ഒരു നല്ല പങ്കാളിയെ കിട്ടാനാണ് വിദ്യാഭ്യാസം സഹായിക്കുകയെന്ന തെറ്റായ ബോധ്യങ്ങളാണ് പെൺകുട്ടികളിൽ അടിച്ചേൽപ്പിക്കപ്പെടുന്നത്. അങ്ങനെ പെൺകുട്ടികളെ നല്ലരീതിയിൽ വളർത്തുന്നത് വിവാഹം കഴിപ്പിച്ചയക്കാനും കുടുംബം നോക്കാനും കുട്ടികളെ വളർത്താനുമാണെന്നും സമൂഹം ആവർത്തിക്കുന്നു
രക്ഷിതാക്കളുടെ സ്വത്തിനുമേൽ അവകാശമില്ലാതിരുന്ന പെൺമക്കൾക്ക്് ചെറിയരീതിയിലെങ്കിലും നീതി ഉറപ്പാക്കാൻവേണ്ടി തുടങ്ങിവെച്ചതായിരുന്നു സ്ത്രീധനസമ്പ്രദായം. ഒരുകാലത്ത് പുരുഷന്റെ ആശ്രിത മാത്രമായി പരിമിതപ്പെട്ടിരുന്ന സ്ത്രീകൾക്ക്് സാമ്പത്തിക സ്വാതന്ത്ര്യവും ഭർത്തൃവീട്ടിൽ പരിഗണനയും ശബ്ദവും ലഭിക്കാനായി രക്ഷിതാക്കൾ നൽകിയിരുന്ന നിക്ഷേപമായിരുന്നു സ്ത്രീധനം. എന്നാൽ, പിൽക്കാലത്ത്് ഈ സമ്പ്രദായം വരന്റെ വീട്ടുകാർക്ക് ഒരു ധനസമാഹരണത്തിനുള്ള ഉപാധിയാവുകയും സ്ത്രീധനം ആവശ്യപ്പെടുന്ന രീതിയിലേക്ക്് ചില സമൂഹങ്ങൾ ചുരുങ്ങുകയുമായിരുന്നു. അതായത്, അന്നത്തെ സാമൂഹിക സാഹചര്യത്തിൽ എന്താണോ സ്ത്രീധനംകൊണ്ട് ലക്ഷ്യംവെച്ചത് അതിന് നേർവിപരീതമായി സ്ത്രീധനസമ്പ്രദായം പരിണമിച്ചു എന്നു സാരം.
ഇന്ത്യയിൽത്തന്നെ ഒട്ടേറെ പെൺ ഭ്രൂണഹത്യകളിലേക്കു നയിച്ച ഒരു സാമൂഹിക വിപത്തുകൂടിയായി സ്ത്രീധനം പിന്നീട് മാറി. അങ്ങനെയാണ് ഗർഭാവസ്ഥയിലെ ലിംഗനിർണയം കുറ്റകൃത്യമായി കണക്കാക്കി നിയമനിർമാണം നടത്താൻ ഇന്ത്യൻ സർക്കാരിനെ പ്രേരിപ്പിച്ചതും. പലവിധ ബോധവത്കരണങ്ങളിലൂടെ സ്ത്രീധനസമ്പ്രദായം കുറഞ്ഞുവരുന്നുണ്ടെങ്കിലും സ്ത്രീയെ വിൽപ്പനച്ചരക്കായിത്തന്നെയാണ് സമൂഹം ഇന്നും കാണുന്നത്.
അന്തസ്സളക്കുന്ന സ്വർണം
സ്വർണത്തിനോടുള്ള മോഹവും ഭ്രമവും ഇന്ത്യയിൽ എല്ലായിടത്തുമുണ്ട്. അതിന്റെ ഭീമമായ വിലപോലും കുടുംബങ്ങൾക്ക് ആ ലോഹത്തോടുള്ള ഭ്രമം കുറച്ചില്ല. ആഘോഷങ്ങളിലും മറ്റു ചടങ്ങുകളിലും ഒരു കുടുംബത്തിന്റെ അന്തസ്സിനെ നിർണയിക്കുന്ന പ്രതീകമായിമാറി സ്വർണം ധരിച്ച മേനികൾ.
