വിദ്യാഭ്യാസം ജാത്യാതീതവും മതാതീതവും ആവേണ്ടുന്നതുപോലെത്തന്നെ പരമപ്രധാനമാണ് അതു ലിംഗാതീതമാവേണ്ടതും. പതിനെട്ടു വയസ്സിലാണ് വോട്ട് രേഖപ്പെടുത്താൻ നാം യോഗ്യരാവുന്നതെങ്കിലും ഒരുദിവസത്തിൽ പൊട്ടിമുളയ്ക്കുന്ന ഒന്നല്ല ഒരു വ്യക്തിയുടെ പൗരബോധവും ജനാധിപത്യബോധവും. ക്ലാസ്‌മുറികളിലൂടെ പകർന്നുകൊടുക്കപ്പെടുന്ന മൂല്യങ്ങളാണ് ഏതൊരു വ്യക്തിയുടെയും രൂപവത്‌കരണത്തിൽ പ്രഥമ പങ്കുവഹിക്കുന്നത്.
ഫ്യൂഡൽ കാലഘട്ടത്തിൽ സവർണനുവേണ്ടി മാത്രമുള്ളതും കോളനിവാഴ്ചക്കാലത്ത് ഇന്ത്യൻ കുട്ടികൾക്കോ കറുത്തവർഗക്കാർക്കോ വേണ്ടി മാത്രമുള്ളതുമായ വിദ്യാഭ്യാസ ഇടങ്ങൾ എത്രമാത്രം അരോചകവും വിവേചനപൂർണവുമായിരുന്നോ അത്രയുംതന്നെ നിന്ദ്യമാണ് ആൺകുട്ടികളെയും പെൺകുട്ടികളെയും വേർതിരിച്ചിരുത്തുന്ന, അവർക്കു നടുവിൽ മതിലുകൾ പണിയുന്ന വിദ്യാഭ്യാസ സമ്പ്രദായം. മതിലുകൾ എന്ന പ്രശസ്തമായ നോവലിൽ വൈക്കം മുഹമ്മദ് ബഷീർ ചോദിച്ചതിനെ അതിന്റെ എല്ലാ വ്യാപ്തിയിലും ഇഴപിരിച്ചെടുത്താൽ, ആണും പെണ്ണും ഇതരലിംഗക്കാരും എന്നീ വേർതിരിവുകൾ നിലനിൽക്കുന്ന ലോകം ഒരു ജയിലിനപ്പുറം അധികമൊന്നുമല്ല. സ്വാതന്ത്ര്യം ഘോഷിക്കുന്ന നമ്മുടെ ഇടങ്ങൾ എങ്ങനെ വ്യത്യസ്തമാക്കാം എന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു. സഹവർത്തിത്വമോ കൊടുക്കൽ വാങ്ങലുകളോ ഇല്ലാത്ത, അപരരുടെ മണവും ചിരിയും ദുഃഖവും സംവാദങ്ങളുമില്ലാത്ത വിദ്യ അഭ്യസിക്കൽ, വിദ്യ എന്ന വാക്കിനെത്തന്നെ അപഹസിക്കുന്നു. ആത്മാവിന്റെ ലക്ഷണം ശരിയായി മനസ്സിലാക്കിയവരായിരിക്കണം വിദ്വാന്മാരും വിദുഷികളും എന്നാണല്ലോ പ്രമാണം. 
മനുഷ്യന്റെ നാനാത്വങ്ങൾ മനസ്സിലാവാതെ പെൺ ഉടലുകളായി മാത്രം സ്ത്രീകളെ കാണുന്ന ഇന്നത്തെ പുരുഷാധിപത്യ നോട്ടങ്ങളിൽനിന്നു വിമോചനം വേണമെങ്കിൽ ലിംഗപരമായ വൈവിധ്യങ്ങളോട് സഹാനുഭൂതിയും സംവേദനശേഷിയും അവയെ ശ്രദ്ധാ
പൂർവം അഭിസംബോധന ചെയ്യാനുള്ള കഴിവും നമ്മുടെ കുട്ടികൾക്കുണ്ടാവണം. അപരരെ തൂത്തെറിയാനോ അവഹേളിക്കാനോ അവരുടെ മേൽ അധികാരം സ്ഥാപിക്കാനോ വേണ്ടിയുള്ള ഉപാധിയാവരുത് അറിവും അറിവിന്റെ ഇടങ്ങളും. മറിച്ച്, അവരെ ചേർത്തുനിർത്താനും അവരോട് ജനാധിപത്യബോധത്തോടെ, തികഞ്ഞ മര്യാദയോടെ സംവദിക്കാനും കെൽപ്പുണ്ടാക്കുന്ന, നൈതികതയിൽ ഊന്നിയ, സൂക്ഷ്മലിംഗബോധമുള്ള ഒരു വിദ്യാഭ്യാസസംസ്കാരമാണ് നമുക്കുവേണ്ടത്.
