അധികാരകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട അനീതികളെയും അധർമങ്ങളെയുംകുറിച്ച്‌ അഗാധമായ ചിന്തകൾ പ്രസരിപ്പിക്കുന്ന കൃതിയാണ്‌ ഒ.വി. വിജയന്റെ ‘ധർമപുരാണം’. രാഷ്ട്രീയാധികാരകേന്ദ്രങ്ങളെക്കുറിച്ച്‌ വിജയൻ നടത്തിയ വിശകലനങ്ങൾ എത്രകണ്ട്‌ നീതിന്യായാധികാരകേന്ദ്രങ്ങൾക്ക്‌ ബാധകമായിരിക്കുമെന്ന വിഷയം ആലോചിക്കാവുന്നതാണ്‌. ‘നമ്മുടെ സംവിധാനത്തിലെ ഏറ്റവും ദുർബലരായ വിഭാഗം ന്യായാധിപരാണ്‌. എന്നാൽ, ഏറ്റവുമധികം സംരക്ഷിക്കപ്പെടുന്നവരും അവർതന്നെയാണ്‌’ എന്ന്‌ അലൻ ഡെർഷോവിറ്റ്‌സ്‌ (Alan Dershowitz) നിരീക്ഷിച്ചിട്ടുണ്ട്‌.

ആരോപണങ്ങളെ കൈകാര്യം ചെയ്യേണ്ടതെങ്ങനെ?
ചീഫ്‌ ജസ്റ്റിസിനെതിരേ ലൈംഗികാതിക്രമം ആരോപിച്ച യുവതി ഇപ്പോൾ ഇക്കാര്യം അന്വേഷിക്കാൻവേണ്ടി നിയോഗിക്കപ്പെട്ട ആന്തരികാന്വേഷണ കമ്മിറ്റിയിൽ അവിശ്വാസം രേഖപ്പെടുത്തിക്കൊണ്ട്‌ ഫലത്തിൽ അന്വേഷണത്തെത്തന്നെ  ബഹിഷ്കരിച്ചിരിക്കുന്നു. സമിതിയുടെ സമീപനത്തെയും രഹസ്യാത്മകതയെയും അവർ തുറന്നുവിമർശിക്കുകയും ചെയ്തിരിക്കുന്നു. അവർക്കുപുറമേ നാഷണൽ ലോ സ്കൂളുകളിലെ ഒരുകൂട്ടം പൂർവവിദ്യാർഥികളും ചില അഭിഭാഷകരും ബുദ്ധിജീവികളുമെല്ലാം സമാനമായ അഭിപ്രായം പുറപ്പെടുവിക്കുകയുണ്ടായി.

ആരോപണം ഉന്നയിക്കപ്പെട്ടുവെന്നതുകൊണ്ടുമാത്രം അധികാരത്തിലിരിക്കുന്ന ആളുകൾ സംശയിക്കപ്പെടാൻ പാടില്ല. ആർക്കെതിരേയും എന്ത്‌ ആരോപണവും ആർക്കുവേണമെങ്കിലും ഉന്നയിക്കാമെന്ന അവസ്ഥയും ആരോഗ്യകരമല്ല.  അതേസമയം, ഉന്നയിക്കപ്പെടുന്ന ആരോപണങ്ങൾ വസ്തുനിഷ്ഠമായും മാന്യമായും കൈകാര്യംചെയ്യാനുള്ള സംവിധാനങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കണം. അത്തരം സംവിധാനങ്ങൾ നീതി നടത്തിയാൽപോരാ, നടത്തിയതായി തോന്നിക്കുകയും വേണം.

