വെള്ളയമ്പലം ഇലങ്കം ഗാർഡൻസിൽനിന്ന് ഒഴുകിയിറങ്ങുന്ന റോഡ്. വൈകുന്നേരങ്ങളിൽ എ 14-ാം നമ്പർ വീടിന്റെമുന്നിൽ ഡോ. എം. കൃഷ്ണൻ നായർ ഉണ്ടാവും. അവസാനനാളുകളിൽ മ്യൂസിയം വളപ്പിൽ പതിവുള്ള വൈകീട്ടത്തെ നടത്തമില്ലായിരുന്നു. എവിടെനിന്നാലും തിരിച്ചറിയാമായിരുന്ന ഉച്ചത്തിലുള്ള ചിരിയുമില്ല. റീജണൽ കാൻസർ സെന്റർ എന്ന വലിയ സ്ഥാപനം പടുത്തുയർത്താൻ വിശ്രമമില്ലാതെ പണിയെടുത്ത ഈ ഡോക്ടർ ഏറക്കുറെ നിശ്ശബ്ദനായിരുന്നു. ആർ.സി.സി. എന്ന ആതുരാലയത്തിനെ ഇന്നത്തെനിലയിൽ എത്തിച്ചതിനുപിന്നിൽ കൃഷ്ണൻ നായർ മാത്രമാണ്. അദ്ദേഹത്തിന്റെ ആത്മകഥയായ ‘ഞാനും ആർ.സി.സി.യും’ എന്ന പുസ്തകം വായിക്കുമ്പോൾ ആ പ്രയത്നത്തിന്റെ സങ്കീർണതകൾ മനസ്സിലാകും.

അർബുദത്തിനെതിരേ  യുദ്ധം നയിച്ച നായകൻ

ആത്മകഥയുടെ ആമുഖമായി ഇങ്ങനെ എഴുതിയിട്ടുണ്ട്:
‘‘വളരെ ആലോചിച്ചാണ് പുസ്തകത്തിന് ഇങ്ങനെയൊരു ടൈറ്റിൽ നൽകിയത്. അഹന്തകൊണ്ടല്ല എന്ന് പ്രത്യേകം പറഞ്ഞുകൊള്ളട്ടെ. നാലുപതിറ്റാണ്ട് ഈ രോഗവുമായി യാത്രചെയ്ത എനിക്കറിയാം ഈ രോഗത്തിനൊപ്പം എത്താൻ എനിക്കോ ലോകത്തിലെ ഏറ്റവും മിടുക്കരായ മറ്റ് ഡോക്ടർമാർക്കോ പറ്റുകയില്ല എന്ന കാര്യം. അത്രത്തോളം ഭാവങ്ങളും നിറങ്ങളും മാറാൻ കഴിവുള്ള ഒരു രോഗമാണ് കാൻസർ. പ്രവചനാതീതമായ ഈ സ്വഭാവരീതി മനസ്സിലാക്കാനും അവയെ വരുതിയിൽ കൊണ്ടുവരാനും ഇനിയും 50 കൊല്ലമെങ്കിലും വേണ്ടിവരുമെന്നാണ് എന്റെ കണക്ക്. പക്ഷേ, ഇപ്പോഴും ധാരാളംപേർ കാൻസർ രോഗത്തിൽനിന്ന് രക്ഷപ്പെടുന്നുണ്ട്.

അതിൽക്കൂടുതലാളുകളുടെ ജീവിതത്തെ കാൻസർ പിച്ചിച്ചീന്തുന്നുമുണ്ട്. ഒരു രോഗമെന്നതിൽ കവിഞ്ഞ് കാൻസർ മാനസികവും സാമൂഹികവും സാമ്പത്തികവുമായ ഒരു അത്യാഹിതംകൂടിയാണ്, ഇതിൽനിന്നെല്ലാം ഒരാളെ കരകയറ്റാൻ അമാനുഷമായ വൈഭവം ഉണ്ടായേ മതിയാകൂ. ഡോക്ടർ എത്ര വിചാരിച്ചാലും നേടാൻ കഴിഞ്ഞെന്നിരിക്കില്ല...’’

കേരളത്തിന്റെ ആരോഗ്യപരിപാലനചരിത്രത്തിൽ കാൻസർ ചികിത്സയുടെ ആദ്യ അധ്യായമാണ് ഡോ. കൃഷ്ണൻ നായരുടെ ജീവിതം.
തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലായിരുന്ന ഡോ. എം. തങ്കവേലുവിന്റെ താത്പര്യപ്രകാരമാണ് ലോകത്തിലെ  ഏറ്റവും വിഖ്യാതമായ കാൻസർ സെന്ററായ ക്രിസ്റ്റി ആശുപത്രിയിൽ കൃഷ്ണൻ നായർ പരിശീലനത്തിന് ചേർന്നത്. 1972-ൽ ‘ക്ലിനിക്കൽ ഓങ്കോളജി’യിൽ എഫ്.ആർ.സി.ആർ. ബിരുദം നേടുമ്പോൾ ഈ യോഗ്യതയുള്ള മറ്റാരും കേരള സർവീസിൽ ഇല്ലായിരുന്നു. 1972-നും 1981-നും ഇടയ്ക്ക് മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസറെന്നനിലയിൽ കാൻസർ ചികിത്സാരംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാൻ കൃഷ്ണൻ നായർക്ക് കഴിഞ്ഞു.

