പത്തൊമ്പതാം നൂറ്റാണ്ടിലെ റഷ്യയുടെ ഭീമചൈതന്യമാണ് ഫയദോർ ദസ്തയേവ്‌സ്കിയുടെ നോവലുകളിൽനിന്ന് പ്രസരിച്ചത്. പർവതസമാനമായ ആ ദാർശനികപ്രജ്ഞ, തത്തുല്യമായ തീവ്രവൈകാരികതയുടെ ലാവകളുമൊഴുക്കി. ദൈവത്തെ നായാടുന്നവരും ദൈവത്താൽ നായാടപ്പെട്ടവരുമായ കഥാപാത്രങ്ങൾ അവിടെ മുഖാമുഖം നിന്നു.

പ്രണയം ചൂതാട്ടംപോലെ ഒരു നഷ്ടക്കളിയുടെ തീവ്രലഹരിയായി. അലോഷ്യയെപ്പോലുള്ള ക്രിസ്തുസദൃശരും ഐവാനെപ്പോലുള്ള ഉദ്ധതരും ഏകാകികളുമായ ധിഷണാശാലികളും മിത്യയെപ്പോലുള്ള വികാരാവിഷ്ടരായ ഉത്സവപ്രിയരും സ്മെർഡിയാക്കോവിനെപ്പോലുള്ള മൂർഖരും അവരുടെയെല്ലാം പിതാവായ ആ വെറിയൻ കോമാളിയും ചേരുന്ന (കാരമസോവ് സഹോദരന്മാർ) ആ ഐവർകുടുംബത്തിന് മനുഷ്യരാശിയെയാകെ പ്രതിനിധീകരിക്കാനാവുന്ന പ്രതീകഭംഗിയും അതിലുമേറെ ഉജ്ജ്വലവും ഊഷ്മളവുമായ മനുഷ്യശോഭയുമാണ് ദസ്തയേവ്‌സ്കി നൽകിയത്. രാജസവും താമസവും സാത്വികവും അവരെ ശബളപരിവേഷമണിയിച്ചു. സംഭാഷണങ്ങൾ ആശയസംവാദങ്ങളായി മാറി. മനുഷ്യാവസ്ഥയുടെ പര്യന്തങ്ങളിൽനിന്ന് അവർ പരസ്പരം തർക്കിച്ചു. അവരിലാരോടൊപ്പമാണ് താൻ എന്നറിയാതെ പലപ്പോഴും വായനക്കാർ സുഖകരമായ ഒരു നട്ടംതിരിച്ചിലിന്റെ ഗാഢതയറിഞ്ഞു.

കൗമാരത്തിലും യൗവനത്തിലുമാണ് ദസ്തയേവ്‌സ്‌കിയെ വായിക്കേണ്ടത്. ആ പ്രണയാതുരരും ദരിദ്രരും സന്ദേഹികളും കുറ്റവാളികളും പാപബോധപീഡിതരും തരുണരക്തത്തെയാണ് ആവേശിക്കുക. അലോഷ്യയെപ്പോലെ ദിവ്യാനുരാഗപരവശനായി മുഴുവൻ ഭൂമിയെയും ചുംബിക്കാൻ, റസ്കോൾ നിക്കോവിനെപ്പോലെ പാപിനിയുടെ പാവനപാദങ്ങളിൽ ചുംബിക്കാൻ ഒരു യുവാവിനല്ലാതെ ആർക്കാവും? മറ്റുചില അസാധാരണമായ അധരചുംബനങ്ങളും പാദചുംബനങ്ങളുംകൂടിയുണ്ട് ദസ്തയേവ്‌സ്കിയുടെ പ്രപഞ്ചത്തിൽ (അത്‌ ലോകമല്ല, പ്രപഞ്ചം!). ക്രിസ്തു, ഐവാന്റെ കവിതയിൽ ഉന്നതനായ മതദ്രോഹവിചാരകനുനൽകുന്ന മൗനചുംബനം, അത്‌ കേട്ടശേഷം അലോഷ്യ തന്റെ ജ്യേഷ്ഠനുനൽകുന്നത്, മിത്യയുടെ പാദങ്ങളിൽ ഫാദർ സോസിമയുടെ പവിത്രചുംബനം എന്നിവ. ദൈവികചുംബനങ്ങളുടെ അപാരതയാണ് ദസ്തയേവ്‌സ്കിയിൽ. ആ അപാരനായ റഷ്യൻ കഥനപ്രതിഭയ്ക്ക് ഇരുനൂറാം പിറന്നാളുമ്മകൾ; ഒപ്പം മുഴുവൻ മനുഷ്യരാശിക്കുംവേണ്ടി ആ വിണ്ടുവെടിച്ച വിശുദ്ധപാദങ്ങളിൽ ഒരു ഗാഢചുംബനവും!

നിരൂപകനായ ലേഖകൻ മടപ്പള്ളി ഗവ. കോളേജിൽ ഇംഗ്ളീഷ്‌ അധ്യാപകനാണ്‌