‘‘ഇത് അയാളാണ്...’’ -പെൺകുട്ടി വിരൽചൂണ്ടി പറഞ്ഞു. തെറ്റുചെയ്തിട്ടില്ലെന്ന് അയാളും. നീതിക്കുവേണ്ടിയുള്ള കാത്തുനിൽപ്പിലാണ് ഇരയും കുറ്റംചുമത്തപ്പെട്ടവരും. പ്ലസ്‌വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് ജീവിതാന്ത്യംവരെ കഠിനതടവ് കിട്ടിയ കേസിലെ പ്രധാന തെളിവ് ഡി­.എൻ.എ. ഫലമായിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായ കേസിൽ തെന്നല സ്വദേശിയായ 18-കാരന് ജാമ്യം ലഭിച്ചത് ഡി.എൻ.എ. ഫലം നെഗറ്റീവായതോടെയായിരുന്നു.

സാധ്യത എന്ന വാക്കിന് ഡി.എൻ.എ.യ്ക്കുമുന്നിൽ പ്രസക്തിയില്ല. പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ 18-കാരനായ ശ്രീനാഥ് ഒരു മാസത്തിലധികം  പീഡനക്കുറ്റത്തിന് ജയിലിൽക്കഴിഞ്ഞു. ഡി.എൻ.എ. ഫലം നെഗറ്റീവായപ്പോൾ ഉടൻ കോടതി ജാമ്യമനുവദിച്ചു. കുറ്റവാളി പുറത്തെവിടെയോ ഉണ്ട്.

ജീവിതാന്ത്യം തടവറ

കോഴിക്കോട്ട്‌ പ്ലസ്‌വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ ശിക്ഷാവിധി അപൂർവമായിരുന്നു. കേസുനടത്തിപ്പിന് പിൻബലമായത് ഡി.എൻ.എ. പരിശോധനയും. 29-കാരനായ പ്രതിക്ക് ജീവിതാന്ത്യംവരെയാണ് കഠിനതടവ് വിധിച്ചത്.  കോഴിക്കോട് പോക്സോ കോടതിയാണ് ശിക്ഷവിധിച്ചത്. 

10 ദിവസത്തിനുള്ളിൽ കണ്ണൂരിലെ ഫൊറൻസിക് ലാബിൽ ഡി.എൻ.എ. പരിശോധനനടത്തി കേസ് ഡയറി പരിശോധിച്ച് അനുമതി നൽകിയ കുറ്റപത്രം 45-ാം ദിവസം സമർപ്പിച്ചു. വേഗത്തിൽ സമർപ്പിച്ചതുകാരണം പ്രതിക്ക് ജാമ്യം ലഭിച്ചില്ലെന്ന് കേസന്വേഷിച്ച ഇൻസ്പെക്ടർ ജി. ഗോപകുമാർ പറഞ്ഞു. 
കണ്ണൂർ ഫൊറൻസിക് ഡി.എൻ.എ. വിഭാഗം അസി. ഡയറക്ടർ അജേഷ് തെക്കടവനാണ് ഡി.എൻ.എ. പരിശോധന നടത്തിയത്. 2021 ഓഗസ്റ്റിലാണ് വിധിവന്നത്. കല്ലായി സ്വദേശി മുഹമ്മദ് ഹർഷാദായിരുന്നു പ്രതി.

ക്രൈംസീനിലെ ജാഗ്രത 

ദൃക്‌സാക്ഷികളില്ലാത്ത കേസുകളിൽ ഡി­.എൻ.എ. ഫലം സുപ്രധാനമായ വഴിയാണെന്ന്‌ പേരാമ്പ്ര ഡിവൈ.എസ്.പി. ജയൻ ഡൊമനിക് പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ഫൊറൻസിക് വിദഗ്ധരാണ് ശേഖരിക്കുന്നത്. 
സംഭവസ്ഥലത്തുനിന്ന് സാംപിൾ എടുക്കുമ്പോൾ പാലിക്കേണ്ട കൃത്യതയില്ലെങ്കിൽ അത്‌ പരിശോധനഫലത്തെ ബാധിക്കുമെന്ന് ഫൊറൻസിക് ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടി. പൊടിയോ മാലിന്യമോ പറ്റാതെ പാക്കറ്റിലാക്കി ലാബിലെത്തിക്കണം. ഇപ്പോൾ പോലീസ് ഇക്കാര്യത്തിൽ നല്ല ശ്രദ്ധ കാണിക്കുന്നുണ്ട്. 

അച്ഛൻ, അമ്മ, മക്കൾ, അടുത്ത രക്തബന്ധു എന്നിവരുടെ ഡി.എൻ.എ.കൾതമ്മിൽ സാമ്യം ഉണ്ടാകും. ഇത് ആധാരമാക്കിയാണ് ഡി.എൻ.എ. ടെസ്റ്റ് നടത്തുന്നത്. പല്ല്, രക്തം, പേശി, മജ്ജ, വേരോടെയുള്ള തലമുടി എന്നിവയിലേതെങ്കിലും  ഡി.എൻ.എ. പരിശോധനയ്ക്ക് എടുക്കും. ഇതിന്റെ സാംപിളുകൾ സീൽചെയ്ത കവറിൽ ഏൽപ്പിക്കും. പോലീസ് ഇത് കോടതിവഴിയാണ് പരിശോധനയ്ക്ക് അംഗീകാരമുള്ള ലബോറട്ടറിയിലേക്ക് അയക്കുന്നത്.