 പൊളിക്കേണ്ട മറകൾ, മതിലുകൾ
പെൺകുട്ടികളും ആൺകുട്ടികളും ഒന്നിച്ചിരുന്നു പഠിക്കാത്തപ്പോഴാണ് തങ്ങളുടെ ലിംഗപദവി കേമമാണെന്നോ അധമമാണെന്നോ ഒക്കെയുള്ള കാഴ്ചപ്പാടുകൾ ഉണ്ടാവുന്നത്. അനേകം കൊടുക്കൽ വാങ്ങലുകളിൽനിന്ന്‌ ഉരുത്തിരിയേണ്ട ആരോഗ്യകരമായ സാമൂഹിക പെരുമാറ്റച്ചട്ടങ്ങൾ അപ്പോഴാണ് വികലമാക്കപ്പെടുന്നത്. അപ്പോഴാണ് സാമൂഹികവത്കരണപ്രക്രിയയിൽ നാം പിറകോട്ടുപോകുന്നതും ജനാധിപത്യബോധവും പൗരബോധവുമുള്ള വ്യക്തികളെ വാർത്തെടുക്കാൻ സമൂഹത്തിനു കഴിയാതെവരുകയും ചെയ്യുന്നത്. ഇത്തരം മൂല്യങ്ങൾ പേറുന്ന ക്ലാസ്‌മുറികളിൽ പഠിച്ചുവന്ന ഒരു ആൺതലമുറയ്ക്ക്, സ്ത്രീകൾ തങ്ങളുടെ ഒപ്പമിരിക്കാൻ കൊള്ളാത്ത പെൺഉടലുകൾ മാത്രമാവുന്നു. ഒരു പാതിജനതയെ, അവരോടു സംവദിക്കാൻ ഭാഷയില്ലാത്ത ഒരു പുരുഷാരത്തെ, തൊഴിലിടങ്ങളിലോ പൊതുമണ്ഡലത്തിലോ വീടുകളുടെ അകത്തളങ്ങളിലോ തങ്ങൾക്കു മനസ്സിലാവാത്ത ഒരു ഇരുണ്ട പെൺഭൂഖണ്ഡത്തെ ഒക്കെ സൃഷ്ടിക്കുന്ന വൈരുധ്യമായി വിദ്യാഭ്യാസത്തെ മാറ്റാൻ മാത്രമാണ് ഇതു സഹായിക്കുക.