ഒരു പെൺകുഞ്ഞു ജനിക്കുമ്പോൾതന്നെ അവളുടെ വിവാഹത്തിന് കരുതിവെക്കേണ്ടു സ്വർണത്തെക്കുറിച്ചും ആവശ്യമായ ചെലവുകളെക്കുറിച്ചും ഒക്കെയുള്ള ആശങ്കകളും മറ്റും വീട്ടകങ്ങളിലെ വർത്തമാനങ്ങളിൽ കടന്നുവരുകയാണ്. തങ്ങളുടെ ലിംഗസ്വത്വത്തെപ്പറ്റി കുട്ടികൾ സ്വയം തിരിച്ചറിയുന്നതിനും അതേപ്പറ്റി ചിന്തിക്കുന്നതിനും മുമ്പുതന്നെയാണ് ഈ ചർച്ചകൾ ഉണ്ടാകുന്നത്. സമ്പത്തിന്റെ പ്രദർശനത്തിനായുള്ള ഉപാധിയായി വിവാഹവേദികളെ കാണാൻ പുരോഗമന ചിന്ത വെച്ചുപുലർത്തുന്ന പെൺകുട്ടികളെപ്പോലും പലപ്പോഴും പ്രേരിപ്പിക്കുന്നത് അവരിൽ ചെറുപ്പകാലംതൊട്ട് ഊട്ടിയുറപ്പിക്കപ്പെട്ട ഇത്തരം തെറ്റായ ബോധ്യങ്ങളാണ്.
പെൺകുട്ടികളെ അവർക്കിഷ്ടപ്പെട്ട വിദ്യാഭ്യാസം നേടാനും സ്വയം പര്യാപ്തരാക്കാനും ലോകം കാണാനുമൊക്കെ പ്രോത്സാഹിപ്പിക്കുന്ന മാതാപിതാക്കൾ നമ്മുടെ സമൂഹത്തിൽ വിരളമാണ്. പെൺകുട്ടികൾ ബിരുദം നേടുന്നതുപോലും സ്വന്തം കാലിൽ നിൽക്കാനായല്ല, മറിച്ച് യോഗ്യതയ്ക്കനുസരിച്ചുള്ള വരനെ ലഭിക്കാൻവേണ്ടി മാത്രമാണെന്നുള്ള സംസാരങ്ങളാണ് വീട്ടകങ്ങളിൽ നടക്കുന്നത്. ഒരു നല്ല പങ്കാളിയെ കിട്ടാനാണ് വിദ്യാഭ്യാസം സഹായിക്കുകയെന്ന തെറ്റായ ബോധ്യങ്ങളാണ് പെൺകുട്ടികളിൽ അടിച്ചേൽപ്പിക്കപ്പെടുന്നത്. അങ്ങനെ പെൺകുട്ടികളെ നല്ലരീതിയിൽ വളർത്തുന്നത് വിവാഹം കഴിപ്പിച്ചയക്കാനും കുടുംബം നോക്കാനും കുട്ടികളെ വളർത്താനുമാണെന്നും സമൂഹം ആവർത്തിക്കുന്നു.
വിവാഹം കഴിക്കുന്നതുവരെ അച്ചടക്കത്തോടെ നടക്കണമെന്നും വിവാഹം കഴിഞ്ഞ് എന്തുമാവാമെന്നും പറയുന്ന രക്ഷിതാക്കളെയാണ് കൂടുതലായി നമ്മൾ കണ്ടുവരുന്നത്. ഒരു പടികൂടിക്കടന്നു പറഞ്ഞാൽ, പെൺകുട്ടിയുടെ സംരക്ഷണം വിവാഹം കഴിയുന്നതുവരെ അച്ഛനാണെന്നും അതുകഴിഞ്ഞാൽ ഭർത്താവിന്റെ ‘തലവേദന’യായിക്കൊള്ളുമെന്നും ചിന്തിക്കുന്നവരുമുണ്ട്. നിർഭാഗ്യമെന്നു പറയട്ടെ, ഒരു സ്ത്രീയുടെ സ്വത്വവും വ്യക്തിത്വവും സ്വഭാവവും പുരുഷനെ തൃപ്തിപ്പെടുത്താനുള്ളതാണെന്ന പ്രതിലോമകരമായ ആശയങ്ങൾ പേറുന്നവരും നമ്മുടെ ചുറ്റിലുമുണ്ട്...
