ഇന്ത്യൻ ശിക്ഷാനിയമത്തിൽ വിവരസാങ്കേതികവിദ്യ ഉപയോഗിച്ച്‌ സ്ത്രീകളുടെ  നേരെ നടത്തുന്ന മുഴുവൻ കുറ്റകൃത്യങ്ങളും നിർവചിക്കുകയോ  ശിക്ഷാർഹമാക്കുകയോ ചെയ്തിട്ടില്ല എന്നത്‌ ദുഃഖസത്യമാണ്‌.  വിവരസാങ്കേതികവിദ്യയിലൂടെ നേടിയെടുത്ത വികാസവും സൗകര്യവും  ജീവിതത്തിന്റെ ഗുണകരമായ പ്രവൃത്തികൾക്ക്‌ മാത്രമായിട്ടല്ല   വിനിയോഗിക്കപ്പെടുന്നത് എന്നതാണ്‌ വാസ്‌തവം.
ഇന്റർനെറ്റിലൂടെ വിദ്യാഭ്യാസവും തൊഴിലും കച്ചവടവും  ആശയവിനിമയവും രാഷ്ട്രീയവും വിനോദവും സാംസ്കാരികവുമായ വിവിധ കാര്യങ്ങൾക്കായി  മനുഷ്യർക്ക്‌ ഇടപെടേണ്ടിവരുന്നു. സ്ത്രീകളും കുട്ടികളും ധാരാളമായിത്തന്നെ ഇന്റർനെറ്റ്‌ ഉപഭോക്താക്കളായി കഴിഞ്ഞിരിക്കുന്നു.

2000-ലെ വിവരസാങ്കേതികതാനിയമം കേവലം ഇലക്‌ട്രോണിക്‌ കൊമേഴ്‌സിനുവേണ്ടി മാത്രമാണ്‌ നിർമിച്ചിരിക്കുന്നതെന്ന്‌ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യത്തിൽത്തന്നെ വ്യക്തമാക്കുന്നുണ്ട്‌.
സൈബർ ഇടത്തിൽ നടത്തുന്ന കുറ്റകൃത്യങ്ങളിൽ ചിലതുമാത്രമാണ്‌  2000-ത്തിലെ ഐ.ടി. നിയമത്തിൽ പ്രതിപാദിച്ചിരിക്കുന്നത്‌. 2015-ലെ ശ്രേയ സിൻഗാൾ Vs ഇന്ത്യാ ഗവൺമെന്റ്‌ എന്ന വിധിന്യായത്തിലൂടെ ഇന്ത്യൻ  സുപ്രീംകോടതി ഐ.ടി. ചട്ടത്തിലെ 66 എ. റദ്ദാക്കി. ഇലക്‌ട്രോണിക്‌  മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അവഹേളിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നതിനെ മൂന്നുവർഷം പിഴയോടുകൂടിയ തടവുശിക്ഷയ്ക്ക്‌  വിധേയമാക്കാവുന്ന കുറ്റകൃത്യമായാണ്‌ വ്യവസ്ഥ ചെയ്തിരുന്നത്‌. ആവിഷ്കാരസ്വാതന്ത്ര്യത്തിന്‌ ഭരണഘടനയിലൂടെ ഉറപ്പാക്കിയ  മൗലികാവകാശത്തിന്‌ ധ്വംസനം സംഭവിക്കുന്നതിനാലാണ്‌ കോടതി 66 എ എന്ന വകുപ്പ്‌ റദ്ദാക്കിയത്‌.

