴിയാത്തത്ര രോമങ്ങളാല്‍ സമൃതമായ പീലിവാലും നല്ല തിളക്കമാര്‍ന്ന വെളുവെളുത്ത പതിനെട്ട് നഖങ്ങളും വിജയന്റെ മാറ്റുകൂട്ടുന്ന പ്രധാന ലക്ഷണങ്ങളാണ്. ശരീരവലിപ്പത്തിന് ഒപ്പിച്ചുള്ള ചെവിവലിപ്പം കിട്ടിയില്ല എന്നതു മാത്രമാകാം പെട്ടെന്ന് ചൂണ്ടിക്കാട്ടാന്‍ കഴിയുന്ന ന്യൂനത.

ഒരു വേള അമ്പലപ്പുഴക്കാരുടെ വീരകേസരിയായിരുന്ന രാമചന്ദ്രന്‍ എന്ന ആനയുടെ മരണത്തിന് ശേഷം, സംജാതമായ ഇടവേളയ്‌ക്കൊടുവില്‍ അമ്പലപ്പുഴ കണ്ണന് പുതിയൊരു ആനയെ വേണം എന്ന നാട്ടുകാരുടെ അദമ്യമായ ആഗ്രഹത്തിന്റെ സാക്ഷാത്കാരമായി എത്തിയവനാണ് വിജയകൃഷ്ണന്‍.

ശുണ്ഠിയിലും വീര്യത്തിലും കടുകിടെ വിട്ടുവീഴ്ചയില്ലാത്ത കോന്നിക്കൂടിന്റെ സന്തതികളില്‍ ഒരുവനാണ് വിജയകൃഷ്ണനും, നന്നേ ചെറുപ്പത്തില്‍ തന്നെ കാട്ടില്‍ നിന്നും കൂട്ടിലെത്തിയവന്‍. അതുകൊണ്ട് തന്നെയാവണം, വികൃതിക്കുട്ടന്‍ എന്നു പറഞ്ഞലെ അന്നൊക്കെ ഇവനെ ആരും തിരിച്ചറിയുമായിരുന്നുള്ളൂ.

കൊല്ലത്തിന് അടുത്തുള്ള കശുവണ്ടി കമ്പനിക്കാരാണ് കോന്നിയില്‍ നിന്നും ആനക്കുമാരനെ ലേലത്തില്‍ പിടിക്കുന്നത്. 'കിടങ്ങന്റെ ആന'യെന്നായിരുന്നു അക്കാലത്ത് കൊല്ലം നാട്ടില്‍ ഇവന്‍ അറിയപ്പെട്ടിരുന്നത്. അണ്ടിപരിപ്പ് തിന്നു സുഖിച്ചും വല്ലപ്പോഴും ഒരു പറയെടുപ്പിന് പോയി വന്നും കഴിഞ്ഞുകൂടിയിരുന്ന ആ ദിനങ്ങള്‍ കുറുമ്പന്‍ കുമാരനെ സംബന്ധിച്ചടത്തോളം ഒരടിപൊളിക്കാലം തന്നെയായിരുന്നു.


സുഖം കൂടിയപ്പോള്‍ കൈയ്യിലിരിപ്പിന്റെ ആക്കതൂക്കത്തിനും കനംവെച്ചു. ഫലമോ, കിടങ്ങന്‍ കമ്പനിക്കാര്‍ അവനെ കിട്ടിയ കാശിന് കൈയ്യോടെ കച്ചവടമാക്കി. പിന്നെ പല കൈ മറിഞ്ഞ്, പല ലാവണങ്ങള്‍ കയറിയിറങ്ങി അവസാനം കുണ്ടറയ്ക്കടുത്തുള്ള ഉളിയകോവില്‍ ഗോപാലകൃഷ്ണപിള്ളയുടെ സ്വന്തമാവുന്നു. അപ്പോഴേക്കും നമ്മുടെ നായകനും വല്ലതെ വശംകെട്ടിരുന്നു. കുണ്ടറയില്‍ എത്തിയപ്പോഴുള്ള ജോലിയാണെങ്കിലോ, കുണ്ടറ പെപ്പ് കമ്പനിയിലെ കൂറ്റന്‍ സിമന്റ് പൈപ്പുകള്‍ ഉന്തിയും തള്ളിയും എടുത്തു പൊക്കിയും ഒക്കെ ചോര നീരാക്കാന്‍ വിധിക്കപ്പെട്ട പാവം ഒരു അടിമവേലക്കാരന്റേതും! സിമന്റ് പൈപ്പുകളോട് മല്ലിട്ട് മല്ലിട്ട് അപ്പോഴേക്കും അവന്റെ കൊമ്പുകള്‍, പിടിയാനകളുടെ തോറ്റം കണക്കേ തേഞ്ഞുതീരുകയും ചെയ്തിരുന്നു.


