Piarayi Murderസമൂഹത്തിൽ പൊതുവിൽ കുറ്റവാസനയുടെ തോത് കൂടുമ്പോൾ അതിന്റെ പ്രതിഫലനങ്ങൾ എല്ലാ വിഭാഗത്തിലുമുണ്ടാകും. കുറ്റകൃത്യങ്ങൾ ചെയ്യാനിടയില്ലെന്നു പൊതുവേ കരുതപ്പെടുന്ന കുട്ടികളിലും സ്ത്രീകളിലുമൊക്കെ അതിന്റെ മുളകൾ പൊട്ടും.തട്ടിപ്പുകേസുകൾ ഉൾപ്പെടെയുള്ള ഒട്ടേറെ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പെൺസാന്നിധ്യം വർധിക്കുന്നുവെന്നത് ഒരു വസ്തുതയാണ്. അറിവുകൊണ്ടും ലോകപരിചയം കൊണ്ടും ശാക്തീകരിക്കപ്പെട്ടവൾ അവൾ പെണ്ണായതുകൊണ്ട് സാമൂഹിക നന്മയ്ക്കായി മാത്രം പ്രവർത്തിക്കണമെന്ന് പറയാൻ പറ്റില്ലല്ലോ? ചിലപ്പോഴെങ്കിലും അവരുടെ ശക്തിയെ കുറ്റകൃത്യത്തിലേക്ക് ഗതി മാറ്റിയെടുക്കാറുണ്ടെന്നു സമീപകാല ചരിത്രം തന്നെ സാക്ഷ്യം.

സ്വതന്ത്ര ജീവിതത്തിന്‌ വിലങ്ങു തടിയാകാനിടയുണ്ടെന്ന തോന്നലുണ്ടായപ്പോൾ കണ്ണൂർ പിണറായിയിലെ യുവതി ആസൂത്രിതമായി മകളും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തെ വ്യത്യസ്ത കാലയളവിൽ വിഷം നൽകി തുടച്ചുമാറ്റിയത് ഈ സംഭവത്തെ പൊതുവിലുള്ള കുറ്റവാസനാവർധനയായി മാത്രം വിലയിരുത്തിയാൽ പോരാ. കുടുംബബന്ധങ്ങളിലും ദാമ്പത്യങ്ങളിലും ഉണ്ടാകുന്ന വലിയ വിള്ളലുകളുടെ സൂചനകളായും  അവയെ കാണേണ്ടി വരും. തിരുവനന്തപുരത്തെ ടെക്‌നോപാർക് ജീവനക്കാരി കാമുകനുമായി ഒത്തുചേർന്ന് ചെയ്ത കൊലപാതകത്തിനും സമാനസ്വഭാവമുണ്ട്. ചെങ്ങന്നൂരിലെ കാരണവർ കൊലക്കേസിൽ പ്രതിയായ യുവതി മറ്റൊരു ഉദാഹരണമാണ്. കുറ്റവാളികൾ ശിക്ഷിക്കപ്പെടണം.

ക്രൈമിന്റെ പങ്കാളികൾ

പിണറായി​യി​ൽ നടന്ന കുറ്റകൃത്യത്തിലെ ഒരു പ്രേരകഘടകം അവിഹിതബന്ധമായിരുന്നുവെന്ന് പറയപ്പെടുന്നു. നവ സാങ്കേതികവിദ്യകളുടെ അതിപ്രസര കാലത്ത്‌ വീടിനകത്തിരുന്നും  ഇഷ്ടം പോലെ ചങ്ങാത്തങ്ങളുണ്ടാക്കാനുള്ള വഴികൾ തുറന്നുകിടപ്പുണ്ട്.  മൊബൈലിന്റെയും ,വാട്‌സാപ്പിന്റെയും സൗകര്യത്തിൽ  സ്വകാര്യമായി  എന്തും എഴുതാം. ഫോട്ടോകളും വീഡിയോയും കൈമാറാം. സ്നേഹവും സുരക്ഷിതത്വവുമൊക്കെ നൽകേണ്ട സാമൂഹിക സ്ഥാപനങ്ങളായ കുടുംബവും ദാമ്പത്യവുമൊക്കെ ദുർബലമാകുമ്പോൾ ഇതിന്റെയൊക്കെ ദുരുപയോഗ സാധ്യതകൾ വർധിക്കും. പണ്ടത്തെപ്പോലെ സഹിച്ചും കടിച്ചമർത്തിയും കഴിയാൻ പലരും തയ്യാറല്ലെന്ന യാഥാർഥ്യം വേണ്ടത്ര ഗൗരവത്തോടെ സമൂഹവും മനസ്സിലാക്കിയിട്ടില്ല.

