ദേശീയതലത്തിൽ നടക്കുന്ന പലപഠനവും കേരളത്തിന്റെ ഉയർന്ന സാമൂഹികവികസന നേട്ടങ്ങളെ എടുത്തുകാട്ടാറുണ്ട്. ഉയർന്ന സാക്ഷരതാനിരക്ക്, അതിൽത്തന്നെ ഏറ്റവും ഉയർന്ന സ്ത്രീസാക്ഷരതാനിരക്ക് നമ്മുടെയൊരു സാമൂഹികനേട്ടമാണ്. എല്ലാ കുട്ടികളും ലിംഗഭേദമെന്യേ സ്കൂളിൽ എത്തിച്ചേരുന്നു. പഠനത്തുടർച്ചയുടെ കാര്യത്തിലും ലിംഗവ്യത്യാസം പ്രകടമല്ല. അധ്യാപകരിൽ 74 ശതമാനവും വനിതകളാണെന്നത് ശ്രദ്ധേയം. മേൽപ്പറഞ്ഞ കാര്യങ്ങളിലെല്ലാം ഇന്ത്യയുടെ പൊതുസ്ഥിതിയുമായി താരതമ്യം ചെയ്യാൻ കഴിയാത്തവിധം മുന്നിലാണ് നാം.

ഫ്യൂഡൽ തത്ത്വങ്ങളും  അവയുടെ നിരാസവും 
നൂറ്റാണ്ടുകളോളം ഫ്യൂഡൽരീതിയിലും അതുമായി സമരസപ്പെട്ടും കഴിഞ്ഞ സമൂഹമാണ് നമ്മുടേത്. അതിന്റെ ഭാഗമായ പല ആചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസപ്രമാണങ്ങളും മുൻകാലങ്ങളിലേതുപോലെയല്ലെങ്കിലും അവശിഷ്ടങ്ങളായി തുടരുന്നുണ്ട്. സ്ത്രീതുല്യതയ്ക്ക് വേണ്ടിയുള്ള പലശ്രമവും നമ്മുടെ വികാസചരിത്രത്തിന്റെ ഭാഗമാണ്. സ്ത്രീകൾക്ക്  അടുക്കളയിൽനിന്ന് അരങ്ങത്തേക്കെത്താനും പെൺകുട്ടികൾക്ക് സ്കൂളിൽപ്പോയി പഠിക്കാനും അവകാശം ലഭിച്ചത് നവോത്ഥാനനായകരുടെ ധീരോദാത്തമായ ശ്രമങ്ങളുടെ ഭാഗമായാണ്. പെൺകുട്ടികളെ സ്കൂളിൽച്ചേർത്തതിനാൽ  പള്ളിക്കൂടങ്ങൾ കത്തിച്ചതും  നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്. അത്തരം അവസ്ഥകളുമായി  നിരന്തരമായി സംവദിച്ചും ഏറ്റുമുട്ടിയുമാണ് നിലവിലെ സാമൂഹികവികസന നേട്ടങ്ങൾ നാം കൈവരിച്ചത്.

ചരിത്രം നമ്മെ പഠിപ്പിക്കുന്നത് ഫ്യൂഡൽ മൂല്യങ്ങൾക്കെതിേര നിരന്തരമായ സംവാദവും അത്തരം മൂല്യങ്ങളെ മറികടക്കാനുള്ള നിരന്തരമായ പ്രവർത്തനങ്ങളും സാമൂഹികമായി നടക്കണം എന്നതാണ്. ഇങ്ങനെ നടക്കുന്ന സംവാദങ്ങൾക്ക് ഉത്തമമായ ഉദാഹരണമാണ് മാതൃഭൂമി നടത്തുന്ന ഈ സമൂഹസംവാദം.

