ആരാകാം ഇന്ന് കേരളനാട്ടിലെ ഏറ്റവും വലിയ ആനത്താരം? ഗുരുവായൂര്‍ പത്മനാഭന്‍, തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍, തിരുവമ്പാടി ശിവസുന്ദര്‍, പാമ്പാടി രാജന്‍... ഉത്തരങ്ങള്‍ വ്യത്യസ്തങ്ങളാകാം. ഓരോരുത്തരുടെയും ഇഷ്ടത്തിനും അഭിരുചിക്കും അനുസരിച്ച് അത് മാറിമാറിഞ്ഞേക്കാം. താരങ്ങളിലെ താരം ആരെന്ന കാര്യത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടാകാമെങ്കിലും 'താരത്തിന്റെ സ്വന്തം' എന്ന നിലയില്‍ പ്രസിദ്ധനായ ഒരാന കേരളത്തിലുണ്ടെങ്കില്‍ അത് തിരുവാണിക്കാവ് ജയറാം കണ്ണനാണ്. പ്രമുഖ ചലച്ചിത്രനടന്‍ ജയറാമിന്റെ അരുമയായ കണ്ണന്‍, ശ്രദ്ധേയനായ ചലച്ചിത്രതാരം എന്ന നിലയിലും ഉത്സവനഗരികളില്‍ ശ്രദ്ധേയനാണ്.

പെരുമ്പാവൂര്‍ കണ്ണന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ ആനയുടെ ഉടമസ്ഥാവകാശം, കുറുമ്പിലാവ് തിരുവാണിക്കാവ് ക്ഷേത്രം ഭാരവാഹികളില്‍പെടുന്ന ഗോപകുമാറിനും സുഹൃത്തുക്കള്‍ക്കുമൊപ്പം പങ്കുവയ്ക്കാന്‍ ജയറാം തയ്യാറായതോടെയാണ് ഇവന്‍ തിരുവാണിക്കാവ് ജയറാം കണ്ണനായി മാറിയത്. ഉയരക്കേമത്തത്തേക്കാള്‍ അധികം ലക്ഷണചാരുതകൊണ്ടും സ്വഭാവ വൈശിഷ്ട്യം കൊണ്ടുമാണ് ഉത്സവകേരളത്തിന്റെ പ്രിയങ്കരനായി ജയറാം കണ്ണന്‍ മാറിയത്. ആരും കൊതിക്കുന്ന താരപരിവേഷവുമായി ഒരു പരിധിവരെ മറ്റാനകളെയൊക്കെ കൊതിക്കെറുവ് പിടിപ്പിക്കാറുമുണ്ട് അവന്‍.


എങ്കിലും ഏതാനും ദശകങ്ങള്‍ക്കപ്പുറം, ഇങ്ങനെ സുഖസുന്ദരമായ ഒരു ജീവിതത്തെക്കുറിച്ചുള്ള വിദൂരപ്രതീക്ഷ പോലും അവന്റെ സ്വപ്്‌നങ്ങളില്‍ ഉണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. അനാഥനായി നാടോടി സര്‍ക്കസ് സംഘത്തിനൊപ്പം ചില്ലിക്കാശും യാചിച്ച് നാടുതെണ്ടുവാന്‍ നിര്‍ബന്ധിതമാകുന്ന ജീവിതം! ഒന്നാന്തരം സഹ്യപുത്രനായി മലയാളക്കരയില്‍ പിറവികൊണ്ടിട്ടും, കോടനാട് ആനക്കൂട്ടില്‍ നിന്ന് ഉത്തരേന്ത്യന്‍ സര്‍ക്കസ് സംഘം ലേലംവിളിച്ച് സ്വന്തമാക്കിയ ഒരാനക്കുഞ്ഞന്റെ ജീവിതത്തെ അങ്ങനെ താരതമ്യം ചെയ്താല്‍ പിശകുണ്ടാകുമോ? കുളിയും തേവാരവും ഒക്കെ വാവിനും സംക്രാന്തിക്കും എന്നുപറഞ്ഞതുപോലെ, അഴുക്കിലും പൊടിയിലും അരഞ്ഞുകുഴഞ്ഞ് ചെമ്പന്‍കരടികളെപ്പോലെ ജീവിക്കേണ്ടിവരുന്ന സര്‍ക്കസ് ആനകളുടെ ജീവിതത്തിലൂടെ കണ്ണോടിച്ചിട്ടുള്ളവര്‍ അതിനോട് വിയോജിക്കില്ലെന്ന് പ്രതീക്ഷിക്കട്ടെ.