ഇത്തിരി ആശ്വാസം നൽകുന്ന ആരെങ്കിലുമായി അവൾ കൂട്ടു ചേരും പലപ്പോഴും അത്‌ വഴിവിട്ട ബന്ധമായി വളരുകയും ചെയ്യും. ആവശ്യം കഴിയുമ്പോഴുള്ള തിരസ്കാരത്തിന്റെ വ്യഥകൾ മുതൽ  ബ്ലാക്മെയിലിങ്‌ ഭീതികൾ വരെയുള്ള എത്രയെത്ര മാനസികാരോഗ്യ പ്രശ്നങ്ങളാണ് കേൾക്കേണ്ടി വരുന്നത്. പലതും കുറ്റകൃത്യ സാഹചര്യത്തിന്റെ വക്കോളം എത്തി നിൽക്കുന്നവയുമാണ്.  എല്ലാ കഥകളിലും പ്രേരണയേകുന്ന ആൺ സാന്നിധ്യമുണ്ടാകും. അതു കൊണ്ട് ഇത്തരം സംഭവങ്ങളെ ഒരു പെൺവിഷയമായി മാത്രം ഒതുക്കുന്നതിൽ ഒരു നീതികേടുണ്ട്.

ധാർമികതയിലെ ഇരട്ടത്താപ്പ്

എന്തുകൊണ്ടാണ് ഇത്തരം ഘട്ടങ്ങളിൽ ചില സ്ത്രീകൾ കണ്ണിൽച്ചോരയില്ലാത്ത ക്രൂരതകളിലേക്ക്‌ പോകുന്നത്? ആവശ്യം കഴിഞ്ഞപ്പോൾ കാമുകനെ വെട്ടിനുറുക്കി സൂട്ട് കേസിലാക്കിയ ലേഡി ഡോക്ടറുടെ മനോനില എന്തായിരുന്നിരിക്കണം? ഇവരിൽ ചിലർ കാരുണ്യരാഹിത്യവും ക്രൂരതയും ഉള്ളിൽപ്പേറുന്ന സാമൂഹിക വിരുദ്ധവ്യക്തിത്വങ്ങളായിരുന്നിരിക്കാം, സ്ത്രീകളിലും അങ്ങനെയുള്ളവരുണ്ട്. മനോരോഗസാധ്യതകളും ഉണ്ടാകാം. മൂല്യബോധമില്ലാതെ സുഖാന്വേഷണത്വരയുടെ പിറകെ പോകുന്നവരും ഉണ്ടാകാം. മറ്റു ചിലർ സാമൂഹികവിമർശനങ്ങളുടെ കണ്ണുവെട്ടിക്കാൻ ഗത്യന്തരമില്ലാതെ ക്രൂരകൃത്യങ്ങൾ ചെയ്യുന്നവരായിരിക്കാം. 
ചാരിത്ര്യവതിയും സുചരിതയുമായിരിക്കണം പെണ്ണെന്ന  സാമൂഹിക ബാധ്യത എങ്ങനെയും നില നിർത്താനുള്ള ശ്രമത്തിന് മേൽക്കൈ വരുമ്പോൾ ഇതരസംസർഗം കണ്ട മകളോടുള്ള വാത്സല്യം അപ്രസക്തമായേക്കാം.

അവളെ  കൊല്ലാതെ നിവൃത്തിയെല്ലെന്ന ചിന്ത ഉണ്ടാകാം. ഇഷ്ടത്തിനനുസരിച്ചുള്ള ജീവിതത്തിലേക്ക് പോകുന്നുവെന്ന് പ്രഖ്യാപിച്ചു ആരെയും കൊല്ലാതെ വീടിറങ്ങാത്തത് എന്തു കൊണ്ടെന്ന ചോദ്യവും പ്രസക്തം. കപട ധാർമികതയുടെ കെണികൾ പലവിധമാണ്.  ദാമ്പത്യേതര ബന്ധങ്ങളുടെ ആരോപണങ്ങളുടെ മുൻപിൽ പുരുഷൻ ഇത്ര മേൽ വേവലാതിപ്പെടുകയില്ല. ഇതു പോലുള്ള നല്ല നടപ്പിന്റെ ഭാരങ്ങൾ അവന്റെ മേൽ ഇല്ലെന്നതുതന്നെ കാരണം. പെണ്ണിനാണ്  വീഴ്ചയെങ്കിൽ  സമൂഹത്തെക്കൊണ്ട് കല്ലെറിയിപ്പിക്കും. ചാരിത്ര്യശുദ്ധി നഷ്ടമായ പെണ്ണിനോട് ഇതിലും ഭേദം ചാവുന്നതായിരുന്നു നല്ലതെന്നു പറയുന്നതാണ് 
നാട്ടുനടപ്പ്.  

