ആദ്യ ലോക്ഡൗൺ കാലത്തിനുശേഷം ഇതുവരെ സർക്കാരുമായി ചേർന്ന് ‘ബച്പൻ ബചാവോ ആന്തോളൻ’ മനുഷ്യക്കടത്തിൽനിന്ന് രക്ഷിച്ചത് 9000 പേരെയാണ്. പകർച്ചവ്യാധിക്കുമുമ്പുതന്നെ മനുഷ്യക്കടത്ത് വർധിച്ചുവന്നിരുന്നു. വർഷങ്ങൾക്കുമുമ്പ്, സീതയെന്ന കുട്ടിയെ കടത്തിക്കൊണ്ടുപോകുമ്പോൾ അവൾക്ക് 13 വയസ്സുമാത്രമായിരുന്നു. അസമിലെ ഒരു തേയിലത്തോട്ടത്തിൽ ജോലിചെയ്യുന്നവരായിരുന്നു അവളുടെ മാതാപിതാക്കൾ. ന്യൂഡൽഹിയിലെ ഒരു പ്ലേസ്‌മെന്റ് ഏജൻസിയിലേക്ക് കടത്തപ്പെട്ട അവളെ, വീട്ടുജോലിക്കായി ഏകദേശം 20,000 രൂപയ്ക്കാണ് ദമ്പതിമാർ വാങ്ങിയത്. സീതയ്ക്ക് ഒരു രൂപപോലും അവർ നൽകിയില്ല. പകരം, അവളെ വീണ്ടും അവിടെനിന്ന് മാറ്റുകയും അവിടത്തെ തൊഴിലുടമകളും കടത്തുകാരുംചേർന്ന് ബലാത്സംഗംചെയ്യുകയും ചൂഷണംചെയ്യുകയും ചെയ്തു. മൂന്നുവർഷത്തെ നിരന്തരമായ അന്വേഷണത്തിനുശേഷം അവളുടെ അച്ഛനും ഞാനുംചേർന്ന് സീതയെ ഡൽഹിയിലെ ഒരു വീട്ടിൽ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി.

ഞങ്ങൾ വിളിച്ചിട്ട് അവൾ പുറത്തുവന്നില്ല. ചുമരിനുപിന്നിൽനിന്ന് ഉറക്കെ കരഞ്ഞുകൊണ്ട് അവൾ പറഞ്ഞു: ‘‘എന്റെ അച്ഛനുനേരെ നോക്കാൻ എനിക്ക് കഴിയില്ല. എന്റെ പരിശുദ്ധി നഷ്ടപ്പെട്ടിരിക്കുന്നു. ഞാൻ മരിക്കാൻ ആഗ്രഹിക്കുന്നു.’’ എന്റെ തല നാണക്കേടുകൊണ്ട് താഴ്ന്നനിമിഷമായിരുന്നു അത്.

 പരിഷ്കൃതരല്ല നാം
സ്വന്തം പെൺമക്കളുടെ കടത്തലും വിൽപ്പനയും നടക്കുന്ന ഒരു രാജ്യത്തെയും സ്വയം പരിഷ്കൃതമെന്ന് വിളിക്കാനാവില്ല. ഒരു രാജ്യത്തിന്റെ കുട്ടികളെ മധ്യകാല അടിമക്കച്ചവടത്തിൽ എന്നപോലെ, കന്നുകാലികളെക്കാൾ കുറഞ്ഞ വിലയ്ക്ക് കച്ചവടം ചെയ്യുകയാണെങ്കിൽ അതിന്റെ അർഥമെന്താണ്?
പരിഷ്കൃതമായ മറ്റേത് സമൂഹത്തിലുമെന്നപോലെ, മനുഷ്യക്കടത്തെന്ന ഈ വൻഭീഷണിയെ നേരിടാനുള്ള ശക്തമായ നിയമത്തിനായി ദശാബ്ദങ്ങളായി നമ്മളും സ്വരമുയർത്തുന്നുണ്ട്. 2017-ൽ സീതയും അവളെപ്പോലുള്ള ആയിരക്കണക്കിനുപേരും  ഇത്തരമൊരു നിയമം ആവശ്യപ്പെട്ട് രാജ്യത്തങ്ങോളമിങ്ങോളം ഭാരതയാത്ര നടത്തി. ഇന്ത്യ സമഗ്രമായ ‘മനുഷ്യക്കടത്ത് വിരുദ്ധനിയമം’ പാസാക്കണമെന്ന ആവശ്യവുമായി 12,000 കിലോമീറ്റർ ഞങ്ങൾ സഞ്ചരിച്ചു. 12 ലക്ഷത്തിലധികം ആളുകൾ കാൽനടയായി യാത്രചെയ്തു. ‘ബിക്‌നെ കോ തയ്യാർ നഹി ഹം, ലുട്‌നെ കോ തയ്യാർ നഹി ഹം’ (ഞങ്ങൾ വിൽക്കപ്പെടാൻ തയ്യാറല്ല, ഞങ്ങൾ മോഷ്ടിക്കപ്പെടാൻ തയ്യാറല്ല)-കടത്തലിനെ അതിജീവിച്ച ധീരരായ ഹൃദയങ്ങളുടെ വികാരാധീനമായ മന്ത്രങ്ങൾ ഇപ്പോഴും എന്റെ കാതുകളിൽ പ്രതിഫലിക്കുന്നു.

 നിയമം പാസാക്കിയേ തീരൂ
കുറ്റകൃത്യങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങൾ, മനുഷ്യക്കടത്തിന്റെ ശിക്ഷ, അതിജീവിച്ചവരുടെ സംരക്ഷണവും പുനരധിവാസവും ഉൾപ്പെടെ എല്ലാ വശങ്ങളും കൈകാര്യംചെയ്യാൻ ലക്ഷ്യമിട്ടുള്ള മനുഷ്യക്കടത്ത് (പ്രതിരോധം, പരിചരണം, പുനരധിവാസം) ബിൽ 2021-ൽ കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്. ഏജൻസികളുടെ അധികാര ദുർവിനിയോഗത്തിനെതിരേ ആവശ്യമായ പരിശോധനകളും സന്തുലിതാവസ്ഥയും ബില്ലിനുണ്ടെങ്കിൽ,

നിയമം നടപ്പാക്കാൻ ഒട്ടും പ്രയാസമില്ല. സർക്കാർ
ഈ നിർണായകവ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തുകയും പാർലമെന്റിന്റെ മൺസൂൺ സെഷനിൽ ഇത് സുഗമമായി പാസാക്കുകയും വേണം. കോവിഡ് ഈ നിയമത്തിന്റെ ആവശ്യകത കൂടുതൽ ശക്തമാക്കുകയാണ്. നീണ്ടുനിൽക്കുന്ന സ്കൂളടച്ചിടൽ, കുടുംബ ഉപജീവനമാർഗത്തിന് വഴികളില്ലാതാവൽ എന്നിവ കടത്തുകാർ പ്രയോജനപ്പെടുത്തുന്നു.
ശക്തമായ കള്ളക്കടത്തുവിരുദ്ധ നിയമം നമ്മുടെ തിരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ ധാർമികവും ഭരണഘടനാപരവുമായ ഉത്തരവാദിത്വമാണ്. ഒപ്പം രാഷ്ട്രനിർമാണത്തിനും സാമ്പത്തികപുരോഗതിക്കും ആവശ്യമായ നടപടിയും കൂടിയാണത്‌.

ബാലാവകാശത്തിന്റെ മു​ന്നണിപ്പോരാളിയായ ലേഖകൻ ​​ നൊബേൽ ജേതാവാണ്‌