പെൺകുട്ടികൾക്കും സ്ത്രീകൾക്കും സമൂഹത്തിൽ അധമസ്ഥാനം നിലനിർത്തുന്നതിൽ ജെൻഡർ റോളുകളും പെരുമാറ്റങ്ങളും വഹിക്കുന്ന പങ്ക് കാലങ്ങളായി പറഞ്ഞുവരുന്നതാണ്. കുട്ടിക്കാലം മുതൽ വസ്ത്രധാരണത്തിലും കളിപ്പാട്ടങ്ങളിലും ഉള്ള വേർതിരിവുകളൊക്കെയാണ് ജെൻഡർവ്യത്യാസം നിർമിച്ചെടുക്കുന്നത്. വീടുകളിൽനിന്ന് തുടങ്ങുകയും സ്കൂളുകളിലൂടെയും കോളേജുകളിലൂടെയും വളർത്തിയെടുത്ത് സമൂഹത്തിന്റെ എല്ലാ മേഖലകളിലും അത് നിലനിർത്തിപ്പോരുകയുമാണ്. വീട്ടിലും സമൂഹത്തിലും നിലനിൽക്കുന്ന ആൺകോയ്മാമൂല്യങ്ങൾ അറിയാതെ വിദ്യാഭ്യാസമേഖലയിലുള്ളവരും പിന്തുടരുന്നതിന്റെ പ്രതിഫലനമാണ് അതിൽ കാണുന്നത്. മറുവശത്ത് സാർവത്രിക വിദ്യാഭ്യാസം നിലവിലുള്ള കേരളത്തിൽ വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്ന മൂല്യങ്ങൾ ജീവിതത്തിന്റെ സമസ്ത മേഖലയെയും ബാധിക്കുകയും ചെയ്യും. ഏറ്റവും സുരക്ഷിതമെന്ന് നമ്മൾ കരുതുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വീടുകളിലും സ്ത്രീകൾക്കും കുട്ടികൾക്കും ട്രാൻസ് ജെൻഡർ വ്യക്തികൾക്കും നേരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ ധാരാളമായി പുറത്തുവന്നു കൊണ്ടിരിക്കുന്ന സന്ദർഭം കൂടിയാണിത്. ലിംഗപദവിയിലെ അസമത്വങ്ങളാണ് അതിക്രമങ്ങളിലേക്ക് നയിക്കുന്നതെന്ന കാര്യത്തിലും ആർക്കും സംശയമുണ്ടാകാനിടയില്ല. 

 ഏതുമൂല്യമാണ് ആവിഷ്കരിക്കേണ്ടത്
കുട്ടിക്കാലത്തുതന്നെ തുല്യതയിൽ ഊന്നിയ ലിംഗലൈംഗികാവബോധം ഉണ്ടാക്കിയെടുക്കാനുള്ള ശ്രമമെന്ന നിലയ്ക്കാണ് വസ്ത്രങ്ങളിലും കളികളിലും ഇരിപ്പിടങ്ങളിലുമൊക്കെ വ്യത്യാസങ്ങൾ ഒഴിവാക്കുന്നത്. ഇത് സമഗ്രമായ ജെൻഡർ അവബോധത്തിലേക്ക് വളർത്തിയെടുക്കേണ്ടതുണ്ട്. ജെൻഡറും ലൈംഗികതയും വ്യക്തിത്വത്തിന്റെ അവിഭാജ്യ ഘടകമായതിനാൽ അത് പാതിവഴിയിൽ ഉപേക്ഷിക്കാൻ കഴിയില്ല. ശാരീരികവും മാനസികവും സാമൂഹികവുമായ വളർച്ചയിലും ജെൻഡർ അവബോധത്തിന് ആധുനികസമൂഹത്തിൽ കേന്ദ്രസ്ഥാനം നൽകേണ്ടി വരും. എന്നിട്ടും എന്തുകൊണ്ട് ഇത് വിദ്യാഭ്യാസത്തിന്റെ ഭാഗമാകുന്നില്ല എന്നത് ഇപ്പോഴെങ്കിലും ചിന്തിക്കണം. ഇതേപ്പറ്റി പറയുമ്പോഴൊക്കെ എതിർപ്പുകൾ ഉണ്ടാകുന്നതെന്തു കൊണ്ടാണെന്നും. 