അങ്ങിനെ, ആര്‍ക്കും വേണ്ടാത്ത, ആരുടെയും കണ്ണില്‍ പിടിക്കാത്ത വെറുമൊരു പട്ടിണിക്കോലത്തിന്റെ അവസ്ഥയില്‍ നിന്നാണ്, തീര്‍ത്തും യാദൃശ്ചികമെന്നോണം, വിജയകൃഷ്ണന്‍ അമ്പലപ്പുഴക്കാരുടെ കണ്ണിലുണ്ണിയാവുന്നത്. അമ്പലപ്പുഴ കണ്ണന് ഒരാനയെ നടയ്ക്കിരുത്താന്‍ നാടായ നാടു മുഴുവന്‍ തിരഞ്ഞു നടന്ന് മതിയും കൊതിയും തീര്‍ന്ന നാട്ടുകാര്‍ ഒടുവില്‍ അവരുടെ അന്വേഷണം ആ എലുമ്പന്‍ ചെക്കനില്‍ അവസാനിപ്പിക്കുകയായിരുന്നു.

ആദ്യകാലങ്ങളില്‍ അമ്പലപ്പുഴക്കാരുടെ പേരിനും പെരുമയ്ക്കും അവന്‍ ഒരു അപമാനം തന്നെയായിരുന്നെങ്കിലും, ആനച്ചെറുക്കന്റെ ഏനക്കേടെല്ലാം അമ്പലപ്പുഴ കൃഷ്ണന്‍ മാറ്റിയെടുത്തോളും എന്ന വിശ്വാസം മാത്രമായിരുന്നു, ഇവനെ നടയ്ക്കിരുത്താന്‍ മുന്‍കൈയെടുത്തവരുടെ വിശ്വാസം.

നാടിന്റെ നാണക്കേടെന്നും മാനക്കേടെന്നും പറഞ്ഞ് ഒരിക്കല്‍ നാടായ നാടുമുഴുവന്‍ ഒരുപോലെ പരിഹസിച്ചിരുന്ന ഒരു ഗ്രഹണിക്കോലത്തിന്റെ ഗതികേടില്‍ നിന്നുമാണ് അമ്പലപ്പുഴ വിജയകൃഷ്ണന്‍ ഇന്ന് ഒരു നാടിന്റെയാകെ അഭിമാനവും വീരനായകനുമെന്ന താരപരിവേഷത്തിലേക്ക് ജ്വലിച്ചുയര്‍ന്നത്.

ഗുരുവായൂര്‍ അമ്പാടിക്കണ്ണന്റെ പ്രതിപുരുഷന്‍ ഗുരുവായൂര്‍ പത്മനാഭന്‍ ആണെങ്കില്‍, അമ്പലപ്പുഴ കൃഷ്ണന്റെ മാനസപുത്രനായി തിരുവിതാംകൂറന്റെ വീരപുത്രനായി, പുതിയ രാജസൂയങ്ങള്‍ക്കായി അരയും തലയും മുറുക്കുകയാണ് അമ്പലപ്പുഴ വിജയകൃഷ്ണന്‍.sreekumararookutty@gmail.com