പീഡനം ‘ഓൺ’ലൈൻനിയമം ‘ഓഫ് ’ലൈൻ

അധ്യാപികമാർക്കുനേരെ സൈബർ ആക്രമണം നടത്തി ഹരിശ്രീ കുറിച്ചായിരുന്നു സാക്ഷരകേരളത്തിന്റെ ഇത്തവണത്തെ അധ്യയനവർഷം പിറന്നത്. ഐ.ടി. അറ്റ് സ്‌കൂളിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഓൺലൈൻ ക്ലാസായ  ‘ഫസ്റ്റ് ബെൽ’ ആയിരുന്നു വേദി. ക്ലാസ് എടുത്ത അധ്യാപികമാർക്കുനേരെ ഓൺലൈനിൽ നടന്ന അധിക്ഷേപം കേരളത്തിന് കളങ്കമായി. അതിനുപിന്നിൽ പ്രവർത്തിച്ചതിൽ ഭൂരിഭാഗവും വിദ്യാർഥികളും. പിന്നെയുമുണ്ടായി അധിക്ഷേപത്തിന്റെ പെരുമഴ. കേരളം ബഹുമാനിക്കുന്ന സുഗതകുമാരിക്കും വനിതാ കമ്മിഷൻ അധ്യക്ഷയ്ക്കുംവരെ ഈ സൈബർ ആക്രമണത്തിൽ മുറിവേറ്റു.

ഒളിപ്പോരാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ നടക്കുന്നത്. രാഷ്ട്രീയം, മതം, സൗന്ദര്യം, നിലപാട് ഏതുവിഷയത്തിലും നിങ്ങൾ ആക്രമണവിധേയരായേക്കാം. സർക്കാരിന്റെ പരിരക്ഷപോലും അതിൽനിന്ന് രക്ഷിക്കില്ല. വനിതാകമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈനും ഫസ്റ്റ്‌ ബെൽ ക്ലാസിനെത്തുടർന്ന് സൈബർ ആക്രമണത്തിനിരയായ വടകര മുതുവടത്തൂർ വി.വി.എൽ.പി.  സ്കൂളിലെ അധ്യാപിക സായി ശ്വേതയും ഉദാഹരണം.

കീഴടങ്ങുന്ന സർക്കാർ
ഇവിടെ സൈബർ ആക്രമണത്തിന് വിധേയരായ രണ്ടുപേരും ചില്ലറക്കാരല്ല. സർക്കാരിന്റെ നേതൃത്വത്തിൽ തുടങ്ങിയ ഓൺലൈൻ ക്ലാസിലെ അധ്യാപകരാണ് അധിക്ഷേപത്തിന് ഇരയായവരിൽ ഒരു സംഭവത്തിലുള്ളത്‌. കോവിഡ് കാലത്ത് വിദ്യാർഥികൾക്ക് സ്‌കൂളിൽ പോകാൻ കഴിയാത്ത സാഹചര്യത്തിൽ അവരെ പഠിപ്പിക്കാൻ സർക്കാർ നിയോഗിച്ചവർ.

രണ്ടാമത്തേത് വനിതാ കമ്മിഷൻ അധ്യക്ഷയും സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗവും. കമ്മിഷൻ അധ്യക്ഷയെന്ന നിലയിൽ എടുക്കുന്ന തീരുമാനങ്ങൾവരെ വ്യക്തിപരമായ തലത്തിലേക്ക് വഴിമാറ്റിയാണ് ആക്രമണം. കൂടുതലും വിദേശത്തുനിന്ന്. ഇവരെപ്പോലും സംരക്ഷിക്കാനോ തടയാനോ തുടർനടപടിയെടുക്കാനോ സർക്കാരിനുപോലും കഴിയാത്ത സ്ഥിതി. പിന്നെ സാധാരണ സ്ത്രീകളുടെ കാര്യം പറയണോ.

