എല്ലാം വാരിക്കോരി കൊടുത്ത ദൈവം പക്ഷേ, അവസാന നമിഷം ഒന്നു കാലുമാറി. അതോ, താന്‍ രൂപകല്‍പ്പന ചെയ്ത് മെനഞ്ഞെടുത്ത ശില്‍പ്പത്തിന്റെ ചന്തം കണ്ട് ശില്‍പ്പിക്ക് തന്നെ അസൂയ ജനിച്ചുവെന്ന് പറയുന്നതു പോലെ ദൈവവും ആ സഹ്യപുത്രന് മുന്നില്‍ അസൂയാലുവായോ?.. തീര്‍ച്ചയായും അതിന് തന്നെയാണ് സാധ്യത. അല്ലായിരുന്നുവെങ്കില്‍ എറണാകുളം ശിവകുമാര്‍ എന്ന നാട്ടാനച്ചേകവന് മുന്നില്‍ ആണായിപിറന്ന, ആനയായി പിറന്ന ഏതെങ്കിലും ഒരുത്തന്‍ ശിരസ്സുയര്‍ത്തിപ്പിടിച്ചു നില്‍ക്കുവാന്‍ ധൈര്യപ്പെടുമായിരുന്നോ? ഇല്ലേയില്ല. അതെ അതാണ് ശിവകുമാര്‍, അത്രമേല്‍ സംഭവബഹുലമാണ് എറണാകുളം ശിവകുമാറിന്റെ ജീവിതം.


കൊച്ചിന്‍ ദേവസ്വംബോര്‍ഡിന്റെ ആനക്കേമന്മാരിലെ ഏറ്റവും വലിയ ഉയരച്ചന്തം. കേരളത്തില്‍ ഇന്നുള്ള നാട്ടാനകളില്‍ തന്നെ ഏറ്റവുമധികം ഉയരം അവകാശപ്പെടാന്‍ കഴിയുന്ന മൂന്നാ നാലോ കരുത്തന്മാരില്‍ ഒരാള്‍. പുതിയ തലമുറയിലെ ആനയുവാക്കളില്‍ ഏറ്റവുമധികം കൊമ്പുചാട്ടമുള്ള ഗജരാജാക്കന്മാരില്‍ പ്രധാനി. ഇതിനെല്ലാം അപ്പുറം, സ്വതസിദ്ധമായ നിലവോടെ കുറച്ചുസമയത്തേക്ക് രണ്ടുംകല്‍പ്പിച്ച് അങ്ങ് ശിരസ്സുയര്‍ത്തിപ്പിടിച്ചുനിന്നാല്‍ പറഞ്ഞു തീരും മുമ്പെന്നോണം ഒരു ഉത്സവനഗരിയുടെ കണ്ണും കരളും അപ്പാടെ കൈയ്യിലെടുക്കാന്‍ പോന്നവന്‍.. ഇങ്ങനെയൊക്കെയാണ് ശിവകുമാര്‍, അഥവാ ഇങ്ങനെയൊക്കെയായിരുന്നു രണ്ടോമൂന്നോ വര്‍ഷം മുമ്പുവരെ ശിവകുമാര്‍.

ആശാന്‍കളരിയിലെ പഠിപ്പ്‌പോലും പൂര്‍ണമാക്കും മുമ്പെന്ന് പറഞ്ഞതു പോലായിരുന്നു കോടനാട് ആനക്കൂട്ടില്‍നിന്നും കുട്ടിക്കുറുമ്പന്‍ എറണാകുളം ശിവക്ഷേത്തിലേക്ക് എത്തുന്നത്. ഏറിയാല്‍ നാലുവയസ് അത്രേയുണ്ടായിരുന്നുള്ളു.. കൊമ്പ് ഉണ്ടൊയെന്നറിയാന്‍ വായ്ക്കകത്ത് കയ്യിട്ട് നോക്കേണ്ടിയിരുന്ന കുരുന്ന് പരുവം! എറണാകുളം ശിവക്ഷേത്രത്തിന്റെ സ്വന്തമായതുകൊണ്ട് പിന്നീടവന്‍ 'എറണാകുളം ശിവകുമാര്‍' എന്നറിയപ്പെടാന്‍ തുടങ്ങി. അറബിക്കടലിന്റെ താരാട്ടുകേട്ടും, കൊച്ചി തുറമുഖത്ത് നങ്കൂരമിടുന്ന കപ്പലുകളോടും, കടല്‍ത്തിരകളോടും കിന്നാരം പറഞ്ഞും, അസ്സല്‍ ഒരു പച്ചപ്പരിഷ്‌കാരിയായി ബാല്യകൗമാരങ്ങള്‍ കടന്നുവന്ന ആനത്തിരുമകന്‍.

