ബഹുമാനപ്പെട്ട മുഖ്യമന്ത്രീ...
‘കൈമിടുക്ക് കാട്ടുന്നവർ മാത്രമാണോ അങ്ങയുടെ കാഴ്ചപ്പാടിൽ സ്ത്രീകൾ? രണ്ടുവർഷമായിട്ട് സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റും കന്യാസ്ത്രീകളെ കേരളത്തിലെ ചിലർ അവഹേളിക്കുന്നു. കേട്ടാലറയ്ക്കുന്ന തരത്തിലുള്ള പദപ്രയോഗങ്ങളും വിശേഷണങ്ങളും. അനുവാദം കൂടാതെ ഫോട്ടോയെടുത്ത് പോസ്റ്റുചെയ്യുന്നു. വൃത്തികേടുകൾ എഴുതിപ്പിടിപ്പിച്ച് അവർ ആത്മസംതൃപ്തിയടയുന്നു. യൂട്യൂബിൽക്കൂടി മറ്റുചിലർ ഞങ്ങളെ നീചമായ രീതിയിൽ നിന്ദിക്കുന്നു. അപ്പോഴൊന്നും  അങ്ങേയ്ക്ക്‌ ഞങ്ങളിലെ സ്ത്രീത്വത്തെ കാണാൻ പറ്റാതെ പോയതിൽ ഞങ്ങൾക്ക് ഏറെ ഖേദം തോന്നുന്നു... ആരോഗ്യ വകുപ്പ് കൈകാര്യം ചെയ്യുന്ന ബഹുമാനപ്പെട്ട ശൈലജ ടീച്ചറോടും ഒരുവാക്ക്:  ടീച്ചർ...  ഞങ്ങളും സ്ത്രീകളാണ്... മനുഷ്യരാണ്... നിന്ദകൾ ഏൽക്കുമ്പോൾ  ഞങ്ങളുടെ ഹൃദയവും വേദനിക്കാറുണ്ട്.’

രജിസ്ട്രേഷൻ വേണം
നിലവിൽ ഇത്തരം ചാനലുകളും പോർട്ടലുകളും തുടങ്ങാനും പ്രവർത്തിക്കാനും ഒരു ലൈസൻസും വേണ്ടാ. ഈ സ്ഥിതി മാറണം. ഇത്തരം മാധ്യമങ്ങൾക്ക് രജിസ്ട്രേഷൻ വേണം. പ്രസ് കൗൺസിലിന്റെ നിയന്ത്രണത്തിലായിരിക്കണമിത്. അവയുടെ പ്രവർത്തനത്തിന് കൃത്യമായ മാർഗനിർദേശവും നൽകണം. ഉടമയുടെ യോഗ്യതകൂടി നോക്കിയേ രജിസ്ട്രേഷൻ അനുവദിക്കാവൂ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഏഴുമാസംമുമ്പ് സംസ്ഥാനസർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. അവരത് കേന്ദ്രസർക്കാരിനെ അറിയിച്ചിട്ടുണ്ട്
# എ.ഡി.പി. മനോജ് എബ്രഹാം, സൈബർ ഡോം നോഡൽ ഓഫീസർ

ഒരു ഡസനിലേറെ പരാതി നൽകി
സാമൂഹികമാധ്യമങ്ങൾ വഴി മോശമായ പ്രചാരണം അഴിച്ചുവിട്ടതിനെതിരേ ഒരു ഡസനിലേറെ പരാതി പോലീസിന് നൽകിയിട്ടുണ്ട്. അശ്ലീലം കലർന്ന പ്രചാരണങ്ങളായിരുന്നു കൂടുതലും. സംസ്ഥാനത്തെ മറ്റു നേതാക്കളുമൊത്ത് ഞാൻ പൊതുവേദിയിൽനിൽക്കുന്ന ഫോട്ടോ വെട്ടിയെടുത്തുവരെ വ്യാജപ്രചാരണം നടത്തി. ഇവയിൽ പലതും ഇപ്പോഴും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. നടപടിയെടുക്കാൻപോയിട്ട് ഇതു തടയാൻപോലും ഇവിടത്തെ നിയമസംവിധാനത്തിനായിട്ടില്ല. കാര്യമില്ലെന്ന് മനസ്സിലായതോടെ പാരാതി നൽകുന്നത് ഞാൻ നിർത്തി.
-കെ.കെ. രമ, ആർ.എം.പി. നേതാവ് 