 ‘സൈബർ പൊങ്കാല’യല്ല മനോവൈകല്യം
രാജ്യാതിർത്തിയും കടന്നുപോകാറുണ്ട് ഒരുകൂട്ടം മലയാളികളുടെ വ്യക്തിഹത്യ. അതിനു പലപ്പോഴും പൊങ്കാലയെന്ന വിളിപ്പേരും. സച്ചിൻ തെണ്ടുൽക്കറെ അറിയില്ലെന്ന് പറഞ്ഞ ടെന്നീസ് താരം മരിയ ഷറപ്പോവമുതൽ സാക്ഷാൽ ഡൊണാൾഡ് ട്രംപിനുനേരെവരെ ഇത്തരം ചീത്തവിളികൾ ഉയർന്നിട്ടുണ്ട്. അതും പച്ചമലയാളത്തിൽ. അതിന്റെ മറ്റൊരു രൂപമാണ് ഇത്തരം അശ്ലീലവീഡിയോകളായും കമന്റുകളായും അധിക്ഷേപങ്ങളായും സാമൂഹികമാധ്യമങ്ങളിൽ നിറയുന്നത്. സ്ത്രീകൾക്കെതിരേ അത് ഉഗ്രരൂപം പ്രാപിക്കും. ഇതിനെ മനോവൈകല്യമെന്ന് വിളിക്കാമെന്ന് മനഃശാസ്ത്രജ്ഞൻ ഡോ. സി.ജെ. ജോൺ പറയുന്നു. പലപ്പോഴും ഇത്തരമാളുകൾ ഭീരുക്കളായിരിക്കും. സാമൂഹികമാധ്യമങ്ങളിൽ എന്തുചെയ്താലും ഭയക്കേണ്ടെന്ന വിശ്വാസമാണിതിനു പിന്നിൽ. അതുകൊണ്ടാണ് ഇത്തരം സംഭവങ്ങളേറുന്നതെന്നും അദ്ദേഹം പറയുന്നു.


ആ അനുഭവവും രോഷവും വേദനയും അവർതന്നെ പറയട്ടെ

ഞാനും നിസ്സഹായ
ഒരുപക്ഷേ, കേരളത്തിൽ ഏറ്റവുമധികം സൈബർ ആക്രമണങ്ങൾക്ക് വിധേയയായ സ്ത്രീ ഞാനായിരിക്കും. വനിതാ കമ്മിഷൻ അധ്യക്ഷയെന്ന നിലയിൽ എത്രയെത്ര അപമാനങ്ങൾ. ഒരുതവണമാത്രമാണ് പരാതി നൽകിയത്. രണ്ടുവർഷംമുമ്പ്. അന്നത്തോടെ ഇപ്പോഴുള്ള നിയമത്തിന്റെ പരിമിതി മനസ്സിലായി. പിന്നെ പരാതി നൽകാൻ പോയിട്ടില്ല. കമ്മിഷൻ അധ്യക്ഷയായതിനാൽ ഡി.ജി.പി.ക്കാണ് പരാതി നൽകേണ്ടത്. പരാതിയുമായി പോകാൻനിന്നാൽ എണ്ണിയാലൊതുങ്ങാത്തത്ര നൽകേണ്ടിവരും. സൈബർ ആക്രമണത്തിന്റെ പേരിൽ ഒട്ടേറെ സ്ത്രീകൾ എന്റെയടുക്കൽ വരാറുണ്ട്. കമ്മിഷൻ അധ്യക്ഷയായ എനിക്കുതന്നെ നീതി വാങ്ങിനൽകാൻ ഇപ്പോഴത്തെ നിയമത്തിന് കഴിയുന്നില്ല. പിന്നെ ഈ പാവപ്പെട്ട സ്ത്രീകളുടെ കാര്യത്തിൽ എന്തുചെയ്യാൻ.
എം.സി. ജോസഫൈൻ, വനിതാകമ്മിഷൻ അധ്യക്ഷ

സങ്കടംതോന്നിയ ദിനം
കുഞ്ഞുകുട്ടികൾക്ക് പറ്റാവുന്ന രീതിയിൽ ക്ലാസെടുത്തു നൽകുക മാത്രമേ ഞാൻ ചെയ്തുള്ളൂ. എന്നാൽ, ഫസ്റ്റ് ബെല്ലിന്റെ യൂ ട്യൂബ് ചാനലിന്റെ താഴെ എനിക്കും മറ്റൊരു അധ്യാപികയ്ക്കുമെതിരേ ചിലർ വളരെ മോശം കമന്റുകളിട്ടു. അശ്ലീല കമന്റുകൾവരെ. ആകെ വിഷമം തോന്നി. കമന്റിട്ടവരിൽ കുറേപേർ പ്ലസ്ടുവിൽ പഠിക്കുന്ന കുട്ടികളാണെന്നറിഞ്ഞപ്പോഴാണ് കൂടുതൽ സങ്കടംതോന്നിയത്.  സംഭവത്തിൽ ഐ.ടി. അറ്റ് സ്‌കൂൾ അധികൃതർ പരാതി നൽകിയിരുന്നു. എന്നാൽ, പിന്നീട് കാര്യമായ തുടർനടപടിയുണ്ടായില്ല.
സായി ശ്വേത, അധ്യാപിക

