സംസ്ഥാനത്തിന്റെ ഭരണരാഷ്ട്രീയ, രംഗങ്ങളില്‍ പുതിയ ഒരേട് കൂടി എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ നിയമനപടി സ്വീകരിക്കാന്‍ അനുവാദം തേടി ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരിക്കുകയാണ് ഡി.ജി.പി. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു സ്ഥിതിവിശേഷം സംജാതമാവുന്നത്. അഴിമതിക്കും നിയമലംഘനത്തിനുമെതിരെ ഡി.ജി.പി.യെടുത്ത കര്‍ക്കശ നിലപാടാണ് അദ്ദേഹത്തെ സര്‍ക്കാരിന്റെ കണ്ണിലെ കരടാക്കിയിരിക്കുന്നത്. വിജിലന്‍സ് ഡയറക്ടര്‍ എന്ന നിലയില്‍ ബാര്‍കോഴക്കേസില്‍ കൈക്കൊണ്ട നിലപാടും അഗ്‌നിശമന സേനാ മേധാവിയെന്ന നിലയില്‍ ഫഌറ്റ് ഉടമകള്‍ക്കെതിരെയെടുത്ത നടപടികളുമാണ് ഡി.ജി.പിയെ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും അനഭിമതനാക്കിയത്. പരസ്യ വിമര്‍ശങ്ങളിലൂടെ മുന്നേറിയ ഏറ്റുമുട്ടലാണ് ഇപ്പോള്‍ നിയമനടപടിയുടെ രൂപത്തില്‍ ഔദ്യോഗികമായി ചീഫ് സെക്രട്ടറിക്ക് മുന്നിലെത്തിയത്. പരസ്യപ്രസ്താവനയുടെ പേരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഡി.ജി.പി. ടി.പി.സെന്‍കുമാറും ചീഫ് സെക്രട്ടറിയുമെല്ലാം അച്ചടക്ക നടപടിയുടെ വാളോങ്ങിയെങ്കിലും വഴങ്ങുന്ന മട്ടില്ല ഡി.ജി.പി. ഫെയസ്ബുക്കിലൂടെ സര്‍ക്കാരിനെതിരെയുള്ള ഒളിയമ്പുകള്‍ എയ്ത് തന്റെ വീര്യം ചോരാത്ത തന്റെ വീറ് കാട്ടി നെഞ്ചുവിരിച്ചുതന്നെ നില്‍പ്പാണ് ഡി.ജി.പി. അഴിമതിയുടെ പേരില്‍ നടക്കുന്ന ഈ പോര് എവിടെവരെയെത്തും. നീതി ആരുടെ പക്ഷത്ത് നിലയുറപ്പിക്കും?  കേരള രാഷ്ട്രീയത്തില്‍ ഈ ഏറ്റുമുട്ടലിന്റെ അനുരണങ്ങള്‍ എന്താവും? നിങ്ങള്‍ക്കും പ്രതികരിക്കാം.