മൂന്നുവർഷം മുമ്പാണ്. കാസർകോട് കാഞ്ഞങ്ങാടിനുസമീപമുള്ള മലയോരപ്രദേശത്തെ പോലീസ് സ്റ്റേഷനിൽ പരാതിയുമായി 22-കാരിയായ വിദ്യാർഥിനിയെത്തി. ആ കുട്ടിയുടെ ചിത്രം മോർഫ് ചെയ്ത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നായിരുന്നു പരാതി. പ്രതിസ്ഥാനത്ത് പെൺകുട്ടിയുടെ ബന്ധുക്കൾതന്നെ.
അന്വേഷണം നടത്തിയ പോലീസ്, ചിത്രം മോർഫ് ചെയ്തെന്ന് സംശയിച്ച യുവാവിനെ അറസ്റ്റുചെയ്തു. ഇതിനായി ഉപയോഗിച്ച കംപ്യൂട്ടറും ഹാർഡ് ഡിസ്കും പിടിച്ചെടുത്തു. വിശദപരിശോധനയ്ക്കായി ഫൊറൻസിക് ലാബിലേക്കയച്ചു. എന്നാൽ, മൂന്നുവർഷമായിട്ടും പരിശോധനഫലം കിട്ടിയില്ല.
ഇടയ്ക്കിടെ ഇക്കാര്യം ഓർമിപ്പിച്ചുകൊണ്ട് ഫൊറൻസിക് ലാബിലേക്ക് സ്റ്റേഷനിൽനിന്ന് കത്തും മെയിലും അയയ്ക്കും. അതിനും മറുപടിയുണ്ടാകില്ല. സമൂഹമധ്യത്തിൽ അപമാനഭാരവുംപേറി ആ പെൺകുട്ടി ഇപ്പോഴും നീതിക്കായുള്ള കാത്തിരിപ്പ് തുടരുന്നു.
സാങ്കേതികക്കുരുക്ക്
സംസ്ഥാനത്ത് മിക്ക സൈബർ കേസുകളുടെയും സ്ഥിതി ഇതാണ്. സാങ്കേതികത്വത്തിൽകുരുങ്ങി എങ്ങുമെത്താത്ത കേസുകൾ. പോലീസിനും ഇക്കാര്യം വ്യക്തമായി അറിയാം. അതിനാലാണ് പലപ്പോഴും കേസെടുക്കാൻ അവർ മടിക്കുന്നതും.
ഫൊറൻസിക് പരിശോധനയ്ക്ക് സംസ്ഥാനത്താകെ മൂന്ന് ലാബുകളാണുള്ളത്. തിരുവനന്തപുരത്തെ സ്റ്റേറ്റ് ഫൊറൻസിക് ലാബും തൃശ്ശൂർ, കണ്ണൂർ എന്നിവിടങ്ങളിലെ റീജണൽ ലാബുകളും. സൈബർ കേസുകളിൽ പിടിച്ചെടുക്കുന്ന മൊബൈൽ ഫോണുകളും കംപ്യൂട്ടറും പെൻഡ്രൈവുകളും ഹാർഡ് ഡിസ്‌കും പരിശോധിക്കുന്നത് ഇവിടെയാണ്. വിരലിലെണ്ണാവുന്ന ലാബുകൾ, പരിമിതമായ ജീവനക്കാർ. ഇതിൽക്കൂടുതൽ അവർ എന്തുചെയ്യാൻ?
പിടിക്കപ്പെടുംമുമ്പ് മിക്ക പ്രതികളും തെളിവുകൾ ഡിലീറ്റ് ചെയ്യും. ഇവ വീണ്ടെടുക്കണമെങ്കിലും കൂടുതൽ പരിശോധന നടത്തണമെങ്കിലും ഫൊറൻസിക് സഹായം വേണം. ഇത് കൃത്യമായി കിട്ടാതെ വരുന്നതോടെ കേസ് എങ്ങുമെത്താതെ പോകും. പലപ്പോഴും കോടതിയിൽ കുറ്റപത്രം നൽകാൻപോലുമാകില്ല. പ്രതികൾ അനായാസം രക്ഷപ്പെടുന്നതിനും ഇതിടയാക്കും.