കരുണാകരൻ പറഞ്ഞു: ‘ഇന്ന്‌ നിർത്താം’

അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ കേന്ദ്രസർക്കാരിന് അവഗണിക്കാൻ പറ്റുന്നതായിരുന്നില്ല. അങ്ങനെയാണ് ആറു സംസ്ഥാനങ്ങളിൽ ആർ.സി.സി. സ്ഥാപിക്കാനുള്ള ആദ്യപട്ടികയിൽ തിരുവനന്തപുരവും സ്ഥാനംപിടിച്ചത്. പക്ഷേ, അന്നത്തെ കേന്ദ്രമന്ത്രി റബിറേയ്ക്ക് സ്വന്തം നാടായ കട്ടക്കിൽ ആർ.സി.സി. സ്ഥാപിക്കണം. അതിനായി തിരുവനന്തപുരത്തെ ഒഴിവാക്കുമെന്ന സ്ഥിതിയായി. കാര്യത്തിന്റെ ഗൗരവം, ബന്ധുകൂടിയായ അന്നത്തെ ചീഫ് സെക്രട്ടറി ജി. ഭാസ്കരൻ നായരെ അറിയിച്ചു. അദ്ദേഹത്തിന്റെ സുഹൃത്താണ് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേശ്വർ പ്രസാദ്. ഒടുവിൽ ഉത്തരവിറങ്ങിയപ്പോൾ തിരുവനന്തപുരവും പട്ടികയിലുണ്ടായിരുന്നു. സി. അച്യുതമേനോൻ, കെ. കരുണാകരൻ, എ.കെ. ആന്റണി, പി.കെ. വാസുദേവൻ നായർ, സി.എച്ച്. മുഹമ്മദ് കോയ, ഇ.കെ. നായനാർ തുടങ്ങിയ മുഖ്യമന്ത്രിമാരൊക്കെ കൃഷ്ണൻ നായരെ ഉദാരമായി സഹായിച്ചു.

ആർ.സി.സി.യുടെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ കഴിയുന്നതും വേഗം നടത്തണമെന്ന്, ഈ സെന്റർ സ്ഥാപിക്കാൻ തീരുമാനിച്ച അന്നുമുതൽ കെ. കരുണാകരൻ നിർബന്ധിച്ചിരുന്നു. ‘‘പൈസയില്ലല്ലോ സാർ’’ എന്ന് കൃഷ്ണൻ നായർ പറയുമ്പോൾ ‘‘പൈസയൊക്കെ വന്നുകൊള്ളു’’മെന്നായിരുന്നു കരുണാകരന്റെ നിലപാട്. അദ്ദേഹം ഒരു കാര്യംകൂടി കൃഷ്ണൻ നായരോട് പറഞ്ഞു. ‘‘നമ്മുടെ നമ്പൂതിരി പറയുന്ന ദിവസം മാത്രമേ തറക്കല്ലിടാവൂ... സമയവും അദ്ദേഹത്തെക്കൊണ്ടുതന്നെ നോക്കിക്കണം.’’

കരുണാകരന്റെ നിർദേശപ്രകാരം കൃഷ്ണൻ നായരും അദ്ദേഹത്തിന്റെ ബന്ധു വി. നിർമലൻ തമ്പിയുംകൂടെ മിത്രൻ നമ്പൂതിരിയെക്കണ്ട് സമയംകുറിച്ചു. അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാകരനാണ്, മെഡിക്കൽ കോളേജ് റോഡിനരികിൽ 100 വാര ഉള്ളിലായി പുതിയതായി വെട്ടിത്തെളിച്ച മരച്ചീനി പുരയിടത്തിൽ തറക്കല്ലിട്ടത്. കൃഷ്ണൻ നായരും ചീഫ് എൻജിനിയർ ഗോപാലകൃഷ്ണൻ നായരുംകൂടി മേസ്തിരിയുടെ സഹായത്തോടെ കല്ലെടുത്തുകൊടുത്തു. കരുണാകരൻ ചടങ്ങനുസരിച്ച് അതിരിടുകയും ചെയ്തു.
ഒന്നാന്തരം പുകവലിക്കാരനായിരുന്ന കരുണാകരനെ അതിൽനിന്ന് പിന്തിരിപ്പിച്ചതും കൃഷ്ണൻ നായരാണ്. ‘തീവണ്ടിയിൽനിന്ന് പുകപൊങ്ങുംപോലെ’ കരുണാകരൻ തുടർച്ചയായി സിഗരറ്റിന് തീപിടിപ്പിച്ചിരുന്ന കാലം. ‘‘സാറിനറിയാമോയെന്നെനിക്കറിയില്ല. പുകവലിയാണ് ശ്വാസകോശാർബുദത്തിനും, ഹൃദയാഘാതത്തിനും കാരണം’’. ആത്മകഥയിൽ കൃഷ്ണൻ നായർ ഇങ്ങനെ എഴുതി: ‘കരുണാകരൻ എന്നെനോക്കി. അദ്ദേഹത്തിന്റെ ‘ക്യാരക്ടറിസ്റ്റിക് ഫാഷനിൽ’ കണ്ണിറുക്കിയശേഷം പറഞ്ഞു: ‘‘ഞാൻ ഇന്ന് നിറുത്തിയേക്കാം.’’ പിന്നീട് അദ്ദേഹം സിഗരറ്റ് വലിക്കുന്നത് കണ്ടിട്ടില്ല.’