പക്ഷേ, അവന്‍ കൊച്ചി നഗരത്തിന്റെ സ്വന്തമായതിന് പിന്നില്‍ വല്ലാത്തൊരു നാടകീയതയും തിരുത്തിക്കുറിക്കലുമൊക്കെ ഉണ്ടായിരുന്നു എന്നതാണ് ഏറ്റവും അ്തഭുതകരമായ വസ്തുത. കൊടുങ്ങല്ലൂര്‍ സ്വദേശിയായ വ്യവസായ പ്രമുഖന്‍ കെ.ജി.ഭാസ്‌കരന്‍, കോടനാട് നിന്നും ഈ ആനക്കരുത്തനെ ലേലത്തില്‍ പിടിക്കുന്നതുതന്നെ, അവനെ ഗുരുവായൂരില്‍ നടയ്ക്കിരുത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു. എങ്കിലും കൊച്ചി നഗരത്തില്‍ ഒട്ടേറെ വ്യവസായ സംരംഭങ്ങള്‍ ഉണ്ടായിരുന്ന ഭാസ്‌കരന്‍ കുട്ടികൊമ്പനോടുള്ള കൗതുകം നിമിത്തം കുറച്ചുകാലം അവനെ കൊച്ചിയില്‍തന്നെ നിര്‍ത്തുവാന്‍ തീരുമാനിച്ചു.


ഗുരുവായൂരിലെ ജഗജില്ലികളായ ആനപ്രമാണികള്‍ക്കടയിലേക്ക് ചെന്നുകയറുംമുമ്പ് ചെറുക്കന് ഇത്തിരി ലോകവിവരവും, ക്ഷേത്രാചാരങ്ങളെക്കുറിച്ചുള്ള പിടിപാടുകളും ഉണ്ടായിക്കോട്ടെ എന്ന വിചാരത്തോടെ അവനെ എറണാകുളം ശിവക്ഷേത്രപരിസരത്താണ് നിര്‍ത്തിയിരുന്നത്. ഒടുവില്‍ ഗുരുവായൂരില്‍ നടയ്ക്കിരുത്തുന്നതിനുള്ള നാളും തീയതയും കുറിപ്പിച്ച്, കുട്ടിക്കൊമ്പനെ എറണാകുളത്തുനിന്നും ആഘോഷമായി കൂട്ടികൊണ്ട് പോകാന്‍ വേണ്ടപ്പെട്ടവരെല്ലാം എത്തിച്ചേരുന്നു. പക്ഷേ, കാര്യത്തോടടുത്തപ്പോള്‍ കഥ മാറി. ആരൊക്കെ എന്തൊക്കെ ചെയ്തിട്ടും ശ്രമിച്ചിട്ടും ആനക്കുട്ടി എറണാകുളത്തപ്പന്റെ മതില്‍ക്കകത്തനിന്നും പുറത്തേയ്ക്ക് കാല് വയ്ക്കുന്നില്ല.!

സാമം ദാനം, ഭേദം, ദണ്ഡം.....ഇതെല്ലാം പലവുരു പരീക്ഷിക്കപെട്ടിട്ടും ഫലമില്ലെന്നായപ്പോള്‍ ചിലര്‍ക്കൊരു സംശയം. ഇനിയിപ്പോള്‍ ഇത് ആനകുട്ടിക്കും മനുഷ്യര്‍ക്കും അപ്പുറത്തുള്ള മറ്റാരുടേയെങ്കിലും ഇടപെടലാകുമോ? നേരെ ഓടിയത് പ്രശ്‌നംവയ്പ്പുകാരന്റെ സവിധത്തിലേക്ക്. രാശിപ്പലകയിലെ കളങ്ങളില്‍ പലവട്ടം കവടികള്‍ കൂട്ടിപ്പെരുക്കി ഗണിച്ചു ഗുണിച്ച് എടുത്തപ്പോള്‍ കാര്യം നിസ്സാരം. ആനക്കുട്ടിയുടെ വഴി മുടക്കുന്നത് മാടനും മറുതയുമൊന്നുമല്ല. എറണാകുളത്തപ്പന്‍ എന്ന സാക്ഷാല്‍ മഹാദേവന്‍ തന്നെ!