അങ്ങനെ ആരുടെയൊക്കെയോ പ്രതീക്ഷകൾക്കൊത്ത്് ജീവിതം ജീവിച്ചുതീർക്കാൻ സ്ത്രീകൾ വിധിക്കപ്പെടുകയാണ്. വിവാഹബന്ധങ്ങളിൽ നേരിടുന്ന അക്രമങ്ങളും പീഡനങ്ങളും നിശ്ശബ്ദമായി സഹിക്കാനും പൊരുത്തപ്പെടാനും അവർ ഇതുമൂലം നിർബന്ധിതരാവുന്നു. ശാരീരികവും മാനസികവും വൈകാരികവുമായ അതിക്രമങ്ങളെയും അധിക്ഷേപങ്ങളെയും സൈബർ ആക്രണങ്ങളെയും എതിർക്കാനും പ്രതികരിക്കാതിരിക്കാനുമല്ല പകരം മറച്ചുപിടിക്കാനാണ് സ്ത്രീകളെ ഇത്തരം സാമ്പ്രദായിക ഭാരങ്ങൾ നിരന്തരം പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. വിവാഹമോചനവും തകരുന്ന ദാമ്പത്യങ്ങളും കുടുംബത്തിന്റെ അന്തസ്സിനെ ബാധിക്കുമെന്ന വർത്തമാനങ്ങൾ അവരെ സമ്മർദത്തിലാക്കുകയും അവർ നിശ്ശബ്ദതപാലിക്കാൻ നിർബന്ധിതരുമാകുന്നു.
പെൺമക്കളോടുള്ള സ്നേഹപ്രകടനമെന്നോണം നടക്കുന്ന വിവാഹസമയത്തെ സ്വർണാഭരണ പ്രദർശനത്തിനെതിരേ ഇനിയെങ്കിലും പുതുതലമുറ മുന്നോട്ടുവരേണ്ടതുണ്ട്. സ്ത്രീധനത്തിനും വിവാഹങ്ങളിൽ സമ്പത്തിന്റെ പ്രദർശനത്തിനും വേണ്ടിയല്ല, വിദ്യാഭ്യാസത്തിനും സ്വാശ്രയത്വത്തിനും നൈപുണ്യത്തിനുമൊക്കെ വേണ്ടിയാണ് നമ്മളുടെ നിക്ഷേപങ്ങളും ഊർജവും ചെലവഴിക്കേണ്ടതെന്ന് ഇനിയെന്നാണ് നാം മനസ്സിലാക്കാൻപോകുന്നത്.
സ്വയംപര്യാപ്തരാവാതെ സുഷുപ്തിയിലാവുന്നവർ
ദുർബലവിഭാഗമെന്ന സമൂഹത്തിന്റെ തീർപ്പിനെ നെഞ്ചേറ്റി ആ സൗഖ്യത്തിൽ സുഷുപ്തിയിലാവുന്ന സ്ത്രീകളും നമുക്കിടയിലുണ്ട്. സ്ത്രീകളുടെ സമത്വത്തിനും അംഗീകാരത്തിനും വേണ്ടിയുള്ള സമരങ്ങൾ ചുറ്റിലും നടക്കുമ്പോഴും സ്വന്തം ശബ്ദവും തീരുമാനവുമെല്ലാം വേണ്ടെന്നുവെച്ച്, രണ്ടാംനിരയായിത്തന്നെ തുടരാൻ തീരുമാനിച്ച ചിലർ. സ്വന്തമായി ഡ്രൈവിങ് ലൈസൻസ് ഉണ്ടായിട്ടും പലചരക്കുകടയിലും ഡോക്ടറെ കാണാൻപോലും ഭർത്താവിന്റെയോ സഹോദരന്റെയോ പിതാവിന്റെയോ തുണയാവശ്യപ്പെടുന്ന കഴിവും വിദ്യാഭ്യാസവുമുള്ളവർ.