ഇനി കോടതിയിലേക്ക്
സാമൂഹികമാധ്യമങ്ങളിലൂടെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ പെരുകുന്നത് നിയന്ത്രിക്കാൻ നിയമം നിർമിക്കണം. സാമൂഹിക മാധ്യമങ്ങളിലൂടെ വരുമാനമുണ്ടാക്കാൻ ഏറ്റവും എളുപ്പമുള്ള മാർഗം അശ്ലീലവും അധിക്ഷേപവുമാണെന്ന് മനസ്സിലാക്കിയവരാണ് ഇതിനുപിന്നിൽ. കന്യാസ്ത്രീകളെ അപമാനിച്ച വിഷയത്തിൽ ഇത്ര പരാതികളുണ്ടായിട്ടും പോലീസോ അധികാരികളോ നടപടിയെടുത്തിട്ടില്ല. കഴിഞ്ഞദിവസം മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും വീണ്ടും പരാതി നൽകി. ഇനി കോടതിയെ സമീപിക്കാനാണ് തീരുമാനം
# കെ.സി.ബി.സി. ജാഗ്രതാ കമ്മിഷൻ

 

 

 

ഇത് സോണിയ തെരേസ് എന്ന കന്യാസ്ത്രീ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ. കെ. ശൈലജയ്ക്കും എഴുതിയ തുറന്നകത്ത്. സന്യസ്തരുടെ ശരീരത്തെവരെ വെറുതേ വിടാത്തതരത്തിൽ സൈബർ ആക്രമണം കടുത്തപ്പോൾ എഴുതിയതാണീ കുറിപ്പ്. നടപടിക്കായി നിയമസംവിധാനങ്ങളെ പലവട്ടം സമീപിച്ചിട്ടും ഒരുനടപടിയുമില്ലാത്തതിന്റെ സങ്കടവും രോഷവും നിഴലിക്കുന്ന വാക്കുകൾ.
ഈ കത്തിലേക്ക് നയിച്ച മൂന്നുകാരണങ്ങൾ പരിശോധിച്ചാലറിയാം നടപ്പാകാത്ത നീതിയുടെ ചരിത്രം.

1    യൂ ട്യൂബ് ചാനലിലൂടെ അധിക്ഷേപവീഡിയോ പോസ്റ്റു ചെയ്തയാൾക്കെതിരേ സെപ്റ്റംബർ ഏഴിന് 160 കന്യാസ്ത്രീകൾ പരാതി നൽകി. ഒറ്റദിവസമായിരുന്നു ഇത്രയും പരാതികൾ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നൽകിയത്. ​കേസെടുത്തത്‌ പരാതിനൽകി 27ദിവസത്തിനുശേഷം. വിവിധമായതിനുശേഷം നടപടി.
2    സാമൂഹികമാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിച്ചവർക്കെതിരേ നടപടിയാവശ്യപ്പെട്ട് കഴിഞ്ഞവർഷം കന്യാസ്‌ത്രീകൾ നൂറിൽപ്പരം പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിരുന്നു.  ഒരുവർഷം കഴിഞ്ഞു. നടപടിയുണ്ടായില്ല.
3    വനിതാകമ്മിഷൻ, മനുഷ്യാവകാശകമ്മിഷൻ എന്നിവർക്കും പരാതി നൽകി. നടപടിയുണ്ടായില്ല.
സാമൂഹികമാധ്യമങ്ങളിലൂടെ അപമാനിക്കപ്പെട്ട ആ കന്യാസ്ത്രീമാർ ഇപ്പോൾ ചോദിക്കുന്നു:
‘‘നിയമത്തിന്റെ വഴി സ്വീകരിച്ചതാണോ ഞങ്ങൾചെയ്ത തെറ്റ്?’’

 ഉറവിടം വിദേശം, കാഴ്ചക്കാർ സ്വദേശം
കഴിഞ്ഞ ജൂണിൽ സൈബർ സെല്ലിനുമുന്നിൽ ഒരു പരാതിയെത്തി. മലപ്പുറം സ്വദേശിയായ യുവതിയാണ് പരാതിക്കാരി. ഭർത്താവ് ഗൾഫിലാണ്. കാമുകനുമായുള്ള ഫോൺസംഭാഷണമെന്ന പേരിൽ ഈ യുവതിയുടെ ഫോട്ടോ പ്രചരിപ്പിച്ചെന്നായിരുന്നു പരാതി. വീഡിയോ പ്രചരിപ്പിച്ചത് ആരും കേട്ടിട്ടില്ലാത്ത ഒരു ഓൺലൈൻ മാധ്യമം.