വിവാദമായ കേസുകളിൽമാത്രമേ ഫൊറൻസിക് പരിശോധനഫലം പെട്ടെന്ന് കിട്ടാറുള്ളൂ. അല്ലാത്തവ ലാബുകളിൽ കുരുങ്ങിക്കിടക്കും. അണ്ടർ ഇൻവെസ്റ്റിഗേഷൻ കേസുകളുടെ ഗണത്തിലേക്ക് പോലീസ് സ്റ്റേഷനുകൾ ഇവ രേഖപ്പെടുത്തും. നടപ്പാകാത്ത നീതിയുടെ കൂട്ടത്തിൽ അങ്ങനെ എത്രയെത്ര കേസുകൾ...
പരിജ്ഞാനം, പരിശീലനം
‘‘സൈബർ കേസുകൾ ഇനി സംസ്ഥാനത്തെ
എല്ലാ പോലീസ് സ്റ്റേഷനിലും അന്വേഷിക്കും.
സ്റ്റേഷൻ ഹൗസ് ഓഫീസർക്കായിരിക്കും
അന്വേഷണച്ചുമതല. ഓരോ പോലീസ് സ്റ്റേഷ
നിലും സൈബർ െെക്രം ഇൻെവസ്റ്റിഗേഷൻ
സെൽ തുടങ്ങും. ഇതിനായി രണ്ടുപോലീസു
കാർക്ക് പരിശീലനം നൽകും’'
-സംസ്ഥാന പോലീസ് മേധാവി ലോക്നാഥ്
ബെഹ്റ, 2018 ജൂലായ് 21-ന് പറഞ്ഞത്
സംസ്ഥാന പോലീസ് മേധാവിയുടെ ഈ പ്രഖ്യാപനം വന്നിട്ട് രണ്ടുവർഷം പിന്നിട്ടു. എല്ലാ പോലീസ് സ്റ്റേഷനും െെസബർ കുറ്റകൃത്യ അന്വേഷണത്തിന് സജ്ജമാകുന്ന ആദ്യസംസ്ഥാനമാകും കേരളമെന്ന് ഊറ്റംകൊണ്ടായിരുന്നു ഈ പ്രഖ്യാപനം. എന്നാൽ, മികച്ച ഈ പദ്ധതി നാളിതുവരെയായിട്ടും നടപ്പായില്ല.
നിയമം ദുർബലം, അതോടൊപ്പം സാങ്കേതിക പരിജ്ഞാനം കുറവുള്ള പോലീസുകാരും. സാമൂഹിക മാധ്യമങ്ങളിൽക്കൂടിയുള്ള അതിക്രമക്കേസുകൾ എങ്ങുമെത്താതെ പോകുന്നതിന് ഇപ്പോഴും പ്രധാനപ്പെട്ട ഒരു കാരണം ഇതുതന്നെ. ഇത്തരം കേസുകളിൽ പരാതിക്കാർ ആദ്യം ആശ്രയിക്കുന്നത് പോലീസ് സ്റ്റേഷനിലാണ്. കേസിനാസ്പദമായ പോസ്റ്റിന്റെ യു.ആർ.എൽ. ഉൾപ്പെടെ വാങ്ങിവെക്കാതെയാണ് പല പോലീസുകാരും പരാതി സ്വീകരിക്കുന്നത്. ഇത്തരം പരാതികൾവന്നാൽ എന്തൊക്കെ തെളിവുകളാണ് ശേഖരിക്കേണ്ടതെന്നുപോലും പലർക്കും ധാരണയില്ല. പിന്നെ ചെയ്യുന്നത് സൈബർ പോലീസിന് കൈമാറുകയെന്ന കടമ കഴിക്കൽ. അപ്പോഴേക്കും ദിവസങ്ങൾ പിന്നിട്ടിരിക്കും.