കോടനാട് ആനക്കളരിയില്‍ നിന്നും നാഷണല്‍ സര്‍ക്കസ് കമ്പനി ലേലം വിളിച്ച് സ്വന്തമാക്കിയതോടെയാണ് കാച്ചെണ്ണ തേച്ച് പെരിയാറില്‍ നീന്തിത്തുടിച്ച് കുളിച്ചിരുന്ന ഈ ആനപ്പിറവിയുടെ തലവര തന്നെ മാറിമറിഞ്ഞത്. മലയാളിത്തവും മലയാള ഭാഷയിലുള്ള കോടനാട് സിലബസും ഒരു വിധത്തില്‍ ശീലമാക്കി വരുന്നതിനിടെ, അതെല്ലാം പരണത്തുവെച്ച് പെട്ടെന്നൊരു നാള്‍ ഹിന്ദിവാലകളുടെ ചടുപടേയുള്ള 'ഉഠോ.. ബൈഠ്..' കലപിലകള്‍ക്കൊപ്പം ചുവടുവെക്കാന്‍ നിര്‍ബന്ധിതനാകുന്ന ഒരു കുട്ടിയാന. ഓരോരോ ദേശങ്ങളില്‍ നിന്നും കുറ്റിയും പറിച്ച് പുതിയപുതിയ നാടുകളിലേക്കുള്ള സര്‍ക്കസ് സംഘത്തിന്റെ കൂടുമാറ്റങ്ങള്‍ക്കൊപ്പം പലവട്ടം കേരളത്തിലും വന്നുപോയിട്ടുണ്ടാകും. പിറന്നമണ്ണിലേക്കുള്ള ഓരോ തിരിച്ചുവരവിന് ഇടയിലും, ഇവിടെ ക്ഷേത്രോത്സവങ്ങളിലെ നക്ഷത്രത്തിളക്കങ്ങളായി നെറ്റിപ്പട്ടം കെട്ടി തലയെടുത്തു പിടിച്ചുനില്‍ക്കുന്ന ഗജവീരന്‍മാരെ കണ്ട് അവനും കൊതിച്ചിട്ടുണ്ടാവും, ഒരു ദിവസമെങ്കില്‍ ഒരു ദിവസം തനിക്കും ഇതുപോലൊന്ന് 'നെഞ്ചും വിരിച്ച്' നില്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍' എന്ന്!

പക്ഷേ ഇക്കരെ നില്‍ക്കുമ്പോള്‍ അക്കരെ പച്ച എന്നല്ലേ പ്രമാണം. എഴുന്നെള്ളിപ്പാനകളുടെ നട്ടുച്ചവെയിലത്തെ എഴുന്നെള്ളിപ്പുകളെക്കുറിച്ചും രാത്രിയിലെ ഉറക്കമൊഴിക്കലുകളെക്കുറിച്ചും ഒരുപക്ഷേ അന്ന് മുന്നയെന്ന അവന്‍ ഓര്‍ത്തിട്ടുണ്ടാവില്ല. പെണ്ണും പിടക്കോഴിയും കുഞ്ഞുകുട്ടി പരാധീനങ്ങളുമൊക്കെയായി സര്‍ക്കസിലെ ആനകള്‍ക്ക് മാത്രം സാധ്യമാവുന്ന 'സ്‌പെഷ്യല്‍ പ്രിവിലേജി'നെക്കുറിച്ചും അന്നവന്‍ ഓര്‍ത്തിട്ടുണ്ടാവില്ല.