അന്വേഷിച്ചപ്പോഴാണ് ഇതിന്റെ സെർവർ കാനഡയിലാണെന്നറിയുന്നത്. ബ്ലോക്ക് ചെയ്യാൻപോലും പറ്റാത്ത അവസ്ഥ.  പിന്നെ കേസെടുക്കുന്ന കാര്യം പറയണോ? അങ്ങനെ ആ യുവതിയുടെ പരാതി അജ്ഞാത വാർത്താമാധ്യമത്തിനെതിരേയുള്ള വെറും പരാതിയായിമാത്രം ഒടുങ്ങി.

എണ്ണിയാലൊതുങ്ങാത്തത്ര യൂട്യൂബ് ചാനലുകളും അവയുടെ പ്രചാരണത്തിനുള്ള ഫെയസ്ബുക്ക് പേജുകളും ഇപ്പോൾ കേരളത്തിലുണ്ട്. ഇതിനുപുറമേ ഒരുമറയുമില്ലാതെ അശ്ലീലം പടച്ചുവിടുന്ന ചില ഓൺലൈൻ മാധ്യമങ്ങളും. കോവിഡ് കാലത്ത് ഇവയുടെ എണ്ണം കുത്തനെകൂടി; ഒപ്പം കാഴ്ചക്കാരും. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒരു മറയുമില്ലാത്ത കടന്നുകയറ്റം. സെലിബ്രിറ്റികളാണ് പ്രധാന ഇരകൾ. വിശേഷിച്ച് സിനിമാ നടികൾ.
ആരുടേയെന്നറിയില്ല. ആരാണ് ഉടമയെന്നുമറിയില്ല, രജിസ്ട്രേഷനില്ല, എവിടെനിന്നാണ് പ്രവർത്തനമെന്നും അറിയില്ല. എല്ലാം അടിമുടി ദുരൂഹം, ആരെങ്കിലും പരാതിയുമായി വന്നാൽ ആർക്കെതിരേയാണ് നടപടിയെടുക്കേണ്ടെതെന്നുപോലും പോലീസിന് നിശ്ചയമുണ്ടാകില്ല. വിദേശത്തുള്ള സെർവറാണെങ്കിൽ പിന്നെന്തുചെയ്യാൻ പറ്റും.

ഇത്തരം മസാല യൂട്യൂബ് ചാനലുകൾക്കും വാർത്താപോർട്ടലുകൾക്കും നമ്മുടെ നാട്ടിൽ ആസ്വാദകരേറെയാണ്. അതറിഞ്ഞുകൊണ്ടാണ് അശ്ലീലത്തിന്റെയും ഗോസിപ്പിന്റെയും കച്ചവടം. വിട്രിക്സ് എന്ന യൂ ട്യൂബ് ചാനൽ തുടങ്ങിയ വിജയ് നായർ സ്വീകരിച്ചതും ഇതേതന്ത്രംതന്നെ. ചുരുങ്ങിയ മാസത്തിനുള്ളിൽ 25,000 സബ്സ്‌ക്രൈബേഴ്സാണ് അയാൾക്കുണ്ടായത്. അവരിലൂടെ ആ വീഡിയോകൾ കണ്ടതാകട്ടെ ലക്ഷങ്ങളും.
സാമൂഹികമാധ്യമങ്ങളിൽ ഇവ പ്രചരിക്കുന്നതിനനുസരിച്ച് പടച്ചുവിടുന്നവന്റെ അക്കൗണ്ടിൽ പണവും കുമിഞ്ഞുകൂടും. ഹിറ്റുകളുടെയും സബ്ക്രൈബേഴ്സിന്റെയും ഈ കണക്കെടുപ്പിൽ തകർന്നുവീഴുന്നതാകട്ടെ മറ്റുള്ളവരുടെ മാനവും സ്വകാര്യതയും ചിലപ്പോൾ ജീവനും.

 ശിക്ഷിക്കാം കാഴ്ചക്കാരെയും
വിദേശത്ത് സെർവറുള്ള യൂട്യൂബ് ചാനലുകളെയും സൈറ്റുകളെയും പിടികൂടാൻ പ്രായോഗികബുദ്ധിമുട്ടുണ്ടെങ്കിലും എളുപ്പം കുടുങ്ങാനിടയുള്ള ഒരു വിഭാഗമുണ്ട് -കാഴ്ചക്കാർ. നിയമവിരുദ്ധ ഉള്ളടക്കമടങ്ങിയ സന്ദേശങ്ങൾക്ക് ലൈക്കടിച്ചാലോ ഷെയർ ചെയ്താലോ പിടിവീഴാനുള്ള നിയമം ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്. വിവരസാങ്കേതിക നിയമത്തിലെ 67-ാം വകുപ്പാണിത്. ഇത്തരം
വീഡിയോയോ വാർത്തയോ ചിത്രമോ പ്രചരിപ്പിച്ചാൽ മൂന്നുവർഷംവരെ തടവുശിക്ഷ ലഭിക്കാം.