പിതൃത്വപരിശോധന, മാതൃത്വപരിശോധന, ശവശരീരങ്ങളുടെ തിരിച്ചറിയൽ, വികൃതമാക്കപ്പെട്ടതും പല ഭാഗങ്ങളായി വേർതിരിച്ചതുമായ ശരീരഭാഗങ്ങളുടെ തിരിച്ചറിയൽ, കുറ്റകൃത്യങ്ങളിലുൾപ്പെട്ട പ്രതികളെ തിരിച്ചറിയൽ, കുടിയേറ്റക്കാരുടെ രക്തബന്ധങ്ങൾ തിരിച്ചറിയൽ തുടങ്ങി ഒട്ടേറെ മേഖലകളിൽ ഡി.എൻ.എ. പരിശോധന ഉപയോഗിക്കുന്നു.
ഡി.എൻ.എ. ലാബിൽ ആധുനിക ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. എന്നിട്ടും ഡി.എൻ.എ. ഫലം കണ്ടെത്തി അന്തിമഫലം കിട്ടാൻ മണിക്കൂറുകൾ കാത്തുനിൽക്കണം. ക്രൈം, പോക്സോ കേസുകൾ വർധിച്ചതിനാലാണിത്. രക്തത്തിൽനിന്ന് ഡി.എൻ.എ. അതിവേഗം വേർതിരിക്കുന്ന ഓട്ടോമാറ്റിക് ഡി.എൻ.എ. എക്സ്ട്രാക്‌ഷൻ സംവിധാനം തിരുവനന്തപുരം, കണ്ണൂർ ലാബുകളിലുണ്ട്. എന്നാൽ, തൃശ്ശൂർ ഫൊറൻസിക് ലാബിൽ യന്ത്രസഹായമില്ലാതെയാണ് ചെയ്യുന്നത്. പരമ്പരാഗതസംവിധാനം സമയനഷ്ടത്തിന് ഇടയാക്കുന്നു. ഈ ഉപകരണമുണ്ടെങ്കിൽ കൃത്യമായ ഫലനിർണയം നടത്താം. ബാർകോഡ് റീഡർ സംവിധാനമുണ്ട്. കൂടുതൽ ഉപകരണം വന്നാൽ പരിശോധനഫലം മണിക്കൂറുകൾക്കുള്ളിൽ കിട്ടും.
ക്രൈംകേസുകളുടെ പരിശോധനയ്ക്ക് വേഗംകൂട്ടാൻ കേരളത്തിലെ ഫൊറൻസിക് ലാബുകളിൽ നിർഭയ ഫണ്ട് അനുവദിച്ചിട്ടുണ്ട്. ആറുകോടി രൂപയാണ് അനുവദിച്ചത്. ഇതിൽ ആദ്യഘട്ടതുക ലഭിച്ചു. കണ്ണൂർ, തൃശ്ശൂർ, തിരുവനന്തപുരം ഫൊറൻസിക് ആൻഡ്‌ സയൻസ് ലാബിലാണ് തുക വിനിയോഗിക്കുക. പക്ഷേ, ഇവ വേണ്ടവിധം ഉപയോഗിച്ചിട്ടില്ല. 
 എന്തുകൊണ്ട് വൈകിപ്പിക്കുന്നു

ഫൊറൻസിക് സയന്റിഫിക് ഓഫീസർ തസ്തികയിലേക്കുള്ള പി.എസ്.സി. ഷോർട്ട് ലിസ്റ്റ് ഇപ്പോഴുണ്ട്. 2021 ജനുവരിയിലാണ് പരീക്ഷ നടന്നത്. 
 
ഒരു കണ്ണുവേണം...

അതിസുരക്ഷവേണ്ട സ്ഥാപനങ്ങളാണിത്. ബയോളജി ലാബിനുപുറമേ സൈബർ, കെമിസ്ട്രി, ഫിസിക്സ് ലാബുകളും ഇവിടെയുണ്ട്. ലഹരി ഉൾപ്പെടെ പരിശോധിക്കുന്നത് രസതന്ത്രം ലാബിലാണ്. സാംപിളുകളിൽ സ്വർണവുമെത്തുന്നു. മുക്കുപണ്ടം തിരിച്ചറിയാനാണ് ബാങ്കുകളിൽനിന്ന് പരിശോധനയ്ക്കെത്തുന്നത്. ലഹരിവസ്തുക്കളും  വെടിമരുന്നടക്കമുള്ളവയും പരിശോധനകാത്ത് കിടപ്പുണ്ട്. 
 നാടൻതോക്കുകൾ പരിശോധിക്കുന്നത് ഫിസിക്സ് ലാബിലാണ്. മൊബൈൽ ഫോണുകൾ  സൈബർവിങ്ങിലും.  
 