 അടയാത്ത പഴുതുകൾ
ഐ.ടി. നിയമത്തിലെ 67-ാം വകുപ്പുപ്രകാരം അശ്ലീലമായവ പ്രചരിപ്പിക്കുന്നതും വിൽക്കുന്നതും വിതരണംചെയ്യുന്നതും  പിഴയോടുകൂടിയ മൂന്നുവർഷത്തെ തടവുശിക്ഷയ്ക്ക്‌ വ്യവസ്ഥചെയ്യുകയും 67 എ വകുപ്പുപ്രകാരം ലൈംഗികമായ പ്രവൃത്തികളും പെരുമാറ്റങ്ങളും ഉൾക്കൊള്ളുന്നവ ഇലക്‌ട്രോണിക്‌ രൂപത്തിൽ പ്രചരിപ്പിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും  അഞ്ചുവർഷംവരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ഈടാക്കാവുന്ന കുറ്റകൃത്യമായി വ്യവസ്ഥചെയ്തിട്ടുണ്ട്‌. എങ്കിലും സൈബർ ഇടങ്ങളിൽ സ്ത്രീകളുടെ നേരെ നടക്കുന്ന സൈബർ ബുള്ളിയിങ്, സൈബർ ബ്ലാക്ക്‌ മെയിലിങ്‌ എന്നീ ഭീഷണിപ്പെടുത്തലുകൾ ഒരുനിയമത്തിന്റെയും നിർവചനത്തിൽ വരുന്നില്ല.

സൈബർ ഇടം ഉപയോഗിക്കുന്ന 60 ശതമാനത്തോളം സ്ത്രീകൾ (feminismindia.com) സൈബർപീഡനം, സൈബർ ഭീഷണി, സൈബർ ഒളിഞ്ഞുനോട്ടം എന്നീ അതിക്രമങ്ങൾക്ക്‌ നിരന്തരം വിധേയമായിക്കൊണ്ടിരിക്കുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 506-ാം
വകുപ്പുപ്രകാരം കുറ്റകരമായ ഭീഷണിപ്പെടുത്തലും 384, 385 വകുപ്പുപ്രകാരം കവർച്ച (extortion) എന്നിവ ശിക്ഷാർഹമായ കുറ്റകൃത്യങ്ങളാണെങ്കിലും ഇലക്‌ട്രോണിക്‌ മാധ്യമങ്ങളിലൂടെ നടത്തുന്ന ഭീഷണികളിൽ  പോലീസുദ്യോഗസ്ഥർ കേസെടുക്കാറില്ല.
ഇന്ത്യയിലെ മറ്റു‌സംസ്ഥാനങ്ങളുടെ അവസ്ഥ പരിഗണിക്കുമ്പോൾ  വലിതോതിൽ സ്ത്രീകൾ കേരളത്തിൽ മൊബൈൽ ഫോണും കംപ്യൂട്ടറും ഉപയോഗിച്ച്‌ ഇന്റർനെറ്റിലൂടെ സോഷ്യൽ നെറ്റ്‌ വർക്കിങ്ങും മറ്റും  പല ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്‌. കേരളത്തിലെ ആഭ്യന്തരവകുപ്പിന്റെ കീഴിലുള്ള സൈബർ പോലീസ്‌ വളരെ സമർഥരായ ഉദ്യോഗസ്ഥരാണ്‌. കേരള പോലീസിലെ ഉദ്യോഗസ്ഥർക്ക്‌ സൈബർ സാങ്കേതികതയിൽ പരിശീലനം നൽകിയാണ്‌ സൈബർ പോലീസിങ്ങിനായി നിയമിക്കുന്നത്‌. ഇവരിൽ വിവരസാങ്കേതികവിദ്യയും കംപ്യൂട്ടർ സയൻസും പഠിച്ചവരുമുണ്ട്‌. എന്നാൽ, ഇവരുടെ സേവനം കേരളത്തിലെ ലക്ഷക്കണക്കിനുവരുന്ന സൈബർ ഉപഭോക്താക്കൾക്ക്‌ ലഭിക്കുന്നില്ല.