ചുരുക്കത്തിൽ അജ്ഞാതകേന്ദ്രത്തിലിരുന്ന് വാർത്തയും ഗോസിപ്പും പുറത്തുവിടുന്നവർ രക്ഷപ്പെടുമെങ്കിലും അതിന് വളംവെച്ചവരെ പോലീസിന് വേണമെന്നുവെച്ചാൽ പിടിക്കാം. ഈ നിയമം ഉപയോഗിക്കണമെന്ന് സൈബർ വിദഗ്‌ധർ പറയുന്നു, കാഴ്ചക്കാരെ കിട്ടുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് മറ്റുരാജ്യങ്ങളിലിരുന്ന് ഇത്തരം വീഡിയോകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നത്.  നാട്ടിൽ ഇത്തരം വിഷയങ്ങളിൽ നടപടിയുണ്ടായാൽ സ്വാഭാവികമായും കാഴ്ചക്കാർ കുറയും. പോസ്റ്റുകൾ കാണാനാളില്ലെങ്കിൽ പിന്നെ ഇവ ഇറക്കുന്നത് കുറയ്ക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

 

കാണുംമുമ്പ്‌ ശ്രദ്ധിക്കാം

  •  ആധികാരികമല്ലാത്ത ചാനലുകളോ സൈറ്റുകളോ സബ്സ്‌ക്രൈബ് ചെയ്യരുത്. പ്രത്യേകിച്ച് അജ്ഞാതരുടേത്
  •  ഇവർ പുറത്തുവിടുന്ന വാർത്തകളോ വീഡിയോകളോ പ്രചരിപ്പിക്കുകയോ ലൈക്കടിക്കുകയോ ചെയ്യരുത്
  •  യൂട്യൂബിലും ഫെയ്സ്ബുക്കിലും നിങ്ങളുടെ ഇഷ്ടപ്പെട്ടതോ സെർച്ച് ചെയ്തതോ ആയ വിഭാഗത്തിൽപ്പെട്ട വീഡിയോകൾ ‘സജസ്റ്റഡ്‌ ഫോർ യൂ’ ആയി മുൻഗണനാടിസ്ഥാനത്തിലെത്താറുണ്ട്. അബദ്ധത്തിൽ സെർച്ച് ചെയ്തതാണെങ്കിലോ ആ ചാനലിനോട് താത്പര്യമില്ലെങ്കിലോ ആ ചാനലിൽനിന്നുള്ള വീഡിയോ തടയാം, ഫെയ്സ്ബുക്കിലാണെങ്കിൽ ഇതിന് റിപ്പോർട്ട് ഒാപ്ഷൻ കൊടുക്കാം.
  •  യൂട്യൂബിലാണെങ്കിൽ റിപ്പോർട്ടിന് കുറച്ചുകൂടി സാധ്യതകളുണ്ട്, അശ്ലീലം കലർന്നത്, തെറ്റിദ്ധരിപ്പിക്കുന്നത്, അക്രമമോ വിദ്വേഷമോ പരത്തുന്നത്, ഇങ്ങനെ എന്തുകാരണത്താലാണ് വീഡിയോക്കെതിരേ റിപ്പോർട്ട് ചെയ്യുന്നതെന്ന് വ്യക്തമാക്കാൻ നമുക്ക് അവസരമുണ്ട്. റിപ്പോർട്ട് വീഡിയോയിൽ ക്ലിക്ക് ചെയ്താൽ എന്തുകൊണ്ട് റിപ്പോർട്ട് ചെയ്യുന്നുവെന്ന് നൽകാനായി ഇത്തരം എട്ട് ഒാപ്ഷനുകൾവരും. വിജയ് നായരുടെ അശ്ലീലവീഡിയോ കണ്ടവർ തെറ്റിദ്ധരിപ്പിക്കുന്നതും അശ്ലീലച്ചുവയുള്ളതുമെന്ന് കൂട്ടത്തോടെ റിപ്പോർട്ട് ചെയ്തിരുന്നെങ്കിൽ ആ വീഡിയോ പണ്ടേ യൂട്യൂബ് നീക്കിയേനെ.

(തുടരും)