തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ പ്രതിക്കൂടിലാക്കിയെന്നു പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയിലെത്തിയപ്പോള്‍ അതു തിരുത്തി. ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരുടെ നിലപാടുകള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയിട്ടില്ലെന്ന മുന്‍നിലപാടാണ് മുഖ്യമന്ത്രി മാറ്റിയത്. ഡി.ജി.പി ജേക്കബ് തോമസ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയെന്ന് മുഖ്യമന്ത്രി നേരത്തേ ആരോപിച്ചിരുന്നു.  ഉദ്യോഗസ്ഥര്‍ക്കിടയില്‍ കിടമത്സരമില്ലെന്നും അദ്ദേഹം പറഞ്ഞു.

പോലീസ് തലപ്പത്തെ അഴിച്ചുപണി അഴിമതിക്കാരെ സംരക്ഷിക്കാനാണ്. ജേക്കബ് തോമസ് സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയാണെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു. അഴിമതിക്ക് കൂട്ടുനില്‍ക്കാത്ത ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ അസഹിഷ്ണുതയോടെയാണ് കൈകാര്യം ചെയ്യുന്നത്. ജേക്കബ് തോമസിനോട് സര്‍ക്കാരിന് അനിഷ്ടമാണെന്നും പ്രതിപക്ഷം ആരോപിച്ചു.

ഏത് ഉദ്യോഗസ്ഥനെ മേലധികാരിയാക്കണമെന്ന് തീരുമാനിക്കുന്നത് സര്‍ക്കാരാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സ്വന്തം സ്ഥാനം തീരുമാനിക്കുന്നത് ഉദ്യോഗസ്ഥരല്ല. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്തെ ഉദ്യോഗസ്ഥ നിയമനങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം വ്യക്തമാക്കി. പാറ്റൂര്‍ കേസില്‍ ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ടില്‍ തന്റെ പേരില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. തന്റെ പേര് മാധ്യമങ്ങളിലെ ബ്രെയ്ക്കിങ് ന്യൂസില്‍ മാത്രമാണ് വന്നതെന്നും അദ്ദേഹം പറഞ്ഞു.

ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞും പിന്നീടത് മാറ്റിപ്പറഞ്ഞും മുഖ്യമന്ത്രി കളം മാറി ചവിട്ടുമ്പോള്‍ സംസ്ഥാനത്തിന്റെ ഭരണനിര്‍വഹണത്തിനു സംഭവിക്കുന്ന നിഷ്‌ക്രിയത ചര്‍ച്ച ചെയ്യപ്പെടാതെ പോവുകയാണ്. നിങ്ങള്‍ക്കും പ്രതികരിക്കാം.