 തലതിരിഞ്ഞ രീതികൾ
ഒരു സ്ത്രീയുടെ മൊബൈൽ ഫോണിലേക്ക്‌ അശ്ലീലമായ സന്ദേശങ്ങളോ  ആവശ്യമില്ലാത്തതായ ഫോൺവിളികളോ വന്നാൽ അതിന്റെപേരിൽ   പരാതിയുമായി പോകുന്ന സ്ത്രീയുടെ മൊബൈൽ ഫോൺ ഉടൻതന്നെ കേസിന്റെ അന്വേഷണത്തിനായി പോലീസ്‌ സ്റ്റേഷനിൽ നൽകണമെന്നാണ്‌ പോലീസുദ്യോഗസ്ഥർ നിർദേശിക്കുന്നത്‌. വിവരസാങ്കേതികവിദ്യയുടെ പരിജ്ഞാനക്കുറവുകൊണ്ടാണ്‌ ഇത്‌ സംഭവിക്കുന്നത്‌. കുറ്റാരോപിതനായ വ്യക്തിയുടെ മൊബൈൽ ഫോണോ കംപ്യൂട്ടറോ ആണ്‌ ഉടനടി കണ്ടെടുക്കേണ്ടത്‌.
പ്രാദേശിക പോലീസ്‌ സ്റ്റേഷനിൽ പരാതികൊടുത്താൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പരാതി സ്വീകരിച്ചതിനുശേഷം കുറ്റാരോപിതരായവരുടെ ഫോൺ നമ്പർ അല്ലെങ്കിൽ ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ട്‌ വിവരം  ജില്ലാ സൈബർ സെല്ലിലേക്ക്‌ അയച്ച്‌ റിപ്പോർട്ട്‌ വാങ്ങിയാണ്‌ കേസ്‌ രജിസ്റ്റർ ചെയ്യുന്നത്‌. ഇത്‌ നിയമനടപടികളിൽ കാലതാമസമുണ്ടാക്കുന്നു. മാത്രമല്ല, പലപ്പോഴും മതിയായരീതിയിൽ കുറ്റമറ്റ കേസന്വേഷണം നടന്നതായി പല കേസുകളിലും പരാതിക്കാർക്ക്‌ ബോധ്യപ്പെടാറുമില്ല.

 സാമൂഹിക മാധ്യമങ്ങളെ മലിനപ്പെടുത്തുമ്പോൾ
സൈബർ ഇടത്തിൽ പണം സമ്പാദനത്തിനുമാത്രമല്ലാതെ ആനന്ദത്തിനും  സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തനത്തിനും മറ്റും സർഗാത്മകമായി  ഇടപെടുന്നവരുമുണ്ട്‌. പല വിഷയങ്ങൾ കൈകാര്യംചെയ്യുന്ന യൂട്യൂബുകൾ അതിനാൽത്തന്നെ ലഭ്യമാണ്‌. എന്നാൽ മനുഷ്യരെ അധമവിചാരത്തോടെ മാത്രം കാണുന്ന, മനുഷ്യരുടെ സ്വകാര്യതയ്ക്കും അന്തസ്സിനും ഹാനിയുണ്ടാക്കുന്ന യൂട്യൂബ്‌ ചാനലുകളും മറ്റും സോഷ്യൽ നെറ്റ്‌വർക്കിങ്‌ സൈറ്റുകളിലും മാലിന്യമായി നിറയാൻ തുടങ്ങിയിരിക്കുന്നു. ഫലപ്രദമായി ഇത്തരക്കാരെ നേരിടുന്നതിനായി ഒരു സമഗ്ര ഐ.ടി. നിയമം (വിവരസാങ്കേതികനിയമം) അനിവാര്യമായിരിക്കുകയാണ്‌. മതസ്പർധ വളർത്താനും രാജ്യത്തിന്റെ സുരക്ഷയ്ക്കും എതിരേ സൈബർ ഇടത്തിൽ പ്രവർത്തിക്കുന്നവരെ അമർച്ചചെയ്യാൻ കർശനമായ നിയമവ്യവസ്ഥകളുണ്ട്‌. ഓൺലൈൻ ഇന്റർമീഡിയേറ്റർ ആയ ഗൂഗിൾ, യൂട്യൂബ്‌, ഫെസ്‌ബുക്ക്‌, വാട്‌സാപ്പ്‌, ഇൻസ്റ്റഗ്രാം എന്നിവയുടെ കേന്ദ്രം ഇന്ത്യൻ മണ്ണിലല്ലെങ്കിലും മേൽപ്പറഞ്ഞ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കുനേരെ അന്വേഷണം നടത്തുന്നതിനും നടപടിയെടുക്കുന്നതിനും കോടതിയുടെ അധികാരപരിധി തടസ്സമായിട്ടില്ല.