മുന്നയുടെ ഭാഗ്യമോ, നിര്‍ഭാഗ്യമോ അതെന്തായാലും അവസാനം അവന്‍ ആശിച്ചതുപോലെ തന്നെ സര്‍ക്കസ് സംഘത്തില്‍ നിന്നും മലയാളമണ്ണിലേക്ക് തിരിച്ചെത്തി. ഒട്ടേറെ ആനകളെ വടക്കേയിന്ത്യയില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്നിട്ടുള്ള കാങ്ങാട്ട് നമ്പൂതിരിയാണ് നാഷണല്‍ സര്‍ക്കസില്‍ നിന്നും മുന്നയെ വാങ്ങുന്നത്. അധികം താമസിയാതെ നമ്പൂതിരിയില്‍ നിന്നും മനിശ്ശേരി ഹരിയെന്ന ആനയുടമ അവനെ സ്വന്തമാക്കുകയും ചെയ്തു. മനിശ്ശേരിയില്‍ എത്തിയതോടെ മുന്ന മനിശ്ശേരി മോഹനനായി.


കോടനാട് ആനക്കൂട്ടിന്റെ ചുറ്റുവട്ടമെന്ന് പറയാവുന്ന പെരുമ്പാവൂര് ജനിച്ചുവളര്‍ന്ന ജയറിന്റെ രക്തത്തില്‍ ആനക്കമ്പം അലിഞ്ഞുചേര്‍ന്നില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. സ്‌കൂള്‍-കോളേജ് ദിനങ്ങള്‍ കഴിഞ്ഞ് മിമിക്‌സ് പരേഡുകളുമായി ചുറ്റിക്കറങ്ങുമ്പോഴും ജയറാമിന്റെ ആനക്കമ്പത്തിന് മങ്ങലേറ്റില്ലെന്ന് മാത്രമല്ല, നാള്‍ക്കുനാള്‍ കത്തിക്കയറിയതേയുള്ളൂ. ഇതിനിടെ അനുഗൃഹീതനായ പത്മരാജന്‍ തെളിച്ച വഴിയിലൂടെ പറഞ്ഞുതീരുംമുമ്പെന്നോണം അഭ്രപാളികളിലെ മിന്നുംതാരവുമായി. അങ്ങനെ സ്ഥിരം സിനിമാ ലൊക്കേഷന്‍ എന്ന് പ്രസിദ്ധമായ ഒറ്റപ്പാലത്തും പരിസരങ്ങളിലും ഷൂട്ടിംഗിന് എത്തുമ്പോള്‍ ജയറാം മനിശ്ശേരി ഹരിയുടെ ആനകള്‍ക്ക് ഒപ്പം അടുപ്പം കൂടാന്‍ എത്തുന്നതും പതിവായി. എല്ലാവരെയും ഇഷ്ടമാണെങ്കിലും പക്ഷേ മോഹനനോട് മാത്രം എന്തെന്നില്ലാത്ത ഒരടുപ്പം. കളിയും ചിരിയും മധുരം പങ്കുവയ്ക്കലും എല്ലാം വളര്‍ന്ന് വളര്‍ന്ന് അവസാനം ഒരു നിമിഷം പോലും പിരിഞ്ഞുനില്‍ക്കാന്‍ വയ്യാത്തത്ര എന്തോ ഒരിത്! മനസ്സില്ലാമനസ്സോടെയാണെങ്കിലും അവസാനം കാര്യം അവതരിപ്പിച്ചു. ''ഹരിയേട്ടാ... ഇവനെ എനിക്ക് തന്നേക്ക്''. ചോദിക്കുന്നത് ജയറാമാകുമ്പോള്‍ മറുത്തുപറയാന്‍ മനിശ്ശേരി ഹരിക്കും മടി. അങ്ങനെ മനിശ്ശേരി മോഹനന്‍ പെരുമ്പാവൂര്‍ കണ്ണനായി.