''ഞാനിവനെ കണ്ട് വല്ലാതെ മോഹിച്ചുപോയതാ.. അവന്‍ ഇവിടെത്തന്നെ നിന്നോട്ടെ.. ഗുരുവായൂരപ്പന് ആവശ്യത്തിന് ആനകളില്ലേ. അതുമല്ലെങ്കില്‍ മറ്റൊരുത്തനെ വാങ്ങിക്കൊടുത്തായാലും പ്രശ്‌നം പരിഹരിക്കാമല്ലോ..'' അതെ അതായിരുന്നു എറണാകുളത്തപ്പന്റെ മനോഗതം. അങ്ങനെയാണ് ഗുരുവായൂര്‍ പുന്നത്തൂര്‍ കോട്ടയില്‍ എത്തേണ്ടിയിരുന്നവന്‍ എറണാകുളം ശിവകുമാറായി, തനി കൊച്ചിക്കാരനായിത്തീരുന്നത്.

ഒരുവേള എറണാകുളത്തപ്പന്റെ കണ്ണും കരളും കവര്‍ന്നവന്‍, പോകെപ്പോകെ കൊച്ചി നഗരത്തിന്റെ മുഴുവന്‍ കണ്ണിലുണ്ണിയായി. കൗമാരവുംകടന്നു യൗവ്വനത്തിന്റെ കുതിച്ചുചാട്ടങ്ങളിലേക്ക് കടന്നപ്പോഴാകട്ടെ ആനപ്രേമികളുടെയാകെ മാനസേശ്വരനുമായി.


അഴകും ലക്ഷണങ്ങളുമൊത്ത നാടനാന. അവന്റെ നിലവാണെങ്കില്‍ ഒന്നാന്തരവും. അങ്ങനെയൊരു സുന്ദരരൂപം പൊങ്ങിപ്പൊങ്ങി പത്തടിഉയരത്തിലേക്ക് എത്തിപ്പറ്റുകയാണെന്നറിഞ്ഞാല്‍ എങ്ങനെയാണ് ആനപ്രേമികള്‍ക്ക് അടങ്ങിയിരിക്കാനാവുക. ഇതിനൊപ്പം എറണാകുളം ശിവകുമാറിന്റെ സവിശേഷതയെന്ന് പറയാവുന്ന മറ്റൊന്ന് കൂടിയുണ്ടായിരുന്നു. അസാമാന്യമായ കൊമ്പുചാട്ടം. സാധാരണ ആനകളുടെ കൊമ്പുകള്‍ ഒരിക്കല്‍ മുറിച്ചാല്‍ പിന്നീട് വളര്‍ന്നുവരുന്നതിന്റെ ഇരട്ടിവേഗത്തിലായിരുന്നു എന്നും ശിവകുമാറിന്റെ കൊമ്പുവളര്‍ച്ച.

പക്ഷേ, അവന്റേതുമാത്രമായ ആ അസാമാന്യശേഷി തന്നെ അവസാനം അവന് വിനയാവുകയും ചെയ്തു. കൊമ്പു മുറിയ്ക്കുന്നതിലുണ്ടായ പിഴവുകാരണം, കാര്യകാരണങ്ങള്‍ എന്തുതന്നെയായാലും, കൊമ്പിനുള്ളിലെ മജ്ജയിലേക്കും മുറിവ് വ്യാപിച്ചു. കൊമ്പിനുള്ളില്‍ പഴുപ്പ് ബാധിച്ച് ഒടുവില്‍ പഴുത്ത് ഇളകിയാടുന്ന കൊമ്പുമായി ശിവകുമാര്‍ അസഹ്യമായ വേദന തിന്നുതീര്‍ക്കേണ്ടിയും വന്നു. ഇപ്പോള്‍ ഒരു കൊമ്പ് എന്നേയ്ക്കുമായി നഷ്ടപ്പെട്ടുകഴിഞ്ഞ ശിവകുമാര്‍ കൃത്രിമകൊമ്പുമായി വീണ്ടും ഉത്സവ സുദിനങ്ങളിലേക്ക് ഇറങ്ങിത്തുടങ്ങിയിരിക്കുന്നു.

പക്ഷേ, എല്ലാം തികഞ്ഞ ശിവകുമാറിനെ കാണുമ്പോള്‍, അവന്റെ മുഖത്തെ ആ കൃത്രിമകൊമ്പ് കാണുമ്പോള്‍ ആനപ്രേമികള്‍ സ്വയമറിയാതെ നെഞ്ചില്‍ കൈവച്ച് പറഞ്ഞുപോകും... ''ഹോ... അതുംകൂടി ഉണ്ടായിരുന്നെങ്കില്‍''. പ്രായം നാല്പതു കഴിഞ്ഞിരിക്കുന്നു. കൃത്രിമകൊമ്പുമായിട്ടാണെങ്കില്‍ കൂടി ഈ സഹ്യപുത്രന് മുന്നില്‍ ലോകം ഇനിയുമിനിയും നമിക്കുക തന്നെചെയ്യും.

-sreekumararookutty@gmail.com