പരിശീലനം വേണം

ഏറ്റവും മർമപ്രധാനമായ ബയോളജി ലാബ് ഉൾപ്പെടെ ലോകനിലവാരത്തിലുള്ള പരിശീലനം ആവശ്യമാണ്.  സെൻട്രൽ ഫൊറൻസിക് സയൻസ് ലബോറട്ടറി (സി.എഫ്.എസ്.എൽ.)ചണ്ഡിഗഢ്‌, സെന്റർ ഫോർ ഡി.എൻ.എ. ഫിംഗർപ്രിന്റിങ് ആൻഡ് ഡയഗ്നോസ്റ്റിക്സ്(സി.ഡി.എഫ്.ഡി.) ഹൈദരാബാദ് ഉൾപ്പെടെ പ്രമുഖ സ്ഥാപനങ്ങളിലെ പരിശീലനം പ്രയോജനപ്പെടുത്തണം.  ഫൊറൻസിക് ലാബുകളെ  റിസർച്ച് മേഖലകളാക്കി മാറ്റിയെടുക്കണം. മനുഷ്യവിഭവശേഷിയുടെ കുറവ്, അടിസ്ഥാനസൗകര്യവികസനമടക്കം പോരായ്മകളാണ്. ഇവ പരിഹരിക്കണം.

3ഡി.എൻ.എ. ലാബുകൾ

2009-ൽ തിരുവനന്തപുരം 
പോലീസ് ഫൊറൻസിക് ലാബുകളിൽ ­ആദ്യമായി ഡി.എൻ.എ. ഫിംഗർ പ്രിന്റ് പരിശോധന തുടങ്ങി. അതിനുമുമ്പ് തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയിൽ (ആർ.ജി.സി.ബി.) മാത്രമായിരുന്നു ഈ സംവിധാനം. 
2019 -ൽ കണ്ണൂർ 
റീജണൽ ഫൊറൻസിക് ലാബിൽ രണ്ടാമത്തെ ഡി.എൻ.എ. സംവിധാനം വന്നു. 
2021 -ൽ തൃശ്ശൂരിൽ
സംസ്ഥാനത്തെ മൂന്നാമത്തെ ­ഡി.എൻ.എ. പരിശോധന തൃശ്ശൂർ റീജണൽ ഫൊറൻസിക് ലാബിൽ തുടങ്ങി. 

ആളില്ലാത്തത് ബാധിക്കുന്നു

ലാബുകളിൽ ഡി.എൻ.എ. പരിശോധനയ്ക്കെത്തുന്ന ക്രൈം കേസുകളുടെ എണ്ണം വർധിച്ചു. എന്നാൽ, ഉദ്യോഗസ്ഥരുടെ കുറവ് ഫലം വൈകാൻ കാരണമാകുന്നു. മൂന്നുലാബിലും വളരെവേഗം സാംപിൾ പരിശോധിക്കുന്നുണ്ടെങ്കിലും ഇനിയും പരിശോധിക്കാൻ ഏറെയുണ്ട്.
-എം.എ. ലതാദേവി
സംസ്ഥാന ഫൊറൻസിക് ആൻഡ് സയൻസ് ലാബ് ഡയറക്ടർ  
തസ്തിക 
നികത്തണം
ഡി.എൻ.എ. പരിശോധനയ്ക്ക് ഒരുപാട് ആവശ്യങ്ങൾവരുന്നുണ്ട്. അനുവദിക്കപ്പെട്ട തസ്തിക മുഴുവൻ വന്നുകഴിഞ്ഞാൽ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കാൻപറ്റും. 
ഡോ. ആർ. ശ്രീകുമാർ 
സംസ്ഥാന മുൻ ഫൊറൻസിക് ഡയറക്ടർ

ഹൈക്കോടതി നിർദേശമുണ്ട്
2020-ത്തിൽ ഹൈക്കോടതി പുറപ്പെടുവിച്ച നിർദേശത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് ഫൊറൻസിക് ലാബുകളിലെ ഒഴിവുകൾ നികത്തണമെന്നായിരുന്നു. ജീവനക്കാരുടെ ക്ഷാമം നിമിത്തം കേസുകളുടെ വൈകൽ സംഭവിച്ചുകൂടെന്നും ഹൈക്കോടതി നിർദേശിച്ചിരുന്നു. താമസംകൊണ്ട് തെളിവുനശിച്ചുകൂടാ.  ഒരു പദ്ധതി ആലോചിക്കുമ്പോൾ ഒരു വർഷം പിന്നിടും. നടപ്പാക്കുമ്പോൾ പിന്നെയും വർഷം നീളും. അതുപോലെയാകരുത്. ഡി.എൻ.എ. പരിശോധനഫലം ആർക്കും തട്ടിക്കളയാൻ പറ്റില്ല.  ഡി.എൻ.എ.യെ കവച്ചുവെക്കാൻ ഒന്നിനുമാവില്ല. 
അഡ്വ. പയസ് മാത്യു, തൃശ്ശൂർ,
മുൻ പോക്സോ പ്രോസിക്യൂട്ടർ

(അവസാനിച്ചു)