ഭർത്താക്കന്മാർ വാഹനമോടിക്കാൻ അനുവദിക്കില്ലെന്നോ ആത്മവിശ്വാസമില്ലെന്നതോ ആയിരിക്കും അവരുടെ ഉടനടിയുള്ള മറുപടി. കരയിൽ നിന്നുകൊണ്ട് നീന്തൽ പഠിക്കാനുള്ള പാഴ്ശ്രമംപോലെയാണത്. അധീശത്വസ്വഭാവം കാണിക്കുന്ന, അധികാരഭാവം കാണിക്കുന്ന പുരുഷൻമാരെക്കുറിച്ച്് പറയുന്നപോലെത്തന്നെ തനിക്ക് ഒറ്റയ്ക്കുചെയ്യാവുന്ന പലകാര്യങ്ങളും ചെയ്യാതെ ഭർത്താവിനെയും അച്ഛനെയും ആശ്രയിച്ച്് സുഖലോലുപരാവുന്ന, തന്റെ അവകാശങ്ങൾ സ്വമേധയാ വേണ്ടെന്നുവെക്കുന്ന സ്ത്രീകളെയും ഈ കൂട്ടത്തിൽ നാം കാണേണ്ടതുണ്ട്.
അവസരങ്ങൾ ലഭിച്ചിട്ടും സ്വന്തം കഴിവുകൾ വിനിയോഗിക്കാതെ പങ്കാളികളുടെ നിഴലിൽ ജീവിക്കാൻ താത്‌പര്യപ്പെടുന്ന ഒട്ടേറെ സ്ത്രീകൾ നമുക്കിടയിലുണ്ട്. പൊതുബോധത്തിനും പുരുഷാധിപത്യവ്യവസ്ഥിതിക്കും കീഴ്‌പ്പെടാതെ ധൈര്യപൂർവം ജീവിക്കുന്ന സ്ത്രീകളെ അപഹസിക്കുന്ന സാമൂഹിക ദ്രോഹംകൂടി ഇത്തരം സ്ത്രീകൾ ചെയ്യുന്നു എന്നതാണ് നിർഭാഗ്യകരമായ കാര്യം.
തന്റെ പങ്കാളികളെ തുല്യരായി കാണുകയും അവരുടെ വ്യക്തിസ്വാതന്ത്ര്യങ്ങളിൽ കൈകടത്താതെ ജീവിക്കുകയും ചെയ്യുന്ന ഭർത്താക്കൻമാരെ പെൺകോന്തനെന്നതരത്തിൽ പരിഹസിക്കുന്നവരും കുറവല്ല.
പെണ്ണുകാണലെന്ന അപരിഷ്‌കൃത സമ്പ്രദായം
പെൺകുട്ടിക്ക് പതിനെട്ട് തികയുമ്പോഴേക്കും കല്യാണ ആലോചനകളുടെയും അതിനെക്കുറിച്ചുള്ള അയൽവാസികളുടെയും ബന്ധുക്കളുടെയും നിർത്താതെയുള്ള ചോദ്യങ്ങളുടെയും വരവായി. ഈ സമ്മർദത്താൽ പഠനം അവസാനിപ്പിച്ച് ജോലിയെക്കുറിച്ചുള്ള സ്വപ്നങ്ങൾ ഉപേക്ഷിച്ച്് വിവാഹിതയായി ഒതുങ്ങിക്കഴിയാൻ പലപ്പോഴും സ്ത്രീകൾ നിർബന്ധിതരാവുകയാണ്.