വനിതാ കമ്മിഷന് അധികാരംവേണം
സ്ത്രീകൾക്കുനേരെയുള്ള സൈ ബർ അതിക്രമ പരാതികളിൽ നടപടിയെടുക്കാൻ വനിതാകമ്മിഷന് അധികാരം നൽകണം. എന്തുകൊണ്ട് അതുചെയ്യുന്നില്ല. കമ്മിഷനുകീഴിൽ, ചുരുങ്ങിയപക്ഷം ഇക്കാര്യം പരിശോധിക്കാൻ ഒരു കമ്മിറ്റിയെയെങ്കിലും വെച്ചുകൂടെ? നമ്മൾ ആരെയാണ് ഭയക്കുന്നത്? കുറ്റംചെയ്തുവെന്ന് ഉറപ്പുള്ള, കുറ്റവാളികൾ ആരെന്നറിയാവുന്ന കേസുകളിൽപോലും പോലീസ് ഇടപെടുന്നില്ല. വിജയ് നായരുടെ കാര്യം ഉദാഹരണം. അയാളെ കണ്ടെത്തി, അദ്ദേഹത്തിന്റെ ഉപകരണങ്ങൾ പിടിച്ചെടുക്കാൻ പോലീസ് ആരെയാണ് ഭയന്നിരുന്നത്. പ്രശസ്തരായ ആളുകളെക്കുറിച്ചുള്ള അധിക്ഷേപം വരുമ്പോൾമാത്രമാണ് പുറത്തുവരുന്നത്, സാമൂഹികമാധ്യമങ്ങൾ പരിശോധിച്ചാൽ സൈബർ അതിക്രമത്തിനിരയായ എത്രയോ പേർ ഉണ്ടാകും
ധന്യാമേനോൻ സൈബർ ക്രൈം ഇൻവസ്റ്റിഗേറ്റർ


4 കുറ്റക്കാർ4 ചോദ്യങ്ങൾ

? ഭരണനേതൃത്വം എന്തുകൊണ്ട് നിയമനിർമാണം നടത്തുന്നില്ല
സാങ്കേതികവിദ്യയ്ക്കൊപ്പം അതേരീരിയിൽ മാറാത്ത നിയമങ്ങളാണ് പ്രധാനപ്രശ്നം. നിയമനിർമാണം നടത്തേണ്ട ജനപ്രതിനിധികൾ മുതൽ ചരടുവലിക്കേണ്ട ഉദ്യോഗസ്ഥർവരെ അടങ്ങുന്ന ഭരണസംവിധാനമാണ് ഇതിൽ കുറ്റക്കാർ.
2015-ലാണ് അഭിപ്രായസ്വതന്ത്ര്യത്തിനെതിരേയുള്ള വകുപ്പെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി വിവരസാങ്കേതികനിയമത്തിലെ 66എ വകുപ്പ് റദ്ദാക്കുന്നത്. 2008-ൽ കൂട്ടിച്ചേർത്ത വകുപ്പാണിത്. മൊബൈൽ ഫോൺ, കംപ്യൂട്ടർ തുടങ്ങിയ ഇലക്‌ട്രോണിക് മാധ്യമങ്ങൾ വഴി ഒരാൾക്കെതിരേ ശത്രുതയോ, വിദ്വേഷമോ, അനിഷ്ടമോ ഉണ്ടാക്കിയാലും അസൗകര്യമുണ്ടാക്കുകയോ മോശക്കാരനാക്കുകയോ ചെയ്താലും ഈ നിയമമനുസരിച്ച് തടവുശിക്ഷ ലഭിക്കുമായിരുന്നു. തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതും ശിക്ഷാർഹമായിരുന്നു. എന്നാൽ, ഈ വകുപ്പ് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെട്ടു. കരിനിയമമാണെന്ന ആരോപണമുൾപ്പെടെ ഉയർന്നു. വൈകാതെ റദ്ദാക്കുകയും ചെയ്തു.
എന്നാൽ, ഇതിനുപകരം കുറ്റമറ്റ വകുപ്പുകൾ വിവരസാങ്കേതികനിയമത്തിൽ ഉൾപ്പെടുത്താൻ ഇത്രകാലമായിട്ടും സാധിച്ചില്ല. ജനപ്രതിനിധികൾ ആ നിലയ്ക്ക് ശ്രമിച്ചിട്ടുമില്ല.