ലോക്കൽ പോലീസ് സ്റ്റേഷനുകളിൽ സാങ്കേതികമായി പരിജ്ഞാനമുള്ളവരെക്കൂടി കൃത്യമായി ഉപയോഗിക്കുകയെന്നതാണ് ഇതിനുള്ള പോംവഴി. ഒരു സ്റ്റേഷനുകളിൽ ഒരാൾക്കെങ്കിലും കൃത്യമായ പരിശീലനം നൽകണം.
നിലവിൽ സൈബർകേസുകൾമാത്രം അന്വേഷിക്കാൻ സംസ്ഥാനത്ത് നാല് പോലീസ് സ്റ്റേഷനുകളുണ്ട്. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ. ഒരുപരിധിവരെ ഇത്തരം കേസുകൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ ഈ സ്റ്റേഷനുകൾക്കാകുന്നുണ്ട്. എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷൻ സ്ഥാപിച്ചാൽ അന്വേഷണം ഒന്നുകൂടി ഫലപ്രദമാകും.
അത്ര എളുപ്പമല്ല നിയമം
സൈബർ അതിക്രമങ്ങൾക്കെതിരേ ശക്തമായ നിയമമാണ് വേണ്ടതെന്ന വാദം ഉയരുന്നുണ്ടെങ്കിലും അതത്ര എളുപ്പമല്ലെന്ന് നിയമവിദഗ്ധർ പറയുന്നു. വിവരസാങ്കേതികവിദ്യാനിയമത്തിലെ 66 എ വകുപ്പ് നിലവിലുണ്ടായിരുന്നപ്പോൾ നിസ്സാരകാര്യങ്ങൾക്കുവരെ പരാതിയുമായെത്തുന്നവർ ഏറെയായിരുന്നു. എതിർശബ്ദമുയർത്തുന്നവരെയും വിമർശകരെയും വരച്ചവരയിൽ നിർത്താൻ ഭരണകൂടങ്ങൾവരെ ഉപയോഗിച്ച നിയമം. ഇതുകണ്ടറിഞ്ഞാണ് സുപ്രീംകോടതി ഈ വകുപ്പ് റദ്ദാക്കിയതും.സാമൂഹികമാധ്യമങ്ങളുടെ ഉപയോഗവും ദുരുപയോഗവും കൂടുതലുള്ള കേരളത്തിൽ 66എ വകുപ്പിന് പകരംവെക്കാവുന്ന ഒരു നിയമത്തിനായി മുമ്പേ ആലോചനതുടങ്ങിയിരുന്നു. കേരള പോലീസ് നിയമം ഭേദഗതിചെയ്യാനായിരുന്നു ശ്രമം. സൈബർഡോമും ഇതേനിർദേശം സർക്കാരിനുനൽകി. മരവിച്ചുകിടന്ന ഈ ശ്രമത്തിന് ജീവൻവെച്ചത് ഇപ്പോഴാണ്.
സാമൂഹികമാധ്യമത്തിലൂടെയുള്ള അധിക്ഷേപത്തിന്റെ അളവുകോലും പരിധിയും എങ്ങനെ നിശ്ചയിക്കുമെന്നാണ് സർക്കാരിനെ കുഴക്കുന്ന പ്രധാനപ്രശ്നം. അല്ലാത്തപക്ഷം 66എ വകുപ്പുപോലെ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയേറെയാണ്. സെബർപോരാളികൾ അരങ്ങുവാഴുന്ന ഓൺലൈൻ രാഷ്ട്രീയയുദ്ധങ്ങൾക്ക് പഞ്ഞമില്ലാത്ത നാടായതിനാൽ പ്രത്യേകിച്ചും.