സമഗ്രമായ ലിംഗലൈംഗികതാ ബോധത്തിൽ എല്ലാവരും സാധാരണ പറയാറുള്ളതു പോലെ മൂല്യത്തിന് വലിയ പങ്കുണ്ട്. എന്ത് മൂല്യമാണെന്നതിലാണ് വ്യത്യാസമുണ്ടാകേണ്ടത്. ഭരണഘടന വിഭാവനം ചെയ്യുന്നതുപോലെ ജാതിയുടെയോ മതത്തിന്റെയോ ലിംഗത്തിന്റെയോപേരിൽ മനുഷ്യരെ വേറിട്ടു കാണുന്ന മൂല്യത്തിനു പകരം, തുല്യതയുടെയും പരസ്പര ബഹുമാനത്തിന്റെയും മൂല്യമാണ് ആവിഷ്കരിക്കേണ്ടത്. അത് കുട്ടികളെ പഠിപ്പിക്കണമെങ്കിൽ അവരോടൊപ്പം, പഴയ മൂല്യങ്ങൾ ഉൾക്കൊള്ളുന്ന അധ്യാപകരും രക്ഷിതാക്കളും കുട്ടികൾക്കൊപ്പം പഠിക്കേണ്ടതുണ്ട്. അതിന് തയ്യാറായേ മതിയാകൂ. കാലം അതാവശ്യപ്പെടുന്നു.   

 അറിഞ്ഞു വളരട്ടെ
തുല്യതയിൽ ഊന്നിയ ലിംഗലൈംഗികബോധം കുട്ടികളിൽ ചെറുപ്രായം മുതൽ വളർത്തിയെടുക്കേണ്ടതുണ്ട്. ബൗദ്ധികതലത്തിലും വൈകാരികതലത്തിലും സാമൂഹികതലത്തിലുമുള്ള ആൺകോയ്മാമൂല്യങ്ങളെ പിഴുതുമാറ്റി സൗഹൃദത്തിന്റെ വേരുറപ്പിക്കണം. അതിലേക്കുള്ള ചുവടുവെപ്പാണ് ഇപ്പോൾ നടക്കുന്നതെന്നും അത് സമഗ്രമായ ഒരു പൊളിച്ചെഴുത്തിലേക്കെത്തുമെന്നും പ്രതീക്ഷിക്കുന്നു. ഓരോ പ്രായത്തിലും കുട്ടികൾക്ക് എന്തൊക്കെ മനസ്സിലാക്കാൻ കഴിയുമെന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം ജെൻഡർപരിശീലനം നടത്തേണ്ടത്. അത് ലൈംഗികതയുമായി ബന്ധപ്പെട്ടതാണെന്നു കൂടി മനസ്സിലാക്കണം. ശരീരത്തെയും ശരീരഭാഗങ്ങളെയും മോശമായി കാണാൻ കുട്ടികളെ പ്രേരിപ്പിക്കരുത്. അതേസമയം ശരീരത്തിന്റെ വ്യത്യസ്തതകൾ അവർ അറിഞ്ഞിരിക്കുകയും വേണം. ഏത്‌ ജെൻഡർ പ്രകടിപ്പിക്കണമെന്ന് തീരുമാനിക്കാനുള്ള അവസരം കുട്ടികൾക്ക് നൽകണം. അതെപ്പോഴും ശരീരഘടനയ്ക്കനുസരിച്ചായിക്കൊള്ളണമെന്നില്ല. അത് തിരിച്ചറിഞ്ഞാൽ മാത്രമേ ട്രാൻസ്‌ജെൻഡറായിട്ടുള്ളവരെ അംഗീകരിക്കാൻ കഴിയുകയുള്ളൂ.

