ഇന്ത്യയില്‍ ഒരു പക്ഷെ, ഏറ്റവും കൂടുതല്‍ റെസ്റ്റൊറന്റുകള്‍ ഉള്ള സംസ്ഥാനം കേരളമായിരിക്കണം. വന്‍കിട ഹോട്ടലുകളും തട്ടുകടകളും സുലഭമായ ഇടം. പക്ഷെ, ആര്‍ക്കും തോന്നിയ വിലയ്ക്ക് ഭക്ഷണം എങ്ങനെയും നല്‍കാമെന്നതാണ് ഇവിടത്തെ ദുര്യോഗം. നക്ഷത്ര ഹോട്ടലുകളിലെ ഫ്രീസറുകളും തട്ടുകടകളിലെ ഓടകളും ഒരു പോലെ ദുസ്സഹം. പൗരന്റെ ആരോഗ്യസംരക്ഷണത്തിന് സര്‍ക്കാരുകള്‍ പ്രാധാന്യം നല്‍കാത്ത അവസ്ഥയ്ക്ക് ചെറിയ മാറ്റം വരുത്താന്‍ തയ്യാറാവുകയാണ് അധികൃതര്‍. ഹോട്ടലുകളില്‍ ഭക്ഷണത്തിന് അമിതവില ഈടാക്കിയാല്‍ അയ്യായിരം രൂപവരെ പിഴ ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന വിലനിയന്ത്രണ നിയമം വരുന്നു. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും വില്‍ക്കുന്ന ഭക്ഷണസാധനങ്ങളുടെ വില നിയന്ത്രിക്കാനായി തയാറാക്കിയ കേരള ഹോട്ടലുകള്‍ (ഭക്ഷണവില ക്രമീകരണം) ബില്ലിന് മന്ത്രി സഭ അംഗീകാരം നല്‍കി. എല്ലാ ജില്ലകളിലെയും ഹോട്ടലുകളുടെ രജിസ്‌ട്രേഷനും വില നിയന്ത്രണത്തിനുമായി അതോറിറ്റി രൂപവത്കരിക്കാനും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ജില്ലാ ജഡ്ജിയോ, ജില്ലാ ജഡ്ജിയായി നിയമിക്കാന്‍ യോഗ്യതയുള്ളതോ ആയ ആളിനെ അധ്യക്ഷനാക്കിയാണ് അതോറിറ്റി രൂപവത്കരിക്കുക. ആറ് അനൗദ്യോഗിക അംഗങ്ങളെ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യും. 

ജില്ലാ അതോറിറ്റി അംഗീകരിച്ച വിലവിവരപ്പട്ടികയിലുള്ള വിലയേക്കാള്‍ കൂടുതല്‍ വിലയ്ക്ക് ഹോട്ടലുകളില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്ന് വ്യവസ്ഥ കൊണ്ടുവരും. വിലകൂട്ടാന്‍ ഉദ്ദേശിക്കുന്നെങ്കില്‍ നിര്‍ദിഷ്ട ഫീസ് സഹിതം അതോറിറ്റിക്ക് അപേക്ഷ നല്കണം. ജില്ലാ അതോറിറ്റി ഇതുസംബന്ധിച്ച് ഒരു മാസത്തിനകം തീരുമാനം എടുക്കും. ചട്ടലംഘനം നടത്തിയാല്‍ ഹോട്ടലിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ അതോറിറ്റിക്ക് അധികാരമുണ്ട്്. രജിസ്‌ട്രേഷന്‍ റദ്ദാക്കിയതായി തദ്ദേശസ്ഥാപനത്തെ അറിയിച്ചാല്‍ അവര്‍ ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കും. ജില്ലാ അതോറിറ്റിയുടെ ഉത്തരവുകള്‍ സിവില്‍ കോടതിയില്‍ ചോദ്യം ചെയ്യാനാവില്ല. അതേസമയം സംസ്ഥാന ഫുഡ് കമ്മിഷന് അപ്പീല്‍ നല്‍കാം.  ബേക്കറികള്‍, തട്ടുകടകള്‍, ഫാസ്റ്റ് ഫുഡ് സെന്ററുകള്‍ എന്നിവ ഹോട്ടലിന്റെ നിര്‍വചനത്തില്‍ വരും. എന്നാല്‍ നക്ഷത്ര ഹോട്ടലുകളും ഹെറിറ്റേജ് ഹോട്ടലുകളും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയോ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയോ സ്വകാര്യ സ്ഥാപനങ്ങളുടെയോ കാന്റീനുകളുടെയോ ജീവനക്കാര്‍ക്കായി നടത്തുന്ന ഹോസ്റ്റലുകളും കാന്റീനുകളും ഇതില്‍ ഉള്‍പ്പെടില്ല.

സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധി പൗരന്റെ ആരോഗ്യസംരക്ഷണമോ അതോ ആരുമറിയാത്ത ചില ഗൂഢലക്ഷ്യങ്ങള്‍ ഇതിനു പിന്നിലുണ്ടോ? നിങ്ങള്‍ക്കും പ്രതികരിക്കാം.