ഗുരുതരമായ വീഴ്ച
ചീഫ്‌ ജസ്റ്റിസ്‌ ഗൊഗോയ്‌ കാർക്കശ്യംനിറഞ്ഞ, അച്ചടക്കബോധത്തോടെ തന്റെ നീതിന്യായാധികാരം പ്രയോഗിക്കുന്ന അനുഭവമാണ്‌ കോടതിയുമായി ബന്ധപ്പെടുന്ന പലർക്കും പറയാനുള്ളത്‌. എന്നാൽ, പരാതി പരിഗണിച്ച ബെഞ്ചിൽ അദ്ദേഹം സന്നിഹിതനായതും യുവതിക്കെതിരായ തന്റെ വിമർശനങ്ങൾ പരസ്യമായിപ്പറഞ്ഞതും ഗുരുതരമായ തെറ്റായിപ്പോയി. ചീഫ്‌ ജസ്റ്റിസിന്റെ കസേര തന്റെ വ്യക്തിപരമായ പരസ്യപ്രതിരോധത്തിനുള്ള സ്ഥാനമായി അദ്ദേഹം കാണാനേ പാടില്ലായിരുന്നു. യുവതിയെക്കൊണ്ട്‌ ക്ഷമ പറയിപ്പിക്കുന്നതുപോലുള്ള സംഭവങ്ങൾ ആരോപിക്കപ്പെട്ടാൽ, അവയുടെ നിജസ്ഥിതി അന്വേഷിക്കാവുന്നതേയുള്ളൂ. ഇതിനകം ഉന്നയിക്കപ്പെട്ട മറ്റെല്ലാ ആരോപണങ്ങളും ശരിയായ ഒരു സംവിധാനത്തിൽ അന്വേഷിക്കാൻ കഴിയുന്നവ മാത്രമാണ്‌. എന്നാൽ, ബന്ധപ്പെട്ടയാളുകളെയും പൊതുജനങ്ങളെയും വിശ്വാസത്തിലെടുത്തുകൊണ്ടുള്ള അന്വേഷണസംവിധാനം ചീഫ്‌ ജസ്റ്റിസിനെതിരായ ആരോപണങ്ങളുടെ കാര്യത്തിൽ ഇന്ത്യയിൽ ഉരുത്തിരിഞ്ഞുവന്നിട്ടില്ല എന്നതാണ്‌ നിരാശാജനകമായ യാഥാർഥ്യം. ഇത്തരമൊരു സംവിധാനം പൊതുജനങ്ങളുടെ മാത്രമല്ല, ന്യായാധിപരുടെയും നിയമസംവിധാനത്തിന്റെയും പ്രധാന ഗുണഭോക്താക്കളായ അഭിഭാഷകരുടെയുമെല്ലാം ആവശ്യമാണ്‌. വിശാഖാ കേസിലെ (1997) മാർഗനിർദേശകതത്ത്വങ്ങളോ തൊഴിൽസ്ഥലത്തെ സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയാനുള്ള നിയമത്തിലെ (2013) വ്യവസ്ഥകളോ ചീഫ്‌ ജസ്റ്റിസിനെതിരായ ആരോപണത്തിന്റെ കാര്യത്തിൽ പാലിക്കപ്പെട്ടില്ല എന്നത്‌ വ്യാപകമായ ആക്ഷേപത്തിനിടയാക്കി. ന്യായാധിപർ മാത്രമടങ്ങിയ ആന്തരികാന്വേഷണസമിതി എന്ന ആശയത്തിന്‌ രൂപംനൽകിയത്‌ സുപ്രീംകോടതി തന്നെ നിയോഗിച്ച അഞ്ച്‌ ന്യായാധിപർ അടങ്ങിയ കമ്മിറ്റിയാണ്‌. ഈ കമ്മിറ്റിയുടെ റിപ്പോർട്ട്‌ സുപ്രീംകോടതിയുടെ സമ്പൂർണ യോഗം അംഗീകരിച്ചത്‌ 1999 ഡിസംബർ 15-ാം തീയതിയാണ്‌. ന്യായാധിപർക്കെതിരായ പരാതികളിൽ എന്തെങ്കിലും ഗൗരവപ്പെട്ട നടപടികൾ കൈക്കൊള്ളാൻ ന്യായാധിപരുടേതായ ഈ സംവിധാനം ഇതുവരെയും തയ്യാറായിട്ടില്ല എന്നതാണ്‌ ഇന്ത്യൻ അനുഭവം. നടപടിക്രമങ്ങളിൽ സുതാര്യതയില്ല എന്ന വിമർശനവും ആന്തരികാന്വേഷണസമിതിക്കെതിരേ പലപ്പോഴും ഉന്നയിക്കപ്പെട്ടിട്ടുണ്ട്‌. അതുപോലെ നേരിട്ടുള്ള ശക്തമായ നടപടികൾക്കുള്ള വ്യവസ്ഥകൾ ഇല്ലെന്നതും ഒരു പ്രധാന പോരായ്മയായി നിലനിൽക്കുന്നു.