കാലങ്ങളായി, പഠിച്ചു പോന്നിട്ടുള്ള ആൺ-പെൺ നിർമിതികളെ നിസ്സാരമായി തള്ളിക്കളയാൻ കഴിയില്ല. കൗമാരത്തിലേക്ക് വളരുന്ന ആൺകുട്ടികൾക്ക് ലൈംഗികമായ ഉത്തേജനം കൂടുതലായി ഉണ്ടാകും. പെൺകുട്ടികൾക്ക് വളർച്ചയുടെ ഫലമായി ഉണ്ടായേക്കാവുന്ന  പ്രത്യുത്പാദനപരമായ മാറ്റങ്ങൾ ഉത്കണ്ഠയുണ്ടാക്കാൻ ഇടയുണ്ട്. ആൺകുട്ടികൾക്കും ചിലപ്പോൾ ശരീരത്തിലെ മാറ്റങ്ങൾ മാനസിക സമ്മർദമുണ്ടാക്കും. അവർക്ക് കൂടുതൽ കാര്യങ്ങൾ അറിയണമെന്നുണ്ടാകും. അതെല്ലാം അവരോട് തുറന്നുസംസാരിക്കാനുള്ള പ്രാപ്തി, ബന്ധപ്പെട്ട മുതിർന്നവർ നേടേണ്ടതുണ്ട്. അതേസമയം, കുട്ടികളാണെങ്കിലും അവരുടെ സ്വകാര്യതയും സ്വകാര്യഇടവും മാനിക്കേണ്ടതുണ്ട്. ഏതു ലിംഗവിഭാഗങ്ങളിൽപ്പെടുന്നവരാണെങ്കിലും ഇത് ഒരുപോലെ പ്രധാനമാണ്. എല്ലാ ലിംഗവിഭാഗങ്ങളിലുമുള്ളവരും ഒരുമിച്ചിരുന്നു പഠിക്കുമ്പോൾത്തന്നെ മറ്റുള്ളവരുടെ, പ്രത്യേകിച്ച് പെൺകുട്ടികളുടെ സ്വകാര്യത മാനിക്കാനും അവരെ ബഹുമാനിക്കാനും പഠിക്കേണ്ടതുണ്ട്. 

 സ്കൂളുകളിൽ തുറന്ന ചർച്ച വേണം
കുട്ടികളുടെ ബോധനത്തിൽ പ്രായത്തിന് പങ്കുള്ളതിനാൽ അഞ്ചു മുതൽ എട്ടുവരെ, ഒൻപതുമുതൽ പന്ത്രണ്ടുവരെ, പതിമ്മൂന്നുമുതൽ പതിനഞ്ചുവരെ, പതിനാറുമുതൽ പതിനെട്ടുവരെ എന്നിങ്ങനെ ഏകദേശം തിരിച്ചുകാണുന്നത് നല്ലതായിരിക്കും. സ്കൂളിൽ കുറച്ച് മാറ്റം കൊണ്ടുവരുമ്പോൾ വീടുകളിൽനിന്ന് കിട്ടുന്ന സന്ദേശവും അതിനനുസരിച്ചാകണം. അവിടെ ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും വ്യത്യസ്തമായ റോൾ നൽകുകയും ആൺകോയ്മാമൂല്യങ്ങൾ ശീലിപ്പിക്കുകയുമാണെങ്കിൽ കുട്ടികൾക്ക് സംഘർഷമുണ്ടാകും. അതുകൊണ്ട് സ്കൂളുകളിൽ ഈ വിഷയത്തിൽ തുറന്ന ചർച്ചയുണ്ടാവണം. 

വളരുന്തോറും ബന്ധങ്ങളുടെ സ്വഭാവം മാറിവരുന്നത് ഒരു യാഥാർഥ്യമാണെന്ന് കുട്ടികളും രക്ഷിതാക്കളും മനസ്സിലാക്കണം. എട്ടു വയസ്സുവരെ ചിലപ്പോൾ അതേ ലിംഗത്തിലുള്ളവരോട് കൂട്ടു കൂടാനുള്ള പ്രവണത കുട്ടികളിലുണ്ടാവാം. അവരെ നിർബന്ധിച്ച് മാറ്റിയിരുത്താൻ ശ്രമിക്കരുത്. യൂണിഫോമുണ്ടെങ്കിലും കുട്ടികൾക്ക് ഇഷ്ടമുള്ള തരത്തിൽ വേഷം ധരിക്കാൻ എപ്പോഴെങ്കിലും അവർക്ക് അവസരം നൽകണം. ജെൻഡറും ജെൻഡർ എക്സ്‌പോഷനും (പ്രകടിപ്പിക്കൽ) വ്യക്തിത്വത്തിന്റെ ഭാഗമാണെന്നത് മറക്കാൻ പാടില്ല.

