ചാക്കോ വധം (സുകുമാരക്കുറുപ്പ് സംഭവം-1984) 
താൻ മരിച്ചുവെന്ന് തെറ്റിദ്ധരിപ്പിക്കാൻ മാവേലിക്കരയിൽ ചാക്കോയെ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ സംഭവം. വിദേശ കമ്പനിയിൽ നിന്ന് എട്ടുലക്ഷംരൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം. മൃതദേഹം ചുട്ടുകരിച്ച് സ്വന്തം കാറിനുള്ളിലിട്ട് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെങ്കിലും മരിച്ചത് സുകുമാരക്കുറുപ്പല്ലെന്ന് പിന്നീട് തെളിഞ്ഞു. കേരളം കണ്ട ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായ ഇയാളെ ഇതുവരെയും പിടികൂടാനായിട്ടില്ല.

ദിണ്ടിക്കൽ കൊലപാതകം (1996)
പയ്യന്നൂർക്കാരിയായ ഡോക്ടർ ഓമന സിവിൽ കോൺട്രാക്ടറായ കാമുകൻ മുരളീധരനെ ദിണ്ടിക്കലിൽ വെച്ച് കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി സൂട്‌കേസുകളിലാക്കിയ സംഭവം. മൃതദേഹം കത്തിക്കാൻ കൊണ്ടുപോകുന്നതിനിടെ ഓമന പിടിയിലായി.

കാരണവർ വധക്കേസ് (2009)
മാവേലിക്കരയിൽ പ്രവാസി മലയാളിയായ ഭാസ്‌കര കാരണവരെ മരുമകൾ ഷെറിനും കാമുകനും  ചേർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ സംഭവം. ഷെറിനിപ്പോൾ ജീവപര്യന്തം ശിക്ഷലഭിച്ച് തടവിൽ കഴിയുകയാണ്.

അരീക്കോട് കൊലപാതകം (2013)
ഭാര്യയെയും രണ്ടുമക്കളെയും മുഹമ്മദ് ഷെരീഫ് വെള്ളക്കെട്ടിൽ തള്ളിയിട്ട് കൊലപ്പെടുത്തി. പണയംവെച്ച സ്വർണം ഭാര്യ തിരികെ ചോദിച്ചതിനുള്ള പ്രതികാരവും മറ്റൊരു വിവാഹം കഴിക്കാൻ തടസ്സമാകാതിരിക്കാനുമായിരുന്നു കൊല. ഷെരീഫ് പിന്നീട് പിടിയിലായി. 

നന്തൻകോട്ട് കൊലപാതകം (2017)
നന്തൻകോട്ട് അച്ഛനമ്മമാരെയും സഹോദരിയെയും ബന്ധുവിനെയും മകൻ കൂട്ടക്കൊല നടത്തിയത് നാടിനെ ഞെട്ടിച്ച സംഭവമായിരുന്നു. മാനസിക അസ്വാസ്ഥ്യമുണ്ടായിരുന്ന പ്രതി കേഡൽ ജീൻസൺ കുറ്റസമ്മതം നടത്തി. 

പിണറായി കൂട്ടക്കൊല (2018)
കണ്ണൂരിലെ പിണറായിയിൽ ദുരൂഹസാഹചര്യത്തിൽ ഒരു കുടുംബത്തിലെ നാലുപേർ പലതവണകളിലായി കൊല്ലപ്പെട്ട സംഭവം. അച്ഛനമ്മമാരെയും മക്കളെയും വിഷം കൊടുത്ത് കൊലപ്പെടുത്തിയത് സൗമ്യയാണെന്ന് പിന്നീട് തെളിഞ്ഞു. കാമുകനൊപ്പം ജീവിക്കുന്നതിന് തടസ്സം നിന്നതാണ് കാരണം. സൗമ്യ പിന്നീട് ജയിലിൽ ആത്മഹത്യചെയ്തു

കൂടത്തായി കൊലപാതകം (2019)
കൂടത്തായിയിൽ ഭർത്താവിനെയും ഭർത്തൃപിതാവിനെയുമടക്കം കുടുംബത്തിലെ ആറുപേരെ 
മരുമകൾ പല സമയത്തായി സയനൈഡ് കൊടുത്ത് കൊലപ്പെടുത്തിയ സംഭവം. പ്രതി ജോളിയെ പിന്നീട് അറസ്റ്റുചെയ്തു.

മുക്കം ഇരട്ടക്കൊല (2020)
മൃതദേഹത്തിന്റെ പലഭാഗങ്ങൾ ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്നായി കണ്ടെത്തിയ സംഭവത്തിൽ തെളിഞ്ഞ ഇരട്ടക്കൊലപാതകം. അമ്മയെ കൊല്ലുകയും പിന്നീട് കൊലയ്ക്കു കൂട്ടുനിന്നയാളെ കൊലപ്പെടുത്തി മൃതദേഹം നുറുക്കി പലയിടത്തായി നിക്ഷേപിക്കുകയും ചെയ്ത മുക്കം സ്വദേശി ബിർജു പിന്നീട് പിടിയിലായി.  

തയ്യിൽ കുഞ്ഞിന്റെ കൊല (2020)
കണ്ണൂർ തയ്യിൽ കാമുകനൊപ്പം പോകാൻ വേണ്ടി ഒന്നര വയസ്സുകാരനെ അമ്മ ശരണ്യ കടലിലെറിഞ്ഞു കൊലപ്പെടുത്തി. ശരണ്യയെ പിന്നീട് അറസ്റ്റുചെയ്തു.