വിഭജനങ്ങളും മതിലുകളും മുള്ളുകമ്പികളും വർണവർഗ വിവേചനാടിസ്ഥാനത്തിൽ വേർപെടുത്തി നിർത്തുന്ന മേൽക്കോയ്മാ വ്യവഹാരങ്ങൾക്കും അധികാരപ്രയോഗത്തിനും ആക്കംകൂട്ടിയ ചരിത്രമാണ് നാം പഠിച്ചിരിക്കുന്നത്. നാസി ജർമനിയിൽ നഗരങ്ങൾ വിഭജിച്ച് യഹൂദരെ പാർപ്പിച്ച ഘെറ്റോകൾ, വംശീയവെറിക്ക് ആക്കംകൂട്ടുന്ന വിധത്തിൽ കറുത്തവർഗക്കാരുടെ മാത്രം പാർപ്പിടങ്ങളുള്ള അമേരിക്കൻ പട്ടണപ്രാന്തങ്ങൾ, വർഗീയതയ്ക്ക് ചൂട്ടുപിടിക്കുംവിധം പാവങ്ങൾക്കായി നീക്കിവെച്ച ലോകമെമ്പാടുമുള്ള ചേരികൾ, ഇന്നും ചില ജാതികൾക്കും ഗോത്രങ്ങൾക്കും അപ്രാപ്യമായ കുളങ്ങളും കിണറുകളും പൊതുനിരത്തുകളുമുള്ള ഉത്തരേന്ത്യൻ ഗ്രാമങ്ങൾ-ഇവയെല്ലാം ഉദാഹരണങ്ങളാണ്. വർഗ, വർണ, ജാതി വിവേചനം പോലെത്തന്നെ ലിംഗവിവേചനത്തിന് ആക്കംകൂട്ടാൻ മാത്രമേ വേർതിരിക്കപ്പെട്ട ക്ലാസ്‌മുറികളും സ്കൂളുകളും സഹായിക്കൂ. ലിംഗവിവേചനത്തെ തോൽപ്പിക്കാൻ ഒന്നിച്ചുപഠിക്കുകയും ലിംഗപരമായ സാമൂഹിക മുൻവിധികളോടെ ഒന്നിച്ചുപോരാടുകയും ചെയ്യുന്ന ഒരു പുതിയ തലമുറയെയാണ് നാം വിദ്യാഭ്യാസത്തിലൂടെ സൃഷ്ടിക്കേണ്ടത്.
 ലിംഗസമത്വവും 
ലിംഗനീതിയും
ഒരു പുരുഷാധിപത്യ വ്യവസ്ഥയിലാണ് നാം ജീവിക്കുന്നത് എന്നത് ഒരു അലങ്കാരമായി കണ്ടിരുന്ന കാലഘട്ടങ്ങൾ നമുക്കുണ്ടായിരുന്നിരിക്കാം. എന്നാൽ, അതിൽനിന്നു വിഭിന്നമായി, അത് അങ്ങേയറ്റം അപമാനകരമായി തിരിച്ചറിയുകയും നിവാരണമാർഗങ്ങൾ തേടുകയും ചെയ്യേണ്ട മുഹൂർത്തം അതിക്രമിച്ചിരിക്കുന്നു. സ്ത്രീകൾക്ക് അവരുടെ ശരീരത്തിന്റെയും സ്വയം തിരഞ്ഞെടുക്കാനുള്ള അവകാശങ്ങളുടെയും അവസരങ്ങളുടെയും മീതെ സദാചാരപരമായ വിധിവാചകങ്ങൾ പ്രസ്താവിക്കപ്പെടുമ്പോൾ, അവർക്കെതിരേ ലിംഗാധിഷ്ഠിതമായ അക്രമം പെരുകുമ്പോൾ, സ്വന്തം കുഞ്ഞിനുമേൽ ഉള്ള അവകാശത്തിനുവേണ്ടിപോലും പൊരുതേണ്ടിവരുന്ന അമ്മമാർ ഉണ്ടാവുമ്പോൾ, വിദ്യാഭ്യാസം അത് നിർവഹിക്കേണ്ട കടമയും ദൗത്യവും പൂർണമായി നിർവഹിച്ചിട്ടില്ല എന്നുതന്നെ അനുമാനിക്കേണ്ടിവരും. മാർച്ച് എട്ടിന് കുറെയധികം സ്ത്രീകളുടെ സദസ്സുകളിൽ സ്ത്രീശാക്തീകരണത്തെക്കുറിച്ചു ക്ലാസ് എടുത്തതുകൊണ്ടു തീരാവുന്ന പ്രശ്നമല്ല ഇത്. ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരുന്നു ലിംഗസമത്വവും ലിംഗനീതിയും പാഠ്യവിഷയങ്ങളിലൂടെയും പാഠ്യേതര പദ്ധതികളിലൂടെയും പഠിക്കണം. അത് കൊണ്ടും കൊടുത്തും കണ്ണിൽ നോക്കിയും പൊതിച്ചോർ പങ്കിട്ടും കളിച്ചും കലഹിച്ചും കൂട്ടുകൂടിയും പ്രാവർത്തികമാക്കണം. അവിടെയാണ് ജെൻഡർ സെൻസിെറ്റെസ്ഡ് ആയ ക്ലാസ്‌മുറി ഒരു സൂക്ഷ്മജഗത്തായി മാറുന്നത്.