 സൗഹൃദത്തിന്റെ മൂല്യം
സൗഹൃദത്തിന്റെ മൂല്യം കുട്ടിക്കാലത്തുതന്നെ ബോധ്യമുണ്ടാകണം. പരസ്പരവിശ്വാസവും വൈകാരികതയും അതിലുണ്ടാവും. ചിലർ അതേ ലിംഗത്തിലുള്ളവരോടും മറ്റു ചിലർ എതിർ ലിംഗത്തിലുള്ളവരോടും വേറെ ചിലർ എല്ലാവരോടും സൗഹൃദമുണ്ടാക്കും. ഇതിൽ ഏതെങ്കിലും ഒന്നാണ് ശരിയെന്ന് ബോധ്യപ്പെടുത്തേണ്ടതില്ല. ലിംഗത്വത്തിനപ്പുറത്തേക്ക് സൗഹൃദങ്ങൾക്ക് വികസിക്കാൻ കഴിയും. സൗഹൃദത്തിന്റെ മൂല്യത്തെ അറിയാനും ചെറിയ പിണക്കങ്ങൾ മാറ്റിയെടുക്കാനുള്ള സന്ദർഭങ്ങൾ സൃഷ്ടിക്കുകയാണുവേണ്ടത്. വളരുന്തോറും സുഹൃദ് ബന്ധങ്ങളുടെ സ്വഭാവത്തിലും മാറ്റം വന്നേക്കും. പ്രണയം, ശരീരത്തോടുള്ള താത്പര്യം, സൗഹൃദം, എന്നിവയെല്ലാം വേർതിരിച്ചറിയാനും മറ്റേയാളെ ദോഷകരമായി അത് ബാധിക്കാത്ത തരത്തിൽ കൈകാര്യം ചെയ്യാനും പരിശീലിക്കേണ്ടതുണ്ട്. തുറന്ന ചർച്ചകളാണ് ഇതിന് സഹായിക്കുന്നത്. 

 പിന്തുണാസംവിധാനങ്ങൾ വേണം
പ്രണയത്തിന്റെ ഭാഗമായി അസൂയ ഉണ്ടാവുകയും അത് അക്രമത്തിലേക്ക് നീങ്ങുകയും ചെയ്യാം. അത്തരം വികാരങ്ങളെ നിയന്ത്രിക്കാനുള്ള പ്രാപ്തി നേടണമെങ്കിൽ അതിനുള്ള പിന്തുണാ സംവിധാനങ്ങളുണ്ടാകണം. പലപ്പോഴും പ്രണയത്തിൽപ്പെട്ടവർ, മറ്റേയാളിന്റെ, പ്രത്യേകിച്ച് പെൺകുട്ടിയുടെ സ്വാതന്ത്ര്യത്തെ തടയുന്നത് കാണാം. അതവർ ഇപ്പോഴത്തെ സാമൂഹികഘടനയിൽനിന്ന് ഉൾക്കൊണ്ടിട്ടുള്ളതായിരിക്കും. എന്നാൽ, സ്ത്രീയും സ്വതന്ത്രയായ വ്യക്തിയാണെന്ന് മനസ്സിലാക്കിക്കൊടുത്ത്‌ മാത്രമാണ് പുതിയ മൂല്യത്തിലേക്ക് മാറാൻ കഴിയുന്നത്. ഒരു പെൺകുട്ടി ഒരാളെ പ്രണയിച്ചുപോയി എന്നതിനാൽ, അതിൽനിന്ന് പിന്മാറാൻ കഴിയില്ലെന്നും അത് വിവാഹത്തിൽത്തന്നെ അവസാനിക്കണമെന്നുമുള്ള മൂല്യബോധമാണ് പുരുഷന് സ്ത്രീയുടെ മുകളിൽ അധികാരം നൽകുന്നത്. ബന്ധങ്ങളിൽ അക്രമം ഉണ്ടാകുമ്പോൾ അത് തുറന്നുപറയാൻ സ്ത്രീകൾക്ക് കഴിയാതിരിക്കുന്നത് ഈ മൂല്യബോധം കൊണ്ടാണ്. ബന്ധങ്ങൾക്ക് മൂല്യമുള്ളത് അതിലേർപ്പെടുന്നവർക്ക് സന്തോഷവും സമാധാനവുമുള്ളപ്പോൾ മാത്രമാണ്. അത് തുല്യതയിൽ അധിഷ്ഠിതമാണെന്ന ബോധം കുട്ടിക്കാലത്തുതന്നെ ഉറയ്ക്കണം.

സാമൂഹിക നിരീക്ഷകയും കണ്ണൂർ  ഗവ.മെഡിക്കൽ കേ​ാളേജിലെ കമ്യൂണിറ്റി  മെഡിസിൻ വിഭാഗം മേധാവിയുമാണ്‌  ലേഖിക