Abdulla Maulavi Suicide case CBI Under Criticsമരിച്ചുപോയ വ്യക്തിയുടെ മാനസികാവസ്ഥ എന്തായിരുന്നു. മുസ്‌ലിം മതപണ്ഡിതനായ സി.എം. അബ്ദുല്ല മൗലവി ആത്മഹത്യചെയ്തെന്നാണ് സി.ബി.ഐ. പറയുന്നത്. എന്നാൽ, അദ്ദേഹത്തിന് ആത്മഹത്യപ്രവണത വിദൂരമായിപ്പോലും ഇല്ലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തിയും സന്ദേശങ്ങളും പരിശോധിച്ച് മനസ്സിന്റെ ആഴങ്ങൾ കണ്ടെത്താൽ വിദഗ്‌ധരായ മനഃശാസ്ത്രജ്ഞരുടെ സേവനം തേടിക്കൊണ്ട്  സി. ബി.ഐ. അന്വേഷണം അർഥപൂർണമാക്കണമെന്നുള്ള കോടതിയുത്തരവിന് സംഭവിച്ചതെന്താണ്?
കാസർകോട് ചെമ്പരിക്ക ഖാസി സി.എം. അബ്ദുല്ല മൗലവി പ്രശസ്തനായ മതപണ്ഡിതനായിരുന്നു. ദുരൂഹമരണമായിരുന്നു അദ്ദേഹത്തിന്റേത്. 77 വയസ്സായിരുന്നു. ബേക്കൽ കടൽത്തീരത്ത് 2010 ഫിബ്രവരി 15-ന് മൃതദേഹം കാണപ്പെട്ടു. അന്വേഷണം പോലീസിൽനിന്ന് സി.ബി.ഐ. കൊച്ചി യൂണിറ്റ് ഏറ്റെടുത്തു.

അദ്ദേഹം ആത്മഹത്യചെയ്തെന്നാണ് സി.ബി.ഐ. പറയുന്നത്. കരളിന് കാൻസർ ബാധിച്ചിട്ടുള്ള അദ്ദേഹം തീവ്രവേദന അനുഭവിച്ച് ജീവനൊടുക്കി എന്ന വാദം കേസിലെ വസ്തുതകളും സാഹചര്യവും സൂക്ഷ്മമായി വിലയിരുത്തി കോടതി തള്ളി. സി.ബി.ഐ.യുടെ അന്വേഷണം വെറുമൊരു പ്രഹസനമായിമാത്രമാണ് കോടതിക്ക് കാണാൻ കഴിഞ്ഞത്. 

അതിനാൽ ശാസ്ത്രീയവും അർഥവത്തായതും ഫലപ്രദവുമായ അന്വേഷണം നടത്താൻ എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എസ്. ഭാരതി കഴിഞ്ഞ നവംബറിൽ വീണ്ടും ഉത്തരവിട്ടു. 
കുറ്റാന്വേഷണത്തിൽ ആഗോളതലത്തിൽ പ്രശസ്തിനേടിക്കഴിഞ്ഞിട്ടുള്ള സൈക്കോളജിക്കൽ ഓട്ടോപ്സി എന്ന നൂതനസംവിധാനം അടിസ്ഥാനമാക്കാനാണ് കോടതി ഉത്തരവിട്ടിരുന്നത്. അതായത്, മരിച്ചുപോയ വ്യക്തിയുടെ മനസ്സും പ്രവൃത്തിയും ചിന്താരീതിയും എന്തായിരുന്നു? അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും നേരിൽക്കണ്ട്,   മനഃശാസ്ത്രവിദഗ്ധരുടെ സഹായത്തോടെ അന്വേഷണോദ്യോഗസ്ഥൻ കാര്യങ്ങൾ ചോദിച്ചറിയുക. സംഭവത്തിന് ദൃക്‌സാക്ഷികളില്ലാതിരുന്നതിനാൽ സാഹചര്യങ്ങളുടെ കണ്ണികൾ കോർത്തിണക്കി ന്യായവും വിശ്വസനീയവുമായ അനുമാനത്തിൽ എത്തുക എന്നതാണ് ഈ അന്വേഷണരീതി.

ആത്മഹത്യപ്രവണത സി.എം. അബ്ദുല്ലമൗലവിക്ക് ഉണ്ടായിരുന്നതിന്‌ വിദൂരമായ ഒരു തെളിവുപോലും ഹാജരാക്കാൻ സി.ബി.ഐ.ക്ക് കഴിഞ്ഞില്ല. കോടതി മുന്നോട്ടുെവച്ചിരുന്ന നിർദേശങ്ങളൊന്നും അന്വേഷണ ഉദ്യോഗസ്ഥൻ പാലിച്ചതേയില്ല. 