66 എ വകുപ്പിന് ബദൽ വകുപ്പാണെങ്കിൽ കോടതിയിൽ ചോദ്യംചെയ്യപ്പെട്ടേക്കാമെന്ന വെല്ലുവിളിയും നിലനിൽക്കുന്നു. ചുരുക്കത്തിൽ അഭിപ്രായസ്വാതന്ത്ര്യത്തിൽ കടന്നുകയറാതെ, സാമൂഹികമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിനും അതിക്രമത്തിനും അറുതിവരുത്തുന്ന നിയമനിർമാണമാണ് സർക്കാരിനുമുന്നിലുള്ള വെല്ലുവിളി.
ചെയ്യണം 5 കാര്യങ്ങൾ
1. സൈബർ സാക്ഷരതയ്ക്കൊപ്പം സൈബറിടത്തിൽ എങ്ങനെ പെരുമാറണമെന്ന അറിവ് സ്കൂൾതലംമുതൽ നൽകണം
2. അഭിപ്രായസ്വാതന്ത്ര്യത്തിന് തടസ്സമാകാത്തവിധം നിയമനിർമാണം
3. പരാതികളിൽ കേസെടുക്കാൻ വൈകരുത്. ഫൊറൻസിക് പരിശോധനയുൾപ്പെടെ വേഗത്തിലാക്കണം
4. ഓരോ പോലീസ് സ്റ്റേഷനിലും സൈബർവിഷയങ്ങളിൽ വിദഗ്ധപരിശീലനം കിട്ടിയ ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം
5. നിലവിലുള്ള നിയമത്തിന്റെ സാധ്യതകൾകൂടി ഉപയോഗപ്പെടുത്തി പരാതികളിൽ നടപടി
പൊതുസമൂഹവും മാറണം
സ്ത്രീകളോടുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാട് എങ്ങനെയാണോ അതിന്റെ പരിച്ഛേദമായാണ് നമ്മുടെ സൈബറിടങ്ങളും നിലകൊള്ളുന്നത്. എന്തുംചെയ്യാമെന്ന അവസ്ഥ മാറണം. യൂട്യൂബ് ചാനലുകളിലെ ഉള്ളടക്കത്തിന്റെ കാര്യത്തിൽ കാര്യക്ഷമമായ വ്യവസ്ഥകളുണ്ടാവണം. സൈബറിടത്തെക്കുറിച്ചുള്ള കൃത്യമായ അവബോധം പൊതുസമൂഹത്തിനുണ്ടാക്കണം. പുതുതലമുറയിൽ അത് ചെറിയപ്രായത്തിലേ സൃഷ്ടിക്കണം. ഇത്തരം സൈബർ കുറ്റവാളികൾ മാതൃകാപരമായി ശിക്ഷിക്കപ്പെടണം. എങ്കിൽമാത്രമേ ശിക്ഷിക്കപ്പെടുമെന്ന ബോധ്യം പൊതുസമൂഹത്തിനുണ്ടാകൂ
# ഷാഹിന ഇ.കെ., എഴുത്തുകാരി
കാലോചിത നിയമം വേണം
സാമൂഹികമാധ്യമരംഗത്ത് ദ്രുതഗതിയിലുള്ള മാറ്റങ്ങളാണുണ്ടാകുന്നത്. പുതിയകാലത്തെ ഉൾക്കൊള്ളുന്ന പരിഷ്കാരങ്ങൾ കൊണ്ടുവരാൻ നമ്മുടെ നിയമനിർമാണസഭകൾക്ക് കഴിഞ്ഞിട്ടില്ല. ഇന്നത്തെ സാഹചര്യങ്ങൾ കൃത്യമായി പഠിച്ച്, ദുരുപയോഗം തടയുന്നതിന് നിയമമുണ്ടാക്കണം. വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റവും സാമൂഹിക മാധ്യമങ്ങളിലൂടെ ഉണ്ടായിക്കൂടെന്ന് പൗരനും ഭരണകൂടവും ഒരുപോലെ ഉറപ്പാക്കണം- അഡ്വ. കെ.കെ. സമദ്/ എ.ഐ.വൈ.എഫ്. സംസ്ഥാന നിർവാഹകസമിതിയംഗം