കെഎസ്ആര്‍ടിസിയെയും ബീവറേജസിനെയും രക്ഷിക്കാനുള്ള ഒറ്റമൂലിയാണ് ഇത്. ജി സുധാകരനും തോമസ് ചാണ്ടിയും കേള്‍ക്കണം. അവരവരുടെ വകുപ്പുകള്‍ മരണക്കിടക്കയിലായ സമയത്ത് ചുമതലയേല്‍ക്കേണ്ടി വന്ന ഹതഭാഗ്യരാണല്ലോ നിങ്ങള്‍. കൂട്ടായാലോചിച്ചാല്‍ നിങ്ങള്‍ക്കു സ്വയം രക്ഷപ്പെടാനുള്ള വഴി. സുപ്രീം കോടതിയുടെ ബാര്‍ നിരോധന വിധിയോടെ കോടിക്കണക്കിനു രൂപയുടെ നികുതി വരുമാനം നഷ്ടപ്പെടുന്ന തോമസ് ഐസക്കിന്റെ വകുപ്പിനെയും നിങ്ങള്‍ വിചാരിച്ചാല്‍ രക്ഷിക്കാം. അതിലൂടെ കേരള സര്‍ക്കാരിനെത്തന്നെയും സാമ്പത്തിക ഞെരുക്കത്തില്‍ നിന്നു കരകയറ്റാം. ഒപ്പം നികുതിദായകരായ കോടിക്കണക്കിനു മദ്യപരോടു നീതി ചെയ്യാനും പറ്റും. എന്താ ഒന്നു ശ്രമിച്ചു നോക്കുന്നോ...
ഇതാണാ ഒറ്റമൂലി. കട്ടപ്പുറത്തു കിടക്കുന്ന എത്രയോ കെസ്ആര്‍ടിസി ബസ്സുകളുണ്ട്. യാത്രക്കാരെ കയറ്റി ഓടാന്‍ പറ്റാത്തവ. അതു നമുക്കു മൊബൈല്‍ ബീവറേജസ് ഔട്ട്ലെറ്റുകളാക്കാം. കെഎസ്ആര്‍ടിസിയും രക്ഷപ്പെടും, ബെവ്കോയും രക്ഷപ്പെടും. കോടിക്കണക്കായ മദ്യനികുതി ദായകര്‍ക്ക് ക്യൂ നില്‍ക്കണ്ട, മദ്യം തേടിപ്പോകേണ്ട, കൈയകലത്തു സേവനം. ഹൈവേകള്‍ക്ക് 220 മീറ്റര്‍ ഇപ്പുറം വണ്ടികള്‍ പാര്‍ക്ക് ചെയ്താല്‍ മതി. സ്‌കൂളോ പള്ളിയോ അമ്പലമോ ഇല്ലാത്തിടത്തു കൊണ്ടിട്ടോട്ടെ. രാവിലെ ഒമ്പതു മണി മുതല്‍ രാത്രി ഒമ്പതു വരെ അത് ഓരോ റൂട്ടില്‍ കസ്റ്റമേഴ്സിനെ തേടി സഞ്ചരിക്കട്ടെ.
വളരെ സിമ്പിള്‍ എന്നു തോന്നാം. എന്നാല്‍ ഇതിന്റെ സാധ്യതകള്‍ ഒന്നാലോചിച്ചു നോക്കൂ. ദൂരവിദൂരമായ ഗ്രാമങ്ങളില്‍ നിന്നു പോലും ബെവ്കോ ഔട്ട്ലെറ്റുകള്‍ തേടി നഗരത്തിലെത്തി പകല്‍ മുഴുവന്‍ ക്യൂ നിന്ന് മടങ്ങുന്ന നികുതി ദായകരോട് ഇതിനേക്കാള്‍ വലിയ നീതി ചെയ്യാനില്ല. ആയിരം പഞ്ചായത്തില്‍ ആയിരം വണ്ടി. കെഎസ്ഇബി പവര്‍കട്ട് അറിയിപ്പു പോലെ ഏതു സമയത്ത് ഏതു സ്ഥലത്തെത്തും എന്ന കാര്യം മുന്‍കൂട്ടി പരസ്യപ്പെടുത്താം. വാടകക്കു പകരം പ്രോഫിറ്റ് ഷെയറിങ് ആക്കാം. ജോലിക്കാര്‍ ഏറെ വേണ്ട. ഡ്രൈവറും ഒരു സെയില്‍സ്മാനും മതി. അവര്‍ക്കു കളക്ഷന്‍ ബാറ്റ വെക്കാം. വേണമെങ്കില്‍ കെഎസ്ആര്‍ടിസി ടിക്കറ്റുമായി വരുന്നവര്‍ക്ക് അഞ്ചു ശതമാനം ഡിസ്‌കൗണ്ടും കൊടുക്കാം.
എന്തു തോന്നുന്നു...
നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ പങ്കുവെക്കാം.