വൈകുന്നേരം ആറുമണി കഴിഞ്ഞാല്‍ മലയാളി കുടുംബം പിന്നെ മിനിസ്‌ക്രീനിന് മുന്നിലാണ്. സീരിയലിനിടയിലുള്ള പരസ്യങ്ങളനുസരിച്ചാണ് പിന്നെ വീട്ടിലെ ജോലികളെല്ലാം. കണ്ണീരും അവിഹിതവും അമ്മായിയമ്മ-മരുമകള്‍ പോരും ബാലപീഡനവും അവസാനമില്ലാത്ത കേസന്വേഷണങ്ങളുമായി സംഭവബഹുലമാണ് ഇന്നത്തെ മെഗാസീരിയലുകള്‍.

തുടങ്ങിയ കാലം മുതല്‍ തന്നെ വിമര്‍ശനങ്ങലേറ്റുവാങ്ങാനായിരുന്നു എന്നും സീരിയലുകളുടെ വിധി. പക്ഷേ സകല ദോഷങ്ങളും ആരോപിക്കുമ്പോഴും സീരിയലുകള്‍ക്ക്  ഇഷ്ടക്കാരേയുള്ളൂ. ഓരോ ദിവസത്തേയും എപ്പിസോഡ് സസ്‌പെന്‍സില്‍ അവസാനിരപ്പിച്ചാണ് പല സീരിയലുകളും കാണികളെ ഒടുക്കം വരെ കൂടെ നിര്‍ത്തുന്നത്. അതിന് വേണ്ടി തിരഞ്ഞെടുക്കുന്ന  പ്രമേയങ്ങളില്‍ പലപ്പോഴും വേണ്ടത്ര ശ്രദ്ധ നിര്‍മാതാക്കളോ സമവിധായകരോ ചാനലുകളോ  നല്‍കാറില്ല. 

ടി.വി ചാനലുകളില്‍ പ്രദര്‍ശിപ്പിക്കുന്ന സീരിയലുകള്‍ നന്നായി സെന്‍സര്‍ ചെയ്യണമെന്ന ജസ്റ്റിസ് ബി. കെമാല്‍ പാഷയുടെ അഭിപ്രായം വിരല്‍ ചൂണ്ടുന്നതും ഇതേ പ്രശ്‌നത്തിലേക്കാണ്. ഇപ്പോള്‍ സീരിയലുകള്‍ ഒരുപാട് ക്രൂരതകളാണ് കാണിക്കുന്നത്. ഭീകരസംഘടനകളെക്കുറിച്ചും ഏതോ ഭീകരനെ രക്ഷപ്പെടുത്താന്‍ കഴുത്തില്‍ കത്തിവെച്ചുകൊണ്ടിരിക്കുന്നതുമാണ് കുട്ടികളേയും സ്ത്രീകളേയും കാണിക്കുന്നത്. മാസങ്ങളോളമാണ് ഇത് കാണിക്കുന്നത്. നിര്‍ബന്ധമായും ചാനലുകള്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണം. അദ്ദേഹം ഓര്‍മിപ്പിച്ചു. ആരേയും വിമര്‍ശിക്കാനല്ല, മാധ്യമങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയെക്കുറിച്ച് ഓര്‍മിപ്പിക്കാനാണ് താന്‍ ഇക്കാര്യങ്ങള്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

സീരിയലുകള്‍ മലയാളിയുടെ സാമൂഹ്യപ്രതിബദ്ധതക്ക് വിലങ്ങുതടിയാകുന്നണ്ടോ?  സെന്‍സറിംഗ് എത്രത്തോളം ഫലപ്രദമാകും?  നിങ്ങള്‍ക്കും അഭിപ്രായം രേഖപ്പെടുത്താം...