അന്വേഷണസംഘത്തിൽ മനഃശാസ്ത്രവിദഗ്‌ധർ മാത്രമല്ല, ആത്മഹത്യയെക്കുറിച്ച് പഠനംനടത്തിയവർകൂടി വേണമെന്ന് ആദ്യ ഉത്തരവിൽ കോടതി കർശനമായി വ്യവസ്ഥചെയ്തിരുന്നു. മൗലവി കരൾശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അതിനാൽ അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർമാർകൂടി സംഘത്തിൽ വേണം. ബേക്കൽ കടപ്പുറത്തെ, നടന്നുകയറാൻ ദുഷ്കരമായ പാറക്കൂട്ടങ്ങൾ പിന്നിട്ട് കടലിലേക്ക് എടുത്തുചാടിയതാണ് മൗലവി എന്നുപറയുമ്പോൾ അത് ശാസ്ത്രീയമായി കണ്ടെത്താൻ ഡോക്ടറുടെ സഹായം വേണം. കാരണം, ആരോഗ്യസ്ഥിതി ഡോക്ടറാണ് വിലയിരുത്തേണ്ടത്. ആത്മഹത്യയെക്കുറിച്ച് പഠനമോ ഗവേഷണമോ നടത്തിയിട്ടുള്ള ഒരൊറ്റ വിദഗ്‌ധൻപോലും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നില്ലെന്ന്  ഉത്തരവിൽ കോടതി പ്രത്യേകം എടുത്തുപറഞ്ഞു. 
മൗലവി കൊല്ലപ്പെട്ടതാണെന്നും അതിനുപിന്നിൽ ആസൂത്രണംനടന്നെന്നും മകനായ മുഹമ്മദ് ഷാഫി പറയുന്നു. അത് തള്ളിക്കൊണ്ട്, ആത്മഹത്യയായിരുന്നെന്ന് സി.ബി.ഐ. പറയുന്ന സാഹചര്യത്തിൽ ആത്മഹത്യയെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള ഒരു വിദഗ്‌ധനെ ഉൾപ്പെടുത്താൻ കുറ്റാന്വേഷണ ഏജൻസിക്ക് കഴിയാതെപോയത് ഗുരുതരമായ വീഴ്ചയായി കോടതി കാണുന്നു. 
രണ്ട് കാൽമുട്ടിനും മൗലവിക്ക് വേദനയുണ്ടായിരുന്നു. ആരോഗ്യസ്ഥിതിയും മോശമായിരുന്നു. കടപ്പുറത്ത് തന്റെ പിതാവിന്റെ ശവകുടീരം മൗലവി സന്ദർശിച്ചിരുന്നതായി സി.ബി.ഐ. പറയുന്നുണ്ട്. അതിന് 35 പടവുകൾ കയറണം. അതിന് അദ്ദേഹത്തിന് കഴിഞ്ഞിരുന്നോ? 

35 പടവുകൾ കയറാൻ മൗലവിക്ക് കഴിഞ്ഞെന്ന് കരുതിയാൽത്തന്നെ, പാറക്കൂട്ടങ്ങളിലേക്കുള്ള തികച്ചും ദുഷ്കരമായ നടന്നുകയറ്റത്തിന് അദ്ദേഹത്തിന് കഴിഞ്ഞിരുന്നോ എന്ന് വ്യക്തമായി അന്വേഷിക്കണമെന്ന് കോടതി നിർദേശിച്ചിരുന്നത് സി.ബി.ഐ. പാലിച്ചിട്ടില്ലെന്ന് സി.ജെ.എം. കോടതിയുടെ നവംബർ 16-ലെ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. ഇത് എന്തുകൊണ്ട് പാലിക്കപ്പെട്ടില്ല? അതാണ് കോടതിയുടെ ചോദ്യം. അതിനാൽ 2016-ലെ ഉത്തരവിലെ നിർദേശങ്ങൾ പാലിക്കാതെയുള്ള അന്വേഷണറിപ്പോർട്ട് സ്വീകരിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. വീണ്ടും അന്വേഷണത്തിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത് അങ്ങനെയാണ്.

കേസന്വേഷിക്കാൻ മൂന്ന് വിദഗ്‌ധരെ സംഘത്തിൽ ഉൾപ്പെടുത്തിയിരുന്നു. നുണ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന യന്ത്രം കൈകാര്യംചെയ്യുകമാത്രമാണ് അവർക്ക് പരിചയമെന്ന് കോടതി കണ്ടെത്തി. മനഃശാസ്ത്രജ്ഞരെ ഉൾപ്പെടുത്തണമെന്ന നിർദേശം എന്തുകൊണ്ട് പാലിച്ചില്ല? അതിന് വിശ്വസനീയമായ മറുപടിയും സി.ബി.ഐ. നൽകിയതായി കാണുന്നില്ല. 

വീട്ടിൽനിന്ന് പുറത്തുപോകുമ്പോഴെല്ലാം തലപ്പാവും കണ്ണടയും അടിവസ്ത്രവും മൗലവി ധരിക്കാറുണ്ട്. മൃതദേഹം കടപ്പുറത്ത് കണ്ടപ്പോൾ ഇവയുടെ അസാന്നിധ്യം പ്രകടമായിരുന്നു. തലപ്പാവും കണ്ണടയും അടിവസ്ത്രവും വീട്ടിലായിരുന്നു. കണ്ണടയും തലപ്പാവും വീട്ടിൽെവച്ചത്‌ അദ്ദേഹം ആത്മഹത്യയ്ക്ക്‌ തയ്യാറെടുത്തതിന്റെ സൂചനയായിരുന്നുവെന്നാണ് സി.ബി.ഐ.യുടെ നിലപാട്. കണ്ണടയും തലപ്പാവുമില്ലാതെ മൗലവി പുറത്തുപോകില്ലെന്ന് കുടുംബാംഗങ്ങൾ അസന്ദിഗ്ധമായി പറയുമ്പോൾ സി.ബി.ഐ.ക്ക് പ്രത്യേകിച്ച് ഒരു മറുപടിയും നൽകാനില്ല. ഉദാസീനതയും അലക്ഷ്യമായ സമീപനവും ഉത്തരവാദിത്വമില്ലായ്മയും പ്രകടിപ്പിച്ചുകൊണ്ട് കോടതിയുത്തരവ് സി.ബി.ഐ.സംഘം അട്ടിമറിച്ചു. അത് കോടതിക്കുതന്നെ ബോധ്യപ്പെട്ടു.

Content Highlights: Abdulla Maulavi Suicide case CBI Under Critics