വിജ്ഞാനസമൂഹത്തിന്റെ  പ്രസക്തി
വിജ്ഞാനസമൂഹത്തെക്കുറിച്ച് ഉറക്കെച്ചിന്തിക്കുന്നവരാണ് നാമിപ്പോൾ. അത്തരമൊരു സമൂഹത്തിന്റെ അടിത്തറ ജനാധിപത്യവും മതനിരപേക്ഷതയും സാമൂഹികനീതിയും തുല്യതയും നീതിയും എല്ലാം ചേർന്നതാകും. ഇതിന്റെ ഭാഗമായി ഇനിയും തുല്യതയും  നീതിയും  ഉറപ്പാക്കാൻ കഴിയാത്ത ഇടങ്ങളുടെയും മേഖലകളുടെയും സമൂഹങ്ങളുടെയും മുഖ്യധാരാവത്കരണം ഏറെ പ്രധാനമാണ്. അതിൽത്തന്നെ ഏറെ പ്രധാനപ്പെട്ടതാണ് ലിംഗനീതിയും ലിംഗതുല്യതയും ലിംഗാവബോധവും വളർത്തുകയെന്നത്‌.

സ്കൂൾവിദ്യാഭ്യാസഘട്ടത്തിലെ ലിംഗപദവി മുഖ്യധാരാവത്കരണം ഏറെ മുൻഗണന അനിവാര്യമായ ഒന്നാണ്. പാഠപുസ്തകങ്ങൾ, അവയുടെ ഉള്ളടക്കം, വിവരണങ്ങൾ, രചനയുടെ ശൈലി, ചിത്രീകരണം, രൂപകല്പന, പാഠ്യപദ്ധതി, ബോധനപ്രവർത്തനങ്ങൾ, സ്കൂൾകാമ്പസ്, സ്കൂൾ അന്തരീക്ഷം, ക്ലാസ്‌മുറി പ്രവർത്തനങ്ങൾ, സ്കൂൾ ചിട്ടകൾ, സ്കൂൾ കളിസ്ഥലങ്ങളുടെ അവകാശം, സ്കൂൾ ജനാധിപത്യവേദികളുടെ പ്രവർത്തനം, സ്കൂളിലെ അപ്രഖ്യാപിത അധികാരപദവി തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ആഭ്യന്തര ഓഡിറ്റിങ്ങിന് വിധേയമാക്കേണ്ടതുണ്ട്. തുറന്നമനസ്സോടെവേണം ഈ പ്രവർത്തനത്തെ സമീപിക്കേണ്ടത്. ഇതോടൊപ്പം പ്രധാനമാണ് കാമ്പസിലെ അധികാരഘടനയും അധികാരരീതികളും ഇക്കാര്യത്തിൽ എന്തുസമീപനമാണ് കൈക്കൊള്ളുന്നത് എന്ന അന്വേഷണം. വളരെ ഗുണാത്മകമായാകണം നാം ഇവയെയെല്ലാം സമീപിക്കേണ്ടത്. കുറ്റവാളികളെ കണ്ടെത്തലല്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ ജനാധിപത്യപരമായ നിലപാടിലുറച്ചുകൊണ്ടുള്ള തുറന്ന സംവാദത്തിലൂടെ തിരിച്ചറിവിലേക്ക് സ്കൂൾസമൂഹത്തെ വളർത്തുകയാണ് വേണ്ടത്. പുതിയ പാഠ്യപദ്ധതി രൂപവത്‌കരണഘട്ടത്തിൽ ഇക്കാര്യം അഭിമുഖീകരിക്കാനുള്ള സന്നദ്ധത സർക്കാർ ഇതിനകംതന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