? പോലീസ് സംവിധാനം ഇടപെടാത്തത്‌ എന്തുകൊണ്ട്
ഇത്തരം അതിക്രമങ്ങൾ ചെറുക്കാൻ തക്കതായ നിയമം നിലവിലില്ലെന്നാണ് പോലീസിന്റെ വാദം, എന്നാൽ, നിലവിലെ നിയമത്തിന്റെ പരിധിയിൽനിന്നുകൊണ്ട് ചെയ്യാൻ പറ്റുന്നകാര്യങ്ങൾപോലും ചെയ്യുന്നില്ല, വിവരസാങ്കേതിക നിയമത്തിലെ 67 വകുപ്പ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇതനുസരിച്ച് അശ്ലീലപോസ്റ്റുകളടക്കമുള്ള ഓൺലൈൻ ഉള്ളടക്കം അയക്കുന്നത് മൂന്നുവർഷംവരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ്. എന്നാൽ, ഈ വകുപ്പ് ചുമത്താൻ പോലീസ് തയ്യാറല്ല. വിജയ് നായരുടെ ഓൺലൈൻ വീഡിയോ ഇത്രയധികം പ്രചരിപ്പിച്ചിട്ടും ഈ വകുപ്പനുസരിച്ച് പോലീസ് കേസെടുത്തില്ല. ഒടുവിൽ മർദനത്തിലെത്തിയശേഷം കേസെടുത്തപ്പോഴും ഈ വകുപ്പ് ചുമത്താൻ തയ്യാറായില്ല. സംഭവം നടന്ന് മൂന്നുദിവസത്തിനുശേഷം തിങ്കളാഴ്ചയാണ് ഈ വകുപ്പ് ചുമത്തുന്നത്.

? രാഷ്ട്രീയക്കാർ അണികളെ നിയന്ത്രിക്കാത്തത്‌ എന്ത്
പലപ്പോഴും സൈബർ ആക്രമണങ്ങൾ ഏറ്റവുമധികവും നടക്കുന്നത് രാഷ്ട്രീയവിഷയത്തിലാണ്. മിക്ക രാഷ്ട്രീയപ്പാർട്ടിക്കാർക്കും സൈബർ പോരാളികളുണ്ട്. ഇതര പാർട്ടിക്കാരെയും നേതാക്കളെയും വ്യക്തിതിരിഞ്ഞ് ആക്രമിക്കുക. സംഘടിതമായിത്തന്നെ. പ്രാദേശികതലം മുതൽ നടക്കുന്നത് പലപ്പോഴും വ്യക്തിഹത്യകളാണ്. സ്ത്രീവിഷയംകൂടി ഉൾപ്പെട്ടതാണെങ്കിൽ അത് സകലപരിധികളും ലംഘിക്കും. ചേരിതിരിഞ്ഞുള്ള ഈ ആക്രമണത്തിലും വാഗ്വാദത്തിലും ഉൾപ്പെടാത്ത അനുയായികൾ കുറവ്. പരിധികടന്നാൽ വിലക്കുന്ന രാഷ്ട്രീയനേതാക്കളെയും കാണാറില്ല. ഫലത്തിൽ സൈബർ ലോകത്ത് എന്തും പറയാമെന്ന ബോധം അറിയാതെത്തന്നെ ഇവരുടെ മനസ്സിൽ വളരും. ഇത് അതേപോലെ സമൂഹത്തിലും പടരും.

? പൊതുസമൂഹം മൗനം പാലിക്കുന്നതെന്ത്
ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും കൂട്ടരും കൈയേറ്റം ചെയ്ത വിജയ് നായരുടെ വിട്രിക്സ് എന്ന യൂട്യൂബ് ചാനലിനുണ്ടായിരുന്നത് ഇരുപത്തയ്യായിരത്തോളം ഫോളോവേഴ്സാണ്. അശ്ലീലംമാത്രം പടച്ചുവിടുന്ന, അത്ര അറിയപ്പെടാത്ത ഒരാളുടെ യൂ ട്യൂബ് ചാനലിനാണ് ഈ ആരാധകരെന്നോർക്കണം. വിവാദമായ ആ ഒരൊറ്റ വീഡിയോ ഒന്നരമാസത്തിനിടെ കണ്ടത് ഏഴുലക്ഷംപേരാണ്. ഇത്രയധികം സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടന്നിട്ടും അത് നീക്കംചെയ്യാനോ പോലീസിനെ അറിയിക്കാനോ ഇടപെടാൻ ശ്രമിക്കാത്ത പൊതുസമൂഹത്തിനും ഇക്കാര്യത്തിൽ വലിയ പങ്കുണ്ട്.

അംഗീകാരമില്ലാത്ത സൈറ്റുകൾ. എന്തും പടച്ചുവിടാവുന്ന യൂ ട്യൂബ് ചാനലുകൾ. കുപ്രചാരണവും അശ്ലീലതയും വിറ്റ് കാശാക്കുന്നവർ. കാണാമറയത്തുള്ളത് ഇരുണ്ട ലോകമാണ്. അതേക്കുറിച്ച് നാളെ