ഉയരത്തില്‍ ഒരു ജഗജില്ല കില്ലാടിയൊന്നുമല്ലെങ്കിലും ജയറാമിന്റെ ആന എന്ന മേല്‍വിലാസം സ്വന്തമായതോടെ പെരുമ്പാവൂര്‍ കണ്ണന്‍ പിന്നെ ഉത്സവനഗരികളുടെ പൊന്നിഷ്ടക്കാരനാകാന്‍ താമസമുണ്ടായില്ല. ഇതിനിടെ, പട്ടാഭിഷേകം, മനസ്സിനക്കരെ, രാപ്പകല്‍ തുടങ്ങി പത്തുമുപ്പതോളം സിനിമകളിലും കക്ഷി തകര്‍ത്തഭിനയിച്ചു. സിനിമയില്‍ ആനയ്ക്ക് ഒരു വേഷം വരുമ്പോള്‍ അതു നമ്മുടെ ജയറാമിന്റെ ആനയ്ക്ക് കൊടുത്തേക്കാം എന്ന ആനുകൂല്യത്തില്‍ അവന്‍ പരിഗണിക്കപ്പെടുകയാണെന്ന് ആരെങ്കിലും പറഞ്ഞാല്‍, ജയറാംകണ്ണന്‍ അതു സമ്മതിച്ചു തന്നെന്ന് വരില്ല. കാരണം അവന്റെ ശാന്തസ്വഭാവത്തിനുള്ള അംഗീകാരം തന്നെയാണ് ആ തിരഞ്ഞെടുപ്പുകള്‍.

മലയാളത്തിനൊപ്പം മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും തിരക്കേറുകയും ഒപ്പം മദിരാശിയിലേക്ക് താമസം മാറ്റുകയും ചെയ്തതോടെയാണ് തന്റെ കണ്ണനാനയെ വേണ്ടപോലെ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലയെന്ന സന്ദേഹം ജയമാറിനെ അലട്ടാന്‍ തുടങ്ങിയത്. എന്നാല്‍ മനസ്സില്ലാമനസ്സോടെയാണെങ്കിലും നല്ലവര്‍ ആരെയെങ്കിലും കണ്ടെത്തി അവനെ വില്‍ക്കാമെന്ന് വെച്ചാല്‍ മക്കളായ കണ്ണനും ചക്കിയും അമ്പിനും വില്ലിനും അടുക്കുകയുമില്ല. അങ്ങനെയിരിക്കയാണ് ജയറാമിന്റെ സുഹൃത്തും തിരുവാണിക്കാവ് ക്ഷേത്രഭരണസമിതിയിലെ അംഗവുമായ ഗോപകുമാറും കൂട്ടരും ആനയുടെ ഉടമസ്ഥാവകാശം ഭാഗികമായെങ്കിലും വിട്ടുനല്‍കിയാല്‍ തങ്ങള്‍ അവനെ പൊന്നുപോലെ സംരക്ഷിച്ചുകൊള്ളാമെന്ന നിര്‍ദേശവുമായി എത്തുന്നത്. ജയറാമിനും അത് നൂറുവട്ടം സമ്മതമായിരുന്നു. അങ്ങനെ പെരുമ്പാവൂര്‍ കണ്ണന്‍ തിരുവാണിക്കാവ് ജയറാം കണ്ണനായപ്പോള്‍ ജയറാമിന്റെ സ്വന്തക്കാരന്‍ എന്ന താരത്തിളക്കം കൈമോശം വരാതെ തന്നെ അവന്‍ തിരുവാണിക്കാവുകാരുടെയും അഭിമാനമായി മാറി.

സര്‍ക്കസിലായാലും ഉത്സവ എഴുന്നള്ളത്തിനായാലും ശരി അസ്സല്‍ ഒരു 'മടിയന്‍കുഞ്ചു'വാണ് ജയറാം കണ്ണന്‍. പാപ്പാന്‍മാരുടെ തല്ല് മേടിക്കാതെ എന്തു പ്രശ്്‌നത്തിനും പരിഹാരമുണ്ടാക്കാന്‍ പോന്ന നയതന്ത്രജ്ഞതയും അവന് സ്വന്തം. ഇന്നിപ്പോള്‍ 'ആള്‍' ശരിക്കും ഒരു മധ്യവയസ്‌ക്കന്റെ രൂപഭാവങ്ങളിലേക്കും പക്വതയിലേക്കും പദമൂന്നിയിരിക്കുന്നുവെങ്കിലും ജയറാം കണ്ണന്‍ എന്നു കേള്‍ക്കുമ്പോള്‍ ഉത്സവകേരളത്തിന്റെ മനസ്സില്‍ തെളിയുന്നത് നിറഞ്ഞ സ്‌നേഹവും വാത്സല്യവും തന്നെ!-sreekumararookutty@gmail.com