നായനാർ തടഞ്ഞു, ഡോക്ടർ പോയില്ല 

ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ആർ.സി.സി.യുടെ പിറവി. 30 വർഷത്തെ ബന്ധമാണ് കൃഷ്ണൻ നായരും ഇ.കെ. നായനാരും തമ്മിലുള്ളത്. ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസിയിൽ ഡയറക്ടർസ്ഥാനം ഏൽക്കാമോയെന്ന് അറ്റോമിക് എനർജി കമ്മിഷൻ ചെയർമാൻ ഡോ. ചിദംബരം കൃഷ്ണൻ നായരോട് ചോദിച്ചു. അദ്ദേഹത്തിന്റെ നിർബന്ധപ്രകാരം വിയന്നയിൽപ്പോയി ആ ഏജൻസി സന്ദർശിക്കുകയും ചുമതലകൾ മനസ്സിലാക്കുകയും ചെയ്തു. ഇക്കാര്യം മുഖ്യമന്ത്രി നായനാരെ അറിയിച്ചപ്പോൾ തണുത്ത പ്രതികരണം: ‘‘തനിക്കതിന്റെ ആവശ്യമുണ്ടോ? രോഗികളുമായി കഴിഞ്ഞിട്ട് ഓഫീസ് മേധാവിയായിരിക്കാൻ പറ്റുമോ? തന്റെ ഇഷ്ടം.’’ അതോടെയാണ് ആ ഉദ്യമത്തിൽനിന്ന് കൃഷ്ണൻ നായർ പിന്തിരിഞ്ഞത്.

ജീവിതസന്ധികൾ

തിരുവനന്തപുരത്തുള്ള ദിവസങ്ങളിൽ മ്യൂസിയം വളപ്പിൽ ഒരു മണിക്കൂറോളം നടത്തം അദ്ദേഹം മുടക്കാറില്ലായിരുന്നു. അതുപോലൊരു നടത്തത്തിനിടയിലാണ് ആത്മകഥ പ്രസിദ്ധീകരിക്കുന്നതിനെക്കുറിച്ച്‌ കൃഷ്ണൻ നായർ പറഞ്ഞത്. പ്രശസ്തരായ രോഗികളെയും അവർക്കായി നടത്തിയ ചികിത്സാരീതികളെയും പ്രതിപാദിക്കുന്ന പുസ്തകമെഴുതണമെന്ന താത്പര്യവും അദ്ദേഹത്തിനുണ്ടായിരുന്നു.

ടി.വി. തോമസ്, സുശീലാ ഗോപാലൻ, ചടയൻ ഗോവിന്ദൻ, മേലേത്ത് നാരായണൻ നമ്പ്യാർ, പി.കെ. മന്ത്രി, കാഥികൻ വി. സാംബശിവൻ, കൃഷ്ണൻ കണിയാമ്പറമ്പിൽ... ഇങ്ങനെ ഒട്ടേറെപ്പേരെ ചികിത്സിക്കാനും ശുശ്രൂഷിക്കാനും കൃഷ്ണൻ നായർക്ക് കഴിഞ്ഞിരുന്നു. നടി ശ്രീവിദ്യയുടെ ചികിത്സയെക്കുറിച്ച് ആത്മകഥയിൽ പരാമർശിച്ചിട്ടുണ്ട്. ‘‘ശ്രീവിദ്യ ചികിത്സ യഥാസമയം തുടങ്ങേണ്ടതായിരുന്നു. ആദ്യഘട്ട ചികിത്സ കഴിഞ്ഞ ശ്രീവിദ്യ കൽപ്പാത്തിയിൽ സംഗീതക്കച്ചേരി നടത്തി. അഭിനയിക്കാനായി ലണ്ടനിൽപ്പോയി. പക്ഷേ, രോഗം പൂർണമായും അവരെ വിട്ടൊഴിഞ്ഞിരുന്നില്ല. ഏകമകൾ മഞ്ജുവിന്റെ അകാലത്തിലുള്ള വേർപാടാണ് കൃഷ്ണൻ നായരെ അവസാനനാളുകളിൽ തളർത്തിയത്. അ​േതാടെ നടത്തവും നിന്നു. ഉത്സാഹവും.