ലിംഗഭേദമില്ലാതെ മനുഷ്യർ മനുഷ്യരാൽ ആക്രമിക്കപ്പെടുന്ന ഇടമായി സൈബർ ഇടവും മാറിയിരിക്കുന്നു. ഏറ്റവും സുഗമമായി, കൊറോണ ലോക്‌ഡൗണിൽപോലും മനുഷ്യജീവിതം വിഷാദരോഗത്തിന്‌ അടിപ്പെടുത്താതെ മുന്നോട്ടുകൊണ്ടുപോകാൻ ഒരുപരിധിവരെ സഹായിച്ച സൈബർ ഇടത്തിലെ  അതിക്രമങ്ങളെ അമർച്ചചെയ്യുന്നതിന്‌ സമഗ്രമായ സൈബർനിയമം ഓർഡിനൻസിലൂടെ നിർമിക്കേണ്ടത്‌ കേരള സർക്കാരിന്റെ ഉത്തരവാദിത്വമായിരിക്കുന്നു. യഥാർഥലോകത്തെക്കാൾ ഏറെ മനുഷ്യർ വ്യവഹരിക്കുന്ന സൈബർ ഇടത്തിൽ ‘ലോ ആൻഡ്‌ ഓർഡർ’ നടപ്പാക്കേണ്ടത്‌ ഇനിയും വൈകിക്കൂടാ. സ്ത്രീകളുടെ നേരെയുള്ള സൈബർ അതിക്രമം അവസാനിപ്പിക്കുന്നതിനായി എല്ലാ മനുഷ്യരും ഒരേ ശബ്ദത്തിൽ സർക്കാരിനോട്‌ ആവശ്യപ്പെടുന്നു. നിയമത്തിന്റെ അഭാവംമൂലം ഒരു അതിക്രമിയും രക്ഷപ്പെടാൻപാടില്ല.

വേണം, സൈബർ പോലീസ്‌ സ്റ്റേഷനുകൾ
മികവുറ്റ സൈബർ പോലീസ്‌ സ്റ്റേഷനുകൾ പ്രാദേശികമായിത്തന്നെ സ്ഥാപിക്കേണ്ടതുണ്ട്‌ എന്ന തിരിച്ചറിവിലേക്കാണ്‌ നാം എത്തുന്നത്‌. ഇൻഫർമേഷൻ ടെക്‌നോളജിയിലും മറ്റും വിദഗ്‌ധപഠനം നേടിയ ധാരാളം എൻജിനിയറിങ്‌ ബിരുദധാരികൾ നമ്മുടെ നാട്ടിലുണ്ട്‌. സൈബർ പോലീസിങ്ങിനുവേണ്ടത്‌ അത്തരം സാങ്കേതിക പരിജ്ഞാനമുള്ളവരെയാണ്‌. പൊതുവേ പോലീസ്‌ റിക്രൂട്ട്‌മെന്റിലെ അടിസ്ഥാനയോഗ്യതകളായ ഏതെങ്കിലും ബിരുദമോ കായികക്ഷമതയോ അല്ല ഇവിടെ അടിസ്ഥാനയോഗ്യതയാകേണ്ടത്‌.