അമിതാധികാര പ്രവണതയല്ല സ്വാതന്ത്ര്യം
ന്യായാധിപരുടെ പെരുമാറ്റവും ധർമനിർവഹണവും പരിശോധിക്കാൻ ബാഹ്യ ഏജൻസികളെ അനുവദിക്കാത്തത്‌ അത്തരം ഏർപ്പാടുകൾ നീതിന്യായ സംവിധാനത്തിന്റെ സ്വച്ഛന്ദതയെയും സ്വാതന്ത്ര്യത്തെയും ബാധിക്കുമോ എന്ന ഭയം കൊണ്ടാണ്‌. എന്നാൽ, എന്തും പറയാനും ചെയ്യാനുമുള്ള ആരോടും കണക്കുപറയേണ്ടതായിട്ടില്ലാത്ത അമിതാധികാര പ്രവണതയായി ഈ സ്വാതന്ത്ര്യം മാറാൻ പാടില്ല. ഇതു പക്ഷേ, ചിത്രത്തിന്റെ ഒരു വശം മാത്രമാണ്‌. കോർപ്പറേറ്റ്‌ മുതലാളിത്തത്തിന്റെ ഭാഗമായ സാമ്പത്തികശക്തികൾ കോടതികൾ അടക്കമുള്ള ഭരണഘടനാ സ്ഥാപനങ്ങളെ നിയന്ത്രിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവും ഗൗരവത്തോടെ പരിഗണിക്കപ്പെടേണ്ടതാണ്‌. പലപ്പോഴും മറ്റുതരം ശത്രുതകളുടെയും താത്‌പര്യങ്ങളുടെയും പേരിൽ ദുരുദ്ദേശ്യപരമായ വ്യാജപരാതികൾ അധികാരസ്ഥാനത്തുള്ളവർക്കെതിരേ ഉയർന്നുവരാറുണ്ട്‌. അത്തരം ആക്ഷേപങ്ങളെയും ശക്തമായിത്തന്നെ കൈകാര്യം ചെയ്യാൻ കഴിയണം.

നിർഭാഗ്യകരമെന്നു പറയട്ടെ, ന്യായാധിപർക്കെതിരേ ആരോപണങ്ങളുണ്ടായാൽ അവയെ വേണ്ടവിധത്തിലുള്ള ശാസ്ത്രീയവും ജനാധിപത്യപരവും നിയമപരവുമായ വിധത്തിൽ കൈകാര്യംചെയ്യാനുള്ള ശ്രമങ്ങൾ ഇന്ത്യയിലെ നിയമനിർമാതാക്കളിൽനിന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ യു.പി.എ. സർക്കാരിന്റെ കാലത്ത്‌ ‘ജുഡീഷ്യൽ സ്റ്റാൻഡേഡ്‌ ആൻഡ്‌ എക്കൗണ്ടബിലിറ്റി ബിൽ’ ലോക്‌സഭ പാസാക്കുകയുണ്ടായി. എന്നാൽ, 2012 മാർച്ചിൽ സഭ പാസാക്കിയ ഈ ബിൽ 2014-ൽ ലോക്‌സഭയുടെ കാലാവധി കഴിഞ്ഞപ്പോൾ തുടർനടപടികളുടെ അഭാവം കാരണം ഇല്ലാതായി. ചില ന്യായാധിപരിൽനിന്നും എതിർപ്പുണ്ടായതിനെത്തുടർന്നാണ്‌ സമാനനിയമത്തിനായി പിന്നീടുവന്ന എൻ.ഡി.എ.സർക്കാർ ശ്രമിക്കാതിരുന്നതെന്ന്‌ നിയമമന്ത്രി രവിശങ്കർപ്രസാദ്‌ പറയുകയുണ്ടായി (ദ ഹിന്ദു, 24 ജൂൺ 2014). 1968-ലെ ന്യായാധിപ(അന്വേഷണ)നിയമം ഒട്ടും ഫലപ്രദമല്ല എന്ന്‌ വീരസ്വാമി കേസിൽ (1991) വ്യക്തമാക്കപ്പെട്ടതാണ്‌. ന്യായാധിപർക്കെതിരേ ചീഫ്‌ ജസ്റ്റിസിന്റെ അനുമതിയോടെ എഫ്‌.ഐ.ആർ. തയ്യാറാക്കാമെന്നു പറഞ്ഞ വീരസാമി കേസിലെ വിധിയും മുഖ്യ ന്യായാധിപനെതിരായ ആക്ഷേപങ്ങളുടെ കാര്യത്തിൽ അപ്രായോഗികവും അവ്യക്തവുമായ സമീപനമാണ്‌ സ്വീകരിച്ചത്‌.