വേണം, ജൻഡർ ന്യൂട്രൽ വ്യവസ്ഥിതി
ജൻഡർ ന്യൂട്രലായ യൂണിഫോമുകൾ വേണമെന്ന ചർച്ചകൾക്കും നിലപാടുകൾക്കും ഏറെ സ്വീകാര്യത ലഭിച്ചുവരുന്നു. ഇതെല്ലാം ഒരുത്തരവിലൂടെ നടപ്പാക്കാവുന്നവയല്ല. സമൂഹത്തിന്റെ അറിവിന്റെയും തിരിച്ചറിവിന്റെയും അടിസ്ഥാനത്തിൽ വികസിച്ചുവരേണ്ടതാണ്. അതാണ് ജനാധിപത്യപരം. അതിനാൽ ഇതുസംബന്ധിച്ച സംവാദങ്ങൾ കേരളീയസമൂഹത്തിൽ വിപുലമായി നടക്കേണ്ടതുണ്ട്. സർക്കാരും ഇത്തരം കാര്യങ്ങളിൽ ചെയ്യാവുന്ന കാര്യങ്ങളെല്ലാം ചെയ്യും.

നമ്മുടെ ഏതാണ്ടെല്ലാ കുട്ടികളും 12 വർഷത്തെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നുണ്ട്. ഇതിനർഥം 12 വർഷം അവർ സ്കൂൾ സംവിധാനത്തിന്റെ ഭാഗമാണ് എന്നാണ്. കൗമാരത്തിന്റെ അവസാനഘട്ടത്തിലാണ് അവർ സ്കൂൾപഠനം പൂർത്തിയാക്കുന്നത്. വളർച്ചയുടെയും വികാസത്തിന്റെയും നിർണായകഘട്ടത്തിലൂടെ സ്കൂൾ പഠനകാലത്തുതന്നെ അവർ കടന്നുപോകുന്നു. ലിംഗതുല്യത, ലിംഗാവബോധം, ലിംഗനീതി എന്നിവ സംബന്ധിച്ച ശരിയായ ധാരണ ഈ ഘട്ടത്തിൽ എങ്ങനെ വികസിപ്പിക്കാമെന്നത് കൂടുതൽ ആഴത്തിൽ കേരളീയസമൂഹം ചിന്തിക്കേണ്ടതുണ്ട് എന്നാണ് കേരളത്തിൽ ഒരിക്കലും കേൾക്കാൻ ആഗ്രഹിക്കാത്ത അക്രമങ്ങളുടെയുംമറ്റും വാർത്തകൾ നമ്മോട് പറഞ്ഞുകൊണ്ടിരിക്കുന്നത്.

മറ്റൊരു പ്രധാനകാര്യം ആൺ-പെൺ സ്കൂളുകൾ വെവ്വേറെയായി  ചിലയിടങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്നു എന്നതാണ്. കുട്ടികൾ ലിംഗവ്യത്യാസമില്ലാതെ   ഒരേ ക്ലാസിൽ പഠിക്കണമെന്നതാണ് പുരോഗമനനിലപാട്. നാം ആ നിലപാടിനോടൊപ്പമാണ് നിൽക്കേണ്ടത്. ഒട്ടേറെ കാലമായി നിൽക്കുന്ന ഒരു കാര്യത്തിന്റെ വരുംവരായ്കകൾ സജീവമായ സാമൂഹികസംവാദത്തിന് വിധേയമാകണം. ഇത്തരം സംവാദങ്ങളിലൂടെ സമൂഹത്തിനുണ്ടായ തിരിച്ചറിവിന്റെ ഭാഗമായാണ് പല പെൺപള്ളിക്കൂടങ്ങളും ആൺ പള്ളിക്കൂടങ്ങളും കോ- എജ്യുക്കേഷൻ കേന്ദ്രങ്ങളായി മാറിയത്. ഇപ്പോൾ ചിലയിടങ്ങളിൽ കാണുന്ന ഈ വേർതിരിവ് അവസാനിപ്പിക്കാൻ സമൂഹംതന്നെ മുന്നോട്ടുവരുമെന്നാണ് എന്റെ പ്രതീക്ഷ. അങ്ങനെ വരാനുള്ള എല്ലാ ശ്രമങ്ങളോടൊപ്പവും സർക്കാരുണ്ടാകും.