ഇന്റർനെറ്റ് എന്നത് അശ്ലീലവിനിമയങ്ങളുടെ സമ്പദ്‌വ്യവസ്ഥകൂടിയാണ്. ഇന്ന് ഏതു കൗമാരക്കാർക്കും വിരൽത്തുമ്പിൽ ലഭിക്കുന്ന ഒന്നുമാണ് അത്. പെണ്ണെന്നാൽ ആഭാസബിംബങ്ങൾ അല്ലെന്നും തങ്ങളോടൊപ്പമിരുന്ന് ആരോഗ്യകരമായ ചർച്ചകൾ നടത്തുന്ന ധിഷണാശാലികളായ കൂട്ടുകാരികളും പഠനത്തിലും ചിന്തകളിലും ചർച്ചകളിലും കളിയിലും തങ്ങളുടെ കൂട്ടാളിയും പങ്കാളിയുമാണെന്നും അനുയോജ്യമായ അംഗീകാരവും ആദരവും സ്നേഹവും കൊടുക്കേണ്ടവരാണെന്നും ഒക്കെയുള്ള തിരിച്ചറിവുകൂടിയാണ് വിദ്യാഭ്യാസം. ലിംഗവിവേചനമില്ലാത്ത ക്ലാസ്‌മുറികളേ ഈ തിരിച്ചറിവു സാധ്യമാക്കൂ. ലിംഗസമത്വത്തോട് പ്രതിജ്ഞാബദ്ധമായതും ലിംഗപരമായ വിടവുകൾ കുറയ്ക്കാൻ ഉതകുന്നതുമായ ക്ലാസ്‌മുറികൾ പൊതുവിദ്യാഭ്യാസം ഏറ്റെടുക്കേണ്ടതുണ്ട്. എന്നാൽ, കേരളത്തിലെ മറ്റു സ്കൂളുകളും കോളേജുകളും ഈ കർത്തവ്യത്തിൽനിന്നു പിൻവാങ്ങാൻ പാടില്ലതാനും. വസ്ത്രധാരണത്തിലും ലിംഗവിന്യാസത്തിലുമുള്ള സദാചാര പോലീസിങ്, ആൺ-പെൺ സമ്പർക്കങ്ങളെപ്പറ്റിയുള്ള വികലസങ്കല്പങ്ങൾ കുട്ടികളുടെ മുകളിൽ അടിച്ചേൽപ്പിക്കുക എന്നീ പ്രവണതകളുടെ ഏറിയപങ്കും പലപ്പോഴും കാണപ്പെടുന്നത് പൊതുമേഖലയ്ക്കു പുറത്തുനിൽക്കുന്ന ഇടങ്ങളിലാണ് എന്നതുതന്നെ ഇതിനൊരു കാരണമാണ്. വേർതിരിവുകളില്ലാത്ത, ഒരുമയുടെയും തുല്യതയുടെയും മൂല്യങ്ങൾ നിലനിർത്തുന്ന ക്ളാസ്‌മുറികൾക്കുമാത്രമേ അത്തരമൊരു ഭാവിസമൂഹം നിർമിക്കപ്പെടുമെന്ന പ്രതീക്ഷ സാക്ഷാത്കരിക്കാനാകൂ. ഒന്നിച്ചിരുന്നു പഠിക്കണം. അപരരിൽനിന്നു പഠിക്കുകയും പരസ്പരം പഠിപ്പിക്കുകയും വേണം. മനസ്സിന്റെ വാതിലുകളും ജനാലകളും വൈവിധ്യത്തിന്റെയും നാനാത്വത്തിന്റെയും വലിയ ലോകങ്ങളിലേക്ക് തുറന്നിട്ടു പഠിക്കണം. 

(കേരള സർവകലാശാല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ പ്രൊഫസറും സെൻറർ ഫോർ കൾച്ചറൽ സ്റ്റഡീസ് ഡയറക്ടറുമായ ലേഖിക ഫാക്കൽറ്റി ഓഫ് ആർട്ട്‌ ഡീനുമാണ്)