ക്രൂരതയ്ക്ക് ലിംഗഭേദമില്ല

ആണൊരുമ്പെട്ട്‌ ഇങ്ങനെയൊരു ക്രൂരകൃത്യം ചെയ്താൽ  വലിയ ചർച്ചയാകില്ല. എന്നാൽ, ഇത്തരം പെൺ ക്രൂരതകൾ വിശകലന വിധേയമാക്കുന്നതിൽ  സ്ത്രീവിരുദ്ധത കാണുന്നവരുണ്ടാകും. ക്രൂരതയ്ക്ക് ജൻഡർ ഇല്ല. എല്ലാം ഒരുപോലെത്തന്നെ. പക്ഷേ, ഇത്തരം സംഭവങ്ങൾ   സമൂഹത്തിന്റെ  നെഞ്ചിടിപ്പ് കൂട്ടണം. എന്തൊക്കെ പറഞ്ഞാലും കുടുംബത്തെ ചൊല്ലുവിളിയിലും സമതുലിതാവസ്ഥയിലും  നിലനിർത്തുന്നത് അമ്മയായും അമ്മൂമ്മയായും ഭാര്യയായുമൊക്കെയുള്ള സ്ത്രീയുടെ വേഷപ്പകർച്ചകളാണ്. ആണിന്റെ എടുത്തുചാട്ടത്തെ മയപ്പെടുത്താൻ പോന്ന അവളുടെ ജൈവപ്രകൃതമാണ്. കണ്ണൂരിലെ ഉൾപ്പെടെയുള്ള പല സംഭവങ്ങളിലും അത് തകരുന്ന സൂചനകളാണ് ഉണ്ടാകുന്നത്. അതുകൊണ്ട് ഇത്തരം കുറ്റകൃത്യങ്ങൾ സമൂഹത്തിൽ ഞെട്ടലുണ്ടാക്കുന്നു. 

സ്നേഹരാഹിത്യത്തിലേക്കും കുറ്റകൃത്യങ്ങളിലേക്കും സ്ത്രീ കൂറുമാറിയാൽ പിന്നെ ആ സമൂഹത്തിന് തകർച്ചയാണ്. സ്ത്രീയുടെ കുറ്റവാസനകൾക്ക് പ്രേരണയേകുന്ന പുരുഷനും സമൂഹവും അത് ഓർമിക്കണം. തുല്യതയുടെ സമവാക്യങ്ങളിൽ നിന്നും പരിഗണനകളിൽ നിന്നും ബോധപൂർവമോ, പഴയ സാമൂഹിക സങ്കല്പങ്ങളുടെ സ്വാധീനത്താലോ പെണ്ണിനെ ചിവിട്ടി പുറത്താക്കുന്നവരും ഇത് ആലോചിക്കണം. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ പതിയെ വന്നുചേരുന്ന സ്ത്രീവിരുദ്ധ  സമീപനങ്ങൾപോലും പെൺമനസ്സിനെ മറ്റൊരു ദിശയിലേക്കു മാറ്റാം. ഇതൊക്കെ സൃഷ്ടിക്കുന്ന  അപകർഷ ബോധത്തിനുള്ള പരിഹാരം തേടലുകളിൽ ഇങ്ങനെയും ചില കുഴപ്പങ്ങൾ വന്നുചേരാം. ക്രൂരത മുളപൊട്ടാം. പെണ്ണാണോ സമൂഹമാണോ ചീത്തയെന്ന ചോദ്യം ബാക്കി. കുറ്റ പത്രത്തിൽ ഇതൊക്കെ എഴുതിച്ചേർക്കാൻ വകുപ്പില്ലല്ലോ.

(കൊച്ചി മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റാണ് ലേഖകൻ)