ഇക്കാര്യത്തിൽ പുതിയതും സമഗ്രവുമായ നിയമനിർമാണത്തിനുള്ള ശ്രമങ്ങൾക്ക്‌ രാഷ്ട്രീയകക്ഷികൾ ഇപ്പോഴും പരിഗണന നൽകുന്നില്ല. ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പു മാനിഫെസ്റ്റോയിൽ ഇത്തരം കാര്യങ്ങൾ വിശദമാക്കുന്നതേയില്ല. കോൺഗ്രസിന്റേതിലാകട്ടെ ഇതേക്കുറിച്ച്‌ പറയുന്നുണ്ടെങ്കിലും അധികാരത്തിലിരുന്നപ്പോൾ ഇത്തരം പരിഷ്കാരങ്ങൾ കൊണ്ടുവരാതിരുന്നതെന്തുകൊണ്ട്‌ എന്നതിന്‌ ഉത്തരമില്ല.

നിയമത്തിനതീതമായ ഒരു നീതിന്യായ സംവിധാനത്തെ സൃഷ്ടിക്കുന്നതിനും നിലനിർത്തുന്നതിനുമാണ്‌ ഇന്ത്യയിലെ അധികാരികൾ എന്നും ശ്രമിച്ചത്‌. നീതിന്യായ, രാഷ്ട്രീയ അധികാരകേന്ദ്രങ്ങൾ സംവിധാനത്തെ ജനാധിപത്യവത്‌കരിക്കാനുള്ള താത്‌പര്യം പൊതുവേ കാണിച്ചിട്ടില്ല. അതുകൊണ്ടാണ്‌ നീതിന്യായ സംവിധാനത്തെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളും സാധാരണക്കാരുടെ രാഷ്ട്രീയവിഷയങ്ങൾതന്നെയാണെന്ന തിരിച്ചറിവ്‌ പ്രധാനമാകുന്നത്‌. ഇത്തരം വിഷയങ്ങൾ ശരിയായി കൈകാര്യംചെയ്യാനുള്ള പുതിയ നിയമങ്ങൾ ഉണ്ടാക്കാനും അവയെ നിലനിർത്താനും പരിരക്ഷിക്കാനുമായി ജനകീയ സമ്മർദമുണ്ടാകണം. ചീഫ്‌ജസ്റ്റിസുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങൾ നൽകുന്ന പാഠവും മറ്റൊന്നല്ല.

മുടുംഗയുടെ ആശയം
അസാധാരണമെന്നു തോന്നാം. നീതിന്യായപരമായ ഉത്തരവാദിത്വവും അഴിമതി ആരോപണസംവിധാനങ്ങളും ഉറപ്പുവരുത്താനുള്ള ശ്രമങ്ങൾ കെനിയയുടെ മുൻ ചീഫ്‌ ജസ്റ്റിസ്‌ വില്ലി മുടുംഗ (Willy Mutunga) യുടെ ഭാഗത്തുനിന്നും ഉണ്ടായത്‌ ലോകശ്രദ്ധ പിടിച്ചുപറ്റി. നീതിന്യായ പരിവർത്തനത്തിനുള്ള രൂപരേഖ (Judiciary transformation frame work) എന്ന മുടുംഗയുടെ ആശയത്തിലൂടെയാണ്‌ കെനിയയിൽ ജുഡീഷ്യൽ ഒാംബുഡ്‌സ്‌മാൻ സംവിധാനവും കോടതി ഉപഭോക്താക്കളുടെ കമ്മിറ്റികളും നിലവിൽവന്നത്‌. പിന്നീട്‌ ഈ ആശയത്തിന്‌ 2011-ലെ ജുഡീഷ്യൽ സർവീസ്‌ നിയമത്തിലൂടെ നിയമനിർമാണതലത്തിലെ പിന്തുണയും ലഭിച്ചു. മുടുംഗയുടെ ഈ പരീക്ഷണത്തിനു വലിയ ഫലപ്രാപ്തിയാണുണ്ടായത്‌. 2009-ൽ 27 ശതമാനം മാത്രം നീതിന്യായ സംവിധാനത്തിൽ വിശ്വാസമുണ്ടെന്നു പറഞ്ഞ ഒരു രാജ്യത്ത്‌ 2013-ൽ അത്തരക്കാരുടെ ശതമാനം 61 ആയി മാറിയെന്ന്‌ ഒരു സർവേഫലം വ്യക്തമാക്കുകയുണ്ടായി. (മയാ ഗയ്‌നർ, പ്രിൻസ്റ്റോൺ യൂണിവേഴ്‌സിറ്റി, 2015).

(ലേഖകൻ സുപ്രീംകോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനാണ്‌)