പ്രധാനമന്ത്രി നരേന്ദ്രമോദി ശിവഗിരി സന്ദര്‍ശിക്കാനെത്തുന്നത്  ക്ഷണിച്ചതുപ്രകാരമല്ലെന്ന് മഠം കഴിഞ്ഞദിവസം വ്യക്തമാക്കിയതിനെതിരെ എസ്.എന്‍.ഡി.പി ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. സ്വാമിമാരെ കാണാനല്ല മോദി വരുന്നതെന്നും, ആരും ക്ഷണിച്ചിട്ടല്ല ആളുകള്‍ ശിവഗിരിയിലെത്തുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു,

കേരളസന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി ശിവഗിരി മഠം സന്ദര്‍ശിക്കുന്നത് ക്ഷണിച്ചതുപ്രകാരമല്ലെന്ന് വ്യക്തമാക്കാന്‍ സ്വാമിമാര്‍ കഴിഞ്ഞ ദിവസം പത്രസമ്മേളനം വിളിച്ചിരുന്നു. എന്നാല്‍ മോദിയെ നേരത്തേ ക്ഷണിച്ചിരുന്നു എന്ന് വ്യക്തമാക്കി ബി.ജെ.പി യും രംഗത്തെത്തി. ശിവഗിരി സ്വാമിമാര്‍ ആനുകൂല്യം പറ്റിയത് മറക്കരുതെന്ന് വെള്ളാപ്പള്ളിയും പറഞ്ഞു.

ശിവഗിരിയിലെ ആത്മീയ ചൈതന്യം അറിഞ്ഞാണ് പ്രധാനമന്ത്രി വരുന്നതെന്നാണ്  വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്.  പ്രധാനമന്ത്രിയെ ക്ഷണിച്ചില്ലെന്ന് സന്യാസിമാര്‍ പറയുന്നത് ഖേദകരമാണ്. അദ്ദേഹം കേരളത്തില്‍ വരുന്ന സ്ഥിതിക്ക് അവിടെ ചെല്ലാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത് ഭക്തി കൊണ്ടാണ്. വിളിച്ചിട്ടില്ല എന്ന ഒരു പദപ്രയോഗം വേണ്ടായിരുന്നു. സന്യാസിമാരുടെ വായില്‍ നിന്ന് വരേണ്ട വാക്കല്ല. അത്. വെള്ളാപ്പള്ളി പറഞ്ഞു.

മോദിയുടെ ശിവഗിരി സന്ദര്‍ശനം രാഷ്ട്രീയവല്‍ക്കരിക്കേണ്ടതുണ്ടോ? സ്വാമിമാരുടെ പ്രതികരണം അവസരോചിമാണെന്നു തോന്നുന്നുണ്ടോ? നിങ്ങള്‍ക്കും പ്രതികരിക്കാം..