പെൺകുട്ടിയുടെ പ്രായം എത്ര കുറയുന്നുവോ, അത്രയും എളുപ്പമാണ് പല ഭീഷണികൾക്കും സമ്മർദങ്ങൾക്കും അവരെ വശംവദരാക്കാനുള്ള സാധ്യതയും. 25 വയസ്സ് കഴിഞ്ഞ വിവാഹം കഴിക്കാത്ത പെൺകുട്ടികൾക്ക് ശാരീരികമോ മാനസികമോ ആയ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെന്ന അഭ്യൂഹങ്ങൾ പരത്തും. ആൺകുട്ടികളെ ഈ സമ്മർദങ്ങളിൽനിന്നെല്ലാം ഒഴിവാക്കുന്നു. ആണുങ്ങൾക്ക് ഇഷ്ടമുള്ളപ്പോൾ വിവാഹിതരാവാനും വിവാഹം കഴിക്കാതിരിക്കാനും ഒറ്റയ്ക്ക് താമസിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ഉള്ളപ്പോൾ അതേ തീരുമാനമെടുക്കുന്ന പെണ്ണുങ്ങൾ കുടുംബം തകർക്കുന്നവരും തന്നിഷ്ടക്കാരുമാവുന്നു.
ആണിനും പെണ്ണിനും എന്തിനാണ് രണ്ടു വിവാഹപ്രായം എന്നതും എന്തിനാണ് പെണ്ണുകാണൽ ചടങ്ങെന്ന അപരിഷ്‌കൃത സമ്പ്രദായമെന്നതും ഇതോടൊപ്പം ചോദിക്കേണ്ട ചോദ്യങ്ങളാണ്. വരനും ബന്ധുക്കളും ചേർന്ന് പെണ്ണിനെ അളക്കാനും പരിശോധിക്കാനുമുള്ള ആ നികൃഷ്ടമായ ചടങ്ങ് ഇന്നും തുടരുകയാണ്. ഒരു സ്ത്രീയുടെ സ്വത്വത്തെയും വ്യക്തിത്വത്തെയും അപമാനിക്കുന്ന സമ്പ്രദായമാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ രണ്ടാം ദശകത്തിലും നമ്മൾ പിന്തുടർന്നുകൊണ്ടിരിക്കുന്നത്.
ലിംഗഭേദമെന്യേ വ്യക്തിസ്വാതന്ത്ര്യത്തിലേക്ക് നമ്മെ നയിക്കാനുള്ള പരമപ്രധാനമായ ഉപകരണം വിദ്യാഭ്യാസമാണെന്ന് ഇനിയെങ്കിലും നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. സ്വതന്ത്രമായി ചിന്തിക്കുന്നതിനും തീരുമാനങ്ങളെടുക്കുന്നതിനും സമ്പാദിക്കുന്നതിനും ചെലവഴിക്കുന്നതിനും സർവോപരി സ്വയം തിരഞ്ഞെടുക്കുന്നതിനും കഴിയുന്നിടത്താണ് ആരോഗ്യകരമായ കുടുംബാന്തരീക്ഷങ്ങൾ ഉണ്ടാവുന്നത്. സ്ത്രീ ബഹുമാനിക്കപ്പെടണമെങ്കിൽ സ്വന്തമായി തിരഞ്ഞെടുപ്പുകൾ നടത്താനുള്ള സാമ്പത്തികവും മാനസികവുമായ സ്വാതന്ത്ര്യമാണ് അവൾ ആദ്യം നേടേണ്ടത്. അതിനുവേണ്ട അറിവും കരുത്തും മുൻഗണനകളും
സ്വന്തം കഴിവുകൾ മനസ്സിലാക്കാനും വിലയിരുത്താനുമുള്ള കഴിവുമെല്ലാം പ്രായത്തിനൊപ്പം ആർജിക്കാവുന്നതേയുള്ളൂ. ആൺകുട്ടികളെപ്പോലെതന്നെ സ്വന്തം പ്രായവും ഇടവും തിരഞ്ഞെടുക്കാനും ആസ്വദിക്കാനുമുള്ള അവകാശവും അർഹതയും നമ്മുടെ പെൺകുട്ടികൾക്കും ഉണ്ട്, ഉണ്ടാവണം.
(സാമൂഹികവൈകാരിക പഠനമേഖലയിൽപ്രവർത്തിക്കുന്ന Zocio എന്ന സംഘടനയുടെ സ്ഥാപകയാണ് ലേഖിക)