സര്‍ക്കാര്‍ അവതരിപ്പിക്കുന്ന പുതിയ ഭാഷാനയം പ്രാവര്‍ത്തികമായാല്‍ മലയാളം മാത്രമായിരിക്കും കേരളത്തിലിനി ഔദ്യോഗികഭാഷ. മത്സരപരീക്ഷകളിലെ ചോദ്യങ്ങള്‍ മലയാളത്തിലും തയ്യാറാക്കണം. കീഴ്‌ക്കോടതി കേസുകളും അവിടത്തെ വിധിന്യായവും മലയാളത്തിലാക്കും. സംസ്ഥാനത്ത് നിര്‍മിക്കുന്നതോ, വില്‍ക്കുന്നതോ ആയ എല്ലാ വ്യാവസായിക ഉത്പന്നങ്ങളുടെയും പേര് മലയാളത്തിലായിരിക്കണം. അവയുടെ ഉപയോഗക്രമം മലയാളത്തിലും വിശദീകരിക്കണം. ഭാഷാനിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്നതിന് 5,000 മുതല്‍ 25,000 രൂപ വരെ പിഴയീടാക്കാം. 

സര്‍ക്കാര്‍, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളുടെ പേര്, ഉദ്യോഗസ്ഥപ്പേര്, ഉദ്യോഗസ്ഥരുടെ പേരുള്ള ബോര്‍ഡുകള്‍ മലയാളത്തിലായിരിക്കണം. വാഹനങ്ങളുടെ ബോര്‍ഡിനും ഇത് ബാധകം. സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും സ്ഥാപിക്കുന്ന മറ്റു ബോര്‍ഡുകളില്‍ മലയാളത്തിലും വിവരങ്ങള്‍ നല്‍കണം. കേന്ദ്ര സര്‍ക്കാര്‍, മറ്റുസംസ്ഥാനങ്ങള്‍, ഹൈക്കോടതി, സുപ്രീംകോടതി എന്നിവിടങ്ങളിലേക്കുള്ള കത്തിടപാടുകള്‍ ഇംഗ്ലീഷിലാകാം. കന്നഡ, തമിഴ് ഭാഷാന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ മാതൃഭാഷയില്‍ തന്നെ സര്‍ക്കാരുമായി കത്തിടപാട് നടത്താം. ഇവയ്ക്കുള്ള മറുപടി അവരുടെ ഭാഷയിലോ, ഇംഗ്ലീഷിലോ നല്‍കണം.

മറ്റേതെങ്കിലും ഭാഷ മാതൃഭാഷയായിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് മലയാളം കൂടി പഠിക്കാന്‍ അവസരം നല്‍കണം. എന്നാല്‍ മറ്റുസംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വരുന്ന മലയാളികളല്ലാത്ത കുട്ടികള്‍ക്ക് ഒന്‍പത്, 10, 11, 12 ക്ലാസുകളില്‍ മലയാളം പരീക്ഷ എഴുതുന്നതില്‍ നിന്നൊഴിവാക്കും. വാണിജ്യ, വ്യാപാര സ്ഥാപനങ്ങള്‍, ട്രസ്റ്റുകള്‍, കൗണ്‍സലിങ് സെന്ററുകള്‍, ആശുപത്രികള്‍, ലബോറട്ടറികള്‍, വിനോദ കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍ എന്നിവയുടെ ബോര്‍ഡുകളുടെ ആദ്യപകുതി മലയാളത്തിലായിരിക്കണം.

മലയാള ഭാഷാ സംരക്ഷണമെന്നോ ഭാഷാഭ്രാന്തെന്നോ വിശേഷിപ്പിച്ചാലും പുതിയ നീക്കം മലയാളിയുടെ സ്വത്വപ്രകാശനത്തിന് കൂടുതല്‍ കരുത്തു പകരുമെന്നു ചിന്തിക്കുന്നവരാണ് ഇതിനു പിന്നില്‍. പുതിയ നയം കടന്നു പോയെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? മലയാളത്തെ സംരക്ഷിക്കാനും കേരളീയര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കാനും കഴിയുമോ? നിങ്ങള്‍ക്കും പ്രതികരിക്കാം.